Wednesday, November 8, 2017

ഇനിയെത്ര?

ഇനിയെത്ര?

ഇനിയെത്ര കരയണം
കണ്ണീരുതോർന്നെന്റെ
മനസ്സിലെ വാടിയിൽ 
പൂക്കാലമെത്താൻ..
ഇനിയെത്രയിരവുകൾ
പകലുകൾ,ഇരയായി
പിടയണം,ഇരുളാർന്ന
വഴികളിൽ വെളിച്ചം
നിറയുവാനി,നിയെത്ര
വേനലറുതിതൻ
നൊമ്പരക്കാറ്റേറ്റുവളരണം
ജീവിതക്കനിയൊരു
പക്വഫലമാകുവാൻ ....
ഇനിയെത്രയുമിത്തീയിൽ
നീറിപുകയണമീജന്മപാപ-
ക്കറമാറിയഗ്നിശുദ്ധനാവാൻ.
ഇനിയെത്രയുരുമൃത്യുഞ്ജയം
നിർത്താതെ ചൊല്ലണം
നോവിന്റെ ചിതൽപുറ്റു
പൊളിഞ്ഞമൃതഗായത്രി
പാടുമമരഗായകനാകുവാൻ.
ഇനിയെത്ര വിഷാദഗിരിശൃംഗങ്ങൾ
താണ്ടണം,നിത്യശാന്തിതൻ
കൈലാസമെത്താൻ....
ഇനിയെത്ര ജന്മമിമചിമ്മാ-
തുറങ്ങാതെ തപസ്സിരിക്കണം
മഷിയുണങ്ങാത്ത വിരലുമായമ്മേ
തവ വരം നേടുവാൻ
ഒരു കവിയായിതീരുവാൻ....!

ആകാശത്തിന്റെ അവകാശികൾ

ആകാശത്തിന്റെ അവകാശികൾ
* * * * * * * * * * * * * *
അംബരചുംബനങ്ങളും കടന്ന്
നക്ഷത്രവേഴ്ച്ചകളിലെത്തി
നിൽക്കുന്ന ഭ്രമിപ്പിക്കുന്ന ഉയരങ്ങൾ.
തിരക്കുപിടിച്ച് കാറിൽ
കയറുന്നതിനു മുമ്പുള്ളൊരു ഹായ്,
ഞങ്ങളുടെ സൗഹൃദം .
ഞാൻ,
പതിമൂന്നാം നിലയിലെ ആകാശം
വളച്ചുകെട്ടിയുണ്ടാക്കിയ വീടിന്റെ ഉടമ,
പന്ത്രണ്ടാംനിലയിലെ ആകാശം
പകുത്തെടുത്തത് അവന്റേത് !
പറവകളെ പോലെ,പകൽ തീറ്റ തേടി താഴേക്ക്,
ഇരുൾപരക്കുമ്പോൾ സിമന്റുമരത്തിന്റെ മുകൾചില്ലയിലെ കൂട്ടിലേക്ക് .........:
വീടിനു മുമ്പിൽ
പഴയതിന് വിലപേശുന്ന ആക്രിക്കാരില്ല,
പിച്ചക്കാരും പിരിവുകാരുമില്ല,
ബന്ധുക്കളുടെ ശല്യങ്ങളില്ലേയില്ല,
മീൻകാരന്റെ മണിയടികളില്ല,
ഒരു സ്പൂൺ കാപ്പിപൊടിയോ
രണ്ടു സവാളയോ ചോദിച്ച്
ഒരയൽക്കാരിയും വരികയില്ല,
ചെടികൾക്കിടയിലെ ചെറുകിളികളുടെ
അശ്രീക്കര കലമ്പലുകളില്ല,
ഒരുദിവസം അഥവാ ഉണർന്നില്ലെങ്കിൽ
പോലും, ആരും അറിയാത്തത്ര
സ്വകാര്യതയുടെ പരമകാഷ്ഠ..
മൂന്നേക്കർ പറമ്പു വിറ്റ്
ഞാനും പാതിയും രണ്ട് അംശങ്ങളും
പതിമൂന്നാം നിലയിൽ ചേക്കേറിയതും
അതിനാണ്,സൗകര്യവും സ്വകാര്യവും.
ടൈലിട്ട മുറ്റത്ത് കിളിർത്തു വന്ന
മുക്കുറ്റിയെ മൂടോടെപിഴതെടുത്ത്
തീഫെന്നു വിളിച്ച് ഡെസ്റ്റുബിന്നിലിടുന്ന
ഏറ്റവും മുകളിലത്തെ നിലയിലെ കുട്ടി.
ഇതുവരെ മഴകണ്ടിട്ടേയില്ലാത്ത
മുപ്പത്തൊന്നാം നിലയിലെ കുഞ്ഞ്
മഴമേഘങ്ങൾ ഉറഞ്ഞുകൂടുന്നത്
മുപ്പതാംനിലയ്ക്കു താഴെയാണല്ലോ!
പൂമ്പൊടിയുടെ അലർജികളില്ലാത്ത
പുതുമഴയുടെ അസ്ക്യതകളില്ലാത്ത
ചെളിവെള്ളത്തിലെ കീടാണുബാധകളില്ലാത്ത
ചുവന്നു തുടുത്ത ഞങ്ങളുടെ കുട്ടികൾ !
കാശുകൊടുത്ത് ആകാശത്തിന്റെ
അവകാശങ്ങൾ കീശയിലാകുമ്പോൾ,
വേരുള്ള വീടുകളിൽ ബാക്കിയാവുന്ന
തേഞ്ഞചെരുപ്പുകൾക്ക് ഊന്നുവടിയുടെ
മൂത്രഗന്ധമുള്ള കൂട്ട്!
ലിഫ്റ്റ് ഉയരുംതോറും
ഭൂമിയുടെ ഘർഷണങ്ങളിൽ നിന്നും,
മാനത്തിന്റെ അടഞ്ഞ
സ്വാതന്ത്ര്യത്തിലേക്ക്!സ്വകാര്യതകളിലേക്ക്!

കടൽക്കരയിലെ കിഴവൻ

കടൽക്കരയിലെ കിഴവൻ
........................................
തെക്കെതൊടിയിലെ
പറങ്കിമാവിന്റെ മുകളിൽ
നിന്റെ മുഖം ഒപ്പിയെടുത്തതു
പോലുള്ള ഒരു മേഘക്കീറിനെ
നിർത്തിയിട്ടാണ്, കടലിൽ
കളഞ്ഞുപോയ മത്സ്യത്തെ
തിരഞ്ഞുപിടിക്കാനിറങ്ങിയത്.
ആരും മരിക്കാത്ത വീട്ടീന്ന്
കടുകു തേടിയിറങ്ങിയ വൃദ്ധ
ആരും അവശേഷിക്കാത്ത
കടപ്പുറത്തെ കുടിലുകളിൽ
കയറിയിറങ്ങുന്നുണ്ടായിരുന്നു.
മുക്കുവകുട്ടിയെ പോലെ,
ചുവന്ന തോർത്തുടുത്തു സൂര്യൻ
വെള്ളത്തിൽ ചാടാൻ നിൽക്കുന്നു.
തിരകളെകൊണ്ട് കാലു തിരുമ്മിച്ചു -
കൊണ്ടിരുന്ന കിഴവൻ, തന്റെ
നീണ്ട ഊന്നുവടി നീട്ടി
തടഞ്ഞുനിർത്തി പറഞ്ഞു:
'ഈ കടലെന്റെ സ്വത്താണ്,
ഇതിലെ ഓരോ തുള്ളിവെള്ളവും.
കളഞ്ഞുപോയ നിന്റെ മത്സ്യത്തെ
ഞാൻ തിരികെ തരാം,
എന്റെ ചോദ്യങ്ങൾക്കു ശരി-
യുത്തരം പറയുകയാണെങ്കിൽ....!'
'ഇന്നലെ പെയ്ത മഴയിലെ
ഏറ്റവും തണുപ്പുള്ള
മഴതുള്ളിയേതായിരുന്നു?
ആൽമരത്തിലെ ഇലപടർപ്പുകളിൽ
ഏറ്റവും വടിവൊത്ത ഇലയേതാണ്?
ശരീരത്തിലെ ഏതു കോശത്തിനാണ്
കൂടുതൽ സ്നേഹം?
ഒരുകുല തെച്ചിപൂവിലെ
ഏറ്റവും തേനുള്ള പൂവേതാണ്?
രണ്ടു കൈക്കുടന്നയിലും കടൽജലം
നിറയ്ക്കുക, ഏതിനാണ്
ഉപ്പു കൂടുതലെന്നു പറയുക?
നെൽകതിരിലെ ഏതു നെൽമണിയാണ്
ഏറ്റവും നല്ല അരിമണിയാവുക?
എഴുതിയ കവിതകളിലെ
ഏറ്റവും പ്രിയപ്പെട്ട വരിയേതാണ്?
വഴുതിപോയ മത്സ്യത്തെയോർത്ത്
വിഷാദത്തോടെ ഞാൻ തലയാട്ടി.
കിഴവൻ എഴുന്നേറ്റു,
നീയിവിടെ ഇരുന്നു കൊൾക
ഈ തിരകൾ നിനക്കുത്തരങ്ങൾ തരും,
ഈ കടലിനി നിനക്കു സ്വന്തം !
തിരകൾ കാലിൽ തിരുമ്മിതുടങ്ങി.
നുണഞ്ഞ മധുരങ്ങളിലേക്കും
എഴുതിയ വരികളിലേക്കും
നനഞ്ഞ മഴകളിലേക്കും ഞാനിറങ്ങി!

തോക്ക്.....തോൽക്കും

തോക്ക്.....തോൽക്കും
...................................
കാഞ്ചിവലിക്കുന്ന വിരലുകൾ
വെടിയുണ്ടകളോട് എന്താവും
പറഞ്ഞിട്ടുണ്ടാവുക.
നേരിന്റെ നാമ്പുള്ള തലകൾ
അവശേഷിപ്പിക്കരുതെന്നോ?
വാക്കുകളിലഗ്നിതിരുകുന്ന
ജിഹ്വകൾ തകർക്കണമെന്നോ?
ചൂണ്ടുവിരലുകൾ ചുടണമെന്നോ?
കവിതയിലും കരളിലും കനിവുറവയുള്ളവരൊക്കെ
കരുതിയിരിക്കുക,
അക്ഷരഭയമുള്ള ഒരുണ്ടയ്ക്കായി!
ഡോ:അനൂപ് കൂടൽ

പരിത്രാണം

പരിത്രാണം
* * * * * * * * *
നീ തന്ന വാക്കാണ്
വാവിട്ട വാക്കാണ്
മാറാൻ കഴിയില്ല
മാറ്റാൻ കഴിയില്ല
ഭൂലോകം നെടുകെ പിളർന്നാലും
കടലെല്ലാം കവർന്നാലും,
നീ തന്ന വാക്കാണ്
നേരുള്ള വാക്കാണ്
നെറിയുള്ള വാക്കാണ്
നെഞ്ചേറ്റിയ വാക്കാണ് .
കണ്ണില്ലേ? കാതില്ലേ?
എങ്ങും കണ്ടാലറയ്ക്കുന്നകാഴ്ച്ചകൾ
കണ്ണുനീർ പൊടിക്കുന്ന കാഴ്ചകൾ!
കാതു തുളയ്ക്കുന്ന കേൾവികൾ
കരളുടയ്ക്കുന്ന കേൾവികൾ!
തെരുവിലനാഥനായലയുന്ന
കുഞ്ഞിനെ കണ്ടില്ലേ?
കവലയിലഴിഞ്ഞാടിയലറുന്ന
കാപാലികരെ കണ്ടില്ലേ?
ഉടുതുണിപറിച്ചുപെണ്ണുടലുകളില-സുരനൃത്തമാടുന്നോരെ കണ്ടില്ലേ?
കൊല്ലും കൊലയുമെല്ലാസീമകളും
വിട്ടരങ്ങുതകർത്താടുന്ന കണ്ടില്ലേ?
വിശപ്പിന്റെ വിളികളെങ്ങും
മുഴങ്ങുന്ന കേട്ടില്ലേ?
വികൃതകാമം വാമൂടിയ കുഞ്ഞു -
ദേഹങ്ങളുടെ മൗനയലർച്ചകൾ കേട്ടില്ലേ?
ജനതയെ പിഴിഞ്ഞൂറ്റിവീർക്കുന്ന
ഭരണാധികാരികളെ കണ്ടില്ലേ?
ഇനിയെന്തമാന്തം ...അവതരിച്ചേക്കുക.
കൃഷ്ണനായി ക്രിസ്തുവായി
നബിയായി ബുദ്ധനായി
ഗാന്ധിയായി ഗുരുക്കളായി
പലകുറിവന്നുപോയെങ്കിലും,
ചേരിതിരിഞ്ഞു നിൽപാണിപ്പൊഴും
ചോരചീന്തികളിയാണിപ്പൊഴും !
ഇനിയെന്തമാന്തം .... അവതരിച്ചേക്കുക .
ഉദ്ധരിച്ചീടുകീഭൂമിയെ,കാത്തുരക്ഷിക്കു-
കതിലെ,യമൂല്യജൈവസത്തയെ!
കാറ്റിൽ പറത്തുക
കണ്ണില്ലാത്ത തത്വശാസ്ത്രങ്ങളെ
കാലഹരണപ്പെട്ട ചിന്തകളെ,
കടപുഴകിയെറിയുക
കപടയാചാരങ്ങളെയന്ധവിശ്വാസങ്ങളെ,
കടലിലെറിയുക കള്ളനാണയങ്ങളെ,
കഴുവേറ്റുക ദുർഭരികളെ
കുഞ്ഞുമേനിതിന്നുന്ന കാട്ടാളരെ!
ഇനിയെന്തമാന്തം .... അവതരിച്ചേക്കുക!
പക്ഷേ, ഇക്കുറിയൊന്നുണ്ടു പ്രാർത്ഥന,
കേൾക്കുക,
ഗോത്രപെരുമകളില്ലാതെ
മതമദങ്ങളില്ലാതെ
ജാതിവരമ്പുകളില്ലാതെ
ദേശാതിർത്തികളില്ലാതെ
ലിംഗഭേദങ്ങളില്ലാതെ
മർത്യദേഹത്തിന്റെ മതിലുകളൊന്നുമേയില്ലാതെയെല്ലാരിലും
നന്മവിളയുന്നൊരു സദ്ചിന്തയായി വരിക.
സദ്ബുദ്ധിയായി സച്ചിതാന്ദമായി വരിക !
സദാ സത്യമായി നിറയുക, നിലനിൽക്കുക!
സുഖസുന്ദരമാകട്ടെയീ ലോകം
ശുഭസുന്ദരമാകട്ടെയീ ലോകം!
' പരിത്രാണായ സാധൂനാം ......
..........സംഭവാമി യുഗേ യുഗേ '
DR:ANUP'S POETRY