Thursday, December 19, 2013

കണ്ണാടി

കണ്ണാടി
========

നീലാകാശത്തിനു കുറുകെ
വെള്ള കൊക്കുകള്‍
പറക്കുന്നത് ഞാന്‍
പലതവണ കണ്ടിട്ടുണ്ട്
അവ എനിക്ക്
വെറും കാഴ്ചകള്‍
മാത്രമായിരുന്നു

ഭൂമിയില്‍ പതിച്ച
എന്റെയൊരു
കാലടികളിലും
ഒരിക്കല്‍ പോലും
താമരപൂക്കള്‍
വിരിഞ്ഞിട്ടില്ല

ഒരു പുഴയും
എനിക്കുവേണ്ടി
വഴിമാറി ഒഴുകിയിട്ടില്ല

എല്ലാം കണ്ടും
കേട്ടും നടന്നിട്ടും
ഒരിക്കലും കണ്ടെന്ന
നിറവെന്നില്‍
നിറഞ്ഞിട്ടില്ല .
ഉറങ്ങുന്നില്ലെങ്കിലും
ഉണര്‍ന്നിട്ടുമില്ലാ
ന്നൊരു തോന്നല്‍

എത്ര അമര്‍ത്തിതുടച്ചാലും
മായാത്ത കാമത്തിന്റെ
കരിമഷി പുരണ്ട
കണ്ണുകളിലൂടെയാണെന്റെ
കാഴ്ച്ചകളെന്നു ഞാന്‍
തിരിച്ചറിയുന്നില്ല

കള്ളചുവടുകളും
താളപിഴകളും
അഴുക്കായി കാലില്‍
പറ്റിപിടിച്ചിരിക്കുന്നത്
ഞാന്‍ തുടച്ചുകളയുന്നതെയില്ല

ഉടുപുടവ വലിച്ചുകീറി
നശിപ്പിച്ച പ്രകൃതി തന്‍
പുഴപെണ്ണ് എന്നോട്
പൊറുക്കില്ലന്നു ഞാന്‍
കരുതിയിരുന്നില്ല

പരമഹംസനും
ബുദ്ധനുമൊക്കയായി
ഉണരണമെങ്കില്‍
കഴുകി തുടച്ചയൊരു
കണ്ണാടി ഉള്ളില്‍
ഉണ്ടാവണമെന്ന്
അറിഞ്ഞിരുന്നില്ല

Monday, December 16, 2013

പെന്‍സില്‍ കവിത

പെന്‍സില്‍ കവിത
==============

കവേ ,
പെന്‍സലിലൂടെ നിന്‍
കവിതകള്‍ വിരിയട്ടെ

ഓരോ അക്ഷരത്തിലും
സ്വയം അലിഞ്ഞു ചേര്‍ന്ന്
വളമായി മാറി
പൂവായി പുഷ്പിക്കട്ടെ

ഒരു തൊടറബ്ബറിനാല്‍
തെറ്റുകള്‍ ക്ഷമിക്കപെടട്ടെ
പടരാതെ
പതറാതെ
വരികള്‍ മാത്രം
തനിമയായി നിലനിന്നിടട്ടെ

പേനയിലൂടെ വിരിയുന്ന
കവിതകള്‍ -കടമെടുത്ത
മഷികളിലൂടെയാണ്
വളരുന്നത്‌ ..
ആത്മാംശമില്ലാത്ത
ദുഷിച്ച നിണം
പോലെയുള്ള മഷി

തിരുത്തപെടാനാകാതെ
വെട്ടിയും നിരത്തിയും
വികൃതമാക്കിയവ
ഒരു വിയര്‍പ്പുതുള്ളിയുടെ
ജലസ്പര്‍ശം പോലും
സഹിക്കാതെ പടര്‍ന്നു
ദുര്‍ഗ്രാഹ്യമാകുന്നവ

കവേ ,ഒഴിഞ്ഞ കുറെ
കുഴലുകള്‍ വലിചെറിയാതെ
അലിഞ്ഞമരുന്ന
പെന്‍സില്‍ കവിതകളാവട്ടെ
ഓണം പോലെ ഓര്‍മകളില്‍
സൂക്ഷികാന്‍ നിന്റെ കവിതകള്‍
കൈതപൂവിന്റെ സുഗന്ധവും
കൈതമുള്ളിന്റെ മൂര്‍ച്ഛയും
നിറഞ്ഞ അനുഭൂതികള്‍

Wednesday, November 27, 2013

ചാരക്കണ്ണ്

ചാരക്കണ്ണ്
***************

കിടപ്പറയിലെ
കലണ്ടറിന്റെ
കോണില്‍
ഒളിച്ചിരിക്കുന്ന
മൂന്നാം കണ്ണ്
ഇന്നാണെന്റെ
കാഴ്ചയില്‍ പെട്ടത് .
അടിയുടിപ്പിന്റെ
ആന്തരാര്‍ത്ഥങ്ങള്‍
പോലും തുരന്നെടുക്കുന്ന
ത്തിന്റെ നിരീക്ഷണ-
ത്തിലായിരുന്നല്ലോ
ദൈവമേ ,എന്റെ
സ്വകാര്യതകള്‍

കൃഷ്ണമണിയുടെ
പകര്‍പ്പും ,
വിരലിന്റെ
അടയാളവും
നേരത്തേ
ഒപ്പിയെടുത്തിരുന്നല്ലോ ,

മസ്തിഷ്കം
ചികഞ്ഞു ചികഞ്ഞു
ഓര്‍മ്മകളില്‍ നിന്നോടി-
യൊളിച്ചത് വരെ
ചുരണ്ടിയെടുതിരുന്നല്ലോ

എല്ലാ മേല്‍വിലാസങ്ങളും
കൈ പുസ്തകത്തില്‍
കുറിച്ചെടുത്തിരുന്നല്ലോ

എങ്കിലും ........
ഒരു ക്യാമറാ കണ്ണും
കാണാത്ത,
ഒരു ചുഴിഞ്ഞ ചോദ്യത്തിനും
വളചെടുക്കാനാവാത്ത ,
ഒരു കവിത ഞാനെന്റെ
മനസ്സിന്റെ
മറുപകുതിയില്‍
സൂക്ഷിച്ചുവെച്ചിട്ടുണ്ട് ....
കണ്ണടയുന്ന വരെ
എന്റെ സ്വന്തമെന്ന് ..
എന്റെ സത്വമെന്ന് ..
എന്റെ സ്വകാര്യമെന്ന്
പറയാന്‍ ...........

Sunday, November 24, 2013

കാവു തീണ്ടല്‍

കാവു തീണ്ടല്‍
===========
(കവിത ലേഖനം )

പണ്ട് കുറെ മണ്ടന്മാരുണ്ടായിരുന്നു .
അവര്‍ കാടിനേം മലയേം
കാട്ടിലെ മൃഗങ്ങളെയും
ദൈവങ്ങളായി കണ്ടു.
കൊച്ചു വനങ്ങളെ
കാവുകളാക്കി , ആരും
കയറാതിരിക്കാന്‍
സര്‍പ്പങ്ങളെ കുടിയിരുത്തി .

മുപ്പത്തിമുക്കോടി ജനങ്ങളേം
ദൈവങ്ങളായെണ്ണി ,
അതിലൊരാളുടെ ദേഹത്ത്
സകല പ്രകൃതിയേയും
അണിയിച്ചു കൊടുത്തു .
എല്ലാം കാണുന്നവന്റെ
ചിത്രത്തിലവന് നാലു
തല വരച്ചു വെച്ചു.
എല്ലാ സുഖങ്ങളും ആസ്വദിക്കുന്നവന്
പത്തു തലയും ഇരുപതു
കൈയും കൊടുത്തു.
മാംസം തിന്നുന്നവനെ
പിശാചെന്നു വിളിച്ചു
(പിശിതം അശിതം ഇതി പിശാച:)
മൃഗങ്ങളെ പോലെ അവനു
കോന്ത്രന്‍ പല്ലുകളും
രാത്രി കാണുന്ന കണ്ണുകളും
ഉണ്ടെന്നു പറഞ്ഞു പേടിപ്പിച്ചു

ഏതു കല്ലറയില്‍
കൊന്നു തള്ളിയാലും
പൂര്‍വാധികം കരുത്തോടെ
ഉയിര്‍ത്തെഴുനേല്‍ക്കുന്ന അതിജീവനത്തിന്റെ
ശക്തിയെ, പ്രതിഭാസത്തിനെ
ഓരോ നിമിഷത്തിലും അറിഞ്ഞും
അറിയാതയും ചെയ്തു
കൂട്ടുന്ന പാപങ്ങളുടെ
വിഴുപ്പു കുരിശു പോലെ
ഏറ്റുവാങ്ങി നമ്മെ
അനുനിമിഷം ജ്ഞാനസ്നാനം
ചെയ്യിക്കുന്നവനെ
ക്രിസ്തുവെന്നും ,
എല്ലായിടത്തും എല്ലായിപ്പോഴും
എല്ലാമായി രണ്ടാമാതോന്നില്ലാതെ
നിറഞ്ഞിരിക്കുന്നവനെ
അല്ലാഹുവെന്നും വിളിച്ചു .

എല്ലാ തടസ്സങ്ങളും
തകര്‍ത്തെറിയുന്നവന്
ആനയുടെ തല വരച്ചു വെച്ച്
പ്രപഞ്ചത്തിലെ എല്ലാത്തിനെയും
അതാതിന്റെ സ്ഥാനത്ത്
നിലനിര്‍ത്തുകയും ,നിയന്ത്രിക്കുകയും
ചെയ്യുന്ന ശക്തി വിശേഷത്തിനെ
കൃഷ്ണനെന്നും(ആകര്‍ഷണാത്  കൃഷ്ണ:)
എല്ലാ ജീവജാലങ്ങളെയും
അതായിത്തന്നെ സംരെക്ഷിച്ചും
അതില്‍ തന്നെ സഹവസിക്കുകയും
ചെയ്യുന്നവനെ രാമനെന്നും
(സര്‍വേഷു ഭൂതേഷു രമന്തേ ഇതി രാമ:)
വിളിച്ചു ..

കണ്ണ് വിരിയാത്തവരെ ,
വഴിതെറ്റാതിരിക്കാന്‍
കുട്ടികളെ പോലെ  കഥകളിലൂടെ
പേടിപ്പിച്ചു വളര്‍ത്തി ..
കണ്ണും കാതും വിരിഞ്ഞവര്‍
അകകണ്ണ് തുറന്ന്
അവധൂതരായി ,അറിഞ്ഞവരായി ..

നീ അതാകുന്നെന്നു പറഞ്ഞു തന്നു
ഞാനും അതാകുന്നെന്നു അറിഞ്ഞു
പിന്നെ , വെളിച്ചം മാത്രം
നായേയും അതിനെ തിന്നുന്നവനെയും
അവ രണ്ടിനെയും ഒന്നെന്നു
കാണൂന്നവന്റെയും ഹൃദയ പദ്മത്തില്‍
ജ്വലിക്കുന്നതൊരേ വെളിച്ചം ..
മണലാരണ്യത്തിലേം ,
നസ്രേത്തിലേം,
വൃന്ദാവനത്തിലെയും ഇടയ
ചെറുക്കന്‍മാര്‍ ഊതി
ഉണര്‍ത്തിയ പൊന്‍ വെളിച്ചം ...

അയുക്തിയുടെ   വാദങ്ങളില്‍
കാവുകള്‍ തീണ്ടി
കുളങ്ങള്‍ വറ്റി .........................

Friday, November 22, 2013

സുഹൃത്ത്

സുഹൃത്ത്
=======

നാല്പതു തികഞ്ഞ
കഴിഞ്ഞ തുലാത്തില്‍ ,
മഴ നിനയാതിരിക്കാന്‍
കിതച്ചുകൊണ്ട്
ഉമ്മറത്തേക്ക് ഓടി
കയറിയപ്പോഴാണ്
ആദ്യമായി അയാളെന്റെ
ശ്രദ്ധയില്‍ പെട്ടത്
പണ്ടൊക്കെ
കണ്ടിട്ടുണ്ടാകാം ..
പിന്നീട പലപ്പോഴും
പല സന്ദര്‍ഭങ്ങളിലും
അയാളെ ഞാന്‍
മുഖാമുഖം കണ്ടിട്ടുണ്ട്  ,
ഒരപരിചിതന്റെ
ഗൗരവത്തോടെ
മുഖംതിരിച്ചു നടക്കുകയാണ്
ചെയ്തിട്ടുള്ളത് ..
ആരും അരികിലില്ലായിരുന്ന
ഇന്നലെ രാത്രി
നെഞ്ചുവേദനവന്നു
ഞാന്‍ പുളഞ്ഞപ്പോള്‍
എല്ലാ അപരിചിതത്വവും
അഴിച്ചുവെച്ച അയാള്‍
പറഞ്ഞു ...
' കൂട്ടുകാരാ,സാരമില്ല ,ഞാനുണ്ട് '
എല്ലാ വേദനകളും
ഒപ്പിയെടുത്ത ഒരു
വിളിയായിരുന്നു അത് ... 

Monday, November 18, 2013

ഫുഡ് വെപ്പണ്‍



ഫുഡ് വെപ്പണ്‍
===========

ചോറ്റുപാത്രത്തില്‍
വിരകള്‍ ചത്തു
വിറങ്ങലിച്ചു കിടക്കും 
പോലെയുള്ള 'വിഭവം '
കഴിച്ച് കുട്ടി പുളിച്ചയൊരു
ഏമ്പക്കം വിട്ടു ..
കഞ്ഞിയും പയറും
കഴിച്ചു വാനോളം
വളര്‍ന്നയച്ച്ഛന്‍
വാങ്ങികൊടുത്ത്‌
പഴംകഞ്ഞി കുടിച്ചു
വീടോളം വളര്‍ന്നയമ്മ
പാചകം ചെയ്തു
കൊടുത്തതാണ്
'പോഷണം കിട്ടാന്‍ '

സായിപ്പ് ചവറ്റുകുട്ടയില്‍
തട്ടുന്നത് പോലെ
ഭാരതഭൂവിലേക്ക്
കമഴ്തുന്ന 'മൈദ'യുടെ
രുചിക്ക് നാം പകരം
കളഞ്ഞത് പഴയെതെന്നു
പുച്ചിച്ചു തള്ളിയ
കൂവയും മുത്താറിയും

ഒരുകൂട്ടം കറിയായി
രുചിയായിയവതരിക്കുന്ന
ചക്കയും മുരിങ്ങയും
ചേമ്പും താളും
ഇഞ്ചിയും ചീരയും
ഇന്ന് തല താഴ്ത്തി
പടിക്ക് പുറത്ത്

അധിനിവേശത്തിന്റെ
അദൃശ്യകരങ്ങള്‍
ആഹാരത്തിലൂടെ
നമ്മളിലേക്ക്
അഴ്ന്നിറങ്ങുന്നത്
ദൈവമേ ,നമുക്ക്
മനസ്സിലാവുന്നില്ലല്ലോ

നാരില്ലാത്താഹാരം
കഴിച്ച് മലദ്വാരം
തള്ളി നാം
അര്‍ശോരോഗികളായി

ചക്കരയ്ക്കും
കല്‍കണ്ടത്തിനും
ബദലായി, വെളുത്ത
വിഷമായി ,പഞ്ചാര
വന്നു നമ്മെ
പ്രമേഹരോഗികളാക്കി

ബെര്‍ഗറും ഹോട്ട്ഡോഗും
കെന്റകിയും കടിച്ചു
പറിച്ചു നാം, കുറുക്കനെ
പോലൊരു സൂത്രശാലിയാം
മൃഗമായി മാറി

പൊറോട്ടയ്കൊപ്പം
പാലിനുമാത്രമായി
വളര്‍ത്തിയിരുന്ന
പശുവിന്റെ മാംസവും
വറുത്തു കഴിച്ചപ്പോള്‍
കൊളസ്ട്രോളും
കൂടെയൊരു കൂട്ടായി
ഹൃദയാഘാതങ്ങളുമായി

ഒന്നല്ല കൂട്ടരേ
ഒരായിരം അണുബോംബു
കളാണാ ശക്തികള്‍
നമുക്ക് മേലിട്ടിരിക്കുന്നത്
നമ്മുടെ വരും
തലമുറകളൊക്കെയും
അവര്‍ തന്‍ മുന്നില്‍
മരുന്നിനായി ,അവര്‍
വെച്ചു നീട്ടുന്ന
ആഹാരത്തിനായി
കെട്ടികിടക്കേണ്ടി വരും

മഞ്ഞും മലയും
മരുഭൂമിയും
പുഴകളും
കടലും
കായലും
കാടും
വനങ്ങളുമെല്ലാമുള്ളയീ
നമ്മുടെ ഭൂമിയിലില്ലാത്ത
മരങ്ങളും ചെടികളും
ധാന്യങ്ങളും
മാറ്റെവിടയാണുള്ളത്

വിഷം പുരട്ടിയ
വെടിയുണ്ടകളെക്കാള്‍
മാരകശക്തിയുള്ള
രാസവളങ്ങളും
ജേഴ്സിപശുക്കളുമായി
അവര്‍ വന്നു
കഷണ്ടിയുള്ള
മെലിഞ്ഞുണങ്ങിയ
വടികുത്തി നടന്നിരുന്ന
ഒരു മനുഷ്യന്‍
ഓടിച്ചു വിട്ടവര്‍
പകരം ചോദിക്കുവാന്‍
പകയുമായി വന്നത്
ആഹാരപൊതിക
-ലുമായിട്ടാണ്
കൂടെ പൂക്കളം പോലെ
പലവര്‍ണ്ണ
മരുന്നു ഗുളികകളും

ദരിദ്രരെന്നു
വിളിചാക്ഷേപിച്ചു
വിലയുള്ളതെല്ലാം
കട്ടുകൊണ്ടുപോയി
പണക്കാരായി

കണ്ണും തലയും
തെളിയാതിരിക്കാന്‍
ഭാഷയ്ക്കും തീയിട്ടു
ഋഷികളെയും
പഴയതോന്നുമേ
വായിക്കാതിരിക്കാന്‍
ദേവഭാഷയ്ക്ക്
മറുഭാഷയുമായി വന്നു .

ബുദ്ധിമാന്‍മാരാണ്
നാം അതിബുദ്ധിമാന്മാര്‍
പരിഷ്കാരികളാണ്
നാം പച്ച പരിഷ്കാരികള്‍
വികസിതരാണ് നാം
വികസിച്ചു വികസിച്ചൊരു
കടുകുമണിയോളം

തിരുവാതിര ഞാറ്റുവേലയും
ചോതി ഞാറ്റുവേലകളും
നാം മറന്നു
നിഴലും വെളിച്ചവും
നോക്കി വിത്തും
വിളവും ഗണിച്ചത്
നാം മറന്നു
നാഡി നോക്കി
രോഗങ്ങളും ജീവിതവും
അറിഞ്ഞിരുന്നതു
നാം മറന്നു
കരിക്കുംവെള്ളത്തിനും
കഞ്ഞിവെള്ളതിനും
ഒരു കുടന്ന സംഭാരത്തിനും
കോളകളുടെ കൊല്ലുന്ന
വിഷാംശങ്ങലില്ലന്നു
നാം മറന്നു
മുന്നോട്ട് നീങ്ങാത്ത
സൈകിളില്‍
ചവിട്ടിയാല്‍ മനസ്സിന്റെ
ആരോഗ്യം പിന്നോട്ട്
പോകുമെന്ന് നാം മറന്നു

ചിരിച്ചാല്‍ ,ശുദ്ധവായു
ശ്വസിച്ചാല്‍ ,രാത്രിയുറങ്ങിയാല്‍
രാവിലെയുണര്‍ന്നാല്‍
രോഗങ്ങളോടിയൊളിക്കുമെന്നു
നാം മറന്നു

വാക്സിനുകളുടെ പേരില്‍
നമ്മുടെ മക്കളെ
ബലിയാടാക്കുന്നത്
നാം മറന്നു

പൂത്തപണം തരുന്ന
റബ്ബര്‍ നട്ടപ്പോള്‍
അതിന്റെ ചോട്ടിലൊരു
മരുന്നും മണമുള്ളതൊന്നും
വളരില്ലന്നു നാം മറന്നു

കുറുന്തോട്ടിയും
തുമ്പയും മുക്കുറ്റിയും
കൊടങ്ങലും പോയാല്‍
വിട്ടിലും തവളയും
ചേരയും ചിത്രശലഭവും
പോയാല്‍ കിണറ്റിലെ
വെള്ളം വറ്റുമെന്നു
നാം മറന്നു

ഭക്ഷണമെന്ന ആയുധം
കാലാവസ്ഥാമാറ്റമെന്ന
ആയുധം ,
സംസ്കാരനാശമെന്ന
ആയുധം ,
നമുക്ക് നേരെ തൊടുക്കുമ്പോള്‍
നമുക്കോര്‍ക്കാം കൂട്ടരേ
അവരു തോണ്ടുന്നത്‌
നമ്മുടെ വേരുകളാണ്
അവര്‍ക്കില്ലാത്തതും
നമുക്കുള്ളതുമായ
വേരുകള്‍

(തലകെട്ടും ചിന്തകളും കടമെടുത്തത്
പ്രശസ്ത ജൈവ ചിന്തകന്‍
ശിവപ്രസാദ് മാഷില്‍ നിന്നും ....
കവിതപോലെ ഉരുകിയൊലിചതു
എന്റെ നീറുന്ന നെഞ്ചകം )

Monday, November 11, 2013

ശ്ലീലം

ശ്ലീലം
-----------

നമ്മള്‍ തമ്മില്‍ ഒരിക്കലും
കാണരുത് ,
വാക്കുകള്‍ കൊണ്ട് പോലും
കാമത്തിന്റെ കടവ്
കടക്കരുത് ,
ശരീരത്തിന്റെ ചൂടും
ഗന്ധവും ,ആത്മാവ്
കൊണ്ട് മാത്രം അറിയുക
ഒരേ ആവൃത്തിയിലുള്ള
തരങ്ങങ്ങളിലൂടെ നമുക്കെല്ലാം
പങ്കുവെയ്ക്കാം ...
കനകാംബാരത്തിന്റെ
പൂവിടലും ,
നിശാഗന്ധിയുടെ കൊഴിയലും ,
പുതുമഴയുടെ വിശേഷങ്ങളുമെല്ലാം .
നീയും ഞാനും നമ്മുടെ
പ്രണയവും
കവിതയില്‍ മാത്രം
സംഭവിക്കട്ടെ
കവിതകളില്‍ മാത്രം
നാം നിലനില്‍ക്കട്ടെ ..

Wednesday, November 6, 2013

അഹം ബ്രഹ്മാസ്മി



അഹം ബ്രഹ്മാസ്മി
**********************

പൂവിന്റെയുള്ളിലൊരുതുള്ളി
നറുംതേനായി
വിത്തിന്റെയുള്ളിലുറഞ്ഞിരിക്കുന്ന
വൃക്ഷമായി
സ്വനതന്തുവിലൊളിഞ്ഞിരിക്കുന്ന
വൈഖരിയായി 
ഇരുളടഞ്ഞ പ്രപഞ്ച വഴികളില്‍
ആയിരം സൂര്യശോഭയായി
ചതുര്‍മുഖനായി,സഹസ്രഹസ്തനായി
ഊര്‍ജ്ജനൃത്തമായി ,ഉന്മത്തശബ്ദമായി,
ഊര്‍വ്വര ചിന്തയായി ,ശുദ്ധബുദ്ധിയായി ,
സര്‍വമായി , സാക്ഷിയായി
സാക്ഷാത്കാരനായി ,പൂര്‍ണമായി
പൂര്‍ണാവശേഷിയായി
അത് നീയായി
എല്ലാം ഞാനായി
നിത്യ സത്യമായി
ദൃശ്യ പ്രപഞ്ചമായി
എങ്ങും നിറഞ്ഞിരിക്കുന്ന
അറിവായി ..അറിവിന്റെ പൊരുളായ
എനിക്കെന്റെ നമോവാകം

പേറ്റുനോവ്

പേറ്റുനോവ്
-----------------

ഗഗനസമസ്വച്ഛമാം
മനതാരില്‍ മൗനം
വല്മീകകമ്പളം പുതച്ചു
-ണര്‍ന്നിരിക്കുന്നു,
ഹൃദയകമലത്തിലൊരു
തിരിവെട്ടമായി സര്‍ഗ്ഗചേതന
തന്‍ചെരാതനിലന്റെ
തഴുകലില്‍  തളരാത്ത
നാളമായി ജ്വലിച്ചിടുമ്പോള്‍
തപം ചെയ്യുമടിയന്റെ
മുന്നില്‍ , മടിയേതും
ചൊല്ലാതെയവതരിക്കുക
കാവ്യദേവതേ നീ
സര്‍വാലങ്കാരവിഭൂഷിതയായി

കല്പനകള്‍ സങ്കല്പനങ്ങള്‍
വിത്തായി ചിത്തത്തിലൊ-
ളിഞ്ഞിരിക്കെ,യൊരുനൊടി
-യനുഭവം മഴപോലെയെത്തിയാ
വിത്തിനെ ഭ്രൂണമാക്കി
പിന്നെ പുത്തനാം
കവിതയായി വിരിയിച്ചിടുന്നു

തേനേ ,നിന്നാദ്യരോദനം
കേള്‍ക്കുവാനീ വേദനകളെ
യാത്മപുളകങ്ങളാക്കി
കാത്തിരിക്കുന്നു ഞാന്‍
പേറ്റുനോവുമ്പോഴെന്‍
മിഴികളില്‍ പൊഴിയുന്ന
താനന്ദാശ്രുബിന്ദുക്കള്‍ !

Saturday, November 2, 2013

ഉഷ്ണ സ്വപ്‌നങ്ങള്‍

ഉഷ്ണ സ്വപ്‌നങ്ങള്‍
-----------------------------
അച്ഛന്റേം അമ്മയുടെയും
നടുക്ക് ,അവരുടെ
ഇളം ചൂടില്‍
കിടന്നു കണ്ട
സ്വപ്നങ്ങള്‍ക്ക്
എന്ത് തണുപ്പായിരുന്നു
ഇന്നിപ്പോള്‍
ആറാറുമാസം
അച്ഛനും അമ്മയ്ക്കും
പകുത്തു നല്‍കി ,
അവരവരുടെ
തണുത്തുറഞ്ഞ
മുറികളില്‍ കിടന്നു
ഞാന്‍ കാണുന്ന
സ്വപ്നങ്ങള്‍ക്ക്
പൊള്ളുന്ന ഉഷ്ണമാണ്‌ 

Thursday, October 31, 2013

ഭാരതത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ്

ഭാരതത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ്
-------------------------------------------------

നിറയെ പൂത്ത് നില്ക്കുന്ന മരം
മരത്തിനു കീഴെ
മരണത്തിന്റെ വക്കില്‍
ഒരകാല വൃദ്ധ

ഉച്ചിയില്‍ ഉച്ചനീച്ചത്വത്തിന്റെ
'കുടുമ '
കണ്ണുകളില്‍ ആധുനികതയുടെ
'തിമിരം '
കണ്ണുകള്‍ക്ക് താഴെ അരനൂറ്റാണ്ടിന്റെ
'കരിനിഴല്‍ '
കവിളില്‍ പട്ടിണിയുടെ
'തമോ ഗര്‍ത്തങ്ങള്‍ '
ചൊടികളില്‍ ബലാല്‍സംഗത്തിന്റെ
മുറിപാടുകളൊളിപ്പിച്ചുവെച്ചൊരു
'ബുദ്ധന്റെ ചിരി '
കരങ്ങള്‍ 'നിളാനദി '
തിരുവയറില്‍ സ്വപ്നങ്ങളുടെ
'ചാപ്പിള '
കാല്പാദങ്ങളില്‍ ചുവടുമാറ്റത്തിന്റെ
'തഴമ്പ് '
ശരീരം 'തള്ള ഞണ്ടിന്റെ 'പോലെ
ആഴങ്ങളില്‍ അഗാധ ജ്ഞാനത്തിന്റെ
വെളിച്ചം 'ആത്മാവ് '
(15 വര്‍ഷങ്ങൽക്കു മുന്പ് എഴുതിയത് )

Tuesday, October 29, 2013

പ്രതീക്ഷ

പ്രതീക്ഷ
=======

കരള്‍ കൊത്തിപ്പറിക്കുന്ന
കഴുകന്‍മാര്‍ ,
ഹൃദയത്തിന്റെ ഇരുട്ടറയില്‍
ചുവക്കാന്‍ -ശുദ്ധിയാകാന്‍
വെമ്പല്‍ കൊള്ളുന്ന
കറുത്ത രക്തം ,
പുറത്ത് വന്യനൃത്തമാടുന്ന
മഴയില്‍ - മഴവെള്ളത്തില്‍  
ഒഴുകിവരുന്ന ഓര്‍മ്മകള്‍ ,
ജന്മശാപത്തിന്റെ
ആത്മനൊമ്പരങ്ങള്‍,
ഇറുകിയടച്ച കണ്‍പോളകള്‍
ഇറ്റുവീഴുന്ന കണ്ണീര്‍ ,
ജീവിതത്തിന്റെ
വനസ്ഥലികളില്‍
വഴിതെറ്റുന്ന പഥികന്‍
ശേഷിക്കുന്ന ഇരുണ്ടമേഘങ്ങള്‍
പെയ്തൊഴിയുമോ ?

Monday, October 28, 2013

വികൃതി

വികൃതി
======

കിളിച്ചു വരുന്ന
പാല്‍പല്ലുകളുടെ
കരുകരുപ്പ് ,
കല്ലിനടിയില്‍ നിന്ന്
തല നീട്ടിയൊരു
കടിയുമ്മ ..
രണ്ട് കുങ്കുമപൊട്ടുകള്‍ .
കള്ളന്റെ വികൃതി
പുള്ളുവപാട്ടുപോലെ
പതുക്കെ മെയ്യാകെ
അലിഞ്ഞു, നീല
നിറം പകരുന്നു .
കാവിനുള്ളില്‍
കാറ്റുപിടിയ്ക്കും
പോലെ ശിരസ്സോളം
വിറയ്ക്കുന്നു ..
കളം വരച്ചു
നിലവിളക്ക് കെടുത്തി
ഉയിര് ഇഴഞ്ഞിഴഞ്ഞു
മാളത്തിലേക്ക്
കയറി .............

Thursday, October 17, 2013

പിണക്കം

പിണക്കം
========

പിണങ്ങിപോയ രാത്രിയെ
അനുനയിപ്പിക്കാന്‍
ഒരു പകല്‍ മുഴുവന്‍
വേണ്ടിവന്നു .
തിരിച്ചുവന്നതോ..
ഒരു പകലും
നിനക്കിനി കൂട്ടായി
ഞാനില്ലയെന്ന
വ്യവസ്ഥയോടും

പിണങ്ങിപോയ കുട്ടികാലം
പറഞ്ഞത് ..
കഥകളിലെ കുട്ടിച്ചാത്തനെ
പോലെ ,
സ്മരിച്ചാല്‍ നിന്റെ
ഓര്‍മ്മകളിലേക്ക്
ചങ്ങാതിമാരെയും കൊണ്ട്
ഓടിയെത്താമെന്നും
നാരങ്ങാ മിഠായി പോലെ
നുണഞ്ഞിരികാമെന്നും

പക്ഷേ പിണങ്ങി പോയ
നിഷ്കളങ്കത
തീര്‍ത്തു പറഞ്ഞു
ഇനി തിരിച്ചുവരില്ലായെന്ന് 

നിദ്രാ വിരഹം

നിദ്രാ വിരഹം
===========

കിടപ്പറയില്‍ നീവരുന്നതും
കാത്തു കണ്‍പൂട്ടി കിടന്നിട്ട്
നാഴികകളേറയായി ,
തിരിഞ്ഞും മറിഞ്ഞും
പഴിച്ചും പരിഭവിച്ചും ,
രാവേറയായി
ഞാനേകനായി ...
നീ വരുന്നതും കാത്ത് ...

കണ്‍പോള പുഷ്പങ്ങളില്‍
ഒരു ശലഭംപോല്‍ നിന്‍
നനുവാര്‍ന്ന ചുംബനം കാത്ത്

ഉയിരുപോകും പോല്‍
അലിഞ്ഞു ചേരുന്ന
നിന്‍ ആലിംഗനം കാത്ത് ...
രാവേറയായി
ഞാനേകനായി
അരുണോദയമായി ..

Tuesday, October 8, 2013

'പ'ലതരം കവിതകള്‍

'പ'ലതരം കവിതകള്‍
=================

പലതരം കവിതകള്‍  
പലവക  കവിതകള്‍
പകല്‍ നിറയും  കവിതകള്‍
പാതിരാ  കവിതകള്‍
പുണരുന്ന  കവിതകള്‍
പിണങ്ങുന്ന  കവിതകള്‍
പുകഴ്ത്തുന്ന  കവിതകള്‍
പുല പറയും  കവിതകള്‍
പശി തിന്ന  കവിതകള്‍
പണമൊഴുകും  കവിതകള്‍
പൂക്കാല  കവിതകള്‍
പുഴു തിന്ന  കവിതകള്‍
പകപുകയും  കവിതകള്‍
പക്ഷപാത  കവിതകള്‍
പടു വാക്ക്  കവിതകള്‍
പതം വന്ന  കവിതകള്‍
പരകായ  കവിതകള്‍
പരദൂഷണ  കവിതകള്‍
പൂമണ കവിതകള്‍
പഴകിയ  കവിതകള്‍
പനി പിടിച്ച  കവിതകള്‍
പടര്‍ന്നു കയറും  കവിതകള്‍
പാലൂറും  കവിതകള്‍
പാല്‍പുഞ്ചിരി  കവിതകള്‍
പച്ച  കവിതകള്‍
പുത്തന്‍  കവിതകള്‍
പിറകാത്ത  കവിതകള്‍
പാഴ് ജന്മ  കവിതകള്‍
പാടി പതിഞ്ഞ  കവിതകള്‍
പുണ്യമാം  കവിതകള്‍
പലതരം  കവിതകള്‍
പലവക  കവിതകള്‍ 

Saturday, October 5, 2013

ജനിതകം

ജനിതകം
=======

വിത്തിന്നുള്ളില്‍
മരവും അതു പകരുന്ന
തണലുമുണ്ട് ,
മുട്ടയ്ക്കുള്ളില്‍
കിളിയും അതിന്റെ
കൊഞ്ചലുമുണ്ട് ,
ഭ്രൂണത്തിനുള്ളില്‍
മനുഷ്യനും അവന്റെ
അളക്കാനാവാത്ത
സങ്കല്പങ്ങളുമുണ്ട് .

തണലും കൊഞ്ചലുകളും
സങ്കല്പങ്ങളും നമുക്ക്
നുള്ളികളയാം ...

ജീവന്റെ ഇരട്ടഗോവേണിയിലെ
കൈ കസര്‍ത്തുകളിലൂടെ
നമുക്കൊരുക്കാം
കരയാത്ത കിളികളെ ,
തണലില്ലാതെ വിളവു
മാത്രം തരുന്ന മരങ്ങളെ ,
തിന്നാത്ത..തൂറാത്ത
മനുഷ്യനെ ...
ഒരു നവ യുഗസൃഷ്ടി 

Friday, October 4, 2013

കൃഷ്ണ ഗാനം

കൃഷ്ണ ഗാനം
===========

കണ്ണാ ,കാര്‍മുകില്‍ വര്‍ണ്ണാ
നിന്‍ മധുര മുരളികയില്‍ നിന്നു -
യരുന്നത്തെന്‍ ജീവ നിനദം ,മമ
തപ്താന്തരാത്മവിന്‍ മുക്തിഗീതം

കലങ്ങിയൊഴുകുമെന്‍
മാനസയമുനയില്‍
മുകുന്ദാ- നീ കാളിയ
നൃത്തമാടു ആനന്ദനടനമാടു

മോഹശാദ്വലരണഭൂമിയില്‍
വിഷാദചിത്തനായി കേഴുമ്പോള്‍
കേശവാ നീയെന്നില്‍
ശാന്തി തന്‍ ഗീതയാകൂ

വൃന്ദാവനത്തിലെ രാസക്രീഡ
തന്‍ മോഹനപ്രണയാര്‍ദ്ര
നിമിഷങ്ങളില്‍ മാധവാ
നീയെന്നെനിന്‍ രാധയാക്കൂ
ആത്മ രൂപയാക്കൂ ..

തീരാദു:ഖ തുലാമഴയില്‍
ഗോവിന്ദാ നീയെന്നില്‍
നിറയുന്ന ബോധത്തിന്‍
ഗോവര്‍ദ്ധനോദ്ധാരനാകൂ

നാദസ്വരൂപാ വിഭൂതിസുന്ദരാ
നീയെന്നില്‍ ഒരു നൂറു
മണിപത്മമായി വിരിയൂ
നിത്യാനന്ദ നവനീതമായി ഉറയൂ 

Thursday, October 3, 2013

പരിവര്‍ത്തനം

പരിവര്‍ത്തനം
============

ഒത്തിരി കഷ്ടപ്പെട്ട് (പാടുപെട്ട് )
കിട്ടിയതാണെന്റെ
കാഴ്ചപാടുകള്‍
അവ എന്നില്‍ ഒരുപാട്
പാടുകള്‍ (അടയാളങ്ങള്‍ )
അവശേഷിപിച്ച്ചിട്ടുമുണ്ട്

ഒരു സുപ്രഭാതത്തില്‍
തോക്കില്‍ തിര നിറച്ച്
ചെന്നിയില്‍ ഉന്നം പിടിച്ച്
നേടിയെടുതതാനെന്റെ
ചിട്ടകള്‍
അതിന്റെ പേരില്‍
കുറെയേറെ തട്ടുകള്‍
കിട്ടിയിട്ടുമുണ്ട്

ബാല്യത്തിലേ അച്ഛന്‍
തെളിയിച്ചു തന്നതാണ്
ഉള്ളറകളിലെ വെളിച്ചം
ഏതു ഇരുട്ടത്തും ലക്ഷ്യം
തെളിഞ്ഞു കാണാം

പഠിച്ചതൊക്കെ മറന്നാലും
അമ്മ പകര്‍ന്നു തന്ന
സ്നേഹത്തിന്റെ കനലുകള്‍
നിനവിലുണ്ടല്ലോ ?
പിന്നെയെന്തിഷ്ടാ
കയറുക തന്നെ
ഏതു സാഗര്‍മാതയും കീഴടക്കാം

(സാഗർമാതാ -എവറസ്റ്റ് )

Saturday, September 28, 2013

മയില്‍പീലി

മയില്‍പീലി 
=========

പുസ്തക താളിലിരുന്നു 
പെറ്റുപെരുകുന്ന 
മയില്‍പീലിയും 
നഖത്തിലെ വെള്ളപാടുകള്‍ 
കൊണ്ടുത്തരുന്ന 
പുതുകുപ്പായങ്ങളും 
കുഞ്ഞുമനസ്സിലെ 
പ്രത്യാശകളാണ് 
കഠിന സൗഹൃദങ്ങളാണ്‌ 

ഒറ്റമരകാടു പോലെ 
മയില്‍പീലി ..
സുഖമുള്ള ഓര്‍മ്മപെടുത്തലാണ് 
മഷിത്തണ്ട് ..
മഞ്ഞുപോയ ഓര്‍മ്മത്തെറ്റുകളും 

സഞ്ചിയില്‍ കല്ലുപെന്‍സിലിനൊപ്പം 
ഒളിപ്പിച്ചു വെച്ചിരിക്കുന്ന 
മഞ്ചാടിക്കുരു 
എത്ര വളര്‍ന്നാലും
നഷ്ടപ്പെടാത്ത 
നിഷ്കളങ്കതയാണ് 
മയില്‍പീലിയില്‍ 
ഞാന്‍ സ്വയം 
ഇല്ലാതാവുകയാണ്

Wednesday, September 25, 2013

ഉടുപ്പുകള്‍

ഉടുപ്പുകള്‍
=======

'വാവേ'യെന്ന വിളികേട്ടാണ്
കണ്ണു തുറന്നത് ,
കുറേ കഴിഞ്ഞപ്പോള്‍
'കുട്ടി' എന്നായി
പിന്നെ ..ചെറുപ്പക്കാരായെന്നും
വളര്‍ച്ചയുടെ പടവുകളില്‍
വിളികള്‍ പലതായി
വളര്‍ന്നു  വളര്‍ന്നു
തളര്‍ന്നപ്പോള്‍
വയസ്സനെന്നായി

മുലകുടിച്ചും
മുട്ടിലിഴഞ്ഞും
മൂക്കളയൊഴുക്കിയും
മപ്പാസ്സുകളിച്ചും
പ്രേമിച്ചും
മണവാളനായും
അച്ഛനും പിന്നെ
മുത്തച്ചനായും
ഊന്നുവടിയിലൂന്നി
ഓര്‍മ്മകളിലുറങ്ങിയും
വിളികള്‍ക്കനുസരിച്ച്
ഞാന്‍ ആടികൊണ്ടേയിരുന്നു

കണ്ണാടിയിലെ
പ്രതിരൂപകാഴ്ചകളെ
അതിശയത്തോടെയാണ്
ഞാന്‍ കണ്ടിരുന്നത്‌

ഓരോ വിളികള്‍ക്കും
ഓരോ അളവിലുള്ള
ഉടുപ്പുകള്‍

ഒരു ദിവസം
കണ്‍പോളകള്‍
തിരുകിയടച്ചവര്‍
പറഞ്ഞു
'കഴിഞ്ഞു...ഇനി ദഹിപ്പിക്കാം'

നഗ്നനായ ഞാന്‍
തിരിഞ്ഞുനോക്കാതെ ഓടി
നൂണ്ടു കയറാന്‍
 ഒരുടുപ്പിനായി
വേഷപകര്‍ച്ച്ചയ്കായി

Thursday, September 12, 2013

ഓണക്കിനാവുകള്‍

ഓണക്കിനാവുകള്‍
**********************
       പൂവിളി ഉയര്‍ന്നു
       പൂക്കളമൊരുങ്ങി
ആഷാഢം തലതല്ലിയൊഴിഞ്ഞു ,
ആതിര പൂത്തു
ആവണിപൂക്കളീന്ന്
തേന്‍ കുടിച്ചായിരം
വണ്ടുകളുച്ച്ചത്തില്‍  പാടി
'ഓണം വന്നോണം  വന്നു '
തുമ്പയിലയിലിരുന്നു
ഓണത്തുമ്പിയതേറ്റു പാടി
'ഓണം വന്നോണം  വന്നു '
സമത്വത്തിന്‍ ഗാഥകള്‍ മൂളി
ഐശ്വര്യത്തിന്‍ കെടാവിളക്കുമായി
മാവേലിതമ്പുരാനിങ്ങണഞ്ഞു

നതോനതയുടെ ശ്രുതിപരത്തി
കുയില്‍ പാട്ടിനാരവമുണര്‍ത്തി
ഓളപരപ്പുകളെ തോട്ടുണര്‍ത്തി
വള്ളംകളിയുമാഗതമായി
ചക്കയ്ക്കുപ്പുണ്ടോപാടും
ചങ്ങാലിപക്ഷികളുമിങ്ങെത്തി

നറുംപാല്‍ ചുരത്തി
പൂനിലാവൊഴുക്കി
മാനത്തുതാരകങ്ങള്‍
ആശംസകളെന്നെഴുതി

ഓണപാട്ടിന്റെയും
കൊയ്ത്തുപാട്ടിന്റെം
ശ്രുതിമധുരഗാനം പാടിയ
ശ്രാവണവീണാ തന്ത്രികള്‍
നിലച്ചു ,
പോയൊരാ ഓണത്തിന്‍
തേനൂറും സ്മരണകളും പേറി
ചങ്ങാലി പക്ഷികള്‍
തിരികെ പറന്നു
വീണ്ടും വരുന്നോരാ
ഓണത്തെകുറിച്ചുള്ള
കിനാവുകള്‍ തീര്‍ത്ത്
ആവണിപൂക്കള്‍ മെല്ലെ
കണ്ണടച്ച് മയങ്ങി
സുഖഷുപ്തിയില്‍ .....!
{5 / 9 / 1993 }
(പതിമൂന്നാം  വയസ്സിലെഴുതിയത്
കിനാവായി വീണ്ടും കരളില്‍
പൂക്കുന്നു )

Thursday, September 5, 2013

നിറവ്

നിറവ്
*******
വാക്കുകള്‍ അവസാനിക്കുനിടത്തു
നിന്ന്  നമുക്ക് തുടങ്ങാം
മനസ്സിന്റെ അതിര്‍ത്തി
കള്‍ക്കപ്പുറത്ത് നിന്നും

കാരണം,
നമുക്കെത്തിചേരേണ്ടത്
ശൂന്യതയിലാണ്
ഉള്ളിപൊളിച്ചുപോളിച്ചു
ള്ളില്‍ ചെല്ലുംപോഴുള്ള
ശൂന്യത
നമുക്ക് വിരിയേണ്ടുന്നതും
വളരേണ്ടുന്നതും അവിടെയാണ്

ഒഴിഞ്ഞ പാത്രത്തിലല്ലേ
നിറയാനാവൂ

Monday, September 2, 2013

പുനര്‍ജന്മം

പുനര്‍ജന്മം
************

മരിച്ചവരുടെ ലോകം
ജീവിച്ചിരിക്കുന്നവരുടെ
ഹൃദയങ്ങളാണ്
പരലോക യാത്ര
ഹൃല്ലോകത്തിലേക്കും

നല്ല ഹൃദയങ്ങളില്‍
ചേക്കേറിയവര്‍
സ്വര്‍ഗ്ഗസ്ഥര്‍
ദുഷ്ടഹൃദയങ്ങളില്‍
ഇരിപ്പുറപ്പിച്ചവര്‍
നരകത്തിലും

 സ്വര്‍ഗ്ഗസ്ഥര്‍
സഹൃദയരിലെ
നല്ല ചിന്തകളിലൂടെ
പുനര്‍ജനിക്കുന്നു
അവരില്‍ ചിലര്‍
പ്രതീകങ്ങളും
ദൈവങ്ങളുമായിതീര്‍ന്ന്
കാലാതിവര്‍ത്തികളാകുന്നു

നരകഹൃദയങ്ങളില്‍
നിവസിക്കുന്നവര്‍
ദുര്‍ചിന്തകളായി
പുനര്‍ജനിക്കുന്നു
വിപരീതപരിണാമങ്ങളിലൂടെ
പന്നിയായി
പട്ടിയായി
പുഴുവായി
പുറകിലേക്ക് പോകുന്നു

ഒരിക്കലും നശികാത്ത
ഊര്‍ജജം
പുനര്‍ജനികളായി
അവസ്ഥാന്തരങ്ങളായി
മുഷിഞ്ഞ കുപ്പായങ്ങള്‍
മാറ്റി
പുതിയവയിടുന്നു 

Thursday, August 29, 2013

വാത്സല്യം

വാത്സല്യം
************

പിറന്നു വീണയുടെനെ
ഉപേക്ഷിച്ചു പോയതാണ്
        "  ജനനം "
കൈയ്യും കാലും
വളരുന്നതും നോക്കി
നിഴലുപോലെ
നിലാവ് പോലെ
ഒപ്പം നിന്നും
നടന്നും

വളവുകളിലും
തിരിവുകളിലും
കണന്നു ചിമ്മാതെ
 കൈപിടിച്ച് ,
ഓരോ നിമിഷവും
ഉണ്മയില്‍
ഉണര്‍ന്നിരുന്ന്  ,
ഹൃദയത്തിന്നിന്ധനം
പകര്‍ന്ന്
കാത്തു സൂക്ഷിച്ച് ,
ഒടുവില്‍ ,ആര്‍ക്കും
കൊടുക്കാതെ
നെഞ്ചത്തടുക്കിപ്പിടിച്ചു
കൊണ്ടുപോയത്
"മരണവും" 

Wednesday, August 21, 2013

വഴി

വഴി
*****
കുഞ്ഞേ,വെറും വഴിപോക്കനാകാതെ
നീയൊരു വഴിയായി മാറണം ,
പെരുവഴിയിലാകാതെ
പൊരുള്‍ വഴിയായീടണം ,
നീയാം വഴിതന്നെ ല്ക്ഷ്യവുമാകണം
വഴിയരികിലെ തണല്‍മരമായി
നീ തന്നെ നില്ക്കണം,
പൂങ്കാറ്റായി പരിമളമായി
നീ തന്നെ വീശണം,
വിശന്നോട്ടിയ വയറില്‍
പാഥേയമായി നീതന്നെ നിറയണം ,
പേമാരി വന്നാല്‍ മഴ-
ക്കുടയായി നീതന്നെ മാറണം,
ലക്ഷ്യത്തിലെത്തുമ്പോള്‍
വഴി പിന്നില്‍ മായണം
നീ നിന്നെ അറിയുമ്പോള്‍
നീയതിലുണരണം ,
പുറകിലായി വരുന്നോര്‍
പുതിയോരോ വഴികളായി തീരട്ടെ

Monday, August 19, 2013

നിനവുകള്‍

നിനവുകള്‍
*************

പാടത്തും വരമ്പത്തും
പരല്‍ മീന്‍ തുടിക്കുന്ന
പകല്‍ കിനാവുകളിലും,
പതിരില്ലാത്ത
പഴമോഴികളിലും,
പഴമയിലെ പരിശുദ്ധ
പ്രണയ പകര്ച്ചകളിലും
നിറഞ്ഞാടിയ പെണ്ണെ
നിന്റെ പേരോ
'നിനവുകളെന്ന് '

പൊടിമീശവന്നെന്റെ
ചുണ്ടുകളിലൊരു മുറി-
ബീഡി വെച്ചതും,
ഒരു കവിള്‍ കള്ളിന്റെ
അനുഭൂതിയിലൊരുപിടി
കവിതകള്‍ ചൊന്നതും ,
എണ്ണി തീരാത്ത
മുങ്ങാംകുഴികളിട്ടെന്നെ
നീ തോല്പ്പിച്ചതും ..
ഒരു കുമ്പിള്‍നിറയെ
നോവും,മറുകയ്യില്‍
ചിരിയുമായി കണ്ണിറുക്കുന്ന
പെണ്ണേ നിന്റെ പേരോ
'നിനവുകളെന്ന് '

Wednesday, August 7, 2013

വാനപ്രസ്ഥം

വാനപ്രസ്ഥം 
===========
ഒടുവിലെത്തിയാ സാന്ധ്യ വേള 
എല്ലാം കുടഞ്ഞെറിഞ്ഞുണ്മ -
യെ പുല്കുവാനൊരു ശാന്തിവേള 
യാത്രാമൊഴികളില്ലടവിയിലിനി 
മനനമന്ത്രങ്ങള്‍തന്‍ മധുരഗായത്രികള്‍ 
ജനിരഹസ്യങ്ങള്‍തന്‍ ആഴമേറും 
നിബിഡതകളിലെന്നശ്വമേധ-
മിതായിവിടെ തുടങ്ങുന്നു ..
മരവുരിയിലൊളിപ്പിക്കുന്നതെന്‍ 
കാമമല്ല-അരതിയുടെയുണ 
-രാത്ത അടയാളമാണ്..
ഉടയാത്തയുലയാത്ത
 വപുസ്സിലിനി പൊടിയുന്ന
തലിയുന്ന മേദസ്സിനുപ്പാണ് 
പാദങ്ങളെയിനി കൂര്‍ത്ത
പാഷാണങ്ങളലിവാര്‍ന്ന 
ചുംബനങ്ങളാലുണര്‍ത്തും 
അലസമുടി കോതാതെ 
യരികിലെത്തുന്ന മഴയിനി 
അലങ്കാരങ്ങളില്ലാത്ത
യെന്നെയാകെ പൊതിയും 
രസമുകുളങ്ങളില്ലെഹരിയായി 
കിനിഞ്ഞിറങ്ങുന്ന രുചികൂട്ടുകള്‍ 
പടിയിറങ്ങിപകരമിനി തേനൂറും 
കാട്ടുപഴമൂലാദികളുടെ പശിയുദ്ധം 
തലതല്ലിപൊളിക്കുന്ന ശബ്ദ
സര്‍ത്തുകള്‍ക്കിനി കിളികൊ-
ഞ്ചലുകള്‍തന്‍ പകരശബ്ദങ്ങള്‍ 
ആയുസ്സിനമൃതവേദമൊതും 
വേരുകളി-ലിലകളിതഴുകി -
യൊഴുകും തെളിനീരുറവക
ളെന്‍ ദാഹശാന്തികളാവും 
ഹൃദയതാളങ്ങളിലിനി കോപപെരു-
മഴകള്‍തന്‍ ചടുലതാളങ്ങലില്ല 
കൈയ്യില്‍ കനമുള്ളതൊന്നുമില്ലു 
ള്ളതൊരൂന്നുവടി മാത്രം 
മെയ്യിലുംമാനസമാറാപ്പിലുമവ
ശേഷിപ്പതൊരു ജപമാലമാത്രം
കൂടെയിനി കൂട്ടായിതാലി
ചാര്‍ത്തിയ കാമിനിയൊരു
 സഹയാത്രികയായി മാത്രം 

Friday, August 2, 2013

അകത്തേക്കുള്ള വാതില്‍

അകത്തേക്കുള്ള വാതില്‍ 
===================

മരക്കരി വിറ്റ് അന്നം 
വാങ്ങാന്‍ ചന്ദനമരങ്ങള്‍ 
വെട്ടി ഉണക്കവിറകുകള്‍ 
ശേഖരിക്കുകയാണ് 

തടാകക്കരയിലെ കൂര 
വിറ്റു മരുഭൂമിയില്‍ 
മരീചികകള്‍ കാണാനായി 
താമസമാക്കി 

ഉറക്കവും സ്വസ്ഥതയും 
പണയം വെച്ചോരു 
കൊട്ടാരം പണിതു 

ഒഴിമുറി ചൊല്ലാനായി 
മംഗലവും 
ഔസ്യത് എഴുതിവെയ്ക്കാനായി 
സന്താനങ്ങളേം ജനിപ്പിച്ച്ചു 

ഒരു രാത്രി ശാന്തിക്കായി 
വേദാന്തം വിറ്റു 
ചാരായം മോന്തി 

ഊര്‍ധ്വന്‍ വലിച്ചു 
കിടക്കുമ്പോഴാണ് 
ഓര്‍ത്തത് 
അറിവുകേടിന്റെ 
ഇരുട്ടത്ത്‌ 
കടലിലേക്ക്‌ വലിച്ചെറിഞ്ഞു 
കളഞ്ഞത് 
മരതകകല്ലുകളായിരുന്നെന്നു
 
ആരോ മന്ത്രിക്കും പോലെ 
'എല്ലാ നിധികള്‍ക്കുമുയരെ 
മനശാന്തിയുടെ 
മന്ദഹാസത്തിലേക്കുള്ള 
വാതില്‍ 
പുറത്തേക്കല്ല 
അകത്തേക്കാണ് 
തുറക്കുന്നത് '

Friday, July 19, 2013

മൂങ്ങയും .... ആമയും

മൂങ്ങയും  ....  ആമയും 
----------------------------
മൂങ്ങ എന്റെ
ഗുരുവായിരുന്നപ്പോള്‍ ,
വെളിച്ച്ചമെന്നെ 
അന്ധനും 
ബധിരനും 
മൂകനുമാക്കി .
ഇരുട്ടെന്നെ 
ഊര്ജസ്വലനും 
ഉണര്ന്നവനുമാക്കി .

കൂമ്മന്‍  മാറി
കൂര്‍മ്മന്‍ ഗുരുവായപ്പോള്‍ 
കട്ടപിടിച്ച  
കാമത്തിന്റെ
ഇരുട്ട് മാറി 
അറിവിന്റെ 
തെളിച്ചം 
വെളിച്ചമായ്തീര്‍ന്നു.
കാഴ്ച്ചയെ 
കേള്‍വിയെ 
സ്വാദിനെ 
ഗന്ധത്തെ 
സ്പര്‍ശത്തെ 
എല്ലാം പുറം-
തോടിനുള്ളിലേക്കൊതുക്കി.

പതുക്കെ സ്ഥിരതയോടെ 
അശ്രദ്ധയുടെ  വേഗത്തെ
തോല്പ്പിക്കാമെന്നും 

കരയിലും കടലിലും 
ചെകുത്തന്റെയിടയിലും 
അനായാസമായി 
നീന്തമെന്നും പഠിച്ചു 

സ്വാദ്ധ്യായത്തിനായി ..
പഠിച്ച അറിവില്‍ നിന്ന് 
അറിഞ്ഞ അറിവിനായി 
ഇനിയൊരു ഉള്‍വലിയല്‍ 
ഭ്രമങ്ങളുടെ  ഭ്രാന്തില്‍ നിന്നും 
സംയമനത്തിന്റെ ... പ്രശാന്തിയിലേക്ക്

ജന്മം

ജന്മം 
====
ഒരു പിടച്ചില്‍
     തീര്‍ന്നു - 
കണ്ടതും 
കേട്ടതും
കൊതിച്ചതും
കരുതിവെച്ചതും 
കിനാവ്‌ കണ്ടതും 
കഥ പറഞ്ഞതും 
കളവു പറഞ്ഞതും 
എല്ലാം..
ഒരു പിടച്ചിലില്‍ 
      തീര്‍ന്നു  
പിന്നെ....? 

Wednesday, July 10, 2013

അര്‍ബുദം

അര്‍ബുദം 
========
കാലുകള്‍ കെട്ടി തല 
കീഴായി തൂക്കിയിട്ടിരിക്കുന്ന 
വെളുത്ത കോഴി 
ചിരിക്കുകയാണ് 

മിനിഞ്ഞാന്നു വിരിഞ്ഞതാണ് 
നാളെ മരിക്കുകയും 

ചീര്‍ത്ത്  വീര്‍ത്ത മാംസത്തിന്റെ 
അസ്വഭാവികതയിലും 
ഊതി വീര്‍പ്പിച്ച വളര്‍ച്ചയുടെ 
ബീഭത്സതയിലും         
കുത്തി  നിറച്ചു വലിച്ചു 
നീട്ടിയ ഗാത്രത്തിലും 
നീറുന്നതൊരു കുഞ്ഞു ഹൃദയം 

ശൈശവത്തിന്റെ 
കൊഞ്ചലുകളില്‍ നിന്ന് 
വികാരങ്ങളുടെ 
വീര്‍പ്പുമുട്ടലുകളിലേക്ക് 
പറിച്ചു നട്ടപ്പെട്ടതു 
വയസ്സ്  തികയാത്തൊരു 
കുരുന്നിനെ ...
വയസ്സറിയിക്കാത്തൊരു
കുഞ്ഞു പെണ്ണിനെ 
(2)
ഇരയായി -അന്നമായി 
നിന്റെ ദേഹത്ത്  ഞാന്‍ 
പടര്‍ന്നു കയറുമ്പോള്‍ 
കോശങ്ങളില്‍ സത്തായി 
അലിഞ്ഞു ചേരുമ്പോള്‍ 
അനിയന്ത്രിത വളര്‍ച്ചയുടെ 
ഒടുങ്ങാത്ത വേദനകളും 
ക്രമബദ്ധമല്ലാത്ത 
പെറ്റുപെരുകലിന്റെ 
നൊമ്പരങ്ങളും 
വേലിയേറ്റത്തില്‍  തീരം 
നഷ്ടപ്പെടുന്ന
ദുഖത്തിന്റെ അഗാധതകളും 
ഞാന്‍ നിനക്ക് പകര്‍ന്നു നല്കാം 

ഞണ്ട് പോലെ ഞാന്‍ 
നിന്നെ മുറുകെ പുണരാം 
ഒരിക്കലും പിരിയാത്ത 
അടരാത്ത ഒരാലിംഗനം 

പാകമാകാത്ത ക്രത്രിമ 
ജൈവ യാത്രയുടെ 
നോവുകള്‍ നിന്നിലേക്ക്‌ 
സംക്രമിപ്പിക്കാം
അനുസരണയില്ലാത്ത
വളര്‍ച്ച്ചകളായി.

Tuesday, July 9, 2013

കേള്‍വി

കേള്‍വി 
======

മൊട്ട്  പൂവായി വിരിയുന്ന 
ദലസ്വരം കേട്ടാണ്  ഞാന്‍
ഉണര്‍ന്നത്‌ 

ഞരമ്പുകളില്‍ രക്തമൊ-
ഴുകുന്ന കിലുകിലാരവം 

കണ്‍പീലികളുടെയും 
കോശ വിനിമയങ്ങളുടെയും 
തുടര്‍ ശബ്ദങ്ങള്‍ 

ഉദരത്തിനുള്ളില്‍ 
ഉണങ്ങിയിലകളില്‍ 
തീപടരുന്ന ഒച്ചകള്‍ 

തലയ്ക്കുള്ളില്‍ ഒരായിരം 
കമ്പ്യുട്ടറുകളില്‍ വിരല 
മര്‍ത്തുന്ന ശബ്ദങ്ങള്‍ 

ഹൃദയാകാശത്തില്‍ 
കവിതയായി ജനികാനുള്ള 
ഒരു ചിന്തയുടെ 
മനമര്‍മ്മരങ്ങള്‍ 

മൗനത്തിന്റെ ശബ്ദാത്മ-
കതയിലെ  ശ്രവണാനുഭൂതികള്‍ 

Thursday, July 4, 2013

നീയാകാന്‍

നീയാകാന്‍ 
========
ഞാനൊരു  പൂവാണ് 
  നീ മരവും 
ഞാന്‍  തിരിയാണ്‌ 
  നീ തീനാളവും
ഞാന്‍ പുഴയാണ്
  നീ കടലും 
ഞാന്‍ മണ്ണാണ് 
  നീ ഭൂമിയും 
ഞാന്‍ അണുവാണ് 
  നീ പ്രപഞ്ചവും 
ഞാനൊരു മഴതുള്ളിയാണ് 
  നീയൊരു മഴകാലവും 
പൂത്തു ,ജ്വലിച്ചു ,ഒഴുകി 
അലിഞ്ഞു ,അറിഞ്ഞു ,നിറഞ്ഞു 
ഞാന്‍ നിന്നിലെത്താം 
 " നീ"യാകാന്‍ 

(നീ - നിരീശ്വരവാദിക്കു കാഴ്ച്ചയുടെ 
          പ്രാപഞ്ചിക നിയമമാണ് 
     - ഈശ്വരവിശ്വാസിക്ക് കാഴ്ച്ചയ്ക്കപ്പു
        റമുള്ള  തണലാണ്‌ )

Monday, June 24, 2013

കവി

കവി 
===

കവിത 
ദര്‍പ്പണം മാത്രമല്ല 
ദര്‍ശനവുമാകണം 

കവിത 
മഴമാത്രമല്ല 
ജലവുമാകണം 

കവിത 
നേര്‍ക്കഴ്ചകള്‍ മാത്രമല്ല 
അകകാഴ്ച്ചകളുമാകണം 

കവിത
പുഴമാത്രമല്ല 
ഒഴുക്കുമാകണം 

കവിത
പ്രാര്‍ത്ഥനമാത്രമല്ല 
പ്രസാദവുമാകണം 

കവിത
പ്രണയവും വിരഹവും മാത്രമല്ല 
മാനസാന്തരങ്ങളുമാകണം 

കവിത
ഗൃഹാതുരത്വം മാത്രമല്ല 
സ്വപ്നങ്ങളുമാകണം 

മനുജനും 
മരുഭൂമിയും 
മലകളും 
മരങ്ങളും മാത്രമല്ല 
കവിത

കവിത എല്ലാമാണ് 
എല്ലാം കവിതയും 

കവിയോ ....?
കവിതയാകണം 

Friday, June 21, 2013

വൈശേഷികം



Wednesday, June 12, 2013

പനി

പനി 
====

താപമാപിനിയില്‍ രസം 
കുതിച്ചുയരുന്നു ,
നെറ്റിത്തടം ചുട്ടുപൊള്ളുന്നു ,
ഉള്ളില്‍ കിടുങ്ങുന്ന 
കുളിര് '
വിറയ്ക്കുന്ന വിരലുകള്‍ 
കിതയ്ക്കുന്ന ശ്വാസം ,

കഫം നുലവായി 
തുപ്പുന്നു 
തളരുന്നു ദേഹം 

'കുടിക്കാന്‍ ചുക്കുവെള്ളം 
     കരുതണം ,
താങ്ങായി, മരുന്നരികില്‍
    വെയ്കണം ,
തണലായി നീയരുകില്‍ 
      നില്കണം ,
ദേഹി തളരാതിരിക്കണം ...

Tuesday, June 11, 2013

കുറ്റവും ശിക്ഷയും

കുറ്റവും  ശിക്ഷയും 
=============

യാത്രകള്‍ ആകസ്മികങ്ങളാണ് 
വഴിതെറ്റലുകളും 

കൂട്ടംതെറ്റി മേയുന്നത് 
അശ്രദ്ധയല്ല 
അനിവാര്യതയാണ് 

നൂല് പൊട്ടി പോയ 
   പട്ടവും 
കാറ്റിലണഞ്ഞു  പോയ 
  ചെരാതും 
തെറ്റു ചെയ്തവരല്ല 
വെറുതെ ശിക്ഷിക്കപെട്ടവരാണ് 

Friday, June 7, 2013

മഴയെത്ത്

മഴയെത്ത് 
---------------

മഴ തരുന്നത് 
വെള്ളവും കുളിരും 
മാത്രമല്ല 
'നമ്മളെ തന്നെയാണ് '

മഴയൊരു പുനര്‍ജനിയാണ് 
എന്തൊക്കയോ കഴുകി
കളഞ്ഞൊരു പുനര്‍ന്നവം 

മഴനൂലുകള്‍ കാഴ്ച്ചയെ 
മറയ്ക്കുമ്പോള്‍ 
ഉള്ളകമാണ് തെളിയുന്നത് 

അറിയാതെ പിന്നില്‍ 
നിന്നൊരു പുണരല്‍ പോലെ
 
കുളിരുള്ള കൈകൊണ്ട് 
മഴ കണ്ണ്  പൊത്തുമ്പോള്‍  
ഉള്ളിലൊരു 
നിലവിളക്ക് കത്ത്തിച്ചപോലെ 
 
മഴ തരുന്നത് നമ്മളെയാണ് 
മഴയെത്തു നനയുന്നതും 
നമ്മളാണ് 

Thursday, June 6, 2013

സ്മരണ

സ്മരണ 
------------
മണ്ണിന്റെ മണമുള്ള അച്ഛന്‍ 
മണ്ണായി മാറിയെന്റെച്ച്ഛന്‍ 

മഴയുടെ താളമുള്ള അച്ഛന്‍ 
മഴയായി പെയ്യുന്നിതച്ച്ഛ്ന്‍ 

അറിവാണ്  ധനമെന്നു അഛന്‍ 
ധനമെല്ലാം അറിവാക്കിയെന്നച്ച്ഛന്‍ 

കരള്‍ നിറയെ കനിവുള്ള അഛന്‍ 
കരള്‍ പോയി കനവറ്റരെൻ അച്ച്ഛന്‍ 

വഴികാട്ടി തന്നതെന്നച്ച്ഛന്‍ 
വഴിയായി മാറിയതുമച്ച്ഛന്‍

Sunday, June 2, 2013

ഉല്‍പത്തി

ഉല്‍പത്തി 
---------------

മഴയില്ലാ സംവത്സരങ്ങൾക്കു 
അറുതിയായി ഒരു നാള്‍ 
മഴ വന്നപ്പോള്‍ 
വര്‍ഷ  ബിന്ദുക്കളോടാരോ 
ചോദിച്ചു 
'നിങ്ങളെവിടുന്നാണ്  വരുന്നതെന്ന്? '
കര്‍മ്മത്തിന്റെ ധന്യത
-യോര്‍ത്തവർ പറഞ്ഞു 
'സ്വർഗ്ഗതീന്നു '

മണ്ണിന്റെയടിപ്പാളികളിൽ 
നിന്ന് കിതച്ച്ചെത്തിയ 
മണ്ണിരയോടാരോ 
ചോദിച്ചു 
'നീയെവിടുന്നാണ്  വരുന്നതെന്ന് ?'
വേലയുടെ മടുപ്പില്‍ അവന്‍ 
പറഞ്ഞു 
'നരകതീന്ന് '

അങ്ങനെ സ്വർഗ്ഗം മുകളിലും 
നരകം താഴയുമെന്ന 
നിത്യ സത്യം നിലവിൽ വന്നു