Friday, July 19, 2013

മൂങ്ങയും .... ആമയും

മൂങ്ങയും  ....  ആമയും 
----------------------------
മൂങ്ങ എന്റെ
ഗുരുവായിരുന്നപ്പോള്‍ ,
വെളിച്ച്ചമെന്നെ 
അന്ധനും 
ബധിരനും 
മൂകനുമാക്കി .
ഇരുട്ടെന്നെ 
ഊര്ജസ്വലനും 
ഉണര്ന്നവനുമാക്കി .

കൂമ്മന്‍  മാറി
കൂര്‍മ്മന്‍ ഗുരുവായപ്പോള്‍ 
കട്ടപിടിച്ച  
കാമത്തിന്റെ
ഇരുട്ട് മാറി 
അറിവിന്റെ 
തെളിച്ചം 
വെളിച്ചമായ്തീര്‍ന്നു.
കാഴ്ച്ചയെ 
കേള്‍വിയെ 
സ്വാദിനെ 
ഗന്ധത്തെ 
സ്പര്‍ശത്തെ 
എല്ലാം പുറം-
തോടിനുള്ളിലേക്കൊതുക്കി.

പതുക്കെ സ്ഥിരതയോടെ 
അശ്രദ്ധയുടെ  വേഗത്തെ
തോല്പ്പിക്കാമെന്നും 

കരയിലും കടലിലും 
ചെകുത്തന്റെയിടയിലും 
അനായാസമായി 
നീന്തമെന്നും പഠിച്ചു 

സ്വാദ്ധ്യായത്തിനായി ..
പഠിച്ച അറിവില്‍ നിന്ന് 
അറിഞ്ഞ അറിവിനായി 
ഇനിയൊരു ഉള്‍വലിയല്‍ 
ഭ്രമങ്ങളുടെ  ഭ്രാന്തില്‍ നിന്നും 
സംയമനത്തിന്റെ ... പ്രശാന്തിയിലേക്ക്

ജന്മം

ജന്മം 
====
ഒരു പിടച്ചില്‍
     തീര്‍ന്നു - 
കണ്ടതും 
കേട്ടതും
കൊതിച്ചതും
കരുതിവെച്ചതും 
കിനാവ്‌ കണ്ടതും 
കഥ പറഞ്ഞതും 
കളവു പറഞ്ഞതും 
എല്ലാം..
ഒരു പിടച്ചിലില്‍ 
      തീര്‍ന്നു  
പിന്നെ....? 

Wednesday, July 10, 2013

അര്‍ബുദം

അര്‍ബുദം 
========
കാലുകള്‍ കെട്ടി തല 
കീഴായി തൂക്കിയിട്ടിരിക്കുന്ന 
വെളുത്ത കോഴി 
ചിരിക്കുകയാണ് 

മിനിഞ്ഞാന്നു വിരിഞ്ഞതാണ് 
നാളെ മരിക്കുകയും 

ചീര്‍ത്ത്  വീര്‍ത്ത മാംസത്തിന്റെ 
അസ്വഭാവികതയിലും 
ഊതി വീര്‍പ്പിച്ച വളര്‍ച്ചയുടെ 
ബീഭത്സതയിലും         
കുത്തി  നിറച്ചു വലിച്ചു 
നീട്ടിയ ഗാത്രത്തിലും 
നീറുന്നതൊരു കുഞ്ഞു ഹൃദയം 

ശൈശവത്തിന്റെ 
കൊഞ്ചലുകളില്‍ നിന്ന് 
വികാരങ്ങളുടെ 
വീര്‍പ്പുമുട്ടലുകളിലേക്ക് 
പറിച്ചു നട്ടപ്പെട്ടതു 
വയസ്സ്  തികയാത്തൊരു 
കുരുന്നിനെ ...
വയസ്സറിയിക്കാത്തൊരു
കുഞ്ഞു പെണ്ണിനെ 
(2)
ഇരയായി -അന്നമായി 
നിന്റെ ദേഹത്ത്  ഞാന്‍ 
പടര്‍ന്നു കയറുമ്പോള്‍ 
കോശങ്ങളില്‍ സത്തായി 
അലിഞ്ഞു ചേരുമ്പോള്‍ 
അനിയന്ത്രിത വളര്‍ച്ചയുടെ 
ഒടുങ്ങാത്ത വേദനകളും 
ക്രമബദ്ധമല്ലാത്ത 
പെറ്റുപെരുകലിന്റെ 
നൊമ്പരങ്ങളും 
വേലിയേറ്റത്തില്‍  തീരം 
നഷ്ടപ്പെടുന്ന
ദുഖത്തിന്റെ അഗാധതകളും 
ഞാന്‍ നിനക്ക് പകര്‍ന്നു നല്കാം 

ഞണ്ട് പോലെ ഞാന്‍ 
നിന്നെ മുറുകെ പുണരാം 
ഒരിക്കലും പിരിയാത്ത 
അടരാത്ത ഒരാലിംഗനം 

പാകമാകാത്ത ക്രത്രിമ 
ജൈവ യാത്രയുടെ 
നോവുകള്‍ നിന്നിലേക്ക്‌ 
സംക്രമിപ്പിക്കാം
അനുസരണയില്ലാത്ത
വളര്‍ച്ച്ചകളായി.

Tuesday, July 9, 2013

കേള്‍വി

കേള്‍വി 
======

മൊട്ട്  പൂവായി വിരിയുന്ന 
ദലസ്വരം കേട്ടാണ്  ഞാന്‍
ഉണര്‍ന്നത്‌ 

ഞരമ്പുകളില്‍ രക്തമൊ-
ഴുകുന്ന കിലുകിലാരവം 

കണ്‍പീലികളുടെയും 
കോശ വിനിമയങ്ങളുടെയും 
തുടര്‍ ശബ്ദങ്ങള്‍ 

ഉദരത്തിനുള്ളില്‍ 
ഉണങ്ങിയിലകളില്‍ 
തീപടരുന്ന ഒച്ചകള്‍ 

തലയ്ക്കുള്ളില്‍ ഒരായിരം 
കമ്പ്യുട്ടറുകളില്‍ വിരല 
മര്‍ത്തുന്ന ശബ്ദങ്ങള്‍ 

ഹൃദയാകാശത്തില്‍ 
കവിതയായി ജനികാനുള്ള 
ഒരു ചിന്തയുടെ 
മനമര്‍മ്മരങ്ങള്‍ 

മൗനത്തിന്റെ ശബ്ദാത്മ-
കതയിലെ  ശ്രവണാനുഭൂതികള്‍ 

Thursday, July 4, 2013

നീയാകാന്‍

നീയാകാന്‍ 
========
ഞാനൊരു  പൂവാണ് 
  നീ മരവും 
ഞാന്‍  തിരിയാണ്‌ 
  നീ തീനാളവും
ഞാന്‍ പുഴയാണ്
  നീ കടലും 
ഞാന്‍ മണ്ണാണ് 
  നീ ഭൂമിയും 
ഞാന്‍ അണുവാണ് 
  നീ പ്രപഞ്ചവും 
ഞാനൊരു മഴതുള്ളിയാണ് 
  നീയൊരു മഴകാലവും 
പൂത്തു ,ജ്വലിച്ചു ,ഒഴുകി 
അലിഞ്ഞു ,അറിഞ്ഞു ,നിറഞ്ഞു 
ഞാന്‍ നിന്നിലെത്താം 
 " നീ"യാകാന്‍ 

(നീ - നിരീശ്വരവാദിക്കു കാഴ്ച്ചയുടെ 
          പ്രാപഞ്ചിക നിയമമാണ് 
     - ഈശ്വരവിശ്വാസിക്ക് കാഴ്ച്ചയ്ക്കപ്പു
        റമുള്ള  തണലാണ്‌ )