Sunday, July 12, 2020

പ്രാർത്ഥന


...............

ഇഴതൂർന്ന വള്ളിപടർപ്പുകളെ
സൗവർണ്ണ ശൈലശൃംഗങ്ങളെ
ഹരിത താഴ്വാരങ്ങളെ
നീലിച്ച തണ്ണീർതടങ്ങളെ
ഒന്നേയുള്ളുവെന്നറിവേറിയോർ
ചൊല്ലിതന്നിട്ടുണ്ടെങ്കിലുമാരാധിക്കുന്ന
എണ്ണിയാലൊടുങ്ങാത്ത ദൈവസങ്കല്പങ്ങളെ ,
മനമുരുകി കേഴുമെൻ പ്രാർത്ഥന
നിങ്ങൾ സഫലമാക്കൂ, സാർഥകമാക്കൂ !
ജനിച്ചവരെല്ലാമൊരിക്കൽ
മരിക്കുമെന്നുള്ളത് നിശ്ചയം, നിത്യസത്യം !
വേണ്ടയതിനാലെനിക്കമരത്വ വരങ്ങളും
അളവറ്റ ധനവും, അതിസുഖഭോഗങ്ങളും .
തലമുറകൾക്കേകുവാൻ പൈതൃകസ്വത്തായി
പകരമായി വേണമെനിക്കു ,
മലിനമാകാത്ത മരുത്തും
തെളിവാർന്ന തോയവും
മുറിവൊന്നുമില്ലാതെ നിറചിരിയുമായെന്റെ ഭൂമാതയും !
മറ്റെന്താണു മർത്യാ, ഇതിലുമമൂല്യം,
ഇതിലേറെ ശ്രേഷ്ഠമുദാത്തം !

നിറദീപമേ ,
പ്രപഞ്ചാവബോധമേ ,
നിതാന്ത നിയമമേ .....
ഒരു സ്വാർത്ഥ പ്രാർത്ഥനയ്ക്കും
ചെവികൊടുക്കാതെ നിങ്ങൾ,
സ്വയം നിങ്ങളെ തന്നെ കാത്തുകൊള്ളീടുക ,
കല്പാന്തകാലത്തോളം കാത്തുവെച്ചീടുക ...
പുഴ നിറഞ്ഞൊഴുക്കട്ടെ,
മലനിരകളുയർന്നുന്നതിയിൽ നിൽക്കട്ടെ,
മരം വനമായി പൂത്തുപടരട്ടെ !
നിങ്ങളെന്നുമേ നിങ്ങളായി നിലനിന്നിടട്ടെ !
അതാണെൻ പ്രാർത്ഥന,
അതേ,അതാകട്ടെ,അതുമാത്രമാകട്ടെയെൻ അർത്ഥന .. !
DR:ANUP'S POETRY

ഉള്ളോൻ

ഉള്ളോൻ *
...............
        (1)
(പ്രവേശിക)
 ..............
അണ്ഡാശയത്തിൽ നിന്നിറങ്ങി,
ഗർഭാശയത്തിന്റെ ചുമരിൽ ചാരി,
അമ്മ ഒരിതൾ കോശമായി
അച്ഛന്റെ വരവും കാത്തിരിക്കുകയായിരുന്നു..
ഓടിക്കിതച്ചാണ് അച്ഛനെത്തിയത്,
വിജയിയായതിന്റെ ആമോദോന്മാദങ്ങൾ
അവർ പങ്കുവെച്ചു,
അവരിരുവരുമൊന്നിച്ചൊരു
കുപ്പായം തുന്നിതുടങ്ങുകയായിരുന്നു.
അവനുള്ള കുപ്പായം,
അവർ നെയ്ത കുപ്പായത്തിൽ
അവനങ്ങനെ ഞാനായി !
ഞെളിഞ്ഞങ്ങനെ ഞാനായി !
       (2)
(സമാധി )
............
ഉള്ളിലുള്ളതു തിരഞ്ഞാ,ലുലകം
ഉള്ളം കൈയ്യിലൊതുങ്ങും,
ഉള്ളിയിലുള്ളതു തിരഞ്ഞു -
നടന്നാലുള്ളതെല്ലാം തുലയും.
ഉള്ളോനുളളിലുദിക്കും കാലം
ഉണ്മയിലെല്ലാം വെളിവായി തെളിയും !
ഉള്ളോനുടുപ്പഴിച്ചു കളഞ്ഞെന്നാകിൽ,
പിന്നാദേഹമഗ്നിയിലമരും!
ധീയതു സമമായി മാറീടുകില -
വനാദിമഹസ്സിൽ ചേർന്നലിഞ്ഞീടും....!

* ഉള്ളിലുള്ളവൻ
DR:ANUP'S POETRY

ഗതിവിഗതികൾ

ഗതിവിഗതികൾ
......................
(1)
ഗതി
.......

ആവിയാക്കുന്ന വേനൽ,
മേഘഗർജനങ്ങൾക്കു പിന്നിലെ
ശരീരം നുറുക്കുന്ന ആഘാതനോവുകൾ,
തലതല്ലിയൊഴുക്കുകൾ,
മാലിന്യങ്ങളുടെ കരിനിറമെഴുക്ക്,
ദേശാന്തരങ്ങളിലൂടെയുള്ള
സഹസ്രദൂര സഞ്ചാരങ്ങൾ,
അപരപാപങ്ങളുടെ ഏറ്റെടുക്കലുകൾ....
എത്ര അലഞ്ഞാണ് ഇവിടെ
എത്തിയതെന്നറിയാമോ?
ഇനി വയ്യ, ഒരു തിരിച്ചു പോക്കിനിയില്ല ....
സമുദ്രത്തിലേക്ക് ഒഴുകിയെത്തിയ പുത്തൻ
കൂറ്റുകാരനായ വെള്ളതുള്ളി ശാഠ്യം പിടിച്ചു...
പ്രപഞ്ചോത്പത്തിയുടെ ആദ്യനിമിഷങ്ങളിലെ പൊട്ടിത്തെറിയുടെ വടുക്കൾ ഉഴിഞ്ഞുകൊണ്ട് വെള്ളതുള്ളിയപ്പൂപ്പൻ പറഞ്ഞു തുടങ്ങി,
'ജലയുണ്ണീ, അമൃതമേ,
ഇതാരുടേയും സ്ഥിരവാസസ്ഥലമല്ല,
സുഖവാസസ്ഥലവുമല്ല,
നിന്റെ ഊഴം വന്നാൽ
നിനക്കു പോകാതെ തരമില്ല,
അലയാതെ,അലയൊടുങ്ങാതെ
അവനിയിലെന്തു ജന്മം!
ജലസമാധിയുടെ നിത്യത
കടലിന്നുമുകളിൽ കരിമ്പടം പുതച്ചു!

(2)
വിഗതി
.........

ഭൂമിയുടെ അകക്കാമ്പോളം
വേരോടിയ മരം പിഴുതെറിയും പോലെ,
ഇത്രയേറെ ആഴങ്ങളിലേക്ക്
ആഴ്ന്നിറങ്ങിയ പ്രണയത്തിൽ നിന്ന്
എങ്ങനെയാണ് ഞാൻ
തിരികെ നടക്കുക!
പ്രാണൻ വലിച്ചൂറ്റും പോലെ,
ഹൃദയമൊരു ഉരുളിലിട്ട്
കൊത്തി പൊടിക്കും പോലെ,
ജലമരണത്തിലവസാന
ശ്വാസത്തിനായി പിടയുന്ന പോലെ!
മനസ്സാഴങ്ങളിൽ തിരികെയുള്ള
വഴികളൊക്കെ മറന്നു പോയിരിക്കുന്നു....
അല്ലെങ്കിൽ തന്നെ, എല്ലാ
വഴികളും അടഞ്ഞപ്പോഴല്ലേ
നിന്നിലേക്കുള്ള വഴി തെളിഞ്ഞത്!
എങ്കിലും തിരിഞ്ഞുനടക്കുകയാണ്..
വിധി അതല്ലേ വിധിച്ചത്,
ഈ ലാബ്രിന്തിൽ നിന്നും
പുറത്തെത്തില്ലന്നറിയാമെങ്കിലും!
DR:ANUP'S POETRY

വിർച്ച്വൽ റിയാലിറ്റി .........................

വിർച്ച്വൽ റിയാലിറ്റി
.........................

ഒക്കെ മായയാണെന്നാണ്
ഗീതയും ശങ്കരനും പറയുന്നത്.
ഓപ്പോടെ കൂട്ടുകാരി ഗീതേച്ചി അല്ല,
കൃഷ്ണേട്ടൻ ഫൽഗുവിന്
പറഞ്ഞു കൊടുത്ത ഗീത !
കാണുന്നതൊക്കെ നിഴലുകളാണെന്ന്,
ജീവിതം നീർകുമിളയാണെന്ന്
ഒഴുകി നടക്കുന്ന ഉദകപോളകളാണെന്ന്!
ഒന്നു തലപുകച്ചാൽ
അതിപ്പോൾ ശരി തന്നെയാണല്ലോ?
കണ്ണുണ്ടങ്കിലല്ലേ കാണൂ ,
ചെവിയില്ലെങ്കിലെന്തു കേൾക്കാൻ .
അമീബയോടാരായിരിക്കും
വളരാൻ പറഞ്ഞത്,
വാതകക്കൂട്ടങ്ങളിൽ നിന്ന്
സൂര്യനും നീഹാരികയും
നീയും ഞാനും രൂപാന്തരപെടണമെന്ന്!
ഭൂമിയിൽ മരങ്ങളും
മലകളും പുഴകളും
കാഴ്ച്ചകളൊരുക്കിയിട്ടുണ്ടെന്ന് ,
ശബ്ദതന്മാത്രകൾ തലങ്ങും വിലങ്ങും
പാഞ്ഞ് , ധ്വനികളുതിർക്കുന്നുണ്ടെന്ന് !
ഇടിമുഴങ്ങുന്നുണ്ടെന്ന്,കാത് മുളയ്ക്കണമെന്ന്.
ഒളിച്ചോടാൻ കാലുകളും ,
തട്ടിപ്പറിക്കാൻ കൈകളും വേണമെന്ന് !
വർണ്ണ കണ്ണട വെച്ച് ഓലമേഞ്ഞ
ടാക്കീസിലിരുന്ന് മൈഡിയർ കുട്ടിച്ചാത്തൻ
കണ്ട് അതിശയപ്പെട്ടപ്പോൾ
അവർ പറഞ്ഞു 3 ഡി ആണെന്ന് ....
ഇന്നിപ്പോൾ 7 ഡിയും 8 ഡിയുമൊക്കെയാണ്
കറങ്ങുന്ന കസേരയിലിരുന്നു കാണുന്നത് .
ഒരു രഹസ്യമറിയാമോ, തലനരച്ച
ബുദ്ധിജീവികൾ പറയുന്നത്
ഈ അണ്ഡകടാഹത്തിന്
ഇതൊന്നുമല്ല,14 മാനങ്ങളാണുള്ളതെന്ന്!
ഉറക്കമുണരുമ്പോൾ, കണ്ട സ്വപ്നങ്ങളൊക്കെ
ഓർക്കാതിരിക്കുന്ന പോലെ,
ഓർമ്മകൾ മായും പോലെ...
മോളൂട്ടി ഇന്നലെ കമ്പ്യൂട്ടറിൽ കളിച്ചത്
അന്റാർട്ടിക്കയിലെ കൊടും തണുപ്പിൽ
ഇഗ്ലുവിന് വീടുപണിയുന്നതായിരുന്നു,
കളി തീർന്നപ്പോൾ അവൾ
ശരിക്കും മരവിച്ചപോലായീന്ന്...
മരുഭൂമികഥകളിൽ ദാഹജലം
തേടിയലയുന്നവർ കാണുന്ന
കാനൽ ജലതുരുത്തുകൾ,
പച്ചപ്പുകൾ, മരീചികകൾ.... !
കാഴ്ച്ചയിലെ കള്ളങ്ങൾ..കള്ള കാഴ്ച്ചകൾ!
വഴിപിഴപ്പിക്കുന്ന മായകാഴ്ച്ചകളിൽ
കണ്ണുടക്കി,മനമിടറി വീഴുമ്പോൾ ,
മുഖം പൊത്തിചിരിക്കുന്ന പ്രകൃതിക്കു
പുറകിലൊളിച്ചിരിക്കുന്നവൻ, പരമൻ
ഹിരണ്യഗർഭൻ ,റിയൽ റിയാലിറ്റി ...!
DR:ANUP'S POETRY

സൂഫിമാനസം

സൂഫിമാനസം
************

അരിപ്പ പോലെ തുള വീണ മനസ്സ്
കടൽതീരത്തെ കാറ്റാടി മരം......
ദർവിഷുകളുടെ നൃത്തചുവടു പോലെ
തിരിഞ്ഞുതിരിഞ്ഞൊടുവിൽ,സ്വന്തം
അച്ചുതണ്ടിന്റെ മധ്യബിന്ദുവിലൊടുങ്ങുന്ന
ഭ്രമണം ... ഭ്രമ മരണം... !

മുറിവുകളിലൂടെയാണ് പ്രകാശം
ഉള്ളിലേക്കു കയറുന്നതെന്ന
റൂമി വചനം മനീഷയിൽ
ഉദിപ്പിച്ചതൊരു ജ്ഞാനസൂര്യനെയാണ്.
ഓരോ മുറിവുകളുമോരോ
വെളിച്ച കീറുകൾ, അവനവൻ
ദർശനത്തിന്റെ ഓലചൂട്ടുകൾ !
ഇരുണ്ട സങ്കേതങ്ങളെ ദൃഷ്ടി -
ഗോചരമാക്കുന്ന മൺചെരാതുകൾ!
പ്രണയിനീ , നീ തന്നിട്ടു പോയതൊരു
തിരുമുറിവാണ്, ഏഴാം തിരുമുറിവ് .
മനസ്സാഴങ്ങളിലേക്ക് കിണറോളം
പോന്നൊരു മുറിവ് !
ഒരു തുണ്ട് വെട്ടമല്ല ,
ഒരു തുടം വെളിച്ചമല്ല ,
ഒരു കടലോളം പ്രകാശമാണ്
അതിലൂടെ പ്രവഹിച്ചത് ,
എന്റെ ലോകങ്ങളത്രയും
ദീപ്തമാക്കിയ പ്രകാശപ്രളയം .

അരിപ്പപോലെ തുളവീണ മനസ്സ് ...
മുറിവുകളിലൂടെ അറിവേറി
അങ്ങനെയാണ് ഞാൻ പ്രകാശമായത് !
DR:ANUP'S POETRY

ത്രിലോചനം

🏹ത്രിലോചനം🏹
    ***********
               (1)
    മുക്കണ്ണൻ കവിത
     .......................
അഘോരന്റെ  തിരുനെറ്റിയിലെ
മൂന്നാം കണ്ണായിരുന്നു
എന്റെ കവിതയെങ്കിൽ....
പടച്ചവനേ,ഞാൻ ആണയിട്ടു
പറയാം,ശ്രീകോവിലിനുള്ളിലെ
അണഞ്ഞ വിളക്കിന്റെ
നികൃഷ്ടയിരുട്ടത്ത്, കുഞ്ഞു
മേനിയിൽ കുതിരകയറിയന്മാരുടെ
ഉദ്ധരിച്ച കൊടിയേറ്റങ്ങളെ
ചാരം പോലുമില്ലാതെ ചുട്ടേനേ!

അത്താഴ പട്ടിണിക്കാരന്റെ
മുഷിഞ്ഞ ഭാണ്ഡത്തിൽ
കൈയ്യിട്ടുവാരുന്ന അധികാരികളുടെ
വിഷദൂഷിത വംശത്തെ
നാമാവശേഷമാക്കിയേനേ!

കുടിവെള്ളത്തിൽ നഞ്ച് കലക്കി,
കതിരിൽ കല്മഷം തളിക്കുന്നവന്റെ
കുലം മുച്ചൂടും മുടിച്ചേനേ!
കള്ളക്കണ്ണീരിൽ മുക്കിതുവർത്തിയ
കവിതയിൽ, കാപട്യം കുടഞ്ഞിടുന്ന
കവിനാമധാരിയെ,മുക്കാലിയിൽ
കെട്ടിയിട്ട് കൈവിരലരിഞ്ഞേനേ!

പല നിറകൊടികളായി മാത്രം
മനുഷ്യനെ കാണുന്ന,
കല്ലേ വെല്ലുന്ന കഠിനഹൃദയരുടെ
ഉച്ചിയിൽ സർവ്വസംഹാരത്തിന്റെ
ഉഗ്രാഗ്നി വർഷിച്ചേനേ ......!
ചിരി പതിപ്പിച്ച ചുണ്ടുകൾക്കു
പുറകിൽ,ഞറുമ്മുന്ന വിഷപല്ലുകളെ
ഒളിപ്പിച്ചു വെച്ച ഇരുകാലിയുരഗങ്ങളെ
ഉമിത്തീയിൽ ഉരുക്കിയേനേ!

നെറ്റിത്തടത്തിലെ അതീന്ദ്രീയാക്ഷി
തുറന്നെന്നിലെ അംഗജാത്മാവിനെ
ചുട്ടോളൂ,ആത്മവിദ്യാലയം തന്നിലെ
ചുടലഭസ്മം വാരിതേച്ചെന്നെ നീ
മൂർത്തനാക്കിയാലും മഹാദേവാ !
ഹര ഹര മഹാദേവ് !

               (2)
          ശിവോഹം
          ..............

പ്രണയത്തിന്റെ കൈലാസത്തിലാണ്
ചിദംബരാ, നിന്റെ തിരുജടയുടെ
സാംഗത്യം തിരിച്ചറിഞ്ഞത്.
അതിനുള്ളിൽ നിന്നൊഴുകിയിറങ്ങുന്ന
ഗുപ്തഗംഗയുടെ ആത്മഹർഷത്തിന്റെ
പുളകങ്ങളെന്നിൽ രോമഹർഷങ്ങളായത്!
മാനസസരസ്സിൽ നിന്ന് നിന്നിലെത്താനാണ്
സമാഗമത്തിന്റെ ഉൾവിളിയിലൊഴുകിയത് !
മൃത്യുവിൽ നിന്ന് അമരത്വത്തിലേക്കുള്ള
പരിക്രമണം,
നീ ആപാദചൂഢം പ്രകൃതിയാണ് മഹാപുരുഷാ,
വൈരുദ്ധ്യങ്ങളുടെ സമന്വയം,അർദ്ധനാരീശ്വരത്വം!
ഈ വെളിപാടിലൂടെ, വെളിച്ചത്തിലൂടെ
ഇനി ഞാൻ ശവമല്ല,ശിവനാണ്...
ശിവോഹം .... ശിവോഹം .... ശിവോഹം

                      (3)
            നീലകണ്ഠൻ
            ..................
കാറ്റിലും കരയിലും കടലിലും,
മത്തനാം മർത്യൻ കലർത്തിയ
കാളകൂടങ്ങളാണ് ശങ്കരാ,
മരണം മണക്കുന്ന മഹേന്ദ്രജാല
ങ്ങളാണു ചുറ്റിനും,
മലിനമല്ലാത്തതൊന്നുമില്ല
മനസ്സുപോലും മഹേശ്വരാ!
കോരിക്കുടിക്കുമോയീ വിഷങ്ങളൊക്കെ,
വിശുദ്ധയാക്കുമോയെന്നമ്മയേ
അബലയാം ഭൂവിനേ!
നീലകണ്ഠനായീടുക നീയിനിയും മൃത്യുജ്ഞയാ.....
DR:ANUP'S POETRY

ജ്ഞാനലഹരി

ജ്ഞാനലഹരി
......................
          ( അ )
മുറിയിലേക്ക് ക്ഷണിക്കാതെ
പുറത്തു നിർത്തിയതിന്റെ
പരിഭവത്തിൽ, കടൽ
മഴയായി പെയ്തുകൊണ്ടിരുന്നു!
അനാദിയായ പ്രളയമണം
സൃഷ്ടിയുടെ ആദ്യബീജത്തിനൊപ്പം
ഓരോ മഴതുള്ളിയിലും
അടയിരുക്കുന്നുണ്ടായിരുന്നു.
ജലസംഭവന്റെ പകർപ്പുകൾ!
ഗിരിശൃംഗങ്ങളിൽ നിന്ന്
വിരുന്നു വന്നവരുടെ
വെറുംകൈകളിലെ ഒരുപിടി
വാക്കുകളിൽ, ഭൂമിയുടെ
ഉപ്പ് രുചിക്കുന്നുണ്ടായിരുന്നു!
നിർമോഹത്തിന്റെ മന്ദഹാസം
മഹാദൂത് പോലെ, ചൊടികളിൽ
വിരിഞ്ഞു കിടന്നിരുന്നു!
കണ്ണുള്ളവർ കാണട്ടെ
അകമിഴി തുറക്കട്ടെ!
മഴ പെയ്ത്തുനിർത്തി
നരച്ച ഓർമ്മകളിലേക്കു മടങ്ങി
ഒപ്പം മരങ്ങളും !!

           ( ആ )
ജലത്തിലും മരത്തിലും
കാറ്റിലും മണ്ണിലും,
കാണുന്നതിലൊക്കെയും
കുടിയിരുന്ന നിസ്വനായ നിന്നെ,
ആകാശത്തിന്റെ അനന്തതയ്ക്കപ്പുറമുള്ള
സിംഹാസനത്തിൽ പിടിച്ചിരുത്തിയവർ
കൈകൊട്ടി ചിരിക്കുന്നു..
അവരുടെ വഴിപാടുകളിലൂടെ,
മദ്ധ്യസ്ഥപ്രാർത്ഥനകളിലൂടെ
മാത്രമേ ഇനി അപേക്ഷകളും
അഭ്യർത്ഥനകളും അവിടേക്കു
കടന്നുവരികയുള്ളൂ,
തടവിലാക്കപ്പെട്ട നീ !!

             ( ഇ )
വർണ്ണ കടലാസ്സിൽ
പൊതിഞ്ഞുവെച്ചൊരു
വേദനയാണ് ജീവിതം!
നോവിന്റെ വേരോട്ടങ്ങളിൽ
ചിരിയുടെ ചില കനികൾ!
വിരഹത്തിന്റെ ഇടിമുഴക്കങ്ങൾ
-ക്കിടയിൽ, കുഞ്ഞുമ്മകളുടെ
മിന്നൽ വെളിച്ചം!
കരിപിടിച്ച അമ്മാവാസികളിൽ
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം!
ഹൃദയഗ്രീഷ്മവറുതിയിൽ
ഗുൽമോഹറുകളുടെ പൂവിടൽ!
കനികളിലെ കാണാത്ത വിത്തുകളിൽ
പ്രപഞ്ചം മയങ്ങുകയാണെന്നും,
മിഥ്യയ്ക്കുള്ളിലും സത്യത്തിന്റെ
കനലുകൾ അണയാതെ
കിടക്കുമെന്നും കാതിലോതിയോടി
മറഞ്ഞ അവധൂതാ, നിന്റെ
ആപ്തവാക്യം ശിരസ്സേറ്റുന്നു ഞാൻ !!
DR:ANUP'S POETRY

കളഞ്ഞുപോയ താക്കോൽ .....................................

കളഞ്ഞുപോയ താക്കോൽ
.....................................

നിന്റെ ശരീരത്തിന്റെ താക്കോൽ
എനിക്ക് കളഞ്ഞു പോയ ദിവസമാണ്,
ചുരമിറങ്ങിപോയ വസന്തത്തിന്റെ
മരണവാർത്ത കേൾക്കുന്നത്.
വഴിമദ്ധ്യേ അകാലമൃത്യു !
ഇനിയെന്റെ സംവത്സരങ്ങൾക്ക്
അഞ്ച് ഋതുക്കൾ മാത്രം!
എന്റെയെല്ലാ പ്രണയവും
കടലെടുത്ത ദിവസം.
ഇനി നിന്നിലേക്കെങ്ങനെയാണ്
ഞാൻ എത്തുക !
അടഞ്ഞ പടിവാതിൽ വരെയെത്തി
പിൻതിരിഞ്ഞു നടക്കുകയാണ്,
ഇനി നിന്നിലേക്കെങ്ങനെയാണ്
ഞാൻ കടക്കുക!
ശുഭപ്രതീക്ഷകളുടെ ചെരുപ്പ്
ഞാനിവിടെ ഉപേക്ഷിക്കുകയാണ്.
എന്റെ നഗ്നപാദങ്ങൾ
മണ്ണിൽ തൊടട്ടെ! മണ്ണാകട്ടെ ഞാൻ!
DR:ANUP'S POETRY

........ണയം (പ്ര/പരി) * * * * * * * * * * * * **

.........ണയം (പ്ര/പരി)
* * * * * * * * * * * * **

'പരിണയ'മൊരു
നിയമാധിഷ്ഠിത വ്യവസ്ഥയാണ്!
ഹൃദയാധിഷ്ഠിത അവസ്ഥ
                'പ്രണയവും'!!
DR:ANUP'S POETRY