കവിതന്ത്രം
.................
കടത്തിണ്ണയിൽ നിൽക്കുന്നവനെ
പിടിച്ച് മഴ നനയിക്കും,
കഠിനഹൃദയന്റെ കരളലിയിച്ച്
കണ്ണൊലിപ്പിക്കും , ഒറ്റമരത്തെ
കാടാക്കും, കൊടുംകാട്ടിലെ
വൻ മരത്തെ ഏകാകിയും,
മാസത്തിലൊരിക്കലെ ചോര -
തുള്ളികളെ പ്രതിഷേധത്തിന്റെ
പടവാളാക്കും. മഴയെ കുടയാക്കും,
കുടയെ സ്കൂളിലേക്കും തിരിച്ച്
വീട്ടിലേക്കും നടത്തും,എഴുത്തിനെ
അവസാന രാത്രി വണ്ടിയാക്കും.
ഇഞ്ചിക്കറി പോലെ, ഒരു വരി
കൊണ്ട് നൂറ്റൊന്നുത്തരങ്ങൾ വിളമ്പും,
മൃതദേഹത്തെ കുളിപ്പിക്കുന്നതവനായിരിക്കാം,
പൊക്കിൾക്കൊടി മുറിക്കുന്നതും
മറുപിള്ള എടുക്കുന്നതും .
വാറു പൊട്ടിയ ചെരുപ്പും
റെയിവേ ട്രാക്കിലെ ചതഞ്ഞ
കുപ്പിയും അവന്റെ സ്വീകരണ
മുറിയിൽ ഉണ്ടാകും, പ്രണയത്തെ
ദൂരദർശിനിയിലും സൂക്ഷദർശിനിയിലും ക്യാമറയിലും കാണും, കലുങ്കിലിരുന്ന് കൈലാസം വരെ പോകും. ഇടവഴിയേ പോയി
പെരുവഴിയേ വരും, ആരും ഇറങ്ങാത്ത കയങ്ങളിൽ
മുങ്ങാംകുഴിയിടും, ഒരായിരം
താജ് മഹൽ ഒരുമിച്ച് പണിയും, രാധേം കൃഷ്ണനേം കീരിയും
പാമ്പുമാക്കും, വീണ പൂവിനും
വിടരാൻ പോകുന്ന മൊട്ടിനും
ചരിത്രത്തിലിടം കൊടുക്കും .
കടം പറയരുതെന്ന് വേശ്യയുടെ വീട്ടിൽ കുറിപ്പെഴുതി തൂക്കി, പിൻവാതിലടച്ച്,നേരേ പോകുന്നത് മീസാൻ കല്ലു-
കൾക്കിടയിൽ ഓർമ്മകളുടെ
ചിത്രശലഭത്തെ തേടിയാവാം.
നക്ഷത്രങ്ങളുടെ ജാതകമെഴുതി
സൂര്യന് പിണ്ഡം വെച്ച് ,ഊർദ്ധൻ
വലിക്കുന്ന അമ്മയ്ക്ക് ചരമഗീതമെഴുതും. എല്ലാ
യുദ്ധഭൂമികളിലും പോവും,
ദേവാലയങ്ങളിലും.കാലുകൾക്കിടയിലെ വിടവും ,അടയാളത്തിന്റെ ദൃഢതയും ഉപമകളും
ബിംബങ്ങളുമാക്കും, ഉത്തരാധുനികതയും, മൂല്ല്യ നിരാസവും, അദ്വൈതവും, സങ്കീർത്തനങ്ങളും, സൂഫിസവും,പ്രതിക്രിയാവാദവും
അവന്റെ ആവനാഴിയിലുണ്ട്.
മരുഭൂമിയിൽ പെരുമഴ പെയ്യിച്ച്
കടലിനെ കോരികുടിക്കും.
ഒരു ചെറ്യേ പേനയുണ്ടങ്കിൽ
ഇപ്പൊ ശര്യാക്കിത്തരും.......
ചൂട്ട് കത്തിച്ച്, പാടവരമ്പത്തൂടെ
വഴിതെളിച്ച് നടക്കുന്ന അവനൊരു
തൊഴിലാളിയാണ്,വെളിച്ചത്തിന്റെ.
ഇന്നും ഇന്നലേം നാളേം