Thursday, October 31, 2013

ഭാരതത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ്

ഭാരതത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ്
-------------------------------------------------

നിറയെ പൂത്ത് നില്ക്കുന്ന മരം
മരത്തിനു കീഴെ
മരണത്തിന്റെ വക്കില്‍
ഒരകാല വൃദ്ധ

ഉച്ചിയില്‍ ഉച്ചനീച്ചത്വത്തിന്റെ
'കുടുമ '
കണ്ണുകളില്‍ ആധുനികതയുടെ
'തിമിരം '
കണ്ണുകള്‍ക്ക് താഴെ അരനൂറ്റാണ്ടിന്റെ
'കരിനിഴല്‍ '
കവിളില്‍ പട്ടിണിയുടെ
'തമോ ഗര്‍ത്തങ്ങള്‍ '
ചൊടികളില്‍ ബലാല്‍സംഗത്തിന്റെ
മുറിപാടുകളൊളിപ്പിച്ചുവെച്ചൊരു
'ബുദ്ധന്റെ ചിരി '
കരങ്ങള്‍ 'നിളാനദി '
തിരുവയറില്‍ സ്വപ്നങ്ങളുടെ
'ചാപ്പിള '
കാല്പാദങ്ങളില്‍ ചുവടുമാറ്റത്തിന്റെ
'തഴമ്പ് '
ശരീരം 'തള്ള ഞണ്ടിന്റെ 'പോലെ
ആഴങ്ങളില്‍ അഗാധ ജ്ഞാനത്തിന്റെ
വെളിച്ചം 'ആത്മാവ് '
(15 വര്‍ഷങ്ങൽക്കു മുന്പ് എഴുതിയത് )

Tuesday, October 29, 2013

പ്രതീക്ഷ

പ്രതീക്ഷ
=======

കരള്‍ കൊത്തിപ്പറിക്കുന്ന
കഴുകന്‍മാര്‍ ,
ഹൃദയത്തിന്റെ ഇരുട്ടറയില്‍
ചുവക്കാന്‍ -ശുദ്ധിയാകാന്‍
വെമ്പല്‍ കൊള്ളുന്ന
കറുത്ത രക്തം ,
പുറത്ത് വന്യനൃത്തമാടുന്ന
മഴയില്‍ - മഴവെള്ളത്തില്‍  
ഒഴുകിവരുന്ന ഓര്‍മ്മകള്‍ ,
ജന്മശാപത്തിന്റെ
ആത്മനൊമ്പരങ്ങള്‍,
ഇറുകിയടച്ച കണ്‍പോളകള്‍
ഇറ്റുവീഴുന്ന കണ്ണീര്‍ ,
ജീവിതത്തിന്റെ
വനസ്ഥലികളില്‍
വഴിതെറ്റുന്ന പഥികന്‍
ശേഷിക്കുന്ന ഇരുണ്ടമേഘങ്ങള്‍
പെയ്തൊഴിയുമോ ?

Monday, October 28, 2013

വികൃതി

വികൃതി
======

കിളിച്ചു വരുന്ന
പാല്‍പല്ലുകളുടെ
കരുകരുപ്പ് ,
കല്ലിനടിയില്‍ നിന്ന്
തല നീട്ടിയൊരു
കടിയുമ്മ ..
രണ്ട് കുങ്കുമപൊട്ടുകള്‍ .
കള്ളന്റെ വികൃതി
പുള്ളുവപാട്ടുപോലെ
പതുക്കെ മെയ്യാകെ
അലിഞ്ഞു, നീല
നിറം പകരുന്നു .
കാവിനുള്ളില്‍
കാറ്റുപിടിയ്ക്കും
പോലെ ശിരസ്സോളം
വിറയ്ക്കുന്നു ..
കളം വരച്ചു
നിലവിളക്ക് കെടുത്തി
ഉയിര് ഇഴഞ്ഞിഴഞ്ഞു
മാളത്തിലേക്ക്
കയറി .............

Thursday, October 17, 2013

പിണക്കം

പിണക്കം
========

പിണങ്ങിപോയ രാത്രിയെ
അനുനയിപ്പിക്കാന്‍
ഒരു പകല്‍ മുഴുവന്‍
വേണ്ടിവന്നു .
തിരിച്ചുവന്നതോ..
ഒരു പകലും
നിനക്കിനി കൂട്ടായി
ഞാനില്ലയെന്ന
വ്യവസ്ഥയോടും

പിണങ്ങിപോയ കുട്ടികാലം
പറഞ്ഞത് ..
കഥകളിലെ കുട്ടിച്ചാത്തനെ
പോലെ ,
സ്മരിച്ചാല്‍ നിന്റെ
ഓര്‍മ്മകളിലേക്ക്
ചങ്ങാതിമാരെയും കൊണ്ട്
ഓടിയെത്താമെന്നും
നാരങ്ങാ മിഠായി പോലെ
നുണഞ്ഞിരികാമെന്നും

പക്ഷേ പിണങ്ങി പോയ
നിഷ്കളങ്കത
തീര്‍ത്തു പറഞ്ഞു
ഇനി തിരിച്ചുവരില്ലായെന്ന് 

നിദ്രാ വിരഹം

നിദ്രാ വിരഹം
===========

കിടപ്പറയില്‍ നീവരുന്നതും
കാത്തു കണ്‍പൂട്ടി കിടന്നിട്ട്
നാഴികകളേറയായി ,
തിരിഞ്ഞും മറിഞ്ഞും
പഴിച്ചും പരിഭവിച്ചും ,
രാവേറയായി
ഞാനേകനായി ...
നീ വരുന്നതും കാത്ത് ...

കണ്‍പോള പുഷ്പങ്ങളില്‍
ഒരു ശലഭംപോല്‍ നിന്‍
നനുവാര്‍ന്ന ചുംബനം കാത്ത്

ഉയിരുപോകും പോല്‍
അലിഞ്ഞു ചേരുന്ന
നിന്‍ ആലിംഗനം കാത്ത് ...
രാവേറയായി
ഞാനേകനായി
അരുണോദയമായി ..

Tuesday, October 8, 2013

'പ'ലതരം കവിതകള്‍

'പ'ലതരം കവിതകള്‍
=================

പലതരം കവിതകള്‍  
പലവക  കവിതകള്‍
പകല്‍ നിറയും  കവിതകള്‍
പാതിരാ  കവിതകള്‍
പുണരുന്ന  കവിതകള്‍
പിണങ്ങുന്ന  കവിതകള്‍
പുകഴ്ത്തുന്ന  കവിതകള്‍
പുല പറയും  കവിതകള്‍
പശി തിന്ന  കവിതകള്‍
പണമൊഴുകും  കവിതകള്‍
പൂക്കാല  കവിതകള്‍
പുഴു തിന്ന  കവിതകള്‍
പകപുകയും  കവിതകള്‍
പക്ഷപാത  കവിതകള്‍
പടു വാക്ക്  കവിതകള്‍
പതം വന്ന  കവിതകള്‍
പരകായ  കവിതകള്‍
പരദൂഷണ  കവിതകള്‍
പൂമണ കവിതകള്‍
പഴകിയ  കവിതകള്‍
പനി പിടിച്ച  കവിതകള്‍
പടര്‍ന്നു കയറും  കവിതകള്‍
പാലൂറും  കവിതകള്‍
പാല്‍പുഞ്ചിരി  കവിതകള്‍
പച്ച  കവിതകള്‍
പുത്തന്‍  കവിതകള്‍
പിറകാത്ത  കവിതകള്‍
പാഴ് ജന്മ  കവിതകള്‍
പാടി പതിഞ്ഞ  കവിതകള്‍
പുണ്യമാം  കവിതകള്‍
പലതരം  കവിതകള്‍
പലവക  കവിതകള്‍ 

Saturday, October 5, 2013

ജനിതകം

ജനിതകം
=======

വിത്തിന്നുള്ളില്‍
മരവും അതു പകരുന്ന
തണലുമുണ്ട് ,
മുട്ടയ്ക്കുള്ളില്‍
കിളിയും അതിന്റെ
കൊഞ്ചലുമുണ്ട് ,
ഭ്രൂണത്തിനുള്ളില്‍
മനുഷ്യനും അവന്റെ
അളക്കാനാവാത്ത
സങ്കല്പങ്ങളുമുണ്ട് .

തണലും കൊഞ്ചലുകളും
സങ്കല്പങ്ങളും നമുക്ക്
നുള്ളികളയാം ...

ജീവന്റെ ഇരട്ടഗോവേണിയിലെ
കൈ കസര്‍ത്തുകളിലൂടെ
നമുക്കൊരുക്കാം
കരയാത്ത കിളികളെ ,
തണലില്ലാതെ വിളവു
മാത്രം തരുന്ന മരങ്ങളെ ,
തിന്നാത്ത..തൂറാത്ത
മനുഷ്യനെ ...
ഒരു നവ യുഗസൃഷ്ടി 

Friday, October 4, 2013

കൃഷ്ണ ഗാനം

കൃഷ്ണ ഗാനം
===========

കണ്ണാ ,കാര്‍മുകില്‍ വര്‍ണ്ണാ
നിന്‍ മധുര മുരളികയില്‍ നിന്നു -
യരുന്നത്തെന്‍ ജീവ നിനദം ,മമ
തപ്താന്തരാത്മവിന്‍ മുക്തിഗീതം

കലങ്ങിയൊഴുകുമെന്‍
മാനസയമുനയില്‍
മുകുന്ദാ- നീ കാളിയ
നൃത്തമാടു ആനന്ദനടനമാടു

മോഹശാദ്വലരണഭൂമിയില്‍
വിഷാദചിത്തനായി കേഴുമ്പോള്‍
കേശവാ നീയെന്നില്‍
ശാന്തി തന്‍ ഗീതയാകൂ

വൃന്ദാവനത്തിലെ രാസക്രീഡ
തന്‍ മോഹനപ്രണയാര്‍ദ്ര
നിമിഷങ്ങളില്‍ മാധവാ
നീയെന്നെനിന്‍ രാധയാക്കൂ
ആത്മ രൂപയാക്കൂ ..

തീരാദു:ഖ തുലാമഴയില്‍
ഗോവിന്ദാ നീയെന്നില്‍
നിറയുന്ന ബോധത്തിന്‍
ഗോവര്‍ദ്ധനോദ്ധാരനാകൂ

നാദസ്വരൂപാ വിഭൂതിസുന്ദരാ
നീയെന്നില്‍ ഒരു നൂറു
മണിപത്മമായി വിരിയൂ
നിത്യാനന്ദ നവനീതമായി ഉറയൂ 

Thursday, October 3, 2013

പരിവര്‍ത്തനം

പരിവര്‍ത്തനം
============

ഒത്തിരി കഷ്ടപ്പെട്ട് (പാടുപെട്ട് )
കിട്ടിയതാണെന്റെ
കാഴ്ചപാടുകള്‍
അവ എന്നില്‍ ഒരുപാട്
പാടുകള്‍ (അടയാളങ്ങള്‍ )
അവശേഷിപിച്ച്ചിട്ടുമുണ്ട്

ഒരു സുപ്രഭാതത്തില്‍
തോക്കില്‍ തിര നിറച്ച്
ചെന്നിയില്‍ ഉന്നം പിടിച്ച്
നേടിയെടുതതാനെന്റെ
ചിട്ടകള്‍
അതിന്റെ പേരില്‍
കുറെയേറെ തട്ടുകള്‍
കിട്ടിയിട്ടുമുണ്ട്

ബാല്യത്തിലേ അച്ഛന്‍
തെളിയിച്ചു തന്നതാണ്
ഉള്ളറകളിലെ വെളിച്ചം
ഏതു ഇരുട്ടത്തും ലക്ഷ്യം
തെളിഞ്ഞു കാണാം

പഠിച്ചതൊക്കെ മറന്നാലും
അമ്മ പകര്‍ന്നു തന്ന
സ്നേഹത്തിന്റെ കനലുകള്‍
നിനവിലുണ്ടല്ലോ ?
പിന്നെയെന്തിഷ്ടാ
കയറുക തന്നെ
ഏതു സാഗര്‍മാതയും കീഴടക്കാം

(സാഗർമാതാ -എവറസ്റ്റ് )