Wednesday, October 26, 2016

മാനിഷാദ....കാമമോഹിതം

മാനിഷാദ....കാമമോഹിതം
=========================
എങ്ങുപോയെങ്ങുപോയ്‌
എങ്ങുപോയെന്റെ പെണ്ണേ .
ആഴികിടക്കയിലാണ്ടു കിടക്കുവാന്‍
ആദിത്യനോടിപോകുന്ന നേരത്ത്
നാമെന്നും ചേക്കേറുന്നയീ
പൂമരകൊമ്പിലിന്നേകനായി
ഞാനിരിക്കുമ്പോള്‍ ,
പലരും പലതും പിറുപിറെ
പുലമ്പുന്നുണ്ടെങ്കിലും,
കാലമിക്കലികാലം കെട്ടതാണെങ്കിലും,
ഒക്കെ വെറും കെട്ടുകഥകളായി
കാറ്റില്‍ തൂറ്റികളയുന്നു ഞാന്‍.
ചിരികാട്ടി കെണിവെച്ച്
ചിറകരിയുന്ന ചിലരുണ്ട് നാട്ടില്‍,
വിഷം ചേര്‍ത്തയുരുളകള്‍
ബലിയിട്ടു ,കൈകൊട്ടി
വിളിപ്പവരേറയുണ്ടുലകില്‍,
പലപേരില്‍ വലവെച്ചു,കൂട്ടി
ലാക്കി
പാട്ടിലാക്കിയെല്ലാം പിടുങ്ങു -
വോരുണ്ടൂഴിയിലനവധി ,
ഒരു കണ്ണിറുക്കികാട്ടുമ്പോഴൊരു
തോക്കുകുഴലുന്നം പിടിക്കുന്നുണ്ടെ-
ന്നതോര്‍ക്കണം, വളവുകളിലിര-
വുകളിലിരയെ പിടിക്കുവാന്‍ തക്കം-
പാര്‍ത്തിരിപ്പോരുണ്ടെന്നു കരുതണം.
നിനക്കഹിതമായൊന്നും പറ്റിയിട്ടി-
ല്ലെന്നെന്റെയിടനെഞ്ച് പറയുന്നുണ്ടെങ്കിലും,
ചോപ്പുടുത്ത സന്ധ്യകള്‍
കരിംചേല വാരിയണിയുന്ന വേളയില്‍,
എങ്ങുപോയെങ്ങുപോയ്‌ നീയെന്‍റെപെണ്ണേ.
അറിയാതെ,വഴിതെറ്റി പോയതാവാം ,
തെറ്റായ വഴിയേ പോയതാകില്ല നീ.
ചക്രവാളചരിവുകളിലരുണന്റെ
ശോഭ തെളിയുന്ന നേരത്ത് , ഒരുചെറു
കമ്പ് കൊക്കിലൊതുക്കി നീ,
തിരികെയണയുന്ന സുഖസ്വപ്നം
എറിഞ്ഞു വീഴ്ത്തിയവരാരാണ് .
മാനിഷാദകള്‍ പാടുന്ന ചുണ്ടുകളി-
ലിരുമ്പാണി തുളച്ചിടുന്നതാരാണ് ,
നമുക്കായി,യീലോകത്ത് ,ചിതകള്‍
മാത്രമൊരുക്കിവെച്ചിരിപ്പവരാരാണ്.
മാനിഷാദ....കാമമോഹിതം.....
DR:ANUP'S POETRY

No comments: