Wednesday, January 6, 2021

ഒഴുകാത്ത പുഴ

ഓരോ മനുഷ്യരിലും
കാലം ഒഴുകുന്നത് എത്ര
വ്യത്യസ്തമായാണ്, അല്ലേ?
കുറച്ചു പേരിൽ മാത്രം
ഒരു പുഴ ഒഴുകും പോലെ,
സ്വച്ഛമായി, ശാന്തമായി
മുക്തിയുടെ കടലിലേക്ക്!
ചിലരിലാകട്ടെ,കാലത്തിന്റെ
ഒഴുക്ക് പുറകോട്ടാണ് .
ഒഴുകിയൊഴുകിയവരെത്തുക
ഭൂതകാലത്തിന്റെ ഹിമാനികളിലാവും.
അതിശൈത്യത്തിന്റെ അസ്ഥിതുളയ്ക്കുന്ന
ഏകാന്തതകളിൽ,
കാൽ വഴുതി വീഴാവുന്ന
സ്മരണകളുടെ മരണഗർത്തങ്ങൾ !
ഇന്നിന്റെ , നാളെയുടെ
ശുഭസുന്ദരസൂര്യോദയങ്ങൾ
നഷ്ടപ്പെട്ടവരാണവർ ....
മറ്റു ചിലരിലാകട്ടെ,
മുന്നറിയിപ്പുകളൊന്നുമില്ലാതെ,
പ്രളയജലം പോലെ
വളരെ പെട്ടന്നാകും
ഒഴുക്ക് വരിക,ഒഴുകി പോവുക !
ശരിക്കും ഒഴുകുകയല്ലവർ,
ഭാവിയിലേക്ക് എടുത്തെറിയപെടുകയാണ് ..
ചിലരിലാകട്ടെ,അണക്കെട്ടിലെ വെള്ളം
പോലെയാണ് കാലം,
ഒഴുകാതെ കെട്ടികിടന്ന്
ആഴമങ്ങനെ കൂടികൂടി
മലിനമായി നിശ്ചലമായി ..!
കടുത്ത വേനലിലെ പുഴ പോലെയാണ്
മറ്റു ചിലരിൽ ,
മെലിഞ്ഞുണങ്ങി,
ഒരു തുള്ളി വെള്ളമില്ലാതെ
വറ്റിവരണ്ട സൈകതങ്ങളുമായി,
നിള പോലെ, ഞാൻ പോലെ.....!
DR:ANUP'S POETRY

No comments: