ദിത്യനണിയുന്ന,വജ്രമോതിരമാണു നീ!
ഇന്നിങ്ങുതാഴെ മണ്ണിൽ
വസുധയുടെ മക്കളണിയുന്ന
മരണമോതിരമാകുന്നു നീ!
കടുകുമണി തുള്ളിയിലെ
ജലാണുവിലൂടെ പകർന്നാടി-
യെത്ര പേരെ കവർന്നെടുത്തു!
തമ്മിലകലാൻ പഠിപ്പിക്കുവോൾ,
ഉൾവലിയാൻ പഠിപ്പിക്കുവോൾ .
ജനലടച്ചു, കതകടച്ചു, കടയടച്ചു
വഴിപൂട്ടി, മൊഴിപൂട്ടി, മിഴിപൂട്ടി
അകമുറിയിലൊറ്റയ്ക്കിരുത്തി,
ചിലതെല്ലാം ചേർത്തു പിടിക്കാൻ
മറന്നുപോയതറിയിക്കുന്നു നീ !
കലമുടച്ചു പടിയടച്ച് പിണ്ഡംവെച്ചു
പുറത്താക്കിയ സംസ്കൃതികൾ
തിരികെയെത്തുന്നു, ചേർത്തണ-
യ്ക്കാൻ,കരുതലേകീടാൻ !
തുളസിയും ചുക്കുമിട്ടുകാച്ചിതിളപ്പിച്ച
കരിപോട്ടികാപ്പി, ചെറുചൂടോടെ
ചുണ്ടോടടുപ്പിക്കവേ, താരാട്ടിൻ നരച്ച
മണം മൂക്കിലോർമ്മകളുണർത്തുന്നു.
ഉമ്മറപടിയിലെ കിണ്ടിവെള്ളത്തിൽ
കൈകാൽമുഖം കഴുകിയിട്ടു മതി -
യകത്തേക്കു കയറുന്നതെന്ന്
ചുമരിലിരുന്നച്ഛൻ ഓർമിപ്പിക്കുന്നു ...
ഉഷ:പ്രാത: സന്ധ്യകളിലമ്മ,അഷ്ടഗന്ധമിട്ടു പുകയ്ക്കാറുണ്ടു മുറികളിൽ,മൂധേവിയെ പുറത്താക്കിയകം ശുദ്ധമാക്കുവാൻ!
ഏഴരവെളുപ്പിനെഴുന്നേറ്റു മെയ്യാകെ -
യെണ്ണയുഴിഞ്ഞുകുളിച്ചു നെറുകയിൽ
രാസ്നാദിപൊടി തിരുമ്മിയുശിരോടെ
നിത്യവും വ്യായാമം ചെയ്യും മുത്തശ്ശൻ
മുറ്റത്തു നിന്നു ചിരിക്കുന്നു !
" നിത്യംഹിതാഹാര വിഹാരസേവീ
സമീഷ്യകാരീ വിഷയേഷു സക്ത:
ദാതാ സമ: സത്യപര ക്ഷമാവാൻ
ആപ്തോപസേവി ഭവത്യയരോഗ : " *
മുഖംമൂടാതെ തുമ്മിയതിന്,
വൈദ്യരമ്മാവൻ കാതിൽ കിഴുക്കിയതു
ഇന്നുമുണ്ടെന്റെയുള്ളിൽ മായാതെയങ്ങനെ!
#(നാസംവൃതമുഖ കുര്യാത് ക്ഷുതിഹാസ്യവിജൃംഭണാത്!) #
ഉണ്ണീ നീയിങ്ങട് വരിക.
അരികെ ചേർത്തു നിർത്തി,
കൈത്തണ്ടയിലെ ജീവനാഡിയിൽ
വിരലമർത്തി,വിളിച്ചു ചൊല്ലി,
"ഒടപ്പിറന്നോളേ, ജ്വരമാണ് കുട്ടിക്ക്,
കുറിപ്പടി കുറിച്ചെടുത്തോളൂ ,
കുറികോലു പറ്റിച്ച് കഷായം കൊടുക്കുക"
കവിത തുളുമ്പും പേരുള്ളയൊരൂട്ടം
ഔഷധകൂട്ടുകളിപ്പോഴും കിനിയുന്നു നാവിൽ!
'വിശ്വാമൃതാദി, ഭൂനിംബാദി, ഇന്ദുകാന്തം, സുദർശനം
അമൃതോത്തരം, ദ്രാക്ഷാഭയാദി, കല്യാണകം,വില്വാദി......... '
കുഞ്ഞേ, സന്നിപാതമാണ്,
കൂരയിലടങ്ങിയിരിക്കുക,
തല നനയ്ക്കണ്ട,
തണുത്തത് കഴിക്കണ്ട,
തറയിൽ കിടക്കണ്ട.
തീവെയിലു കൊള്ളണ്ട
തലനരച്ചവരെ തള്ളണ്ട,
ചുടു കഞ്ഞിയും പയറും കഴിച്ച്,
കമ്പിളി പുതച്ചകത്തിരിക്കുക ....
കുരുത്തക്കേടാണുണ്ണീ രോഗം,
കയ്പ്പോടെ കഴിക്കുന്നതു മാത്രമല്ലതിനുള്ള മരുന്ന്.
മരുന്നു മണമാണ്, നൽ കാഴ്ച്ചയാണ്,
മധുവാണിയാണ്,മധുമന്ദഹാസമാണ് ..
മരുന്നൻപാണലിവാണമൃതാണ് കുഞ്ഞേ!

സൂര്യഗ്രഹണ സമയത്തു കാണുന്ന പ്രതിഭാസം - കൊറോണ
* ദിനംപ്രതി ഹിതവും മിതവുമായ ആഹാരങ്ങൾ കഴിക്കുകയും, അലോചനാപൂർവ്വം കാര്യങ്ങൾ ചെയ്യുകയും, വിഷയങ്ങളിൽ ആസക്തിയില്ലാതെയും, ദാന കർമ്മങ്ങൾ ചെയ്യുകയും ,സുഖദുഃഖങ്ങളിൽ മനസാമ്യത്തോടെ സത്യവാനുമായിരിക്കുന്നവൻ രോഗങ്ങൾ ഇല്ലാത്തവനായി ഭവിക്കുന്നു.
# മുഖം മറയ്ക്കാതെ തുമ്മുകയും ചിരിക്കുകയും കോട്ടുവായിടുകയും അരുത് ....