Sunday, January 31, 2016

ദളിത ദര്‍ശനം

ദളിത ദര്‍ശനം
=============
നീതിവ്യവസ്ഥതന്‍
നിഗൂഡസ്ഥലികളില്‍ ,
രാഷ്ട്രതന്ത്രത്തിന്റെ
നാറിയ പുറമ്പോകുകളില്‍ ,
ന്യായപുസ്തകത്തിന്റെ
ചെമ്പോലയടരുകളില്‍ ,
കഴുവേറ്റാന്‍ കരുതി
വെച്ചിരിക്കുന്ന കുരുതിപേര് ..
ഈയമുരുക്കിയൊഴി -
ച്ചിരുന്ന പഴംകഥകള്‍ക്ക്
പകരം,അപകര്‍ഷകത്വം
ആളികത്തിക്കുവാന്‍
അവന്‍റെ കര്‍ണപുടങ്ങളില്‍
ആവര്‍ത്തിച്ചുച്ചത്തില്‍ ,
അബലനെന്ന,നര്‍ഹനെന്ന്‍
അവനി,ക്കപരിചിതനെന്നു
വിഘടനവേദമോതുന്ന
നവ മീമാസകര്‍ .........................
ഓരോ ജന്മവും
പ്രകൃതിയുടെ വികൃതി-
കളോട,ടവെട്ടി പടവെട്ടി
ഉയിര്‍കൊണ്ടതാണെന്നതറിയാതെ,
ജനനമേ ശാപമെന്ന
അഭിശപ്ത ചിന്തയില്‍
ഒരുമുഴം കയറില്‍
ഉയിരറ്റ് ഊഞ്ഞാലിലാടല്ലേ.
പലവര്‍ണപശുകളെങ്കിലും
പാലിന്റെ നിറമൊന്നെന്നറിയുക.
വെളുപ്പില്‍ കണ്ണഞ്ചിനില്‍ക്കുന്ന
പഴുത്ത തമ്പുരാക്കളെ ,
കറുപ്പില്‍ കഴുത്തുകുനിച്ചിരിക്കുന്ന
ഭൂമിതന്‍ പുത്രരേ...
അവര്‍ണനും സവര്‍ണനും
കാര്‍വര്‍ണനും ,ഒന്നെന്ന
ആത്മതത്വമുള്ളില്‍ ഊതിതെളിചിടുക.
പറിച്ചുകളഞ്ഞിടാം ,പായല്‍-
പോലെയുള്ളില്‍ പറ്റിപിടിച്ചി-
രിക്കുന്ന വര്‍ണവെറികള്‍..
ദളങ്ങളെല്ലാം വിടര്‍ന്നോരോ
ദളിതനും ,സഹസ്രദള പുഷ്പമാകട്ടെ
മലര്‍ വസന്തമാകട്ടെ....
ജ്വലിക്കട്ടെ ഭാരതം...ജയികട്ടെ ഭാരതം!

മുക്കുറ്റി -2

മുക്കുറ്റി -2
==========
(a)
പ്രണയം....പരിണയം
--------------------------------
ഒരു തരി പോലും
ബാക്കിവെയ്കാതെ
സ്നേഹിച്ചു തീര്‍ത്തു
നാം നമ്മുടെ പ്രണയകാലം.
മൊത്തം കത്തി തീര്‍ന്ന
പ്രണയം, കരിപ്പിടിച്ചതാക്കി
നമ്മുടെ ശിഷ്ടകാലം....
(b)
കുമ്പസാരം
-----------------
എത്രയോ വിളികള്‍
......കേള്‍കാതെ പോയി.
എത്രയോ ചിരികള്‍
......കാണാതെ പോയി.
കാണാതെ കേള്‍കാതെ
പ്രതികരികാതെ പോയ
വിളികൾക്കും കാഴ്ചകള്‍ക്കും
വിലാപങ്ങള്‍ക്കുമെന്‍ ക്ഷമാപണം....
(c)
അടിക്കുറിപ്പ്
--------------------
കവിത സത്തും
കവി മിത്തുമാണ്.
കഥ മരവും
കഥാകാരന്‍ വിത്തുമാണ്.
കുഞ്ചന്‍ തുള്ളലും
ബഷീര്‍ ബാല്യകാലസഖിയുമാണ്‌.
ഖസാക്ക്* സത്യവും
വിജയന്‍ മിഥ്യയുമാണ്‌.
വെറും അടിക്കുറിപ്പ്
മാത്രമാണ് കവി...
*ഖസാക്കിന്റെ ഇതിഹാസം

Sunday, January 17, 2016

ജടായു

ജടായു
======
തല മാത്രമെന്തിനു നീ
അവശേഷിപ്പിച്ചു ,രാവണാ 
രാവണ്ണാ..കാലഭൈരവാ ...
മുളപൊട്ടിടുന്നോരോ
ചിറകുകളുമെന്തിനായി
അരിഞ്ഞു വീഴ്ത്തുന്നു നീ.
ഉയരങ്ങളെ കൊതിച്ചിടുന്നു ,
പകലിരവുകളെ ഉന്നതികള്‍-
ക്കായി കാത്തിരിക്കുന്നു,ഞാന്‍.
ഉയരെ പറന്നിടാനുള്ള ഒരു
നുള്ള് സാധ്യതപോലുമേ ,യെന്തി
നായിങ്ങനെ നുള്ളികളഞ്ഞിടുന്നു.
എന്തിനെന്‍ സുവര്‍ണ സ്വപ്ന
ജാലങ്ങളെ തല്ലികൊഴിക്കുന്നു.
ഒന്നോര്‍ത്തുകൊള്ളൂ,
കളവുതേടിയിറങ്ങിയവരോട്
ഞാന്‍ തുറന്നു പറയും ..
കള്ളന്‍ നീയാണെന്ന്,
ആര്‍ത്തിയുടെ ദശമുഖങ്ങളും
അതിനൊത്ത കൈകളും
ശരവേഗം പായുന്ന വിമാനവും
നിനക്കുണ്ടെന്ന്..രാവണാ
രാവണ്ണാ..കാലഭൈരവാ ....
നീ കട്ടെടുക്കുന്ന ,അപരന്റെ
സൗഭാഗ്യങ്ങള്‍, ശോകവനികയില്‍
വിലപിച്ചിരിക്കുകയേയുള്ളൂ.
ഉപകരിക്കാതെ ചിതലരിക്കുകയേയുള്ളൂ.
ചിറകുകളോരോന്നും നഷ്ട-
പെടുമ്പോഴൊക്കയും, മനീഷിയില്‍
പുതു വാതായനങ്ങള്‍ തുറക്കുകയായി.
സത്യാന്വേഷണത്തിനായി പുതു
വഴികള്‍ തെളിയുകയായി...
പ്രജ്ഞയില്‍ പുതുവെട്ടം
നിറഞ്ഞു ബുദ്ധനാവുകയായി....

Monday, January 11, 2016

ആത്മഛവി

ആത്മഛവി
============
കന്യാവനങ്ങള്‍ ഉള്ളില്‍
വളര്‍ത്തിയ ഒരു 
കൂട്ടുകാരനുണ്ടായിരുന്നു .
കാറ്റടിക്കുമ്പോള്‍ കലപില
കൂട്ടുന്ന കവിതയുടെ
സ്വരമായിരുന്നു അവന്.
തണലിന്റെ നിറമാണ് അവന്.
ആണ്ടുബലിക്കു ഉരുളയ്ക്കായി
വരുന്ന അച്ഛന്‍, ഉപേക്ഷിച്ചു
പോയ ഭാണ്ടത്തിന്റെ മുഷിഞ്ഞ
ഗന്ധമായിരുന്നുഅവന്റ്റേത്.
പാതാളകരണ്ടിയുടെ പോല്‍
കൈകളാണ് അവന് .
പടിയിറങ്ങിപോയ പലരും
പാതവക്കില്‍ പുറം തിരിഞ്ഞു
നില്‍ക്കുമ്പോള്‍, നെഞ്ചുവിരിച്ചു
നില്‍ക്കുന്ന ചെറുചിരിയാണവന്‍.
തലയൊന്നു ചായ്ക്കാന്‍
മുഖമൊന്നമര്‍ത്തുവാന്‍
തലയിണ ആയിരുന്ന,വന്‍.
ആത്മായനങ്ങളില്‍, കൂട്ടുകാര,
നീയില്ലെങ്കില്‍ ഞാനൊരു പിണം.
പോരാളി അല്ല നീയെന്‍റെ
തേരാളിയാണ് സഖാവേ.
പിന്‍വിളി വയ്യ.....
അവന്‍റെ വിരഹമെന്‍റെ വിരാമമാണ്.
അവന് എന്‍റെ പേരുതന്നെയായിരുന്നു...