Wednesday, January 6, 2021

പ്രണയത്തിനൊപ്പം പടിയിറങ്ങിയത്


പ്രണയം പടിയിറങ്ങിപ്പോയ
ശിശിരകാലത്താണ്
ഭൂമിയുടെ അകകാമ്പിലെ
വേവ് അനുഭവിച്ചറിഞ്ഞത്.
പൊള്ളുന്ന ചൂട്,
ലാവ പോലെ വിയർപ്പ്
ഉരുകിയൊലിക്കുന്ന രാത്രികൾ !
പിന്നീടു വന്ന ഋതുക്കളെല്ലാം
കളവാണ് പറഞ്ഞത് !
വസന്തത്തിൽ
ഒറ്റ പൂവു പോലും വിരിഞ്ഞില്ല.
കിളികളൊന്നും ചിലച്ചില്ല.
തൊണ്ടവരണ്ട പൂമ്പാറ്റകൾ മാത്രം
പ്രാകി പിറുപിറുത്തുകൊണ്ടിരുന്നു.
ഏറെ ചതിച്ചത് മഴക്കാലമാണ്.
തീയാണ് പെയ്തത്.
തിളച്ച മഴത്തുള്ളികൾ !
അണക്കെട്ടുകളിൽ നിറഞ്ഞ
വിഷാദമാണ് പുഴകളിലൂടെ
കുലംകുത്തിയൊഴുകിയത്.
ഇലകൾക്കു പകരം
ശരത്കാലം ഇക്കുറി
പൊഴിച്ചത് സ്വപ്നങ്ങളെയാണ് !
മനസ്സിന്റെ എല്ലാ തണലുകളേയും
നഗ്നമാക്കിക്കൊണ്ടാണ് എന്നെ
വിരഹവെയിൽ കൊള്ളിച്ചത്.
വരാൻ പോകുന്ന വേനലിന്റെ
അറുതികളെ കുറിച്ച്
ചിന്തിക്കാൻ പോലും
കഴിയാതെ വന്നപ്പോഴാണ്
കടലാഴത്തണുപ്പിലേക്കൂളിയിട്ടത് .
നീന്തലറിയാത്തതിന്റെ സ്വാതന്ത്ര്യം
കൈകളെ ഹൃദയത്തോടു
ചേർത്തുവെച്ചു, നീയെന്ന പോലെ !
DR:ANUP'S POETRY


DR:ANUP'S POETRY

❍❖ നിന്നിടങ്ങൾ ❖❍

മല നിന്നിടം
മരം നിന്നിടം
കുളം നിന്നിടം
വയൽ നിന്നിടം
മഴ പെയ്തിടം
പുഴ ഒഴുകിയിടം
പൂ വിരിഞ്ഞിടം
സ്വപ്നം കണ്ടിടം
സ്നേഹം പൂത്തിടം
നീ നിന്നിടം
ഞാൻ നിന്നിടം
നാം നിലനിന്നിടം !
നിന്നിടങ്ങൾ
പറിച്ചെറിയാനാകാത്ത
ഓർമ്മകളുടെ
ഇടതിങ്ങിയ കാടാണ്.
പ്രണയവൃക്ഷം പോലെ
നെഞ്ചാഴങ്ങളിലേക്ക്
വേരാഴ്ത്തിയവ !
നിന്നിടങ്ങൾ
ദുരാഗ്രഹികളുടെ
പ്രേതഗൃഹങ്ങളാണ്,
സാമദ്രോഹികളുടെ
കുപ്പത്തൊട്ടിയാണ്,
പിറക്കാൻ പോകുന്ന
കുഞ്ഞുങ്ങളുടെ
ശവക്കുഴിയാണ് !
ഭൂമി മരിച്ചിടത്താണ്
കുലംകുത്തികളുടെ
ഉത്സവത്തിന് കൊടിയേറിയത് !
നിന്നിടങ്ങൾ
പണ്ടേയ്ക്കുപണ്ടേ
മരുഭൂമികളായിരുന്നെന്ന
ചെകുത്താന്റെ സന്തതികളുടെ
ചരിത്ര വ്യാഖ്യാനത്തിൽ
കൈയൊപ്പിട്ടത്
കൂട്ടിക്കൊടുപ്പുകാരുടെ
നാടുവാഴിയാണ് !
ഭൂമികടത്തപ്പെട്ട
ജൈവതന്മാത്രകളും
മഴത്തുള്ളികളും
നീലാകാശത്ത്
വിത്തായി
കാത്തിരിപ്പുണ്ടാവും ,
കരളലിവുള്ളവർ
കൈയുയർത്തി
തിരികെ വിളിക്കുമെന്ന
ഹരിതപ്രതീക്ഷയിൽ !
DR:ANUP'S POETRY

◦•●◉✿ മനസാസ്മരാമി ✿◉●•◦


ഉടലിന്റെ വാടക ,
ഉയിരിന്റെ ചുങ്കം ,
ഉണർവിന്റെ വില,
എനിക്കായി
എരിഞ്ഞ പകലുകൾ,
പാടിയുറക്കിയ രാത്രികൾ,
പെയ്ത മഴകൾ ,
ഒഴുകിയ പുഴകൾ,
വിരിഞ്ഞ പൂക്കൾ,
കതിരണിഞ്ഞ വിളകൾ,
വിളഞ്ഞ ഫലങ്ങൾ !
ഉടയോനേ നന്ദി,
ഉലകമേ നന്ദി,
ഉലയാത്തയുടയാത്ത
ആത്മബോധമേ നന്ദി.
ജീവന്റെ കോവേണിയി-
ലിരുചുറ്റിയ ബന്ധങ്ങൾ,
ചേർത്തു നിർത്തിയ സൗഹൃദങ്ങൾ,
അലിഞ്ഞു ചേർന്ന പ്രണയങ്ങൾ !
അറിഞ്ഞും അറിയാതെയുമൊപ്പം
ഒഴുകിയോർ,കൈതാങ്ങ് തന്നോർ ,
കണ്ണ് തെളിച്ചോർ , വഴികാട്ടിയോർ ,
പറഞ്ഞാൽ തീരില്ലെങ്കിലും
പറയാതെ വയ്യ കൃതജ്ഞതയുടെ
ഒരു കുടന്ന പൂവാക്കുകൾ !
വിശക്കുമ്പോൾ മുമ്പിലൊരു -
പിടിവറ്റായി * ,
ശിരസ്സേറുമറിവായി
ചിന്തകളിലെരിയുന്ന കനലായി
നാവിലൂറും മധുരാക്ഷരങ്ങളായി
ശാസ്ത്ര സത്യമായി **,
കണ്ണായി
കൺക്കണ്ട കാഴ്ച്ചയായി
കണ്ടതിൻ പിന്നിലെ കാരണഭൂതമായി
കണ്ടതും കേട്ടതും ഞാനായി
ഞാനെന്ന നീയായി
നിറവായി *** .
ഉണ്ടെന്നു ചൊല്ലുവോന്റെയുള്ളിലെ
വെട്ടമായി, വഴിവിളക്കായി
വിളങ്ങുമ,മൃതാത്മസ്വരൂപമേ,
ഇല്ലെന്നുദ്ഘോഷിക്കുവോന്റെ
നെഞ്ചിലെ കെടാത്തയാത്മ -
വിശ്വാസമായി, ഒടുങ്ങാത്ത
യുക്തിബോധമായി നിറയുന്ന
ശക്തിസ്വരൂപമേ,
നിനക്കെന്റെ വന്ദനം !
അനന്തമജ്ഞാതമീവിശ്വ -
പ്രഹേളിക തന്നവർണ്ണനീയ
ഗതിവിഗതികൾക്ക് മുന്നിൽ ,
ചേർത്തു നിർത്തുമദൃശ്യ
കരങ്ങൾക്കു മുന്നിലെൻ കൂപ്പുകൈ !
സ്മരിക്കുന്നു കാലമേ നിൻ,
ചിമിഴിലൊളിപ്പിച്ച കൗശലങ്ങളെ ,
കാട്ടിത്തരുന്ന വിസ്മങ്ങളെ ,
കാത്തുസൂക്ഷിക്കും കരവിരുതിനെ ,
മനതാരിൽ നിത്യവും
സ്മരിക്കുന്നു നിന്നെ,
നിൻ പുകൾപെറ്റ മഹിമയേ !
* അന്നം ബ്രഹ്മ:
** പ്രജ്ഞാനം ബ്രഹ്മ:
*** തത്വമസി
Image may contain: 1 person, ocean, mountain, sky, outdoor, water and nature

മൗക്തികം


ഒരു ചെറുതിരിയുടെ വെട്ടം,
ഒരു ചെറുകിളിയുടെ ശബ്ദം,
ഒരു ചെറുമഴയുടെ നനവ്,
ഉള്ളിൽ മോദം പൂത്തുണരുമ്പോൾ
കണ്ണിൻ വാതിൽ തുറക്കാനായി,
ത്വക്കിൻ പൂട്ട് പൊളിക്കാനായി,
കേൾക്കാ കേൾവികൾ കേൾക്കാനായി.
കരളു നിറയണയോർമ്മകളങ്ങനെ
ഉള്ളിൽ ഊറി ഉറയുകയായി!
പുൽക്കൊടിത്തുമ്പിലും പൂമാനത്തും
സൂര്യാ നിന്നെ കണികാണുമ്പോൾ,
പുത്തൻ പുലരികൾ നന്മകളാവും
പാരിടമാകെ പൊന്നാളി വീശും.
പ്രണയക്കാറ്റൊന്നു തൊടുമ്പോൾ
കവിതപ്പൂവുകൾ പൂത്തു തളിർക്കും.
മഴ പെയ്യും വഴി,പുഴയൊഴുകും വഴി,
ആവഴിയീവഴിയടവഴി പെരുവഴിയെല്ലാ-
മാർത്തു ചിരിച്ച് നീയോടുമ്പോൾ,
പുറകേ ഞാനും കൂട്ടായെത്താം,
കുന്നിക്കുരുമണി കൂട്ടിയെടുത്ത്
കുലുക്കാംകുത്തി കളിച്ചു രസിക്കാം!
എൻ നിറചിരിയായി നീയണയുമ്പോൾ,
പിന്നെ കാഴ്ച്ചകൾ നീയാകുന്നു
നീയും ഞാനും ഒന്നാകുന്നു,
ഒന്നിച്ചൊരുപിടി മണ്ണാകുന്നു.
മണ്ണിൽ പുതിയൊരു കിളിർപ്പാകുന്നു,
തളിർപ്പു വളർന്നൊരു മരമാകുന്നു.
അങ്ങനെ നാമീ വാഴ്വിൻ
ചെപ്പിലെ മുത്താകുന്നു.
മുത്തുകളനവധി കോർത്തിട്ടവനൊരു
മാലയൊരുക്കുന്നു, പ്രപഞ്ചവിസ്മയ -
സുന്ദരമാമൊരു മണിമാലയൊരുക്കുന്നു !
Image may contain: jewelry, text that says 'മൗക്തികം ഡോ: അനൂപ് മുരളീധരൻ കൂടൽ'

മുള്ളും മുകുളവും മുക്തിയും


പനിനീർ ചെടിയിലെ
ആയിരം മുള്ളുകൾ,
അതിനിടയിലാണ്
ഒറ്റപൂവായ നിന്നെ കണ്ടത്,
കണ്ടെത്തിയത് !
അതും, പ്രഭാതത്തിലോ
പ്രദോഷത്തിലോ അല്ല,
ഉച്ചി പൊള്ളുന്ന നട്ടുച്ചയ്ക്ക്.
അഴൽമഴയിലൊരു
ആനന്ദ ചേമ്പില പോലെ....
വിലാപങ്ങൾ പൂട്ടിവെച്ച
ചുണ്ടുകൾ നിന്റെ പേര്
പതുക്കെ ഉച്ചരിക്കാൻ ശ്രമിച്ചു.
വെന്ത മണൽപരപ്പിലൂടെ
ഒരു പുഴ ഒഴുകാൻ ശ്രമിക്കും പോലെ!
വേദനിപ്പിക്കുന്ന മുള്ളുകൾ,
സഹജ യാഥാർത്ഥ്യങ്ങൾ,
കൈവിരലുകളിലെണ്ണാവുന്ന
ദിനങ്ങളുടെ ആയുസ്സോടെ
നിന്റെ വിരിയൽ,
എന്റെ പ്രപഞ്ചാരംഭം ..
ഞാൻ....?
വാതം പിടിച്ച ചിറകുകളുള്ള,
മരുഭൂമിയിലെ ചിത്രശലഭം !
പുലർച്ചെ പിറന്നതാണ് ,
ഉച്ചവരെയുള്ള ബാല്യകൗമാരങ്ങൾ,
മധ്യാഹ്നത്തിലെ തിളച്ച യൗവനം,
സായാഹ്നത്തിലെ നരച്ച വാർദ്ധക്യം,
നിശിയുടെ നിശബ്ദതകളിൽ
കൂമ്പിയടയുന്ന ദലങ്ങൾക്കുള്ളിലെ
സമാധി, പൂവും പൂമ്പാറ്റയും
ഒരുമിച്ച് മണ്ണടരുകളിലേക്ക്
ഉപ്പുപോലെ അലിഞ്ഞു ചേരും.
അനായാസേന മരണം... !
മരുച്ചെടികളിലെ മുള്ളുകൾ,
മുരടിച്ചു പോയ ഇലകളാണ്
വരണ്ടുപോയ നിനവുകളാണ്.
അവസാന തുള്ളി ജലവും
കരുതിവെയ്ക്കാനുള്ള
ജൈവതന്ത്രമാണ് ...
മരുപൂക്കൾ പൂത്തുമ്പികൾക്ക്
പകരുക ,തേനായിരിക്കില്ല,
നാവുനനയ്ക്കാനൊരിറ്റു
വെള്ളമായിരിക്കും ....
മനുഷ്യജന്മം,
കാച്ചിപഴുപ്പിക്കലാണ്.
ഊതിയുരുക്കലാണ്.പക്ഷേ,
പൂജന്മവും പൂമ്പാറ്റജന്മവും
മോക്ഷമാണ്, പ്രപഞ്ചാനു -
ശാസനങ്ങളുടെ അനുസരണമാണ്!
മുള്ളും മുകുളവും
മുക്തിയിലെ സമഭാവനയാണ്,
സമചിത്തതയുടെ
സൗമ്യമാർന്ന സ്വച്ഛതയാണ് ...
DR:ANUP'S POETRY

DR:ANUP'S POETRY