Thursday, May 25, 2017

മുക്കുറ്റി - 12

മുക്കുറ്റി - 12
....................
(അ)
ബീഡി
........
ചുണ്ടോടുചേർത്ത
എന്നെപ്പോലും
ബാക്കിവെയ്ക്കാതെ
എരിഞ്ഞു നീ തീർന്നല്ലോ,സഹോ!
(ആ)
ആൽക്ക'ഹോൾ'
..........................
ആത്മാവിൽ ദ്വാരമിടുന്നവനേ,
തുടങ്ങുമ്പോൾ,
നീ കുപ്പിക്കുള്ളിലായിരുന്നു.
നിർത്തുമ്പോൾ,
ഞാൻ പെട്ടിക്കുള്ളിലും.
(ഇ)
മലയാളി
.............
'കുറുക്കനും പുളിമുന്തിരിങ്ങാകളും'.
പക്ഷേ,കിട്ടുന്നതിനൊക്കെ
എന്തോരം മധുരമാ നമ്മ
'മല(ം)യാളിക്ക്'* അല്ലേ!
(മലയായമലയൊക്കെ പോയിട്ടിപ്പോ
അകംപുറം നിറയേ ഇതു മാത്രമല്ലോ.)
DR:ANUP'S POETRY

മുക്കുറ്റി - 11

മുക്കുറ്റി - 11
* * * * * * * * * *
(അ)
തത്സമയം
***********
വഴിയരികിൽ, ചോരവാർന്നു
കിടക്കുന്ന മനുഷ്യന്റെ
അവസാന പിടച്ചിലും
കരച്ചിലുമാണ് നമ്മൾ
തത്സമയം കണ്ടുകൊണ്ടിരിക്കുന്നത്.
സംഭവസ്ഥലത്ത് നിന്നും
ക്യാമറാമാൻ അന്ധനോടൊപ്പം
റിപ്പോർട്ടർ ബധിര ............
(ആ)
ലെഗ്ഗിൻസ്
* * * * * * * * *
നേർത്തയൊരു സ്തരം
പ്രദർശനതത്പരതയുടെ
ആത്മരതി ,
മുലമുറിച്ചും മുണ്ടുമുറുക്കിയും
നേടിയ സ്വാതന്ത്ര്യത്തിന്റെ
അപാര പരിണാമം ....
(ഇ)
വില
* ** *
ഇല്ലായ്മയിൽ
ഒരാളുണ്ടാക്കുന്ന
ശ്യൂന്യതയുടെ ആഴമുണ്ടല്ലോ,
അതാണ് അയാളുടെ വില!
ശ്യൂന്യതയുടെ ആഴത്തിൽ
നിറവിന്റെ ഉയരം..
DR:ANUP'S POETRY

അറിയിപ്പ്

അറിയിപ്പ്
...............
പൂമ്പാറ്റേ, പൂമ്പാറ്റേ
പൂവാനം പൂത്തപ്പോൾ
പൂവുണ്ണാൻ പോവാണോ,
പൂങ്കാറ്റും പൂമണവും
പൂമ്പൊടിയുടെ കുടമാറ്റം
നിൻ ചിറകിൻ മേലേറി
ഞാനൂടെപോന്നോട്ടേ!
പൂമ്പാറ്റേ... പൂമ്പാറ്റേ
പൂവനിയുടെ പൂമോളേ.
ഹായ്! ഹായ്,
കനൽവഴികളിൽ കളഞ്ഞുപോയ
പൂമ്പാറ്റകളെ എനിക്കു
തിരിച്ചുകിട്ടിയിരിക്കുന്നു,ഒപ്പം
ഒത്തിരി കാട്ടുപൂക്കളും!
DR:ANUP'S POETRY

Monday, May 15, 2017

കലഹപ്പൂക്കൾ

കലഹപ്പൂക്കൾ
.....................
പ്രണയത്തേക്കാൾ എത്രയോ
തീവ്രമാണ് കലഹം,
ഓരോരോ കാരണങ്ങൾ കണ്ടുപിടിച്ച്
നാം കലഹിച്ചുകൊണ്ടേയിരിക്കും,
കണ്ണില്ലാത്ത പ്രണയംപോലെയല്ല
എല്ലാം തുറന്നുള്ള കലഹം,
കൂട്ടുകാരീ,ഒരു പക്ഷേ ഈ കലഹങ്ങ -
ളില്ലായിരുന്നെങ്കിൽ നാമിത്രമേൽ
നിരന്തരം സംസാരിക്കുമായിരുന്നോ?
നമ്മൾ പരസ്പരം സസൂക്ഷ്മമായി
നിരീക്ഷിക്കുമായിരുന്നോ?
ഓർമ്മകളെ ചികഞ്ഞെടുക്കുമായിരുന്നോ?
വാക്കുകളെ പോസ്റ്റുമാർട്ടം നടത്തി
ആന്തരികാർത്ഥങ്ങളിലേക്കെത്തുമായിരുന്നോ?
ഭാവിയേപറ്റി ഇത്രയധികം കൂലംകലുക്ഷമായി
ചിന്തിക്കുമായിരുന്നോ?
സഖീ,നമുക്കിടയിലെ കലഹങ്ങളിലൂടെ
നാം പുനർജനിക്കുകയല്ലോ.
നമുക്ക് നാം വെളിപ്പെടുകയല്ലോ.
കലഹക്കനലിലൂടെ വജ്രം പോൽ
സ്ഫുടീകരിക്കുകയല്ലോ.
അനുദിനം അഗ്നിശുദ്ധമാകുകയല്ലോ!
കലഹം പ്രണയത്തേക്കാൾ തീക്ഷ്ണമാണ്!
കിടപ്പറയ്ക്കപ്പുറം പടരാതിരുന്നാൽ,
ഒരു രാത്രിയ്ക്കപ്പുറം വളരാതിരുന്നാൽ !
അതുകൊണ്ടാണ് ഒരു ദിവസം മാത്രം ആയുസ്സുള്ള കലഹപൂക്കൾ വിടരുന്നത്!
DR:ANUP'S POETRY

ഇലജന്മം

ഇലജന്മം
-------
ഒരു പച്ചില പറിച്ചാൽ
ഒന്നു നുള്ളിപ്പറിക്കുന്നത്ര
വേദനിക്കുമോ മരത്തിന്.
അറിയില്ലെയെങ്കിലും, ഒരില
ചെയ്യും സത്കർമ്മങ്ങളീ
നരജന്മംമുഴുവൻ ചെയ്യാൻ
കഴിയില്ലെന്നറിയുന്നു ഞാൻ .
ഇല ചെയ്യും പുണ്യങ്ങൾ
നിഷ്കാമ പ്രവൃത്തികൾ,
ഒരു പുഴുവിനെങ്കിലും അന്നം
ഒരുറുമ്പിനെങ്കിലും തണൽ
ഒരു കിളികുഞ്ഞിനെങ്കിലും മറ
ഒരു വിളയ്ക്കെങ്കിലും വളം
ഒരു രോഗാതുരനെങ്കിലും ശമനം
അർക്ക പ്രകാശത്തിൽ നിന്ന്
ഒരു കുടന്ന പ്രാണവായു .
മത്തനാം മർത്യാ, ഒരിലതൻ
വിലപോലും പകരംവെയ്ക്കുവാൻ
മതിയാവാത്തൊരീ ജന്മം
കൊണ്ടെന്തിനാണീ,പുകിലുകൾ
പുളിച്ചുതികട്ടും പൊങ്ങച്ചങ്ങൾ,
പുകമറകൊണ്ടുള്ള പ്രഹസനങ്ങൾ!
ഇലജന്മം പോലും, സമഷ്ടിയിൽ
സമമെന്നറിയുക, പ്രാപഞ്ചിക
നിയമസത്യത്തെ ഒരുമാത്രയെങ്കിലും
സ്മരിക്കുക, മുക്തമാകട്ടെയീ ജന്മം ധന്യമാകട്ടെയീ ജീവിതം!
ഇലമുളയ്ക്കും മരം പോലെ
വിത്തുണർത്തും മഴ പോലെ!
DR:ANUP'S POETRY

മുക്കുറ്റി - 10

മുക്കുറ്റി - 10
* * * * * * * * * *
(അ)
മൂന്നാർ
------
മാമലകൾക്കു
മുകളിൽ,
ഏസി വെച്ച
പുതിയ വീടുകൾ ....
( ആ )
പട്ടയം
------
തോണ്ടിയെടുത്തതും
തൊണ്ടിമുതലും
കള്ളന്റേതെന്ന്
തീറെഴുതി കൊടുക്കുന്ന
തീട്ടൂരം....
(ഇ)
കൃഷിക്കാർ
----------
ജൈവകൃഷിയല്ല
ദൈവകൃഷിയാണ്
മെച്ചമെന്ന് മതമേലാളർ!
കൈക്കോട്ടല്ല
കൈയിട്ടുവാരലാണ്
ലാഭമെന്ന് പാർട്ടിമേലാളർ!
മേലനങ്ങി പണിയാത്തവരുടെ
പേരാണോ ഈ മേലാളർ!
DR:ANUP'S POETRY

ഭാര്യവീട്

ഭാര്യവീട്
* * * * * * * 
ഓൾടെ വീടങ്ങ് വടക്കാണ്
എന്റെ വീടിങ്ങ് തെക്കും.
ലങ്ങേരുടെ വീടിന്റെ കിഴക്ക്
ലവന്റെ പറമ്പ് കഴിഞ്ഞാണ്
എന്റെ വീട്...
പുലാപ്രകണ്ടീന്റെപ്പുറം
കുമാരേട്ടന്റെ ചായപ്പീടികയ്ക്ക്
മുൻപിലാണ് അവൾടെ വീട്.
ഫാര്യ വീട്ടിലേക്കുള്ള യാത്ര
ഒരു രസം തന്ന്യാ!
പിള്ളേർക്കാണ് കൂടുതൽ ജോർ!
ഇവിടെ ഓടിച്ചാടി നടന്നിട്ട്
അവിടെ കീഞ്ഞുപാഞ്ഞങ്ങനെ .
ഇറങ്ങേണ്ട സ്റ്റേഷനിൽ തീവണ്ടി
എത്തിയാൽ ഓളപ്പം പറയും
ബേയംകീയീന്ന്.......
കുട്ട്യോളോട് ഒഴിഞ്ഞകുപ്പികളെടുത്ത്
ചാടികോളീന്ന്.......
എന്റെ ദേവ്യേ, മുത്തപ്പനാണെ സത്യം
ഓർടെ വിഷുവാണ് വിഷു,
ഓണം നമ്മുടെ തന്ന്യാ കേമം!
തെക്കൻ മൂർഖനേക്കാൾ
വിഷമാണെന്നാണ് ഓര് പറയാറ്.
ഓരങ്ങനാ സ്നേഹിച്ചാൽ നക്കിക്കൊല്ലും,
ഇടങ്ങേറാക്കിയാൽ പിച്ചിക്കൊല്ലും,
നമ്മുടെ കൂട്ട് വെടക്കു ചിരിയൊന്നുമില്ല!
പത്ത് തെങ്ങ് കാണണേലും
വടക്കോട്ട് പോണം
മതിലില്ലാത്ത പറമ്പുകളിൽ
കല്പവൃക്ഷങ്ങൾ കായ്ച്ചങ്ങനെ
നില്ക്കണ നിൽപ്പ് ,ഹായ്!
അല്ലാണ്ടിവിടുത്തെ പോലെ
ചത്ത റബറു മരങ്ങളല്ല!
അവ്ടെ തെയ്യവും കോലവും
ഇവ്ടെ പടയണിയും കൂത്തും
എല്ലാം ഓരോരോ സംസ്കാരങ്ങളേ,
പലതരം സങ്കല്പങ്ങളേ!
ഞാനിങ്ങനെ എന്റെ വീട്
എന്റെ വീടെന്ന് പറഞ്ഞോണ്ടിരുന്നാൽ
ഓൾക്ക് കലിപ്പാവും,
ഇത് ഓൾടെ വീടല്ല്യോ
ഓളെന്റെ ഫാര്യയല്ല്യോ!

കലി

കലി
* * * *
പിശാചിന്റെ പേന
കൈയ്യിൽ പിടിപ്പിച്ചവളേ,
എഴുത്തിന്റെ തെരുവിൽ
വില കേറ്റിവിളിച്ച്
ലേലം ഉറപ്പിച്ചവളേ,
കണ്ണാടി തച്ചുടച്ചെന്റെ
പ്രതിബിംബം തകർത്തോളേ,
പ്രഭാതത്തിൽ കന്യാരക്തം
പുരട്ടിയ വാക്കുകളാൽ
വായ്മൂടി കെട്ടുന്നോളേ,
വെറുപ്പിന്റെ തുണികൊണ്ട്
കണ്ണുമൂടി കാഴ്ച്ചകൾ
മറച്ചോളേ,
പരാന്നഭോജിയായി
ഹൃദയാന്തരാളത്തിൽ
വസിപ്പോളേ,
മലക്കം മറിഞ്ഞെന്റെ
സുരതശയ്യയിൽ
രതിമൂർച്ഛ തകർത്തോളേ,
നിനക്കെന്ത് പേര്
നിനക്കെത്ര പേര്
നിതാന്തശത്രുവിന്റെ വിളിപ്പേര്!
DR:ANUP'S POETRY

അമ്മപ്പേടി

അമ്മപ്പേടി
................
താരാട്ടുപാട്ടുകളല്ല
അമ്മ പാടിയിട്ടുള്ളത്,
ഉറങ്ങാതിരിക്കാനുള്ളവയാണ്,
ഉണർത്തുപാട്ടുകളാണ്!
ഉണരാതെപ്പൊഴും അച്ഛൻ
ഉറങ്ങാൻ തുടങ്ങിയശേഷം
അമ്മ ഉറങ്ങിയിട്ടേയില്ല.
കള്ളകാറ്റു പോലും
കയ്യാമം ഇട്ടതുപോലെയാണ്
പറമ്പിലൂടെ പതുങ്ങിപ്പോകുന്നത്.
സന്ധ്യയ്ക്കുശേഷം, തെങ്ങ്
ഉണങ്ങിയ ഓലമടലുകൾ
പൊഴിക്കാറേയില്ല !
വാഴകൾ ഇലകളനക്കാറുമില്ല.
തട്ടുമ്പുറത്തേ പെരുച്ചാഴികൾ
രാത്രി ഉറങ്ങുകയും, പകൽ
പണിക്കു പോവുകയും ചെയ്യും.
അന്തിമയങ്ങിയാൽ ആകെ
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപോലെയാണ്.
കഞ്ഞികുടി കഴിഞ്ഞ്
കിടന്നാൽ പിന്നെ, കഥകളുടെ
പൊഴിഞ്ഞു വീഴലാണ്
മഴകഴിഞ്ഞ മരം പോലെ!
ഇരുമ്പുകമ്പി ഘടിപ്പിച്ച
എണ്ണത്തിലധികം സാക്ഷകളുള്ള
വാതിലുകൾ,
അടിച്ചുറപ്പിച്ച ജനലുകൾ,
ഗ്രില്ലു പിടിപ്പിച്ച വരാന്ത,
കുപ്പിച്ചില്ലു നിരത്തിയ മതിൽ,
തലയിണയ്ക്കടിയിലെ കത്തി,
അമ്മയ്ക്കു പേടിയായിരുന്നില്ല
അമ്മ പേടിയായിരുന്നു.
അമ്മയ്ക്കു വിഷാദമായിരുന്നില്ല
വിഷാദം അമ്മയായിരുന്നു.
കട്ടിലിൽ, പുതപ്പുകൂടാരത്തിനുള്ളിൽ
കഥ പറഞ്ഞ് കിടക്കുമ്പോഴും
അമ്മ പുകയുകയായിരുന്നു,
ഉള്ളകം പൊള്ളുകയായിരുന്നു!
DR:ANUP'S POETRY

സാന്ത്വനം

സാന്ത്വനം
* * * * * * * *
നിഴലില്ലാത്തൊരു ദിനം
ദിഗന്തങ്ങൾ പൊട്ടിത്തെറിക്കും,
മോഹഭംഗങ്ങളുടെ തമോഗ്രഹങ്ങ -
ളാകാശം നിറയ്ക്കും,
ദുർനിമിത്തങ്ങൾ എഴുത്തുമേശമേൽ നിരക്കും,
കാൽച്ചോട്ടിലെ ഭൂമിയൊരഗ്നി-
പർവതമായി പുകയും,
നിർത്താതെ കൊടുംകാറ്റടിക്കും
കരിമേഘക്കെട്ടുകൾ പൊടുന്നനെ
അഴിഞ്ഞലറി നിപതിക്കും,
വൻമരങ്ങൾ കടപുഴകും
നിർത്താതെ കൂമൻ ചിലയ്ക്കും,
കുറുനരികളോരിയിടും,
ഓർമ്മകളോടിയകലും .
ആർദ്രമാം നിൻ കരാംഗുലി -
കളാന്നേരമെൻ കരമൊന്നു
തലോടുകിൽ, ഘനമൗനമാർ-
ന്നൊരു വാക്കുമൂളുകിൽ,
പ്രശാന്തമാകുമീ ഭൂമിയും വ്യോമവും
പ്രക്ഷുബ്ധമെൻ മനസ്സുമതിൻ
മായക്കാഴ്ച്ചകളും മതിവിഭ്രമങ്ങളും!
DR:ANUP'S POETRY

പ്രശസ്ത ദൈവം

പ്രശസ്ത ദൈവം
* * * * * * * * * * * * *
പണ്ട്,
ആളനക്കങ്ങൾ കുറവുള്ള
ആരെങ്കിലും വിളക്കുവെയ്ക്കുന്ന
നിറയേ മരങ്ങളുള്ള
നിറഞ്ഞ കുളമുള്ള
കാവായിരുന്നു.
മുനിഞ്ഞു കത്തുന്ന
കൽവിളക്കിന്റെ വെട്ടത്തിൽ
ദേവിയും നാഗത്താന്മാരും.....
ഇന്ന്,
മരകല്ലറകൾക്കു മീതെ
മഹാസൗധങ്ങൾ പണിതു,
കുളം നികത്തിയതിൻ മേലെ
വിശാലമായ കാർപാർക്കിംഗും,
നാൽക്കവലകളിൽ ഫ്ലെക്സുകൾ,
അങ്ങനെയാണിപ്പോൾ
തിക്കുംതിരക്കുള്ള ദേവാലയമായത് .
നാലാളറിയുന്ന ,
നാടെങ്ങും പ്രശസ്തിയുള്ള
ദൈവമായത്....!
DR:ANUP'S POETRY

മരത്തടിയും ഇരുമ്പ്ദണ്ഡും

മരത്തടിയും ഇരുമ്പ്ദണ്ഡും
* * * * * * * * * * * * * * * * * * * 
കുറുകെവെച്ച രണ്ടുമരത്തടികൾക്കും
ഒത്തിരി വളച്ചുവെച്ച ഇരുമ്പ്ദണ്ഡിനും
അറിയില്ലായിരുന്നു അവരെ നോക്കി
കൈകൂപ്പുന്നതെന്തിനെന്ന് ....
കരഞ്ഞുകേഴുന്നവരോട് അവർക്ക്
അകമഴിഞ്ഞ അലിവായിരുന്നു.
പിന്നിലിരുന്ന് ഭണ്ഡാരത്തിലെ
തുട്ട് എണ്ണുന്നവരുടെ കണ്ണിലെ
തിളക്കത്തോട് പേടിയും....
യഥാക്രമം ത്യാഗവും ശബ്ദവും,
പിന്നെ പ്രതിരൂപവുമാണ് തങ്ങളെന്ന്
അവരെ പറഞ്ഞുപഠിപ്പിക്കേണ്ടിയിരിക്കുന്നു.
കാരണം, അവരജ്ഞരാണല്ലോ,
നമ്മൾ സർവ്വജ്ഞരും!
DR:ANUP'S POETRY