Friday, March 9, 2018

അവനവനൊപ്പം

അവനവനൊപ്പം
........................
(1)
മുറ്റത്ത് കയറ്റിയേക്കരുത്,
ഒരുവറ്റും കൊടുത്തേക്കരുത്,
എന്തൊരു നാറ്റമാ അവറ്റകൾക്ക്!
' ഞാൻ മധുവിനൊപ്പം '
(2)
കെട്ടിയൊരുക്കി
ചുടുവെയിലെത്ത്
എഴുന്നെള്ളിച്ചു
നടത്താറുണ്ട്
ചില പുരുഷകേസരികൾ!
പിറ്റേന്നു മുതൽ
കൂപ്പിലേക്കോ,
പിന്നാമ്പുറത്ത്
ചങ്ങലയിലേക്കോ,
വർഷത്തിലൊരിക്കൽ
വലിയ വായിൽ
'വനിതാദിനാശംസകൾ '
(3)
'ഒരമ്മപ്പെറ്റമക്കളാണു നാം
ഒരുമയോടെന്നുമോർക്കണം നാം,
സഹജീവിസ്നേഹവും കരുണയും
സിരകളിലെപ്പൊഴും ഒഴുകിടട്ടെ!'
ഹലോ !
മുദ്രാവാക്യവിളിക്കിടയിലാണ്
ഫോൺ വന്നത് ,
സംഗതി 'എസ്' ആകൃതിയോ സാദയോ
കത്തിയോ അതോ വടിവാളോ !
DR:ANUP'S POETRY

മുൻകൂർ ജാമ്യം

മുൻകൂർ ജാമ്യം
ശ്രദ്ധിച്ചുകൊൾക..
കെട്ടകാലത്തിന്റെ
കെട്ടുകാഴ്ച്ചകൾക്കിടയിൽ,
വിദൂര സ്ഥലരാശികളിൽ നിന്ന്
ടെലിപ്പതി പോലൊരു കവിത,
ശിരോകോശങ്ങളിലൂടെ
അതീന്ദ്രീയതയുടെ ചിറകൊതുക്കി
കടലാസ്സിലേക്കു പറന്നിറങ്ങാം!
ശവത്തിൽ കുത്തി ശീലിച്ചവർക്കത്
കാഴ്ച്ചയുടെ വെറും നേരമ്പോക്കാകാം.
വേട്ടകാരന്റെ വെടിവെട്ടമാകാം..
അതുകൊണ്ട് കവീ,
എഴുതുന്നതിനു മുൻപൊരൂ
മുൻകൂർ ജാമ്യമെടുത്തുവെച്ചേക്കുക.
നീയെഴുതുന്നതൊരുപക്ഷേ
പ്രവചനങ്ങളാകാം, നീയൊരു
പ്രവാചകനും!
എഴുത്തിന്റെ പേരിൽ
കുറ്റാരോപിതനാവാം,കുറ്റക്കാരനും !
തലപോയവരുടെ ഉടലളക്കുന്നവർക്ക്,
ശിഷ്ടകാലം കരയുന്ന
കുഞ്ഞുങ്ങൾക്ക് കൂട്ടിരിക്കാൻ
ശിക്ഷവിധിക്കപ്പെട്ടവന്റെ നമസ്കാരം .......
DR:ANUP'S POETRY

അരനാഴിക ദൂരം

അരനാഴിക ദൂരം
............................
വരികയായി ഞാൻ
പ്രിയേ,കാത്തിരിക്കുക 
അരനാഴിക നേരംകൂടി നീ.
വെറുംവാക്കല്ല സഖീ ,
വരുന്നത് വെറുംകൈയ്യോടുമല്ല.
നിനക്കേറയിഷ്ടമുള്ള,യരി
മുറുക്കിന്റെ പൊതിയുണ്ട്
മടിക്കുത്തിലൊപ്പമൊരു
ഡസൻ കരിവളയും !
ആശകളതിരുവിട്ടതുവഴി
യിതുവഴിയിറങ്ങിയോടുന്ന
മനസ്സുമായി വണ്ടിയിലക്ഷമ-
നായിട്ടിരിക്കുന്നു ഞാനോമനേ!
അഴലെല്ലാം പാറ്റിപറത്തി
നീ അഴകോടിരിക്കണം.
മുടിയഴിച്ചിട്ടതിലൊരു
തുളസിക്കതിർ ചൂടണം.
കുഞ്ഞുങ്ങളുറങ്ങിക്കോട്ടേ,
കിണ്ണത്തിലൊരു തവി
കഞ്ഞി കരുതിയേക്കണം.
പരിഭവിക്കണ്ട,പരിഭ്രമിക്കണ്ട
മറന്നിട്ടില്ലമ്മതൻ കുഴമ്പു -
മച്ഛന്റെ ജാപ്പണം പൊയ്ലയും.
പിന്നെ,ചിലവുകൾ ചുരുക്കണം,
മിച്ചം പിടിച്ചതുകൊണ്ടൊരു
കുറി നീ കൂടണം,മകളവൾ
പനപോലെ വളരുകയല്ലോ?
മഴയെത്തും മുമ്പേ മച്ചിലെ
ചോർച്ചകൾ മാറ്റണം,
ഓണത്തിനിക്കുറി നാമെല്ലാം
പുതുചേല ചുറ്റണം.
ഉഷ്ണം പുകയുന്നയുച്ചകൾ
മാത്രം നിറഞ്ഞ ജോലിത്തിരക്കിൽ
നഷ്ടപ്പെടുന്ന പുലർച്ചകളും
സന്ധ്യകളും,
മാസാറുതികളിൽ
കഴുകി കമഴ്ത്തിയ കുടം
പോലെയാകുന്നു കീശ,
വെയിലത്തയയിലിട്ടുടുപ്പു -
പോലുണങ്ങുന്നു ദേഹം!
അയ്യോ! അറിഞ്ഞില്ല പെണ്ണേ!
ഒരു വളവിന്നപ്പുറം
കൊക്കയിലേക്കു
വഴിതെറ്റിക്കുവാൻ
കാലനവൻ കയറുമായി
കാത്തിരുപ്പുണ്ടെന്ന്,
അരനാഴികദൂരമിനിയൊരിക്കലു-
മെത്താത്ത ദൂരമാകുമെന്ന്!
DR:ANUP'S POETRY