Wednesday, November 8, 2017

ഇനിയെത്ര?

ഇനിയെത്ര?

ഇനിയെത്ര കരയണം
കണ്ണീരുതോർന്നെന്റെ
മനസ്സിലെ വാടിയിൽ 
പൂക്കാലമെത്താൻ..
ഇനിയെത്രയിരവുകൾ
പകലുകൾ,ഇരയായി
പിടയണം,ഇരുളാർന്ന
വഴികളിൽ വെളിച്ചം
നിറയുവാനി,നിയെത്ര
വേനലറുതിതൻ
നൊമ്പരക്കാറ്റേറ്റുവളരണം
ജീവിതക്കനിയൊരു
പക്വഫലമാകുവാൻ ....
ഇനിയെത്രയുമിത്തീയിൽ
നീറിപുകയണമീജന്മപാപ-
ക്കറമാറിയഗ്നിശുദ്ധനാവാൻ.
ഇനിയെത്രയുരുമൃത്യുഞ്ജയം
നിർത്താതെ ചൊല്ലണം
നോവിന്റെ ചിതൽപുറ്റു
പൊളിഞ്ഞമൃതഗായത്രി
പാടുമമരഗായകനാകുവാൻ.
ഇനിയെത്ര വിഷാദഗിരിശൃംഗങ്ങൾ
താണ്ടണം,നിത്യശാന്തിതൻ
കൈലാസമെത്താൻ....
ഇനിയെത്ര ജന്മമിമചിമ്മാ-
തുറങ്ങാതെ തപസ്സിരിക്കണം
മഷിയുണങ്ങാത്ത വിരലുമായമ്മേ
തവ വരം നേടുവാൻ
ഒരു കവിയായിതീരുവാൻ....!

ആകാശത്തിന്റെ അവകാശികൾ

ആകാശത്തിന്റെ അവകാശികൾ
* * * * * * * * * * * * * *
അംബരചുംബനങ്ങളും കടന്ന്
നക്ഷത്രവേഴ്ച്ചകളിലെത്തി
നിൽക്കുന്ന ഭ്രമിപ്പിക്കുന്ന ഉയരങ്ങൾ.
തിരക്കുപിടിച്ച് കാറിൽ
കയറുന്നതിനു മുമ്പുള്ളൊരു ഹായ്,
ഞങ്ങളുടെ സൗഹൃദം .
ഞാൻ,
പതിമൂന്നാം നിലയിലെ ആകാശം
വളച്ചുകെട്ടിയുണ്ടാക്കിയ വീടിന്റെ ഉടമ,
പന്ത്രണ്ടാംനിലയിലെ ആകാശം
പകുത്തെടുത്തത് അവന്റേത് !
പറവകളെ പോലെ,പകൽ തീറ്റ തേടി താഴേക്ക്,
ഇരുൾപരക്കുമ്പോൾ സിമന്റുമരത്തിന്റെ മുകൾചില്ലയിലെ കൂട്ടിലേക്ക് .........:
വീടിനു മുമ്പിൽ
പഴയതിന് വിലപേശുന്ന ആക്രിക്കാരില്ല,
പിച്ചക്കാരും പിരിവുകാരുമില്ല,
ബന്ധുക്കളുടെ ശല്യങ്ങളില്ലേയില്ല,
മീൻകാരന്റെ മണിയടികളില്ല,
ഒരു സ്പൂൺ കാപ്പിപൊടിയോ
രണ്ടു സവാളയോ ചോദിച്ച്
ഒരയൽക്കാരിയും വരികയില്ല,
ചെടികൾക്കിടയിലെ ചെറുകിളികളുടെ
അശ്രീക്കര കലമ്പലുകളില്ല,
ഒരുദിവസം അഥവാ ഉണർന്നില്ലെങ്കിൽ
പോലും, ആരും അറിയാത്തത്ര
സ്വകാര്യതയുടെ പരമകാഷ്ഠ..
മൂന്നേക്കർ പറമ്പു വിറ്റ്
ഞാനും പാതിയും രണ്ട് അംശങ്ങളും
പതിമൂന്നാം നിലയിൽ ചേക്കേറിയതും
അതിനാണ്,സൗകര്യവും സ്വകാര്യവും.
ടൈലിട്ട മുറ്റത്ത് കിളിർത്തു വന്ന
മുക്കുറ്റിയെ മൂടോടെപിഴതെടുത്ത്
തീഫെന്നു വിളിച്ച് ഡെസ്റ്റുബിന്നിലിടുന്ന
ഏറ്റവും മുകളിലത്തെ നിലയിലെ കുട്ടി.
ഇതുവരെ മഴകണ്ടിട്ടേയില്ലാത്ത
മുപ്പത്തൊന്നാം നിലയിലെ കുഞ്ഞ്
മഴമേഘങ്ങൾ ഉറഞ്ഞുകൂടുന്നത്
മുപ്പതാംനിലയ്ക്കു താഴെയാണല്ലോ!
പൂമ്പൊടിയുടെ അലർജികളില്ലാത്ത
പുതുമഴയുടെ അസ്ക്യതകളില്ലാത്ത
ചെളിവെള്ളത്തിലെ കീടാണുബാധകളില്ലാത്ത
ചുവന്നു തുടുത്ത ഞങ്ങളുടെ കുട്ടികൾ !
കാശുകൊടുത്ത് ആകാശത്തിന്റെ
അവകാശങ്ങൾ കീശയിലാകുമ്പോൾ,
വേരുള്ള വീടുകളിൽ ബാക്കിയാവുന്ന
തേഞ്ഞചെരുപ്പുകൾക്ക് ഊന്നുവടിയുടെ
മൂത്രഗന്ധമുള്ള കൂട്ട്!
ലിഫ്റ്റ് ഉയരുംതോറും
ഭൂമിയുടെ ഘർഷണങ്ങളിൽ നിന്നും,
മാനത്തിന്റെ അടഞ്ഞ
സ്വാതന്ത്ര്യത്തിലേക്ക്!സ്വകാര്യതകളിലേക്ക്!

കടൽക്കരയിലെ കിഴവൻ

കടൽക്കരയിലെ കിഴവൻ
........................................
തെക്കെതൊടിയിലെ
പറങ്കിമാവിന്റെ മുകളിൽ
നിന്റെ മുഖം ഒപ്പിയെടുത്തതു
പോലുള്ള ഒരു മേഘക്കീറിനെ
നിർത്തിയിട്ടാണ്, കടലിൽ
കളഞ്ഞുപോയ മത്സ്യത്തെ
തിരഞ്ഞുപിടിക്കാനിറങ്ങിയത്.
ആരും മരിക്കാത്ത വീട്ടീന്ന്
കടുകു തേടിയിറങ്ങിയ വൃദ്ധ
ആരും അവശേഷിക്കാത്ത
കടപ്പുറത്തെ കുടിലുകളിൽ
കയറിയിറങ്ങുന്നുണ്ടായിരുന്നു.
മുക്കുവകുട്ടിയെ പോലെ,
ചുവന്ന തോർത്തുടുത്തു സൂര്യൻ
വെള്ളത്തിൽ ചാടാൻ നിൽക്കുന്നു.
തിരകളെകൊണ്ട് കാലു തിരുമ്മിച്ചു -
കൊണ്ടിരുന്ന കിഴവൻ, തന്റെ
നീണ്ട ഊന്നുവടി നീട്ടി
തടഞ്ഞുനിർത്തി പറഞ്ഞു:
'ഈ കടലെന്റെ സ്വത്താണ്,
ഇതിലെ ഓരോ തുള്ളിവെള്ളവും.
കളഞ്ഞുപോയ നിന്റെ മത്സ്യത്തെ
ഞാൻ തിരികെ തരാം,
എന്റെ ചോദ്യങ്ങൾക്കു ശരി-
യുത്തരം പറയുകയാണെങ്കിൽ....!'
'ഇന്നലെ പെയ്ത മഴയിലെ
ഏറ്റവും തണുപ്പുള്ള
മഴതുള്ളിയേതായിരുന്നു?
ആൽമരത്തിലെ ഇലപടർപ്പുകളിൽ
ഏറ്റവും വടിവൊത്ത ഇലയേതാണ്?
ശരീരത്തിലെ ഏതു കോശത്തിനാണ്
കൂടുതൽ സ്നേഹം?
ഒരുകുല തെച്ചിപൂവിലെ
ഏറ്റവും തേനുള്ള പൂവേതാണ്?
രണ്ടു കൈക്കുടന്നയിലും കടൽജലം
നിറയ്ക്കുക, ഏതിനാണ്
ഉപ്പു കൂടുതലെന്നു പറയുക?
നെൽകതിരിലെ ഏതു നെൽമണിയാണ്
ഏറ്റവും നല്ല അരിമണിയാവുക?
എഴുതിയ കവിതകളിലെ
ഏറ്റവും പ്രിയപ്പെട്ട വരിയേതാണ്?
വഴുതിപോയ മത്സ്യത്തെയോർത്ത്
വിഷാദത്തോടെ ഞാൻ തലയാട്ടി.
കിഴവൻ എഴുന്നേറ്റു,
നീയിവിടെ ഇരുന്നു കൊൾക
ഈ തിരകൾ നിനക്കുത്തരങ്ങൾ തരും,
ഈ കടലിനി നിനക്കു സ്വന്തം !
തിരകൾ കാലിൽ തിരുമ്മിതുടങ്ങി.
നുണഞ്ഞ മധുരങ്ങളിലേക്കും
എഴുതിയ വരികളിലേക്കും
നനഞ്ഞ മഴകളിലേക്കും ഞാനിറങ്ങി!

തോക്ക്.....തോൽക്കും

തോക്ക്.....തോൽക്കും
...................................
കാഞ്ചിവലിക്കുന്ന വിരലുകൾ
വെടിയുണ്ടകളോട് എന്താവും
പറഞ്ഞിട്ടുണ്ടാവുക.
നേരിന്റെ നാമ്പുള്ള തലകൾ
അവശേഷിപ്പിക്കരുതെന്നോ?
വാക്കുകളിലഗ്നിതിരുകുന്ന
ജിഹ്വകൾ തകർക്കണമെന്നോ?
ചൂണ്ടുവിരലുകൾ ചുടണമെന്നോ?
കവിതയിലും കരളിലും കനിവുറവയുള്ളവരൊക്കെ
കരുതിയിരിക്കുക,
അക്ഷരഭയമുള്ള ഒരുണ്ടയ്ക്കായി!
ഡോ:അനൂപ് കൂടൽ

പരിത്രാണം

പരിത്രാണം
* * * * * * * * *
നീ തന്ന വാക്കാണ്
വാവിട്ട വാക്കാണ്
മാറാൻ കഴിയില്ല
മാറ്റാൻ കഴിയില്ല
ഭൂലോകം നെടുകെ പിളർന്നാലും
കടലെല്ലാം കവർന്നാലും,
നീ തന്ന വാക്കാണ്
നേരുള്ള വാക്കാണ്
നെറിയുള്ള വാക്കാണ്
നെഞ്ചേറ്റിയ വാക്കാണ് .
കണ്ണില്ലേ? കാതില്ലേ?
എങ്ങും കണ്ടാലറയ്ക്കുന്നകാഴ്ച്ചകൾ
കണ്ണുനീർ പൊടിക്കുന്ന കാഴ്ചകൾ!
കാതു തുളയ്ക്കുന്ന കേൾവികൾ
കരളുടയ്ക്കുന്ന കേൾവികൾ!
തെരുവിലനാഥനായലയുന്ന
കുഞ്ഞിനെ കണ്ടില്ലേ?
കവലയിലഴിഞ്ഞാടിയലറുന്ന
കാപാലികരെ കണ്ടില്ലേ?
ഉടുതുണിപറിച്ചുപെണ്ണുടലുകളില-സുരനൃത്തമാടുന്നോരെ കണ്ടില്ലേ?
കൊല്ലും കൊലയുമെല്ലാസീമകളും
വിട്ടരങ്ങുതകർത്താടുന്ന കണ്ടില്ലേ?
വിശപ്പിന്റെ വിളികളെങ്ങും
മുഴങ്ങുന്ന കേട്ടില്ലേ?
വികൃതകാമം വാമൂടിയ കുഞ്ഞു -
ദേഹങ്ങളുടെ മൗനയലർച്ചകൾ കേട്ടില്ലേ?
ജനതയെ പിഴിഞ്ഞൂറ്റിവീർക്കുന്ന
ഭരണാധികാരികളെ കണ്ടില്ലേ?
ഇനിയെന്തമാന്തം ...അവതരിച്ചേക്കുക.
കൃഷ്ണനായി ക്രിസ്തുവായി
നബിയായി ബുദ്ധനായി
ഗാന്ധിയായി ഗുരുക്കളായി
പലകുറിവന്നുപോയെങ്കിലും,
ചേരിതിരിഞ്ഞു നിൽപാണിപ്പൊഴും
ചോരചീന്തികളിയാണിപ്പൊഴും !
ഇനിയെന്തമാന്തം .... അവതരിച്ചേക്കുക .
ഉദ്ധരിച്ചീടുകീഭൂമിയെ,കാത്തുരക്ഷിക്കു-
കതിലെ,യമൂല്യജൈവസത്തയെ!
കാറ്റിൽ പറത്തുക
കണ്ണില്ലാത്ത തത്വശാസ്ത്രങ്ങളെ
കാലഹരണപ്പെട്ട ചിന്തകളെ,
കടപുഴകിയെറിയുക
കപടയാചാരങ്ങളെയന്ധവിശ്വാസങ്ങളെ,
കടലിലെറിയുക കള്ളനാണയങ്ങളെ,
കഴുവേറ്റുക ദുർഭരികളെ
കുഞ്ഞുമേനിതിന്നുന്ന കാട്ടാളരെ!
ഇനിയെന്തമാന്തം .... അവതരിച്ചേക്കുക!
പക്ഷേ, ഇക്കുറിയൊന്നുണ്ടു പ്രാർത്ഥന,
കേൾക്കുക,
ഗോത്രപെരുമകളില്ലാതെ
മതമദങ്ങളില്ലാതെ
ജാതിവരമ്പുകളില്ലാതെ
ദേശാതിർത്തികളില്ലാതെ
ലിംഗഭേദങ്ങളില്ലാതെ
മർത്യദേഹത്തിന്റെ മതിലുകളൊന്നുമേയില്ലാതെയെല്ലാരിലും
നന്മവിളയുന്നൊരു സദ്ചിന്തയായി വരിക.
സദ്ബുദ്ധിയായി സച്ചിതാന്ദമായി വരിക !
സദാ സത്യമായി നിറയുക, നിലനിൽക്കുക!
സുഖസുന്ദരമാകട്ടെയീ ലോകം
ശുഭസുന്ദരമാകട്ടെയീ ലോകം!
' പരിത്രാണായ സാധൂനാം ......
..........സംഭവാമി യുഗേ യുഗേ '
DR:ANUP'S POETRY

Tuesday, October 3, 2017

ഉയിരുമ്മകൾ

ഉയിരുമ്മകൾ
.......................
മഴച്ചാക്ക് ചുമന്നെത്തിയ
മലങ്കാറ്റിനൊരുമ്മ,
തൊടിയാകെ പൂമണംപരത്തിയ 
പാലമരപ്പെണ്ണിനൊരുമ്മ,
ഇരുട്ടത്ത് മുറിക്കുള്ളിലൊരു
നുറുങ്ങുവെട്ടം തെളിയിച്ച
മിന്നാമിന്നിക്കൊരുമ്മ ,
മലമുകളീന്ന് കടലോളം
അലിവാർന്നമൃതുമായൊഴു-
കുന്നവൾക്കൊരുനനുത്തുമ്മ ,
വസന്തമായി വർഷമായി
ശരത്കാലസന്ധ്യയായി
പുതുമയോടെത്തുന്ന
ഋതുമതിക്കൊരുമ്മ,
മച്ചകത്തൊളിഞ്ഞിരുന്ന
കൗമാരക്കുറുമ്പനെവിളിച്ചിറക്കിയ
യോർമ്മയ്ക്കു കെട്ടിപിടിച്ചൊരുമ്മ,
അമ്മയെന്നുണ്മയ്ക്കു
നെടുനെറ്റിമേലൊരിക്കലും
വറ്റാത്തൊരുമ്മ ,
ചില്ലിട്ടചിത്രത്തിലെങ്കിലും
ചിതലരിക്കാത്തസമ്പത്ത്
മൂർദ്ധവിലേകിയച്ഛന്റെ
പാദത്തിൽപൂജപോലുരുമ്മ,
കൂടെക്കിടന്നെന്റെ രാപ്പനി
പിടിച്ചവളെ, ഈ ജന്മം
തീരാത്ത കടത്തീന്
വരവുവെയ്ക്കുവാൻ
ആത്മാവുമുറുകെപുണർന്നൊരുമ്മ.
കാത്തുവെച്ചിട്ടുണ്ട്, മറക്കാതെ
യൊടുവിലെത്തുന്നയമൂർത്ത
മിത്രമേ, നിനക്കൊരിക്കലും
പിരിയാത്തൊരുമ്മ ....!
DR:ANUP'S POETRY

Monday, September 25, 2017

തഥോ ജയ:

തഥോ ജയ:
തേരു നീ തെളിക്കുക,
പാർത്ഥൻ ഞാനതിലുണ്ട് കൃഷ്ണാ.
മഹാരണാങ്കണമധ്യേ രഥം നിർത്തുക.
കൺതുറക്ക കാണട്ടെ
ഞാനടരാടേണ്ടുവതാരൊക്കെയോടെന്ന്,
ശത്രുപക്ഷമായി ചേർന്നു
നിൽക്കുവതാരൊക്കെയെന്ന്.
പ്രിയരെന്നു കരുതിയവർ,
ഒക്കത്തിരുത്തിയർ,
കുഞ്ഞുനാളിൽ കുറുമ്പുകൾ
കാട്ടിയൊപ്പം കളിച്ചവർ,
കൂടെ പഠിച്ചവരൊരുമിച്ചുണ്ടവർ,
ജ്ഞാനം പകർന്നവ,രരികളായി
മറുപുറത്തക്ഷൗഹണികളി-
ലണിനിരന്നു നിൽക്കുന്നു.
ഋഷീകേശാ, പാഞ്ചജന്യം
നീ മുഴക്കികഴിഞ്ഞല്ലോ,
ദേവദത്തമീ ഞാനും,
വീരന്മാരൂഴംപോലവരുതൻ
ശംഖുകൾ ഊതിക്കഴിഞ്ഞിതല്ലോ?
കാഹളങ്ങൾ ഉയരുന്നുവല്ലോ...
നിനച്ചില്ല ഞാൻ ദൈവമേ
ധർമ്മയുദ്ധമെങ്കിലും,രിപുക്കളിവർ
ഇത്രമേലറിയുന്നവരെന്ന്,
കൊല്ലേണ്ടതെൻ മക്കളെ തന്നെയെന്ന്!
വിറയ്ക്കുന്നു കൈകൾ,
ധനുസ്സൂർന്നു പോകുന്നു,
വയ്യ മാധവാ,മതിയിൽ മന്ദതപടരുന്നു,
മതി നീ തേർ തിരികെ തെളിക്കുക.
നേട്ടമെന്തൊക്കെ നിരത്തിയാലുമീ
നോട്ടത്തിൽ തന്നെയെൻ
ഗാത്രം തളരുന്നു, മനമാകെയുലയുന്നു
കണ്ണുകളിലാന്ധ്യം കയറുന്നു.
കീരീടം കിട്ടുമെന്നിരിക്കലും
കിരീടി ഞാൻ കീഴടങ്ങുന്നു.
സ്വർലോകം ലഭിക്കുമെന്നാകിലും
നിസ്വാർത്ഥമായി ഞാൻ പിൻതിരിയുന്നു.
തിരികെ തേർ തെളിക്കുക
തിരിഞ്ഞു പോകാം പിരിഞ്ഞു പോകാം.
വിഷാദത്തിൽ പടുകുഴിയിൽ
വീണു ധനഞ്ജയൻ,ധീരനവൻ
ജയിക്കാനായി പിറന്നവനെങ്കിലും,
ഹതാശനായി അഹിതങ്ങൾ
അശുഭങ്ങളൊന്നൊന്നായി
പുലമ്പിക്കൊണ്ടിതികർത്തവ്യ -
മൂഢനായി തേർത്തട്ടിലൂർന്നിരുന്നു.
ഉണരുക,ഉയിർത്തെഴുന്നേൽക്കുക
പ്രബുദ്ധനാകുക ഫൽഗുനാ നീ,
ഉദാസീനതകൊളൊക്കെ വെടിഞ്ഞു -
ത്കൃഷ്ട കർമ്മത്തിലാമഗ്നനാകുക.
ഒന്നോർത്തുകൊള്ളൂ അർജ്ജുനാ
ഒളിച്ചോടാനാവുകയില്ലീ ചക്രവ്യൂഹങ്ങളീന്ന്,
ഓടിയാലുമോടിയാലും തീരുന്നതല്ലീ
വാഴ്വിലെ ദൂരങ്ങളത്രയുമെന്നു നിശ്ചയം.
മരണമതൊന്നേയുള്ളു മർത്യനെന്നു
സ്മരണയിലുറപ്പിച്ചുപൊരുതുക പോരാടുക.
ഒക്കെ പ്രതികൂലമാകുന്ന കാലത്തു -
മതിജീവനമാണു സ്വധർമ്മം സഖാ.
മമതാബന്ധങ്ങൾ നോവിന്റെ
നിലവറകളെന്നറിഞ്ഞീടുക,
മാമ്പൂവും മക്കളും,മോഹങ്ങളും
മോഹഭംഗങ്ങളുമെന്നുൾകൊള്ളുക.
താമരത്താളിലെ തുള്ളിപോലീ
ജീവിതം ജീവിച്ചു തീർക്കണം.
ചതുരംഗപലകയിലുരുളുന്ന
പകിടപോൽ,മാറിമറിയുന്നതാണീ
സുഖദു:ഖനിമിഷങ്ങളൊക്കെയും .
തള്ളികളയണമതു തനയാനാണെങ്കിലും
അധർമ്മത്തെ കൂട്ടുപിടിക്കുകിൽ.
വക്രബുദ്ധികൊണ്ടൂരാക്കുടുക്കുകൾ
തീർക്കുന്ന ശകുനിമാർ,
തെറ്റിന്റെ മാർഗ്ഗത്തിൽ യുദ്ധം
നയിക്കുന്ന ദുര്യോധനന്മാർ,
വഴിപിഴച്ച നിയമങ്ങളടിച്ചേൽപിച്ചു
ഭരിക്കുന്ന ദുശ്ശാസനന്മാർ,
അധർമ്മത്തിന്റെ കൊടിക്കൂറകൾ
പാറിച്ചുകൊണ്ടൊരുനൂറു സോദരർ ചുറ്റും.
രഥമേറുക,പഞ്ചേന്ദ്രിയങ്ങളാം കുതിരകൾ
തൻ കടിഞ്ഞാണാം മനസ്സെൻ
കൈയ്യിൽ തരിക രഥീ നീ .
തളരാത്ത തനുവുമായി
ഇടറാത്ത മനസ്സുമായി
കുരുക്ഷേത്രംപോൽ ദിനവും
നിന്നുൾതട്ടിലരങ്ങേറുന്ന
അന്ത:സംഘർഷങ്ങളിലജയ്യനാവുക.
തേരാളി ഞാനുണ്ട്
പോരാളി നീയുണ്ട്
വിജയാ വിജയം സുനിശ്ചയം!
' യഥോ ധർമ്മസ്തതോ ജയഃ '

DR:ANUP'S POETRY

Saturday, September 16, 2017

പ്രാകൃതൻ

പ്രാകൃതൻ🌿

ശാസ്ത്രത്തിനെന്നും
ചോദ്യങ്ങളേയുണ്ടായിരുന്നുള്ളൂ,
പ്രകൃതിക്ക് ഉത്തരങ്ങളും.
സംശങ്ങളായിരുന്നു
ശാസ്ത്രത്തിനെപ്പോഴും
പ്രകൃതിക്ക് ബോധ്യങ്ങളും.
പുതുമകൾതേടി ശാസ്ത്രമലഞ്ഞു,
പഴമകളിൽ പ്രകൃതിപൂത്തു.
കണ്ടുപിടിത്തങ്ങളാണ്
ശാസ്ത്രത്തിനിഷ്ടം,
കണ്ടെത്തലുകൾ പ്രകൃതിക്കും.
കരച്ചിലൊരു നോവാണെന്നു
പ്രകൃതി പറഞ്ഞപ്പോൾ,
കണ്ണീർഗ്രന്ഥിയുടെ
വിസർജ്യമെന്നു
ശാസ്ത്രമടിവരയിട്ടു.
നനുത്ത കൈകൾകൊണ്ട്
പ്രകൃതി ചേർത്തുപിടിക്കുമ്പോൾ,
യന്ത്രകൈകളാൽ ശാസ്ത്രം
വേരറുത്തു വലിച്ചെറിയുന്നു.
സ്വഭാവമളന്ന് പ്രകൃതിയെ
നമുക്കവളെന്നു വിളിക്കാം
ശാസ്ത്രത്തെ അവനെന്നും.
ഭൂപാളികളിലേക്ക്
ഹൃദയാന്തരാളങ്ങളിലേക്ക്
അവളാണ്ടിറങ്ങുമ്പോൾ,
ഭൗമാന്തരീക്ഷവും വിട്ടകലങ്ങളിൽ
അളില്ലാ മണ്ണുകളിൽ, അവൻ
അധിവാസത്തിന്റെ ,
പ്രവാസത്തിന്റെ
പുതിയ കോപ്പുകൾ കൂട്ടുന്നു .
മുറിവുകളിൽ ചേർച്ചയുടെ
പച്ചിലനീരായി അവൾ
സ്വാസ്ത്ഥ്യം പകരുമ്പോൾ,
ഛേദിക്കലിന്റെ നൊമ്പരങ്ങളുമായി
അവൻ പല്ലിളിക്കുന്നു.
പരിണാമത്തിന്റെ പരിരക്ഷയുടെ
പകർന്നുനല്കലിന്റെ പച്ചനിറങ്ങൾ
പ്രകൃതി വാരിവിതറുമ്പോൾ.
സർവ്വസംഹാരത്തിന്റെ
അണുബോംബുകൾ ശാസ്ത്രം
സംഭരിച്ചുവെയ്ക്കുന്നു.
കൈയ്യേറ്റങ്ങളിലുടെ ശാസ്ത്രം
വളരുമ്പോൾ,
കുതന്ത്രങ്ങളറിയാത്ത പ്രകൃതി
വരളുന്നു.
അവളെ തോല്പിക്കുന്നതാണ്
വിജയമെന്നവൻ അസന്ദിഗ്ദമായി
പറയുമ്പോൾ, മാറിനിന്നു
മുഖംപൊത്തിയവൾ ചിരിക്കുന്നു ..
അവൻ ജയിച്ചപ്പോഴൊക്കെ
അവൾ തോറ്റിട്ടുണ്ട്,
തോറ്റയവൾ തിരിച്ചടിച്ചപ്പൊഴൊക്കെ
അവൻ തവിടുപൊടിയായിട്ടുമുണ്ട്.
ഇന്നൊന്ന് നാളെ മറ്റൊന്ന്
ശാസ്ത്രം മാറിക്കൊണ്ടേയിരിക്കുന്നു
ഒപ്പമതിൻ സത്യങ്ങളും,
പ്രകൃതിക്കെന്നുമൊന്നുമാത്രം
സത്യം സുന്ദരം സനാതനം .
അതറിയുന്നവൻ പ്രാകൃതനും.
DR:ANUP'S POETRY

വിരലിൽ മഷിപുരണ്ടവർ

വിരലിൽ മഷിപുരണ്ടവർ
* * * * * * * * * * * * * * * * *
കേൾക്കുവതെന്തീയാരവം
മനുജന്റെ മൂളലോ,
മർക്കടന്റെ കൂവല്ലോ.
( അറിയേണ്ട പറയേണ്ട
കിടപ്പാടം പോയൊരാദിവാസിയുടെ
നെഞ്ചുനീറി കരച്ചിലാണത്)
മറുത്തുള്ള വാക്കുകൾ
മുളയിലേ നുള്ളണം,
നേരുള്ള നാവുകളരിഞ്ഞ -
രിഞ്ഞെറിയണം,
കായ് വേറെയുണ്ടെങ്കിലും
പുരമേലെ ചാഞ്ഞാൽ
മൂടോടെ വെട്ടണം,
വെട്ടി നിരത്തണം.
മുനികളെ പോലെ മൗനിച്ചിരിക്കണം,
മസ്തിഷ്ക്കപ്രക്ഷാളന-
ത്തിലൂടണികളെയണിനിരത്തണം.
ഉരഗങ്ങളെപ്പോലൂഴിലിഴയട്ടെ -
യവറ്റകൾ, ഉഗ്രശാസനകൾ
ഉയിർകൊടുത്തും കാക്കണം.
കാര്യങ്ങൾ കാലത്തുതീർപ്പാൻ
ഭരിപ്പോന്റെ കാലിൽപിടിക്കണം.
തമ്മിൽ തല്ലി കൊന്നു -
തീർക്കട്ടെ കഴുതകൾ,
ഒക്കെ കണ്ടുരസിച്ചങ്ങനെ
കൊടിവെച്ച കാറിൽ
ചീറിപായണം,
കോടികൾ കോഴയായി വാങ്ങണം,
നികുതിപിഴിഞ്ഞാകാശയാത്രകൾ
പോകണം,സ്വർഗ്ഗസൗധങ്ങളിൽ
മതിവരുവോളമഭിരമിക്കണം.
ജനാധിപത്യമാണിത്,
പ്രജയ്ക്കു ചെങ്കോലുകിട്ടുന്ന
ദിനത്തിങ്കൽ,തമ്മിൽ ഭേദം
തൊമ്മനെന്ന ചൊല്ലുപോൽ
കൂട്ടത്തിലെ ചെറുകള്ളനായി
വിരലമർത്തണം, 'വിലയേറിയ,
വോട്ടങ്ങനെ നൽകണം..
ഭരണ-പ്രതിപക്ഷമെന്ന
ചെല്ലപേരിലൊത്തുചേർന്നവർ
വിരലിൽ മഷിപുരണ്ടവർക്കായി
നേരുന്നു നടുവിരൽ നമസ്കാരങ്ങൾ!
DR:ANUP'S POETRY

സത്യമാണോ?

സത്യമാണോ?🤔
.....................
സത്യമാണോയെന്നറിയില്ല,
വഴിയിൽ കിടന്നാണ് കിട്ടിയത്,
നെറ്റിയിൽ സത്യമെന്ന്
എഴുതിവെച്ചിട്ടുണ്ട് ,
(എഴുതിവെച്ചതെല്ലാം
സത്യമായിരുന്നെങ്കിൽ?)
അതുകൊണ്ടു തന്നെ
സത്യമാണോയെന്നു
സംശയമില്ലാതില്ല ..
തീരെ അവശനാണ്,
വഴിയേറെ നടന്നതിന്റെ
ക്ഷീണമാമുഖത്തുണ്ട്,
ആരൊക്കെയോ
ഉപദ്രവിച്ചതിന്റെ മുറിവുകളും.
ഏതോ ഒരു പരീക്ഷകൻ
കൊടുത്ത ഊന്നുവടി
കൈയ്യിലിരിപ്പുണ്ട്.
പക്ഷേ, ആ കണ്ണുകളിലെ
തിളക്കം, അത് ആരെയും
കൂസാത്ത ഒരു തിളക്കം തന്നെയാണ്.
ഇനി സത്യമായിരിക്കുമോ?
പിറന്നപടിയാണ് കിടപ്പ്,
ഒരു കീറതുണി കൊണ്ടുപോലും
നഗ്നത മറയ്ക്കാൻ കൂട്ടാക്കുന്നില്ല.
സത്യത്തിന് മരണത്തിന്റെ
വിലയുള്ള നാട്ടിൽ,
എന്തിനാണ് ഒരു വയ്യാവേലി
തലയിലേറ്റുന്നത്.
വഴിയിൽ തന്നെ കിടക്കട്ടെ!
വാ തുറന്നെന്തോ പറയാൻ
ശ്രമിക്കുന്നുണ്ട് പാവം
'വാഴ്‌വേ മായമെന്നോ' മറ്റോ.
വഴിയിൽ തന്നെ കിടക്കട്ടെ,
സന്ധ്യമയങ്ങുമ്പോൾ,
തിരികെ വരുമ്പോൾ
ഒത്താൽ കൂടെ കൂട്ടാം,
വയസ്സുകാലത്ത്
വെറുതേ സംസാരിച്ചിരിക്കാമല്ലോ!
DR:ANUP'S POETRY

ഓ(ർമ്മിക്ക)ണം🌻

ഓ(ർമ്മിക്ക)ണം🌻

ഓ......ണം
ഓർക്കണം
ഓർമ്മകൾ പൂക്കണം
ഓടി തിമിർക്കണം
ഓലപ്പീപ്പിയൂതണം
ഓണത്തല്ല് കൂടണം
ഓണത്തപ്പനെ വണങ്ങണം
ഓ............ണം
ഒരുമയുണ്ടാകണം
ഒഴുകികൊണ്ടിരിക്കണം
ഒരുവാക്കലിവോടെ മൊഴിയണം
ഒരുമ്മനെറ്റിയിൽ നൽകണം
ഒരുമ്മിച്ചിരുന്നുണ്ണണം
ഒത്തൊരു പൂക്കളം തീർക്കണം
ഒരുനല്ല നാളേക്കായി കിനാവുകൾ കാണണം
ഓണനിലാവിനെ കൂടെകൂട്ടണം
ഓണത്തുമ്പിയ്ക്കൊപ്പം തിരികെ പറക്കണം
ഓർക്കണം...ഓർമ്മകൾ പൂക്കണം
🌸🌹🌻🌺🌼🌹🌸🌼🌻🌺🌹🌸

DR:ANUP'S POETRY

ഉറുമ്പുസത്യം

ഉറുമ്പുസത്യം
* * * * * * * * *
കൂനനുറുമ്പുകൾ
മണ്ണറകളിലേക്കു
വരിവെയ്ക്കുമ്പോൾ
അവരുടെ ഇല്ലാത്ത
കൺപോളകളിൽ
അനാദിയായ ഉറക്കം
തളം കെട്ടി കിടക്കും.
വരാൻ പോകുന്ന
വറുതിയും,മഴയുടെ
കാലൊച്ചകളും
മുന്നറിവുകളായി
അവരിലെത്തുന്നു,ഒരു
നീണ്ട ശൈത്യത്തിനുള്ള
കരുതിവെയ്പ്പുകൾ
തുടങ്ങുന്നു ....
മധുരം തേടിയുള്ള യാത്രകൾ,
നിരതെറ്റാത്ത നിഷ്കർഷകൾ,
പ്രാണൻ പോയാലും
ഒരു ചെറുകടി കടിച്ചുള്ള
പ്രതിരോധം,
ഒരുമയുടെ സന്ദേശങ്ങൾ,
കണ്ടെത്തിയ സത്യങ്ങൾ
(അന്നവും അപകടവുമാകട്ടെ)
കൂട്ടർക്ക് പകർന്നുകൊടുക്കുന്ന
പങ്കുവെയ്ക്കലിന്റെ സോഷ്യലിസം,
ദൂരവും ഭാരവും വകവെയ്ക്കാത്ത
കർമ്മസിദ്ധാന്തങ്ങൾ ,
അപേക്ഷികമായ
വൃത്തിയും വൃത്തികേടുകളും,
ചിറകുവെച്ച് ഒരുനാൾ
പറന്നാലും, വെളിച്ചം മാത്രം
തേടുന്ന ജ്ഞാനം ...
ഉറുമ്പുസത്യങ്ങൾ
നമ്മൾ തിരിച്ചറിയുന്നത്
ഉറുമ്പരിച്ചു തുടങ്ങുമ്പോഴാണ്!

DR:ANUP'S POETRY

ഉമിക്കുന്ന് കീഴടക്കിയവൻ

ഉമിക്കുന്ന് കീഴടക്കിയവൻ
........................................
ചണസഞ്ചിയിൽ,
പറ്റിലെഴുതിയ പലവ്യഞ്ജനവും തൂക്കി, ഉമിക്കുന്നുമല കയറി തുടങ്ങുമ്പോഴേ
മാടനും മറുതയും ഒറ്റമുലച്ചിയും
മിണ്ടീം പറഞ്ഞും പുറകേ നടക്കും,
അറുകൊലയെ കണ്ട് പേടിച്ചോടുന്ന
സൂര്യനാണേൽ,പിറ്റേന്ന് നേരം
വെളുത്തിട്ടേ തിരികെ വരികയുള്ളൂ,
നിറയേ വളർന്നു കിടക്കുന്ന
തൈലപുല്ലുകൾക്കിടയിലെ
മിന്നാമിന്നികൾ,കുറുനരിയുടെ
തിളങ്ങുന്ന കണ്ണുകൾ പോലെയാണ്..
മനസ്സിനേക്കാൾ പേടി കാലുകൾക്കാണ്.
ആരുമില്ലന്നാണയിട്ട് ആയിരംവട്ടം
പറഞ്ഞാലും,കാലുകളിൽ പേടിയുറഞ്ഞുകൂടും.
ഉമിക്കുന്നിന്റെ ചരിവുകളിലെ
ഇടതൂർന്ന കൈതപടർപ്പുകളിൽ
പെറ്റിപെരുകി കിടക്കുന്ന അണലികൾക്കു
പോലും,പേടിപിടിച്ച കാലുകളെ ഭയമാണ്,
ചിറകുവെച്ചതുപോലുള്ള ഓട്ടത്തിനിടയിൽ
അണലിക്കുഞ്ഞുങ്ങൾ ചത്തുപോവാറുണ്ടത്രെ!
നാണുവൈദ്യരുടെ നാട്ടുവൈദ്യശാലയിലേക്ക്
കരിംകുറഞ്ഞിയും കരിനൊച്ചിയുമായി പോകുന്ന,
കറുമ്പനേയോ കാത്തിയേയോ
ദൂരേന്നൊന്നു കണ്ടാൽ മതി,
പിന്നെ കാലുകൾ
'എനിക്കൊന്നുമറിയില്ലേ
രാമനാരായണാന്നാണ്'.
ഒരു കല്ല്തട്ടിത്തെറുപ്പിച്ച്
എത്ര പെട്ടന്നാണ് കാലുകളിൽ നിന്ന്
പേടി മണ്ണിലേക്കിറങ്ങിപ്പോക്കുന്നത്.
ചിറകുകളഴിഞ്ഞു പോകുന്നത്!
കുന്നിറങ്ങി തോടുകയറി
വീട്ടിലെത്തുമ്പോൾ,
ഒരു യുദ്ധം ജയിച്ച മട്ടാണ്
ഉമിക്കുന്ന് കീഴടക്കിയമട്ടാണ്!
DR:ANUP'S POETRY

Wednesday, August 16, 2017

പ്രാപഞ്ചികം

പ്രാപഞ്ചികം
....................
കൂട്ടിയിട്ടാൽ ഈ പ്രപഞ്ചത്തോളം കാണും
ഇന്നോളം എഴുതപ്പെട്ട കവിതകൾ,
ഒരു പക്ഷേ പ്രപഞ്ചത്തേക്കാൾ!
അവയിലെ നോവുകളെല്ലാം
ഒന്നിച്ചു പെയ്താൽ, അണഞ്ഞുപോകാം
ക്ഷീരപഥത്തിലെ നക്ഷത്രങ്ങളൊക്കെയും,
ഒരു പക്ഷേ അതിലും കൂടുതൽ !
വിരഹ ദു:ഖങ്ങളെല്ലാം ഒന്നിച്ചുവെന്താൽ
തീച്ചൂട് കാണും സൂര്യനോളം,
ഒരു പക്ഷേ സൂര്യനേക്കാൾ!
എന്നാൽ,ഇന്നോളം എഴുതപ്പെട്ട
കവിതകളിലെ എല്ലാ പ്രണയവും
നിറച്ചുവെച്ചാലും, കാണില്ല കണ്ണേ!
എന്റെ കടുകുമണി മനസ്സിലെ
നിന്നോടുള്ള പ്രേമത്തോളം...
നീയെന്റെ പ്രപഞ്ചമാണ്,പ്രപഞ്ചം നീയാണ്!
DR:ANUP'S POETRY

പറുദീസാക്കളി

പറുദീസാക്കളി
......................
ഒരു കളി കളിക്കാം,
ആ പച്ച ബട്ടണിൽ
വിരലമർത്തികൊള്ളൂ
(നീ നിന്റെ ബുദ്ധിയുടെ താക്കോൽ
പണയം വെയ്ക്കുന്ന സമ്മതപത്രം).
ഇവിടുന്നങ്ങോട്ട്
നീ കളിക്കുന്നവനും
ഞാൻ കളിപ്പിക്കുന്നവനുമാണ്.
( നിന്നെ പോലെ ഞാനും
കസേരയിലിരുന്നു കളി തുടങ്ങിയതാണ്,
ഇന്നിപ്പോൾ സർവ്വവ്യാപിയായ ഒരു കാറ്റ്)
വെട്ടിക്കൊന്നും
വെടിവെച്ചും
തകർത്തെറിഞ്ഞും
മുന്നേറിക്കൊള്ളൂ,
ഒരു പ്രതിയോഗിയും
തിരിച്ചു പോകരുത്.
സ്വർണ്ണ കിലുക്കങ്ങളും
സാമ്രാജ്യങ്ങളും, പുതിയ ആയുധങ്ങളും
പുത്തൻ മുഖങ്ങളും വാരിക്കൂട്ടിക്കോളൂ.
അജയ്യതയുടെ ആഘോഷങ്ങളാവാം,
ഉന്നം തെറ്റാത്ത ആക്രമണങ്ങളിൽ
പുളകിതനാവാം,
തകർത്തെറിയുന്ന തലകളും
കെട്ടിടങ്ങളും കണ്ടലറിച്ചിരിക്കാം.
വെട്ടിയെറിയുന്ന പച്ചപ്പുകളിൽ
അഗ്നി പടർത്താം....
കളിച്ചു കളിച്ചു
ജയിച്ചു ജയിച്ചു
നീയെത്തുന്നത്
വിലക്കപ്പെട്ട അറിവിന്റെ കനിയുള്ള
മരണത്തിന്റെ തണുത്ത താഴ്വരയിലാണ്.
എല്ലാ ബോധങ്ങളും വിഫലമാക്കുന്ന
ആ ഫലമുള്ള പറുദീസയിൽ!
ഒറ്റപെട്ടവന്റെയും,
ഒറ്റിക്കൊടുക്കപ്പെട്ടവന്റേയും,
സ്നേഹം നിഷേധിക്കപ്പെട്ടവന്റേയും
വെറുതേ വെറുക്കപ്പെട്ടവന്റേയും
മൂഢ സ്വർഗ്ഗത്തിൽ!
ഇതൊരു കളിയല്ല
കളി കാര്യമാണ് ..!
കനിയും തിന്ന് നീ
അവസാന ഘട്ടത്തിലെത്തിലെത്തിയാൽ,
ഞാൻ നിനക്കൊരു നിർദ്ദേശം തരും.
ഹോ! അതൊരു രഹസ്യവും
സമസ്യയുമായിരിക്കട്ടെ .
ഒരിക്കലും രുചിക്കാത്തൊരു
തീക്ഷണലഹരി!
നീലതിമിംഗലത്തേക്കാൾ
വലുതാവുന്നൊരു കൺകെട്ട്!
അതാണീ കവിതയുടെ രസച്ചരട്!
പറുദീസാക്കളിയുടേയും !
ബുദ്ധിക്കൊപ്പം നീയും പണയപ്പെട്ടിരിക്കും!
കസേരയിൽ നിന്ന് കാറ്റായി രൂപാന്തരപ്പെട്ടിരിക്കും !
DR:ANUP'S POETRY

ക്ഷമസ്വമേ

ക്ഷമസ്വമേ
..................
ഒറ്റതെറ്റിന് കാത്തിരിക്കുന്ന
കഴുകന്മാരാണു ചുറ്റിനും,
പെറ്റുവീണിടിത്രടം വരെ
തെറ്റൊന്നും ചെയ്യാത്തോർ.
തെറ്റുകല്ലിൽ തട്ടിയൊന്നു
വീണുപോയീടിൽ ,ഒറ്റുകാർ
കൊത്തിപറിക്കാനാർത്തി -
യോടിരമ്പിയിങ്ങെത്തും.
ഒറ്റതെറ്റിന് കുത്തിമലർത്താൻ
കത്തിയോങ്ങിനടക്കുന്നോർ-
ക്കൊരിരയെ കിട്ടിയെന്നാൽ,
വെട്ടിതുപ്പി കശാപ്പുചെയ്യുന്നു.
പിന്നെയാത്തല പൊങ്ങരുതൊരിക്കലും,
പിന്നെയാ വാക്കുകൾ കേൾക്കല്ലൊരിക്കലും.
നൂറുനൂറഭിപ്രായങ്ങൾ, നൂറായിരം
ന്യായങ്ങൾ, ന്യായീകരണങ്ങൾ!
ഉള്ളുതുറന്നൊന്നു നോക്കുകിലാ -
ത്മാർത്ഥമായിട്ടൊന്നു ചിന്തിക്കുകിൽ,
നമ്മളിലാരാണു തെറ്റുചെയ്യാത്തവരുലകിൽ!
തെറ്റുകുറ്റങ്ങൾ ചെയ്യാതിരിക്കണം,
അറിയാതെയെങ്ങാനും ചെയ്തുപോയെ-
ന്നാകിലുള്ളറിഞ്ഞു പശ്ചാത്തപിക്കണം,
പിന്നെയാവർത്തിക്കാതിരിക്കവേണം!
വീണുവീണാണു നടക്കാൻ പഠിക്കുന്നതെങ്കിലും
വീണെടുത്തു കിടന്നുരുളാതിരിക്കണം.
അവനവൻ ചെയ്യുന്നവെടക്കൊക്കെ
കണ്ണടച്ചിരുട്ടാക്കിയന്യന്റെ തെറ്റുകളൂതി -
പെരുപ്പിക്കാതിരിക്കണം നമ്മൾ!
വിചാരണ ചെയ്യാൻ നമുക്കെന്തുയോഗ്യത
വിധി പറയുവാൻ നമുക്കെന്തവകാശം.
ഉറ്റവരേ, ഉടയവരേ, ഉലകവാസികളെ
അമ്മേ,അമ്മപ്രകൃതിയേ പൊറുക്കുക,
അറിഞ്ഞുമറിയാതെയും അവനിയിൽ ചെയ്തകുറ്റങ്ങൾ ക്ഷമിക്കുക,
വിധിയെന്തുതന്നെ നീ വിധിച്ചാലും
മാനിച്ചിടുന്നു ഞാൻ വിശ്വനിയാമകാ!
നല്ല ചിന്തകൾ വിരിയട്ടെ ചിത്തത്തിൽ
നല്ല വാക്കുകളൂറട്ടെ രസനയിൽ
നല്ല മർത്യനായി വിളങ്ങട്ടെയൂഴിയിൽ
നല്ല മർത്യനായി നിറയട്ടെയൂഴിയിൽ!
DR:ANUP'S POETRY

പിച്ചും പേയും


പിച്ചും പേയും
.......................
കറുത്തവാവിന്റന്ന്
നല്ല ഉൾപ്പനിയുണ്ടായിരുന്നു.
കുഞ്ഞുനാളിലെ പോലെ
അച്ഛൻ കെട്ടിപ്പിടിച്ച്
കൂടെതന്നെ കിടന്നു,
കട്ടിലിന്റെ തലയ്ക്കലിരുന്ന്
അമ്മൂമ്മ മുടിയിഴകളിൽ
വിരലോടിക്കുകയും,
നെറ്റിയിൽ ഭസ്മം ഓതിയിടുകയും
ചെയ്യുകയായിരുന്നു.
അറിയാതെയങ്ങുറങ്ങിപോയി,
കണ്ണുതുറന്നപ്പോൾ
അവരില്ലായിരുന്നു,
ഞാൻ തനിച്ചായിരുന്നു,
വാവു കഴിഞ്ഞിരുന്നു.

നര

നര
* * * 
നര കയറിപ്പോൾ
ഇറങ്ങിപ്പോയൊരു
യുവാവുണ്ട്.
ഒഴിഞ്ഞ സീറ്റിൽ
കിതച്ചിരുന്നൊരു
വൃദ്ധനുണ്ട്.
ഇനിയുള്ള യാത്രയ്ക്ക്
പാതി ടിക്കറ്റിന്റെ
സൗജന്യമുണ്ട് .
ജപ്തി ചെയ്ത
ഓർമ്മകളിൽ
കറുത്തമുടിയിഴകളിൽ
ഇഴഞ്ഞു നീങ്ങിയിരുന്ന
നേർത്തവിരലിന്റെ
ഉടമയുണ്ടായിരുന്നു .
നര വന്നുകയറിപ്പോൾ
കതകടച്ചു കളഞ്ഞ
പഴയ കുറെ പരിചയക്കാരുണ്ട്.
(കാതിന്റെ വാതിലും
കണ്ണിന്റെ കതകും
പാതിചാരിയതുകൊണ്ട്,
പല കോപ്രായങ്ങളും
പല പഴിപറച്ചിലുകളും
പകുതിയെ കയറിവന്നുള്ളു)
നര നീലകണ്ഠപക്ഷിയേപോലെയാണ്,
വരാനുള്ള വേനലറുതികളുടെ
മുന്നറിയിപ്പാണ്.
എങ്കിലും,
നര വെറും വരയല്ല
നരന് വരമാണ്,
നരച്ച ലോകത്തീന്നുള്ള വിടയാണ് .
ചരമപേജിലൂടെ കണ്ണോടിക്കുമ്പോൾ
റിസൽറ്റു നോക്കി നെടുവീർപ്പിടുന്ന
പരീക്ഷയിൽ തോറ്റ കുട്ടിയേപ്പോലെയാണ്.
നരകയറിപ്പോൾ
ഇറങ്ങിപ്പോയ യുവാവ്
മറന്നുവെച്ച കീകൊടുക്കുന്ന
വാച്ച് ചിലച്ചുകൊണ്ടിരിക്കുന്നു,
ടിക് ... ടിക് ... ടിക്....!
DR:ANUP'S POETRY

ചൂടാറിയ ചായ

ചൂടാറിയ ചായ
* * * * * * * * * * *
ചായക്കോപ്പയിലെ ചൂടാറിയ 
ചായയൊരു ' സമസ്യയാണ് '.
നൂറു ചോദ്യങ്ങളിലേക്കെളുപ്പം
വഴുതി വീണേക്കാവുന്നയൊന്ന്,
നാക്കുപിഴച്ചാൽ അഴിപോലും
എണ്ണേണ്ടിവരുന്ന പ്രഹേളിക.
സംഭവം ചായക്കടക്കാരന്റെ കുഴപ്പംകൊണ്ടാകുമോ?(കയ്പ്പുമാത്രം രുചിച്ചിട്ടുള്ളവൻ
മധുരം ചേർക്കാൻ മറന്നിട്ടുണ്ടാകാം)
ചായയുടെ സ്വന്തം തെറ്റായിരിക്കുമോ?
(പീരയും വെള്ളവുമായി ചായ
സ്വയം പിരിഞ്ഞുപോയിട്ടുണ്ടാവാം)
അതോ,ചായകുടിക്കാരനായിരിക്കുമോ
കുറ്റക്കാരൻ?( പക്ഷാഘാതം പോലെ
കൈപോലും ഉയർത്താൻ കഴിയാത്ത
പരിതസ്ഥിതികളിലേക്കയാൾ
എത്തിപ്പെട്ടിരിക്കാം).
ചതുരപെട്ടികളിലെ അന്തിചർച്ചകളിൽ ,
ചൂടാറിയ ചായ തിളച്ചുമറിഞ്ഞു.
ചായയുടെ ചരിത്രം
ചായവിറ്റവന്റെ പഴയ ചിത്രം
ചായകുടിക്കുന്നവരുടെ ചാരിത്രൃം
ചായക്കോപ്പയിലെ കൊടുംക്കാറ്റ്
ചായ നിർമ്മിതിയിലെ അപഭ്രംശങ്ങൾ
വട്ടമിട്ടുപറന്ന ഈച്ചയുടെ തിരോധാനം
മറ്റ് പ്രതിലോമ/പ്രതിപക്ഷ ഇടപെടലുകൾ !
ചേർച്ചയില്ലാത്ത ചർവിതചർവ്വണം!
കോപ്പയിലെ ചൂടാറിയചായ 
ഒരാഗോള പ്രതിസന്ധിയാണ്!
DR:ANUP'S POETRY

തലയണമന്ത്രം

തലയണമന്ത്രം
******************
യാജ്ഞവല്ക്യൻ, ഉത്തരങ്ങളുടെ
ഓർമ്മപെട്ടിയിലൊന്നു പതറി പരതി.
അത്ര തീക്ഷണങ്ങളായിരുന്നു
മൈത്രേയിയുടെ ചോദ്യങ്ങൾ !
അങ്ങയുടെ ജഡസ്ഥാവരങ്ങളുടെ
ഭാഗപത്രമെനിക്കു വേണ്ട
ആ അറിവുകടലിന്റെ തീറാധാരം
മതിയെനിക്ക്, പ്രണയചപലതകളുടെ
കെട്ടിപ്പിടിത്തങ്ങളല്ല വേണ്ടത്,
എല്ലാകെട്ടുപാടുകളും പൊട്ടിച്ചെറിയുന്ന
ആ രതിയുണ്ടല്ലോ,അതുമതി,ആത്മരതി!
പ്രിയാ,മോക്ഷം പൊതുമുതലല്ലേ
ആണിനുംപെണ്ണിനും അർദ്ധനാരീശ്വരനും.
പൂർണ്ണനിരാസത്തിന്റെ ആ ചിരിയുണ്ടല്ലോ,
എല്ലാം ത്യജിച്ചിട്ടുമെല്ലാം വെടിഞ്ഞിട്ടും
ചുണ്ടിൽ വിരിയുന്നൊരാ നിറചിരി,യതിന്റെ
പൊരുളാണെനിക്കങ്ങു പകരേണ്ടത്.
ഋഷീ, നിറവിന്റെനാരായം കൊണ്ടെന്റെ
നാക്കിലാനാരായവേരുകൾ കുറിക്കുക.
സ്വാതന്ത്ര്യത്തിന്റെ ആണിക്കല്ല്!
യാജ്ഞവല്ക്യൻ മിഴിയടച്ചു മൊഴിതുറന്നു,
മൈത്രേയി മൊഴിയടച്ചു മിഴിതുറന്നു,
ആത്മരതിയുടെ അപാരപെയ്ത്ത്...!
DR:ANUP'S POETRY

പ്രാർത്ഥന

പ്രാർത്ഥന
* * * * * * * *
അന്ന്,
ആ ശരത്കാലത്ത്
മരണം ഇലകളിലായിരുന്നു.
ഇലഞരമ്പുകളിലെ നീരൂറ്റിക്കുടിച്ച്
പഴുപ്പിച്ച് പൊഴിച്ച് മണ്ണടരുകളിലേക്ക്.
ഇല മുഴുവൻ തോർന്ന മരം!
അന്നു പൊഴിഞ്ഞയിലകളിലൊരില
ഞാനായിരുന്നു,ഏറ്റവും ശാന്തമായി
മരിച്ചതും അന്നായിരുന്നു.
ഇനിയുള്ള മരണങ്ങളും
ഇലപൊഴിയും പോലാകണേ!
DR:ANUP'S POETRY

Wednesday, July 19, 2017

രാമരാവണായനം

രാമരാവണായനം
* * * * * * * * * * * * *
പഞ്ഞകർക്കിടകമെന്ന
പേരുദോഷം തീർക്കാനാണ്
രാമായണത്തെ കൂട്ടുപിടിച്ചത്.
തകർത്തുപ്പെയ്യുന്ന മഴയിൽ
കാലിയായ നെല്ലറകളിൽ
ഒറ്റക്കതിർമണി കൊത്തിയെടു-
ത്തൊരു ശാരികപ്പൈതലിന്റെ പാട്ട്.
ചക്കക്കുരുവും കപ്പക്കിഴങ്ങും ചുട്ടു-
തിന്നുമ്പോൾ,വനവാസത്തിന്റെ നേരറിവ്.
വിശപ്പായിരുന്നു രാവണൻ
ആഹാരം രാമനും,
അന്നമെന്ന മഹാസങ്കല്പത്തിലേക്കുള്ള
യാത്ര രാമായണവും...
എല്ലാവയറും നിറഞ്ഞ രാജ്യം രാമരാജ്യവും!
ബാക്കിയെല്ലാം പൊടിപ്പും തൊങ്ങലും
വെച്ച കഥകൾ !
മഴമാറി മാനം തെളിഞ്ഞു തുടങ്ങുമ്പോഴേക്കും
പാരായണം അവസാന കാണ്ഡത്തിലെത്തിയിരിക്കും.
രാമൻ രാവണനെ തോല്പിച്ചിരിക്കും!
പിന്നെ, വസന്തത്തിന്റെ
കണ്ണാംതളികൾ പൂവിടും.
പൊട്ടി പുറത്തും,ശിവോതി അകത്തും!
DR:ANUP'S POETRY

മരണാനന്തരം

മരണാനന്തരം
* * * * * * * * * * *
ഒരു കാര്യമുറപ്പാണ്
മരണശേഷം,ഞാനേതെങ്കിലും
ഗ്രന്ഥശാലയിൽ കടന്നുകൂടും.
ശിഷ്ടകാലം അരൂപിയായി
പുസ്തകങ്ങളിലൂടങ്ങനെ....
വാതിൽപഴുതിലൂടെ കാറ്റായിട്ടെങ്കിലും കയറാമല്ലോ എന്നു കരുതിയാണ്
ഓസ്യത്തിൽ,ദഹിപ്പിച്ചാൽ മതിയെന്ന്
എഴുതി ചേർത്തത്.
ചുണ്ണാമ്പു ചോദിച്ചോ
വഴിയാത്രികരെ പേടിപ്പിച്ചോ
വീടിനു കാവൽ നിന്നോ
പെട്ടിയിൽ മടിപിടിച്ചു കിടന്നോ
തീർക്കാനുള്ളതല്ലെന്റെ വിശിഷ്ടകാലം!
പഴയൊരു ഫോട്ടോ,കഠോപനിഷത്തി-
നുള്ളിൽ വെയ്ക്കണം
നചികേതസ്സിനോട് പൗരാണികമായ
ആ 'രഹസ്യങ്ങൾ'ചോദിച്ചറിയണം.
പിന്നെയൊരു കാര്യം,ബലിയിടേണ്ടത്
പുസ്തകങ്ങൾ കൊണ്ടാകണം,
തൂശനിലയിൽ ബലിയുരുളകൾക്കു
പകരം, നല്ല നാലു നോവലുകൾ ,
കിണ്ടിയില്ലൊരുഗ്രൻ ആത്മകഥ,
നിലവിളക്കുപോലെകത്തുന്നൊരു കവിത,
എള്ളിനും ചെറൂളയ്ക്കും പകരമായി
ചരിത്രവും കഥകളും നിരൂപണങ്ങളും,
കൈകൊട്ടിയൊന്നും വിളിക്കണ്ട,
അക്ഷരഗന്ധമെന്നെ മാടിവിളിച്ചോളും!
DR:ANUP'S POETRY

ഏകവചനം

ഏകവചനം
* * * * * * * * *
പ്രണയിനീ ,
എന്തോ....
സമുദ്രാടനങ്ങളിൽ
നീയെനിക്ക് കൂട്ടുവരുമോ?
വരും,നിന്റെ കൂടെ
ഏഴു സമുദ്രങ്ങളും
എഴുപത് കടലുകളും
ഞാൻ തുഴയാം!
പ്രണയിനീ ,
എന്തോ .....
കാടകങ്ങളിൽ
നീയെനിക്ക് കൂട്ട് വരുമോ?
വരും, നിന്റെ കൂടെ
എത്ര വൃക്ഷാരണ്യങ്ങളും
ഏതു മണലാരണ്യവും
ഞാൻ താണ്ടാം!
പ്രണയിനീ ,
എന്തോ...,വേണ്ടയിനി
നിന്റെ യാത്രകളിലെന്നെ ക്ഷണിക്കണ്ട.
പ്രാണാ,നീയൊഴുകുന്നതാണ് ഞാൻ,
നീയെന്റെ ഏകവചനമാണ്!
DR:ANUP'S POETRY

ദക്ഷിണ

ദക്ഷിണ
* * * * * * *
എടുത്തുകൊൾക, ഇലക്കീറിൽ
പൊതിഞ്ഞുവെച്ചിരിക്കുന്ന,ഞങ്ങടെ
കറുത്ത തള്ളവിരലുകൾ,
അരിഞ്ഞുവീഴ്ത്തിയ അമ്മവിരലുകൾ,
അറിവുവിരലുകൾ!
ഒരു കാറ്റിനൊലിയായി പോലും
ഒരു പകൽസ്വപ്നമായി പോലും
കാതിലോ കരളിലോ ഒരറിവുപോലും
പകർന്നു തരാത്തവർ ,
കലണ്ടർചിത്രങ്ങൾ പോലെ
ചുവരുകളിൽ മാത്രം ഗുരുവായി,
തറഞ്ഞിരിക്കുവോരെങ്കിലും,
ദക്ഷിണ ഞങ്ങൾ നൽകണം,
പ്രദക്ഷിണം ഞങ്ങൾ വെയ്ക്കണം!
എടുത്തുകൊൾക,
എടുക്കുവാനല്ലേ നിങ്ങൾക്കറിയൂ,
കൊടുക്കുവാനേ ഞങ്ങൾക്കും .
ആരണ്യകങ്ങളിലടിയാളകുടികളിൽ
ചീഞ്ഞളിഞ്ഞ ചേരികളിൽ
ഞങ്ങളെന്നുമുണ്ടാവും (ഉണ്ടാവണമല്ലോ)
നിങ്ങൾക്കു നിലനിൽപ്പിനുള്ള ദക്ഷിണകളുമായി .
ഇനി തിരിച്ചുപൊയ്ക്കൊള്ളുക,
കള്ളചൂതിന്റെ,പെൺപീഢനപർവങ്ങളുടെ,
അധികാര വടംവലികളുടെ,
സാമ്രാജ്യത്വ സൗധങ്ങളിലേക്ക്.
വിജയമുദ്രകൾ ഉയരട്ടെ
നിങ്ങളുടെ വെള്ളതള്ളവിരലുകളിൽ,
കരയില്ല ഞങ്ങൾ,ശാപവചസ്സുതിർക്കില്ല ഞങ്ങൾ
ദക്ഷിണ കിട്ടിയതല്ലോ നിങ്ങൾ തൻ ജന്മങ്ങൾ !
DR:ANUP'S POETRY

ലിൻചിങ്ങ്*

ലിൻചിങ്ങ്*
* * * * * * * *
ആൾക്കൂട്ടമാണ് വരുന്നത്
എവിടെ ഞാൻ നിന്നെ ഒളിപ്പിക്കും,
അലറിവിളിച്ചാണ് വരുന്നത്
എവിടെ ഞാൻ 'ഇത്' ഒളിപ്പിക്കും,
ആയുധധാരികളാണവർ
എവിടെ ഞാൻ എന്നെ ഒളിപ്പിക്കും.
കൂട്ടുകാരാ,
ഒരാൾക്കൊരാൾക്കൂട്ടമാകാൻ കഴിയും
ഒരാൾക്കൂട്ടത്തിനൊരാളും,
ആത്മവിശ്വാസമില്ലാത്ത ആൾകൂട്ടങ്ങളാണ് ആത്മബലമില്ലാത്ത ആൺബലങ്ങളാണ്,
അലറിവിളിക്കുന്നത്
അരുതാത്തതൊക്കെ ചെയ്യുന്നത്!
ഭ്രാന്തെടുത്ത അവരിങ്ങെത്തിക്കഴിഞ്ഞു,
നമ്മുടെ തീവ്രസ്വപ്നങ്ങളുടെ
ചാപിള്ളയാണ് ഈ പൊതിയിലെന്നു
പറഞ്ഞാൽ അവർ വിശ്വസിക്കുമോ?
തല്ലിച്ചതച്ച് തൂക്കിലേറ്റപ്പെടുമ്പോഴും
അരയിൽ തിരുകിയ ഓടക്കുഴൽ
ഞാൻ കാണിച്ചില്ല,
രഥമുരുട്ടിയതിന്റെ തഴമ്പുകളും .
കാരണം, അവർ അക്രോശിച്ചതത്രയും
എന്റെ പേരുകൾ തന്നെയല്ലേ, നിന്റേയും !
ഒഴുകിപടരുന്നതിന്റേയും നിറം
അതുതന്നെയല്ലേ, അതേ ചുമപ്പ് .
അവരുയർത്തുന്ന പൊടിപടലങ്ങളിൽ
ഇരുണ്ടു പോകുന്നത് ,
അമ്മയുടെ ശുഭ്രവസ്ത്രങ്ങളാണ് !
ആ നിലവിളികളിൽ നിഴലിച്ചു
നില്ക്കുന്നത്, നിലനിൽപ്പിന്റെ
നോവാണ്, നിലയില്ലാത്ത നീറ്റലാണ്.
പേപിടിച്ച അലർച്ചകളിൽ
ഒടുങ്ങി പോകുന്നത് ഋഷിസൂക്തങ്ങളാണ്
ഒരുമയുടെ ചിത്തമന്ത്രങ്ങളാണ്......
* അക്രമാസക്തരായ ആൾക്കൂട്ടം.
DR:ANUP'S POETRY

ജലചക്രം

ജലചക്രം
* * * * * * * *
ഈ മഴകൊണ്ടൊന്നും 
ഒരു പുഴയും നിറയൂല,
ഈ പുഴകൊണ്ടൊന്നും
ഒരു പുല്ലും കിളിർക്കൂല,
ഈ പുല്ലോണ്ടൊന്നും
ഒരു പയ്യിന്റേം പശിയൊന്നും മാറൂല,
ഈ പയ്യിനെ കൊണ്ടൊന്നും
പാലൊട്ടും തികയൂല,
ഈ പാലോണ്ടൊന്നും
ഒരു രാത്രീം വെളുക്കൂല,
ഈ രാത്രി കൊണ്ടാന്നും
ഒരു പകലും തീരൂല,
ഈ പകലോണ്ടൊന്നും
ഒരു സൂര്യൻ ഉദിക്കൂല,
ഈ സൂര്യനുദിക്കാഞ്ഞാൽ
ഒരു മഴയും പെയ്യൂല്ലേ?
അയ്യോ! ഇക്കണ്ടതൊക്കെ
കളിയായി ഞാൻ ചൊന്നാണേ,
മഴയില്ലേൽ പുഴയില്ല പുല്ലില്ല
പശുവില്ല പാലില്ല ഇരവില്ല
പകലില്ല പിന്നെയീഞാനീല നീയീല!
DR:ANUP'S POETRY

Sunday, June 25, 2017

ഫുൾമാർക്ക്

ഫുൾമാർക്ക്
* * * * * * * * *
ചറ പറ ചറ പറ
ചറ പറ ചറ പറ
ചറ പറ ചറ പറ
ചറ പറ ചറ പറ
ചറ പറ ചറപറയതു ചാറ്റമഴ!
ചറപറ ചറപറ
ചറപറ ചറപറ
ചറപറ ചറപറ
ചറപറ ചറപറ
ചറപറ ചറപറ
ചറപറ ചറപറ
മഴയതു പെരുമഴയായി!
ചന്നം പിന്നം മഴപ്പെയ്യുന്നു
തൊടിയും പടിയും
വഴിയും പുഴയും
മഴവെള്ളത്തിൽ നിറഞ്ഞൊഴുകുന്നു,
മഴനനഞ്ഞൊരു കാക്കയിറങ്ങി
ഈമഴയിതുടനെത്തോരില്ലന്നമ്മപറഞ്ഞു.'
മഴ പെയ്യുവതെങ്ങനെയെന്ന
ചോദ്യത്തിനുത്തരമായി,
ഒരുപുറത്തിൽ കവിയാതിങ്ങനെ
യെഴുതിയ വിരുതനു, മാഷ്
കൊടുത്തത് ഫുൾമാർക്ക് !
മിടുക്കനവൻ മഴ കണ്ടിട്ടുണ്ടല്ലോ
മഴയവനതു നനഞ്ഞിട്ടുണ്ടല്ലോ!
DR:ANUP'S POETRY

Thursday, June 22, 2017

കൂകാത്ത തീവണ്ടി

കൂകാത്ത തീവണ്ടി
* * * * * * * * * * * * * *
പച്ചക്കൊടി വീശി, പോകാൻ പറഞ്ഞാലും
പോകാതെ പിണങ്ങിക്കിടപ്പുണ്ട്
ചിറകൊടിഞ്ഞ ചില തീവണ്ടികൾ, 
പോകണമെന്ന് കൊതിച്ചാലും
സിഗ്നൽ കിട്ടാതെ കിടക്കുന്ന
ചില പഴമ്പുരാണഗുഡ്സുകൾ,
ജാതിവെറിയിൽ, ആഢ്യമാർക്ക്
വഴിമാറി കിടക്കുന്ന പാസഞ്ചറുകൾ,
ദുർഗുണപരിഹാരപാഠശാല പോലെ
പാളംതെറ്റിയ ബോഗികളെ
നിരത്തിയിട്ടിരിക്കുന്ന ഗ്യാരേജ് ,
തിരക്കുള്ളവരും തിരക്കില്ലാത്തവരും
ആരും തിരക്കാത്തവരും
ആർക്കും തിരിയാത്തവരും
തിക്കിത്തിരക്കുന്ന ജനറൽ കംപാർട്ട്മെന്റ്,
ആത്മഛായ നിലനിർത്താൻ
ചൂടുചായ പകർന്നു നൽകുന്നവർ,
'പർദേശി' പാടിയെത്തിയ പെൺകുട്ടിക്ക്
സ്വദേശം മറന്നുപോയെന്ന്!
ദീർഘദൂരയാത്രകളിൽ 'ബർത്ത്'
കിട്ടുന്നവർ പുതുജന്മം കിട്ടിയപോൽ,
അപ്പുറവും ഇപ്പുറവുമുള്ള സീറ്റുകളിൽ
വെറുതേ മാറിമാറിയിരിക്കുമ്പോൾ
പുറംകാഴ്ച്ചകൾ അകകാഴ്ച്ചകൾ
പോലെ മുന്നോട്ടും പിന്നോട്ടും
അതിവേഗം ഓടി മറയുന്നു .....
തിരിച്ചറിയാൻ കഴിയാത്ത രേഖകളിൽ
നോക്കി ടിടിമാർ തിരിച്ചറിഞ്ഞെന്നു
കള്ളം എഴുതി പിടിപ്പിക്കുന്നു.
കാലിയായ ചില കോച്ചുകളിൽ
വലിഞ്ഞുകയറിയ തെമ്മാടികൾ
നേരമ്പോക്കുകളിൽ മുഴുകുന്നു.
കൂകാത്ത പായാത്ത ഒരു തീവണ്ടി
'ചിത്തപുരം' സ്റ്റേഷനിൽ,
കരിപിടിച്ചു കിടപ്പുണ്ട്.
കൽക്കരിക്കു പകരം
വായ്ക്കരിയിട്ടു കൊടുത്ത
ഒരു ആവിവണ്ടി.... എന്റെ നഷ്ടപ്രണയവണ്ടി!

ഭാവന

ഭാവന
* * * * *
നീ പറയുന്നതൊക്കെ
ഞാൻ എഴുതിയെടുക്കാം,
വ്യാസനും വിഘ്നേശ്വരനും പോലെ,
ഒരു ചോദ്യവും ഞാൻ ഉതിർക്കില്ല,
കരാർ തകരാറിലാക്കുകയുമില്ല .
നീ തുടർന്നോളൂ, ഞാൻ
കുറിച്ചു കൊണ്ടേയിരിക്കാം.
എഴുതി തീർന്നാൽ പിന്നെ
നീ കളം വിടുക ,
ഞാനും രചനയും മാത്രം
എന്റെ സ്വന്തം പേരിൽ!
DR:ANUP'S POETRY

കാലൻ

കാലൻ
...................
കൈകൾ കൊരുത്തു പിടിച്ചോളൂ
വിരലുകൾ കെട്ടിപ്പിടിക്കട്ടെ,
മനുവും ശതരൂപയുമാണ് നമ്മൾ
വിശപ്പിൽ നിന്നും പിറവികൊണ്ടോർ!
കാലം നമുക്ക് ശേഷമുള്ളതാണ്
കഥകൾ വരാനിരിക്കുന്നതേയുള്ളൂ,
വിയർപ്പിലെ ജലാംശം മാത്രമേ
നനവായിട്ടുള്ളൂ, മിഴിനീരിനിയും
പോളകൾക്കുള്ളിൽ ഉറഞ്ഞുകൂടിയിട്ടില്ല.
ആദിമ പ്രപഞ്ച വഴികളിൽ
നമുക്കിണചേരാൻ മരത്തണലുകളില്ല
നക്ഷത്ര നിഴലുകളേയുള്ളൂ.
ശതരൂപയിൽ നിന്ന് സഹസ്രകോടി
രൂപങ്ങൾ രൂപാന്തരങ്ങൾ!
ഒടുവിൽ പൂർണ്ണവിരാമം പോൽ
അവൻ ജനിക്കുമ്പോൾ, പിന്നെ
മരണങ്ങൾ മാത്രമേയുള്ളൂ,
അവൻ നിശ്ചയിക്കുന്ന മരണങ്ങൾ .
സഹസ്രകോടികൾക്കും ആരാച്ചാർ,
മൃത്യുവിന്റെ മൊത്തവ്യാപാരി.
അവന്റെ കാതിൽ നമുക്ക്
'മനുഷ്യാ'യെന്നു മൂന്നുരു പേർ ചൊല്ലാം!
DR:ANUP'S POETRY

Thursday, June 15, 2017

പുതിയ വീട് പണിയുമ്പോൾ

പുതിയ വീട് പണിയുമ്പോൾ
..........................................
പുതിയ വീട് പണിയുമ്പോൾ,
ഉപേക്ഷിക്കേണ്ട സാധനങ്ങളുടെ
പട്ടികയാണ് ആദ്യം തയ്യാറാക്കേണ്ടത്.
പഴയ വീടിന്റെ ഒരു ഭാഗം പോലും
ബാക്കി നിർത്തരുത് ,
ഓർമ്മകളുടെ അസുഖം ഉണ്ടാക്കാം!
പുതിയ വീട് പണിയുമ്പോൾ,
പത്തായപ്പുര വേണ്ട,
നികത്തിയ പാടത്തൂന്ന് എന്തൂട്ട് കിട്ടാനാ!
കാലിത്തൊഴുത്ത് വേണ്ടേ വേണ്ട,
പശുവൊരു വർഗ്ഗീയതയാ, പിന്നെ
നല്ലൊന്നാന്തരം കവർപാല് കിട്ടാനുമുണ്ട്.
പുതിയ വീട് വെയ്ക്കുമ്പോൾ
അമ്മിക്കല്ല് ഉരകല്ല് അരകല്ല്
അലക്കുകല്ല് ഇത്യാദി ഒരുകല്ലും
അകത്തോട്ട് കയറ്റിയേക്കല്ല്
(യ്യോ! ട്രെഡ്മില്ലെടുക്കാൻ മറക്കല്ലേ
പേറെപ്പോഴാന്നുള്ള അവളുമാരുടെ
ചോദ്യം സഹിക്കാൻ വയ്യ )
പറമ്പിൽ മരങ്ങളും ചെടികളുമൊന്നും
കണ്ടേക്കരുത്, തൂക്കാനും വാരാനുമൊന്നും
ഇപ്പോൾ ഒരെണ്ണത്തിനേം കിട്ടാനില്ല.
മുറ്റം മുഴുവൻ ടൈലിടണം
കാല് ചൊറിഞ്ഞുപൊട്ടും,മണ്ണ് അലർജിയാ.
വെളിക്കിറങ്ങാനുള്ളത് കുറഞ്ഞത്
മൂന്നെണ്ണം അകത്തു വേണം.
പുതിയ വീടിന്റെ ഭിത്തിക്ക് കനം കൂട്ടിവേണം,
ഒരു ശബ്ദവും പുറത്ത് കേൾക്കണ്ട
( കേൾക്കാൻ കൊള്ളില്ലന്നറിയണ്ട )
പുതിയ വീട് പണിയുമ്പോൾ
ഉപേക്ഷിക്കേണ്ട വസ്തുക്കളുടെ
പട്ടികയാണ് ആദ്യം തീർന്നത്,
പഴകിപിഞ്ഞിയ കുറച്ച് സാരികൾ
വെയ്ക്കാനൊരു അലമാര
ആശാഭവനിൽ പാറഞ്ഞുവെച്ചിട്ടുണ്ട്
അത് ഉടുക്കുന്നയാൾക്കൊരു കട്ടിലും!
സ്ക്വയർഫീറ്റ് കുറവാണേ.....!
DR:ANUP'S POETRY

പൊളിറ്റിക്സ്

പൊളിറ്റിക്സ്
....................
തിരക്കുപിടിച്ച തെരുവ്
പലതരം മനുഷ്യർ,
അവിടെയായിരുന്നു ആ
ഭക്ഷണശാലകൾ.
ഓരോന്നിന്റേയും ചുമരുകൾക്ക്
ഓരോരോ നിറങ്ങളായിരുന്നു .
ചുമപ്പ്, പച്ച, കാവി, വെള്ള, നീല
അങ്ങനെ ഓരോ വർണ്ണങ്ങൾ,
ബോർഡുകളിൽ അവകാശവാദങ്ങളും
അവരവരുടെ പ്രത്യേകതകളും
താരതമ്യങ്ങളും എഴുതി തൂക്കിയിരുന്നു.
ഭക്ഷണശാലകൾ തമ്മിൽ
രൂക്ഷമായ കിടമത്സരമാണ്
നിലനിന്നിരുന്നത്.
വിഭവങ്ങളിലും വിലകളിലുമുള്ള
വ്യത്യസ്തതകൾ,
കറികളിലും രുചികളിലുമുള്ള
വൈവിധ്യങ്ങൾ,
അകകാഴ്ച്ചകളിലും ആതിഥ്യമര്യാദ -
കളിലുമുള്ള വൈരുദ്ധ്യങ്ങൾ,
(ചില കടകൾ ചില മതക്കാർക്കു
മാത്രമുള്ള ഭക്ഷണങ്ങളെ
ഉണ്ടാക്കുമായിരുന്നുള്ളൂ)
തമ്മിൽ തമ്മിൽ സദാ
ആരോപണപ്രത്യാരോപണങ്ങൾ!
ഭക്ഷണശാലകളിൽ പോകുന്നവർ
തമ്മിലും ചേരിതിരുവുകളുണ്ടായിരുന്നു.
മൂത്രപ്പുര തിരഞ്ഞുപോയ
നിരക്ഷരനും ഊമയുമായ
മനുഷ്യനാണ്,വഴി തെറ്റി
അവിടെയെത്തിയത്,
എല്ലാത്തിന്റേയും പൊതുവായ
അടുക്കളയിലേക്ക്!
അതിന്റെ ഒറ്റ പിൻവാതിലിലേക്ക്!
DR:ANUP'S POETRY

Thursday, May 25, 2017

മുക്കുറ്റി - 12

മുക്കുറ്റി - 12
....................
(അ)
ബീഡി
........
ചുണ്ടോടുചേർത്ത
എന്നെപ്പോലും
ബാക്കിവെയ്ക്കാതെ
എരിഞ്ഞു നീ തീർന്നല്ലോ,സഹോ!
(ആ)
ആൽക്ക'ഹോൾ'
..........................
ആത്മാവിൽ ദ്വാരമിടുന്നവനേ,
തുടങ്ങുമ്പോൾ,
നീ കുപ്പിക്കുള്ളിലായിരുന്നു.
നിർത്തുമ്പോൾ,
ഞാൻ പെട്ടിക്കുള്ളിലും.
(ഇ)
മലയാളി
.............
'കുറുക്കനും പുളിമുന്തിരിങ്ങാകളും'.
പക്ഷേ,കിട്ടുന്നതിനൊക്കെ
എന്തോരം മധുരമാ നമ്മ
'മല(ം)യാളിക്ക്'* അല്ലേ!
(മലയായമലയൊക്കെ പോയിട്ടിപ്പോ
അകംപുറം നിറയേ ഇതു മാത്രമല്ലോ.)
DR:ANUP'S POETRY

മുക്കുറ്റി - 11

മുക്കുറ്റി - 11
* * * * * * * * * *
(അ)
തത്സമയം
***********
വഴിയരികിൽ, ചോരവാർന്നു
കിടക്കുന്ന മനുഷ്യന്റെ
അവസാന പിടച്ചിലും
കരച്ചിലുമാണ് നമ്മൾ
തത്സമയം കണ്ടുകൊണ്ടിരിക്കുന്നത്.
സംഭവസ്ഥലത്ത് നിന്നും
ക്യാമറാമാൻ അന്ധനോടൊപ്പം
റിപ്പോർട്ടർ ബധിര ............
(ആ)
ലെഗ്ഗിൻസ്
* * * * * * * * *
നേർത്തയൊരു സ്തരം
പ്രദർശനതത്പരതയുടെ
ആത്മരതി ,
മുലമുറിച്ചും മുണ്ടുമുറുക്കിയും
നേടിയ സ്വാതന്ത്ര്യത്തിന്റെ
അപാര പരിണാമം ....
(ഇ)
വില
* ** *
ഇല്ലായ്മയിൽ
ഒരാളുണ്ടാക്കുന്ന
ശ്യൂന്യതയുടെ ആഴമുണ്ടല്ലോ,
അതാണ് അയാളുടെ വില!
ശ്യൂന്യതയുടെ ആഴത്തിൽ
നിറവിന്റെ ഉയരം..
DR:ANUP'S POETRY