Thursday, April 20, 2017

'നിള'നിൽപ്പ്

'നിള'നിൽപ്പ്
****************
നിളയല്ലിത് നോക്കത്താദൂരത്തോളം
നിലയില്ലാത്തൊരു മണലാണ്,
മണലല്ലിത് മറയില്ലാത്തൊരു
നരദുരയുടെ നേരാണ്,
നേരാണ് നേരാണ് നെറികെട്ടൊരു
നാടിന്റെ നാരായവേരാണ്,
വേരായവേരെല്ലാം വേരോടെ
പിഴുന്നോരേ, ഇന്നീ കാണും
പൂക്കൾ കൊഴിഞ്ഞാൽ, നാളെ
തളിർക്കാൻ തണ്ടുകളൂം
നൽചില്ലകളുമുണ്ടാവില്ലെന്നതൊ-
ന്നോർക്കുക നാം,ഓർക്കുക നാം |
വാൽകഷണം:
നിളനില്ക്കുമോ.. നിലനില്ക്കുമോ?
Image may contain: sky, outdoor and nature
DR:ANUP'S POETRY

വിഷുഫലം

വിഷുഫലം
*************
കൈത്തലത്താൽ
പൂട്ടിയ മിഴികൾ
തുറന്നിടുമ്പോൾ
കൺമുമ്പിൽ കണിയായി
കഴ്ച്ചകളെന്തെങ്കിലും
ശേഷിച്ചിട്ടുമോ?
കണ്ണാടിയിൽ
പ്രതിബിംബങ്ങൾ
തെളിയാതിരിക്കുമോ?
ഓട്ടുരുളിയിലെ
ഒറ്റരൂപാത്തുട്ട്
ഭാഗ്യനിർഭാഗ്യങ്ങളുടെ
തലയും വാലും
കളിച്ചുകൊണ്ടിരിക്കുമോ?
കവടിപലകയിൽ
വിഷുഫലം ഗണിക്കാൻ
നക്ഷത്രങ്ങളും ഗ്രഹങ്ങളും
അണിനിരക്കുമ്പോൾ,
സകലവിഷമങ്ങളേം
വിഷങ്ങളേം,
വിളിച്ചിറക്കികൊണ്ടുപോകണേ
പ്രിയ വിഷൂ .. പൊൻ വിഷൂ.
കൊന്നപോലെന്നും
സമൃദ്ധി തൻ
സ്വർണ്ണനിഷ്കങ്ങൾ
പൊഴിക്കണേ
പൊൻ വിഷൂ.....പ്രിയ വിഷൂ.
DR:ANUP'S POETRY

ദൃശ്യം

ദൃശ്യം
*******
സിനിമാ കാണുംപോലെ
നമുക്കീ കവിതയിലൂടെ പോകാം .
സീനുകളിൽ നിന്ന് സീനുകളിലേക്ക്.
സീൻ : ഒന്ന്
വിജനമായ വീട്
വഴിതെറ്റിയൊരു യുവാവ്
കോലായിലാളനക്കങ്ങളില്ല.
വിറയാർന്നകൈകൾ നേരെ
കോളിംഗ്ബല്ലിലേക്ക് ....
കാറ്റുപിടിച്ച കവുങ്ങുകൾ
ഇരുൾമൂടുന്നൊരാകാശം.
പുലർച്ചെയെന്നും,പത്രതാളുകളിൽ
കണ്ടും വായിച്ചും,
മനസ്സിൽ പറ്റിപ്പിടിച്ച കാഴ്ച്ചകൾ.
അടുത്തടുത്തേക്ക് വരുന്ന
കൊലുസ്സിന്റെ ശബ്ദം.
ഉള്ളിലാകെയൊരങ്കലാപ്പ്.
വേലിപൊളിച്ചോടുന്ന ക്ടാവ്.
ഫ്ലാഷ്ന്യൂസുകൾ സ്ക്രോളുകൾ
ആഴത്തി പതിഞ്ഞ
ചിത്രങ്ങൾ കേൾവികൾ
ചിറകടിക്കുന്ന മോഹങ്ങൾ.
കതകു തുറന്നതും
പിന്നെ നടന്നതും
തനിയാവർത്തനങ്ങൾ,
പുതിയ എക്സ്ക്ലൂസീവുകൾ.
സീൻ: രണ്ട്, മൂന്ന് നാല് ............
വായിച്ചു തീർന്ന പത്രങ്ങൾ
കക്ഷത്തിൽ തിരുകി
നടന്നുതുടങ്ങുന്ന പുതിയയാത്രികർ !
നിയമപരമായ മുന്നറിയിപ്പ്
'വാർത്തകളുടെ പകർപ്പല്ലോ ജീവിതം'#
# ഈ വരിക്ക് സന്തോഷ് കുമാറിന്റെ
സിനിമാ പറുദീസയോട് കടപ്പാട്.
DR:ANUP'S POETRY

ഏകലോകം

ഏകലോകം
---------
'വീടുമുറ്റത്ത് അമേരിക്കയെന്ന്'
വിജയൻമാഷ്* നേരത്തേ പറഞ്ഞിട്ടുണ്ട്!
ഇതിപ്പം, വീടകം നിറയേ
ചൈനയങ്ങനെ വ്യാപിച്ചുകിടക്കുന്നു!
പോക്കറ്റിൽ ഗൾഫ്
ഉടുപ്പിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം'
കാർഷെഡ്ഢിൽ ഉദയസൂര്യന്റെ നാട്,
തൊഴുത്തിൽ സ്വിസ്
കഴുത്തിൽ ബൽജിയം.
വീടകംപുറം നിറയേ ഓരോരോ
സാമ്രാജ്യങ്ങൾ, അവയുടെ അടയാളങ്ങൾ.
ചായ്പ്പിൽ കൂട്ടിയിട്ടിരിക്കുന്ന
ചവറുകൾക്കിടയിൽ
കമ്മാളച്ചനും കുംഭാരത്തിയും
ചക്രംതിരിച്ചുണ്ടാക്കിയൊരു
മൺകുടം വക്ക്പൊട്ടി കിടപ്പുണ്ട്
ഒരു രാജ്യത്തിന്റേം പേരെഴുതാതെ !
തലയ്ക്കുള്ളിൽ സാമ്രാജ്യങ്ങളുടെ
കടലിരമ്പലുകൾ ,കുളമ്പടിയൊച്ചകൾ .
വഴിതെറ്റി വന്നവരും,
വഴിതെറ്റിക്കാൻ വന്നവരും ,
വഴിപറഞ്ഞുതന്നവരും
കപ്പലേറി വന്നവരും
കപ്പംപിരിക്കാൻ വന്നവരും .
പുതിയ ലോക ദർശനങ്ങളുടെ
അധിനിവേശ അപ്പോസ്തലന്മാർ!
മണ്ണുംചാരിനിന്നവരൊക്കെ
കൃഷ്ണമണിപോലും കട്ടോണ്ടുപോയി.
ഭൂപടങ്ങൾ വീടിന്റെ
വിസ്തീർണ്ണത്തിലേക്ക്
മാറ്റിവരയ്ക്കുമ്പോൾ,
ഏകലോകത്തിൽ ,തന്റെ
ലോകം നഷ്ടപ്പെട്ടവന്
ആത്മനിന്ദയുടെ അരിശം
അണിവിരലിൽ നിന്നും
ഉച്ചിവരെ അരിച്ചുകയറും .
അടുക്കളപുറത്ത് കുഴിച്ചിട്ടിരിക്കുന്ന
കുന്നിക്കുരുവിൽ നിന്നും
ഒലിവിലകൾ തളിർക്കുമോ?
കരം രസീതിയിലെ തണ്ടപേര്
ചൈനീസിലാവുമോ?
* പ്രൊഫ:എം.എൻ.വിജയൻ
DR:ANUP'S POETRY

മുക്കൂറ്റി -9

മുക്കൂറ്റി -9
**************
(1)
കടലിറക്കം
--------
ഭ്രാന്ത് പുലമ്പുന്ന
സായന്തനങ്ങളിൽ,
മൂന്നാംദിനം
തിരികയെത്തുമെന്ന
പ്രതീക്ഷയോടെ
കടലാഴങ്ങളിലേക്കടി
വെയ്ക്കുമ്പോൾ,
ആഴങ്ങൾ അകലേക്ക്
പോകുന്ന പോലെ .
ഒടുവിൽ, കപ്പലണ്ടിയും
കൊറിച്ച് തിരികെ
നടക്കുമ്പോൾ,
മരണത്തെ തോൽപ്പിച്ചവന്റെ
ആനന്ദമല്ല ,
തോറ്റവന്റെ ഉപ്പുരസമാണ്
നാവിലൂറുന്നത്.......
(2)
ആറു വസന്തങ്ങൾ
---------------
എനിക്കു പൂക്കണം
എല്ലാ ഋതുക്കളിലും,
മഴയായി പെയ്യണം
മഞ്ഞായി പൊഴിയണം
ഇലയായി കൊഴിയണം
കുളിരായി നിറയണം
കത്തി ജ്വലിക്കണം
എല്ലാ ഋതുക്കളിലും
പൂവട്ടി നിറയേ
പൂക്കൾ നിറയ്ക്കുന്ന
പൂക്കാലമാകണമെനിക്കെന്നും .
ഋതുക്കളാറിലും നിറയുന്ന
വസന്തമാകണമെപ്പോഴും ...
(3)
സാരോപദേശം
------------
മൂന്നടി കൊണ്ട്
കുള്ളൻ
മൂന്ന് ലോകങ്ങളും
പേരിൽ
കൂട്ടിയപ്പോഴും ,
കിണ്ടി വാലിൽ
കണ്ണു പോയൊരു
വാദ്ധ്യാര്
പിറുപിറുക്കുന്നുണ്ടായിരുന്നു
'കുരുത്തംകെട്ടവൻ'
Image may contain: one or more people, people standing and text
DR:ANUP'S POETRY

കുറിപ്പടി

കുറിപ്പടി
xxxxxxxx
വിശപ്പടക്കി വിഴുപ്പലക്കി
പലർക്കായി പലതും
തേഞ്ഞുപോയോർ,
വ്യാധി വ്യസനവും
വ്യസനം വ്യാധിയുമായോർ,
സുഖംകൂടിയസുഖമായോർ
കാലം കോലംകെടുത്തിയോർ,
കണ്ണില്ലാത്തോരുൾക്കാഴ്ച്ചപോയോർ
രോഗശങ്കയും ശങ്കരോഗവും
പേറുവോർ, ഗമയ്ക്കൊരിത്തിരി
സൂക്കേടുവേണ്ടുവോർ,
ഉടലിലുമുയിരിലുമുരുകുന്ന
നോവുമായി ആതുരാലയ
കസേരയിലൂഴം കാത്തിരിപ്പോർക്ക്
നാഡിവേഗമറിഞ്ഞ്
താപനിലയളന്ന്
ഹൃദയതാളം ശ്രവിച്ച്
കണ്ട് കേട്ട് തൊട്ടുതലോടിയൊരു
കുറിപ്പടിയെഴുതുമ്പോൾ
മരുന്നിനൊപ്പമൊരുനുള്ള് കരുതലും
കരുണയുമുണ്ടെങ്കിൽ
വെറുംജലംപോലും
മഹൗഷധമായീടും,
മഹാമാരികൾ പോലും
മൂക്കുകയറിട്ടു മെരുങ്ങിനിൽക്കും.
ഋതുവത് വസന്തമോ
ഗ്രീഷ്മമോ രോഗപേമാരി
പെയ്യും വർഷമോ
ഹേമന്ദമോ ശിശിരമോ,
കാലമത് ഉത്തരായനമോ
അർക്കന്റെ ദക്ഷിണായനമോ,
വരണ്ടുണങ്ങി കിടക്കും
മരുഭൂവോ, കഫമൂറി നിൽക്കും
ആർദ്രമാം അനൂപമോ ദേശം ,
കാലദേശഋതുക്കളെ,
ആർത്തന്റെയവസ്ഥയെ,
സൂക്ഷ്മമായി നിരൂപിച്ചെഴുതുന്ന
കുറിപ്പുകളിലൗഷധകൂട്ടുകൾ
മൃതസഞ്ജീവനികളാവും..
ആദിഗുരുവിന്റെയപൂർവ്വവൈദ്യന്റെ
കൈയ്യൊപ്പതിൽ മുദ്രാങ്കിതമാവും
കൈപുണ്യമെന്ന സുകൃതം
സ്വായത്തമാകുമതിലില്ല സംശയം
കുറിപ്പടിയത് കുറിക്കുകൊള്ളും നിശ്ചയം !
DR:ANUP'S POETRY

മൃഗാധിപത്യം

മൃഗാധിപത്യം
**************
മൃഗസ്നേഹിയായ
അധികാരിയുടെ
ഉത്തരവ് :......
"മൃഗശാലകളുടെ
കൂടുതുറന്നുവിടുക"

DR:ANUP'S POETRY

ജലം

ജലം
----
കുപ്പിയിലും കടലിലും
മാത്രം കാണുന്നതാണോ
അച്ഛാ ഈ ജലം ....
അങ്ങകലെ ചൊവ്വയി-
ലുമുണ്ടെന്റെ മോനേ!
DR:ANUP'S POETRY

പീഡോഫീലിയ

പീഡോഫീലിയ
..........................
ഒന്നരവയസുകാരി
ആത്മഹത്യചെയ്തു,
തുടയിടുക്കിലെ
കൊതുകുകുത്തിയ
ചോരപ്പാടാണ് സാക്ഷി!
Image may contain: text
DR:ANUP'S POETRY