Tuesday, December 23, 2014

ഇടയന്‍റെ കൂടെ

ഇടയന്‍റെ കൂടെ
===============

നസ്രേത്തിലെ പെരുംതച്ചാ ,
നീ ഉളി രാകി, ഉയിരേകി
കടഞ്ഞെടുത്തൊരു ചാരു ശില്പങ്ങളിന്നിതാ ,
കാനായിലെ വീഞ്ഞു വീപ്പകളില്‍
കമഴ്ന്നു കിടക്കുന്നു ...

അയല്‍കാരന്റെ സര്‍വവും
തട്ടിപ്പറിച്ച് അവരിന്നിതാ
സ്വാര്‍ത്ഥരായി പൊട്ടിച്ചിരിക്കുന്നു .
കുരുടന്റെ മിഴികളില്‍ വെളിച്ചമായി ,
ഊമയുടെ ചുണ്ടില്‍ വാക്കായി ,
ബധിരന്റെ കാതില്‍ നാദമായി ,
മാറിയ  മഹാ വൈദ്യാ ,
കണ്ണുകളുള്ളോരന്ധരായി
തെരുവുകളില്‍ അലയുന്നു ചിലര്‍ .
കുഷ്ഠ)തുരന്റെ കൈകള്‍ ശുദ്ധമായെങ്കിലും ,
മനസ്സിന്റെയുള്ളില്‍ ചലം പൊട്ടിയൊഴുകും
പുണ്ണുമായി പിന്നയും  ചിലര്‍ .

അജഗണങ്ങളെ,തിരിച്ചറിഞ്ഞീടുക
ആത്മാവ് ബലി നല്കിയ
ധീരരക്തസാക്ഷിതന്‍ സങ്കീര്‍ത്തനങ്ങള്‍,
ദാവീദിന്‍റെ സിംഹാസനം
പനിനീര്‍പൂക്കളാലല്ല,  കൂര്‍ത്തമുള്ളുകളാല്‍
തീര്‍ത്തതാണെന്നു  തിരിച്ചറിഞ്ഞീടുക നിങ്ങള്‍.

മുള്‍കിരീടംചൂടിയ വിശ്വരക്ഷകന്‍
ആട്ടിത്തെറുപ്പിച്ച പ്രലോഭനത്തിന്റെ-
പ്രതിലോമ ശക്തിയാം സാത്താനെ
കൂട്ടുപിടിക്കാതിരിക്കുക നിങ്ങള്‍ .

മഗ്ദലനയെ എറിഞ്ഞ കല്ലുകള്‍ ,
വഴിതെറ്റാതിരിക്കാന്‍ -ഓര്‍മ്മചെപ്പുകളായി
നമുക്ക് കരുതി വെച്ചീടാം.....

കുരിശിന്‍റെ വഴിയേ ,
കനിവിന്റെ വഴിയേ ,
ഗിരി മുകളിലെത്താം
ഗുരുപാദ പദ്മത്തിലലിയാം.
നിന്നെ നമിക്കുന്നു ദേവാ,നിന്നെ നമിക്കുന്നു
ഭൂമിതന്‍ പുത്രാ ..ഭൂലോക നാഥാ ..
ഒഴുകി പരക്കട്ടെ ഒളിമങ്ങിടാത്ത
നിന്‍ സ്നേഹസന്ദേശങ്ങള്‍,
ഓരോ തപിക്കുന്ന പാപഹൃദന്തത്തിലും .

ഉറക്കെ പാടുക,
പത്രോസും കൂട്ടരും പകര്‍ത്തിയെഴുതിയ ,
അവന്‍റെ പാടിപതിഞ്ഞ വീരഗാഥകള്‍ .
സ്ഫുടം ചെയ്ത വാക്കുകള്‍ വിരിയട്ടെ
ഹൃദയകമലങ്ങളില്‍ ......
നിറയട്ടെ  ആത്മശുദ്ധി  തന്‍
തേനൂറും മധുരിമ മനമാകെ .

നാഥാ , നിന്‍ തിരുഹൃദയരക്തത്താല്‍
നിര്‍മലമാകട്ടെ ലോകം .
ഗബ്രിയേലുകള്‍  പാറി പറക്കട്ടെ ,
പിറക്കട്ടെ പുതിയൊരാകാശവും
പുതിയ ഭൂമിയും ,പൊന്‍വെളിച്ചവും

Monday, December 8, 2014

Anupinte Kavithakal ചിതറിത്തെറിച്ചവ: നാണയം

Anupinte Kavithakal ചിതറിത്തെറിച്ചവ: നാണയം: നാണയം ====== എന്‍ മിഴികള്‍ പെയ്യു- മ്പോള്‍ ,നീ കൂടെ പെയ്യു- വതെന്തിന് രാമഴപെണ്ണെ? ചേര്‍ത്തണച്ചു മൂര്‍ദ്ധാവി- ലുമ്മ നല്കുവാനിനി ആരു- മില്ലെ...

ചുംബന വിപ്ലവം

ചുംബന വിപ്ലവം 
=============

തെരുവോരങ്ങളില്‍ ,ചേരികളില്‍ 
ഒരുമ്മ പോലും കിട്ടാതെ ,
ജനിച്ചു ജീവിക്കുന്ന 
എത്രയോ അനാഥകുരുന്നുകള്‍!

മരണം പോലുമൊന്നമര്‍ത്തി
ചുംബിക്കുവാന്‍ ,മടിച്ചു -
നില്‍ക്കുന്ന ,ആര്‍ക്കുമേ വേണ്ടാത്ത
എത്രയോ വൃദ്ധജന്മങ്ങള്‍ !

കയറു പൊട്ടിച്ച രോഗങ്ങള്‍
ചവച്ചു തുപ്പിയ ,ഒരു സാന്ത്വന
ചുംബനം കാത്തിരിക്കുന്ന
എത്രയോ രോഗികള്‍!

ഹേ !യുവജനതേ,പങ്കുവെയ്ക്കുക
നിങ്ങള്‍ ,കനിവൂറും ചുംബനങ്ങള്‍
തിരസ്കൃതരായയീ ജന്‍മങ്ങള്‍ക്കായി.

തെരുവിലലയുന്ന കുഞ്ഞിനും ,
പടിയിറക്കിയ വയസ്സര്‍ക്കും ,
മരണം മണക്കുന്ന ആതുരര്‍ക്കും .
കെട്ടിപ്പിടിചൊരുമ്മ നല്‍കി
പ്രതികരിക്കുക ,പ്രതിഷേധിക്കുക.
നിങ്ങള്‍ തന്‍ ചുംബനങ്ങള്‍,ഓരോന്നു-
മവര്‍ക്കൊത്തിരി പ്രതീക്ഷകളാണ്.

പ്രണയമൊരാഭാസമല്ല ,
പ്രതിഭാസമാണെന്ന് തിരിച്ചറിഞ്ഞീടുക.
ആരും കാണാതെ,കവിളിലൊരു
പൂത്തിരിയായി ,പുളകമായി
പങ്കുവെയ്ക്കുന്ന പ്രണയഉമ്മകള്‍
കാലാതിവര്‍ത്തികളല്ലോ ..
ചിതലരിക്കാത്ത ഓര്‍മചിത്രങ്ങളല്ലോ ...

നൂല്‍പാലം

നൂല്‍പാലം
************

യുദ്ധം ജയിച്ചു കഴിഞ്ഞപ്പോഴാണ് 
കിരീടവും ചെങ്കോലും ,
സിംഹാസനവും നഷ്ടമായത് ..

ആദ്യം ഓടിയെത്തിയപോഴാണ്
മുന്നില്‍ ഇനി ദൂരങ്ങളി-
ല്ലായെന്നു മനസ്സിലായത്‌ ..

ചിരിച്ചു ചിരിച്ചു കണ്ണുനിറഞ്ഞൊ-
ഴുകിയപ്പോഴാണ്,എല്ലാ
കണ്ണുനീരിനും ഉപ്പാണെന്ന്
തിരിച്ചറിഞ്ഞത് ......

കണ്ണുകളില്‍ തിമിരം
പടര്‍ന്നു കയറിയപ്പഴാണ്
തലയ്ക്കുള്ളിലെ മിഴിതുറന്നത്.

കാല്‍കീഴിലെ മണ്ണ്
ഒലിച്ചുപോകുമ്പോഴാണ് ,
ഭാരമില്ലായ്മ അനുഭവിച്ചറി
-യുന്നതെന്ന് പഠിപ്പിച്ചത്
തിരയും കടലുമാണ് ,
പിന്നെ ഒരു ജീവിതകാലവും

നാണയം

നാണയം
======

എന്‍ മിഴികള്‍ പെയ്യു-
മ്പോള്‍ ,നീ കൂടെ പെയ്യു-
വതെന്തിന് രാമഴപെണ്ണെ?
ചേര്‍ത്തണച്ചു മൂര്‍ദ്ധാവി-
ലുമ്മ നല്കുവാനിനി ആരു-
മില്ലെന്നതെന്‍ മൌന ദുഃഖം.
മിഴിയിറുക്കിയടച്ചു ,ഞെളി -
പിരിഞ്ഞു കരഞ്ഞപ്പോഴൊ -
ക്കയും ,അമ്മിഞ്ഞ കുടിപ്പി -
ച്ചുണ്ണി വയറുനിറപ്പിച്ച് ,
പാല്‍ പുഞ്ചിരി വിരിയിച്ച
അമ്മ തന്‍ വാത്സല്യം ,
കാര്‍ന്നു തിന്നുന്ന ആമയം .

കരിപിടിക്കുന്നതു നിന്‍
കരങ്ങളിലല്ല ,കരളി -
ലാണെന്നു തിരിച്ചറിഞ്ഞിടുക
നീയെന്‍ പ്രിയ സഖി.
നാളെ തന്‍ നേരായി ,
നന്മ തന്‍ ചെറുതിരി -
നാളമായി മാറുക ,നിങ്ങളീ
വസുധയിലെന്‍ മക്കളേ .

ഊര്‍ദ്ധന്‍ വലിക്കും നിമിഷം
വരേയ്ക്കും ,ഉണ്മയില്‍ നിറ -
സുകൃതമായി ,നിത്യാനിത്യ
ബോധം,പീലി നിവര്‍ത്തിയാടിടട്ടെ.
ചേമ്പിലയിലയൊരു ജലകണിക
പോലെയെന്‍ ഉള്ളം ,കള്ളങ്ങളില്‍-
കലികാല കാപട്യ കണ്മഷ-
ങ്ങളില്‍,കലരാതിരിക്കട്ടെ ..
അപരന്റെ ദുരിതപര്‍വങ്ങളി-
ലെന്‍ ഇടനെഞ്ച് നീറിടട്ടെ.
സ്വാര്‍ത്ഥനാകട്ടെ ഞാന്‍ ആത്മാ-
വുണങ്ങുന്ന,മമ ജീവ ദുഖങ്ങളില്‍.
നിവൃത്തി നേടട്ടെ ,ആത്മ-
ഹര്‍ഷങ്ങളോടിനി,മുക്തി തന്‍
ശാന്തിപഥങ്ങള്‍ തന്നിലൂടെ...

Sunday, October 5, 2014

സൗത്ത് ബംഗാള്‍

സൗത്ത് ബംഗാള്‍
===============

ഭക്ഷണശാലയിലെ
ഊണുമേശയുടെ മുമ്പിലിരുന്ന്‍
ഭാഷ അറിയാതെ പരുങ്ങി
'ഒരു തവി ചോറൂടെ വേണം'.

ആലപ്പുഴയിലെ മൂന്നും
കൂടുന്ന കവലയില്‍,
ഇരുണ്ടു കൂടിയ ഒരു
സന്ധ്യയ്ക്ക്,വഴിചോദി-
ച്ചപ്പോള്‍ വ്യക്തമല്ലാത്ത
ഭാഷയില്‍ പതിഞ്ഞ 
മൂക്കുകാരന്‍ കൈമലര്‍ത്തി.

ഒത്തിരി കൊതിച്ചി-
ട്ടോടുവിലൊരു വീടു
 പണിതപ്പോള്‍,
ഉള്ളിലെ സ്വപ്‌നങ്ങള്‍
മേസ്തിരിയോട് വിവരി-
ക്കാന്‍ കഴിയാതെ വിങ്ങി .

പച്ചചോറില്‍ പച്ചമുളക്
കുഴച്ച് കഴിക്കുന്ന,
വിറങ്ങലിച്ച നിസ്സംഗ-
മുഖങ്ങളെ ,കഥകളിലെ
ഭൂതങ്ങളെ കാണും
പോലെ,കുട്ടികള്‍
ഭീതിയോടെയാണ്
നോക്കുന്നത്.

അതിരാവിലെ ,ടൌണിലെ
ലേലം വിളിക്കള്‍ക്കൊടുവില്‍,
വീതം വെച്ചൊരു
ബംഗാളിയെ എനിക്കും കിട്ടി,
കവിത പകര്‍ത്തിയെഴുതാന്‍.....

Friday, September 26, 2014

കുടിയിറക്കല്‍

കുടിയിറക്കല്‍
============

ഉപ്പുവെള്ളത്തിലിട്ട
കണ്ണിമാങ്ങാപ്പോലെ,
അവനവനില്‍ നിന്ന്‍
കുടിയിറക്കപെട്ടവന്‍റെ
വേദന,അത് അവനു-
മാത്രമേ അറിയൂ.

നേര്‍ത്ത സ്തരത്തിലൂടെ
സത്ത് എല്ലാം
വലിച്ചെടുക്കുന്ന
ഗാഢതയിലെ
വ്യത്യാസങ്ങള്‍.

മണം പിച്ചിയെടുക്കപെട്ട
പൂവിന്‍റെ ആകുലതകള്‍,
ചിറക് കരിഞ്ഞുപോയ
കിളിയുടെ വേദനകള്‍,
ഒഴുക്ക് നഷ്ടപെട്ട
പുഴയുടെ നൊമ്പരങ്ങള്‍.

പകരം പതിച്ചുകിട്ടുന്ന
പൊന്നുംവിലകള്‍ക്ക്
നികത്താനാവാത്ത
നോവുകള്‍.............
അവനവനില്‍ നിന്ന്‍
കുടിയിറക്കപെട്ടവന്‍റെ
വേദന,അവന്‍റെ
മാത്രം നോവാണ്,
ആത്മനൊമ്പരമാണ്...

നില്പ്..............നിലനില്പ്?

നില്പ്..............നിലനില്പ്?
========================

നില്‍ക്കുവാനേയിനി-
യിടം ബാക്കിയുള്ളൂ .
കാലൊന്നുവെയ്ക്കുവാന്‍,
നിലത്തൊന്നുറയ്ക്കുവാന്‍,
ഈ തുണ്ട് മണ്ണെങ്കിലും
നിങ്ങള്‍ നീക്കിവയ്ക്കുക.

ശ്വാസം മുട്ടിക്കുന്ന,
ജലമൂറ്റികുടിക്കുന്ന,
മല തിന്ന്, പ്ലാസ്റ്റിക്‌
തൂറുന്ന വികസനം,
കവര്‍ന്നെടുത്ത പച്ചപ്പുകള്‍.
വെളിച്ചം കടക്കാത്ത
അടിക്കാടുകള്‍, വെട്ടി
വെടിപാക്കി വെളുപ്പിക്കുന്ന
ഒടുങ്ങാത്ത ദുരകള്‍.

താങ്ങും, തണലും,
പശിമൂത്ത വയറിന്
വറ്റും, വറ്റാതെ
പകരുന്ന അടവികള്‍,
ഓര്‍മ്മകളില്‍ മാത്രമായി.

കാല്‍കീഴിലെ ,ശേഷിക്കുമീ
മണ്ണൂടെ, വടിച്ചെടുതീടുകില്‍,
പിന്നെ, ഈ നില്‍പ്
ഒരുമുഴം കയറിലെ
തൂങ്ങിനില്പ്പാകുമോ ?

മറുമൊഴി:
ആദിവാസികളെ ,
നിങ്ങളെങ്കിലും പൊറുക്കുക,
ഞങ്ങളാം അന്ത്യവാസികള്‍
തന്‍ മാതൃഹത്യകള്‍...................

Saturday, September 20, 2014

പശുജീവിതം

പശുജീവിതം
============

കിടപ്പറയിലോ,
ആപ്പിസിലോ ,
ആള്‍കൂട്ടത്തിലോ
എവിടെയെങ്കിലും
വെറുതെ ഒന്നു നിന്നാല്‍ മതി,
ചവച്ചു തീരാത്തയും
ദഹിച്ചു പോവാത്തയുമായ
ഓര്‍മ്മകള്‍ ഓടിവരികയായി.

പുളിച്ചു തികട്ടുന്ന
പിത്ത രസം പോലെ ,
പണ്ടേ ഇറക്കിവിട്ടവയും
ഇട്ടേച്ചു പോയവയും
ഒളിചോടിയവയും ഒക്കെ ,
മറപൊക്കി നാണമില്ലാതെ
കടന്നു വരും ...

രണ്ടു കാലില്‍ നടന്നു
തുടങ്ങിയിട്ടും , ഈ
നാല്‍കാലി ചവപ്പ്
ഇനിയും തീര്‍ന്നിട്ടില്ല ..
സൂഫികഥ പോലെ ,
ഇറക്കി വെച്ചതൊക്കെയും
മനസ്സില്‍ പിന്നെയും
ചുമന്നുകൊണ്ടേയിരിക്കുന്നു

Sunday, August 31, 2014

പ്രവാസിയുടെ പ്രണയം

പ്രവാസിയുടെ പ്രണയം
======================

തിളയ്ക്കുന്ന വെയിലിന്‍
തീനാവ് തല്ലിക്കെടുത്തി
നിന്നാര്‍ദ്ര മൊഴികളെന്‍
കാതില്‍ വേനല്‍മഴയായ്
കിനിഞ്ഞിറങ്ങുന്നു............

വീശിയടിക്കുന്ന മണല്‍-
ക്കാറ്റിലെന്‍, ദിക്കുകള്‍
മാഞ്ഞകന്നീടുമ്പോള്‍
കരങ്ങളില്ലാത്തനിന്‍
പുണരലൊരു താങ്ങായി-
യൂര്‍ജ്ജമായി കഴലുകളെ
വഴി നടത്തുന്നു .................

തനുവിലവശേഷിക്കുന്ന
ജലകണികകള്‍,സ്വേദമായി
ബാഷ്പീകരിക്കുമ്പോള്‍,
ചുണ്ടുകളില്ലാത്ത നിന്നുമ്മകള്‍
ജീവ ദ്രവമായിയെന്‍
ഞരമ്പുകളിലൊഴുകി നിറയുന്നു .

ഓരോ ദിനങ്ങളും
എണ്ണിയെണ്ണി കാത്തിരിക്കുന്നു
എണ്ണയിട്ടു ചീകിമിനുക്കിയ
നിന്‍ കാര്‍കൂന്തലില്‍
മുഖമൊന്നാഴ്ത്തുവാന്‍.

പ്രണയശലഭമേ ......,
കപ്പലേറി കടല്‍കടന്നു
പോയീടുക നീയെന്‍
പ്രണയപുഷ്പ സവിധേ,
ഈ മധുകണമൊന്നു
പകര്‍ന്നു നല്കീടുവാന്‍ .

പ്രവാസിയെങ്കിലും-പ്രിയേ,
നിന്‍ഹൃദയഗേഹത്തിലെ
പ്രണയവാസിയാണ് ഞാന്‍..

Sunday, August 24, 2014

സദാചാരം


സദാചാരം
==========

പൊതിഞ്ഞു കെട്ടി
പൊതിഞ്ഞു കെട്ടി
Photo: സദാചാരം 
==========

പൊതിഞ്ഞു കെട്ടി 
പൊതിഞ്ഞു കെട്ടി 
മടുത്തൂ,ഇക്കിളികളെ .

ഒന്നെങ്കില്‍ -
തുറന്നു വിടണം ,
അല്ലെങ്കില്‍ -
തല്ലിക്കൊല്ലണം.
പിടിച്ചു കെട്ടാമെന്നു 
വെച്ചാല്‍  ,
ചങ്ങലയ്ക്കും  ഭ്രാന്താവും.

കാണരുതെന്ന് കരുതി 
അടച്ചുവെച്ച കാഴ്ചകള്‍
സ്വപ്നങ്ങളില്‍ 
ട്രപ്പീസു കളിക്കുന്നു .

ഒളിഞ്ഞു നോക്കാനും 
ഒളിസേവ ചെയ്യാനും 
കയറു പൊട്ടിക്കുന്ന 
വഷളന്‍ മനസ്സ് ..

സദാ ചാരം മൂടി-
കിടക്കുന്ന തീക്കനല്‍ 
പോലെ,പമ്മി കിടക്കുന്നു 
പണ്ടത്തെ കഥകള്‍ .

ഒരു വഴിയുണ്ട് --
ആനയെ മെരുക്കുന്ന 
പാപ്പാന്‍റെ  പണി.
ചെവിതോണ്ടി പോലത്തെ 
തോട്ടി കൊണ്ട് ,
കൊമ്പന്‍റെ വമ്പ് 
വരച്ച വരയില്‍ 
തളയ്ക്കുന്ന വിരുത് .
ധര്‍മബോധത്തിന്‍റെ 
തോട്ടികൊണ്ട്‌- മെരുക്കും  
മെരുങ്ങണം..........മടുത്തൂ,ഇക്കിളികളെ .

ഒന്നെങ്കില്‍ -
തുറന്നു വിടണം ,
അല്ലെങ്കില്‍ -
തല്ലിക്കൊല്ലണം.
പിടിച്ചു കെട്ടാമെന്നു
വെച്ചാല്‍ ,
ചങ്ങലയ്ക്കും ഭ്രാന്താവും.

കാണരുതെന്ന് കരുതി
അടച്ചുവെച്ച കാഴ്ചകള്‍
സ്വപ്നങ്ങളില്‍
ട്രപ്പീസു കളിക്കുന്നു .

ഒളിഞ്ഞു നോക്കാനും
ഒളിസേവ ചെയ്യാനും
കയറു പൊട്ടിക്കുന്ന
വഷളന്‍ മനസ്സ് ..

സദാ ചാരം മൂടി-
കിടക്കുന്ന തീക്കനല്‍
പോലെ,പമ്മി കിടക്കുന്നു
പണ്ടത്തെ കഥകള്‍ .

ഒരു വഴിയുണ്ട് --
ആനയെ മെരുക്കുന്ന
പാപ്പാന്‍റെ പണി.
ചെവിതോണ്ടി പോലത്തെ
തോട്ടി കൊണ്ട് ,
കൊമ്പന്‍റെ വമ്പ്
വരച്ച വരയില്‍
തളയ്ക്കുന്ന വിരുത് .
ധര്‍മബോധത്തിന്‍റെ
തോട്ടികൊണ്ട്‌- മെരുക്കും
മെരുങ്ങണം..........

Friday, August 22, 2014

ഓര്‍മ്മകള്‍ പറയാതിരുന്നത്

ഓര്‍മ്മകള്‍ പറയാതിരുന്നത്
==========================

ഓര്‍മ്മകള്‍ പറയാതൊ-
ളിപ്പിച്ച കഥകള്‍
ചികയുവാന്‍,മഴനൂലി-
ലൂടിന്നു ഞാന്‍
മറുകര തേടി പറന്നു

ആരും കാണാതെ...
ഉമ്മറ കോലായില്‍
മഴവെള്ളം തട്ടി-
ത്തെറിപ്പിച്ച , കുഞ്ഞിളം-
മനസ്സിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....

കൈ വെള്ളയില്‍,നീണ്ടു
തുടുത്തു പതിഞ്ഞൊരാ
ചൂരല്‍ പാടുകള്‍
തന്നിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....

കാലം ക്ലാവു പിടിപ്പിച്ച
ഓട്ടുരുളി ,ചാരവും
ചകിരിയും ചേര്‍ത്ത -
മര്‍ത്തി തുടച്ചു ഞാന്‍
മറുകര തേടി പറന്നു....

അധരം നുണഞ്ഞെന്നെ
ഊറ്റി കുടിക്കുന്ന ,നിന്‍ ചുടു
ചുംബനത്തിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....

ആലിന്‍ ചുവട്ടിലെ
തെയ്യത്തറയിലാടി തിമിര്‍ക്കുന്ന
കോമരം തന്നിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....

കുളിരുള്ള രാത്രിയി -
ലുണ്ണിയിടയന്റെ
പിറവി പുകഴ്ത്തുന്ന
നക്ഷത്രദീപങ്ങളിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....

മറുകരയിലെത്തി,
മറവിയെ തോല്‍പ്പിച്ചു ,
ഓര്‍മ്മ തന്‍ പത്തായം
പതിയെ തുറന്നപോള -
തിനുള്ളിലെന്‍ ജാതകം
പുറം ചട്ടയില്ലാതെ
ചിതലുകള്‍ തിന്നു
ചിതറി കിടക്കുന്നു ...

ശിശിരങ്ങളോരോന്നിലും
പഴുത്ത ഇലകള്‍ക്കൊപ്പം
കൊഴിയുന്ന യൗവനം,
മടങ്ങി വരാത്ത വസന്തങ്ങള്‍-
ക്കായി ,ഒരു ചെമ്പനീര്‍ പൂവ്
കരുതി വെചീടുന്നു ....
ഓര്‍മ്മകള്‍ പറയാതിരുന്ന ..
സ്വപ്‌നങ്ങള്‍ തെളിയാതിരു-
ന്നയിടങ്ങളില്‍ ,ഞാന്‍
കാത്തു വെചീടുന്നു....

വിഷാദം

വിഷാദം
========

കൈകുടന്നയില്‍
കരുതിവെച്ചതൊക്കയും
കണ്ണാരം പൊത്തി
കളിപ്പോലെ,
കാണാമറയത്തേക്ക്
ഓടിമറയുന്ന.

ആറ്റുനോറ്റു
കിട്ടിയതൊക്കയും
കീറിയകീശയിലാണിട്ടത്.

കൂട് കൂട്ടിയതോ,
ചിതലുകള്‍ തിന്നു
വേര് ദ്രവിച്ചൊരു
മരത്തിലും...

വാഴ്വിതിങ്ങനെയൊ-
ക്കെയാണെന്നാണ്
പഴമൊഴിയെന്നാകിലും,
നനഞ്ഞു കുതിര്ന്ന
വിങ്ങലുകള്‍ നെഞ്ചിനുള്ളില്‍
കുരുങ്ങി കിടക്കുന്നു .....
നഷ്ടങ്ങളുടെ പെരുക്ക-
സംഖ്യകള്‍,ദശവര്‍ഗ്ഗങ്ങളായി
കുമിഞ്ഞു കൂടുന്നു ..

നോക്കെത്താ ദൂരത്തോളം
പരന്നുകിടക്കുന്ന,
വിഷാദത്തിന്റെ
മണലാരണ്യങ്ങള്‍

Monday, July 28, 2014

അത്യാഹിതം

അത്യാഹിതം
=============

അമ്മാവസിയിലേക്കുള്ള
ദൂരം മാത്രമാണ്
ഓരോ പൗര്‍ണമിയും..

കൊടും വേനല്‍
വറ്റിച്ചെടുത്തതൊക്കയും
പെരുമഴയായി ഇടിച്ചിറങ്ങി-
വരിക തന്നെ ചെയ്യും .

ആകാശത്തിലേക്കെറിയുന്ന
കല്ലുകള്‍ തിരികെ
വരാതിരിക്കുമോ .

കലി ബാധിച്ച
നളചിത്തം പോലെ
ശീലകേടുകളിലേക്ക്
വഴിമാറുമ്പോള്‍ ,
ചൂരല്‍ പ്രഹരമായി
ഓര്‍മപെടുത്തലായി
ആഹിതങ്ങള്‍
മിഴികളെ നനയ്ക്കുന്നു ...

Friday, July 25, 2014

കഷ്ടം !

കഷ്ടം !
=======

മുഖം തിരിക്കല്ലേ ,
കണ്ണടയ്കല്ലേ,
ചെവി പൊത്തി -
നിലവിളികള്‍
കേള്‍ക്കാതിരിക്കല്ലേ ...

മുറ്റത്ത്‌ മതിയോളം
കളിക്കുമ്പോള്‍ ,
പൂക്കളിറുക്കുമ്പോള്‍,
നിഴല്‍ പോലുമില്ലാതെ
വന്നാണ് ,ഞങ്ങളെയവര്‍
നിഴലാക്കി മാറ്റിയത്.

വിധിയെന്ന് വെറുതെ
നിങ്ങള്‍ സഹതപിക്കല്ലേ.
കയ്യീന്നു കളിക്കോപ്പ്
തട്ടിപ്പറിക്കുന്നതിനേക്കാള്‍
നോവാണ്,കരളീന്നുയി -
രൂറ്റിയെടുക്കുമ്പോള്‍ ...

ചിതറിത്തെറിച്ച കൈകളില്‍
നിങ്ങള്‍,സൂക്ഷിച്ചു നോക്കൂ.
അര്‍ത്ഥം ഗ്രഹിക്കാത്ത
മതഭ്രാന്തരും,കാരുണ്യം
വറ്റിയ ഹൃദയങ്ങളും .
തമ്മില്‍ തല്ലി ,
കണക്കു പറയുന്ന
ഒരുപിടി മണ്ണ് പോലും
ഞങ്ങള്‍ കൊണ്ടുപോകുന്നേയില്ല.

കൈവെള്ളയില്‍ തുടുത്ത
ശൂന്യത മാത്രം .
ഇറുക്കി പിടിയ്ക്കുന്ന
നിസഹായത മാത്രം ....
Photo: കഷ്ടം ! 
=======

മുഖം തിരിക്കല്ലേ ,
കണ്ണടയ്കല്ലേ,
ചെവി പൊത്തി -
നിലവിളികള്‍ 
കേള്‍ക്കാതിരിക്കല്ലേ ...

മുറ്റത്ത്‌ മതിയോളം 
കളിക്കുമ്പോള്‍ ,
പൂക്കളിറുക്കുമ്പോള്‍,
നിഴല്‍ പോലുമില്ലാതെ 
വന്നാണ് ,ഞങ്ങളെയവര്‍  
നിഴലാക്കി മാറ്റിയത്.

വിധിയെന്ന് വെറുതെ 
നിങ്ങള്‍ സഹതപിക്കല്ലേ.
കയ്യീന്നു കളിക്കോപ്പ് 
തട്ടിപ്പറിക്കുന്നതിനേക്കാള്‍ 
നോവാണ്,കരളീന്നുയി -
രൂറ്റിയെടുക്കുമ്പോള്‍ ...

ചിതറിത്തെറിച്ച കൈകളില്‍ 
നിങ്ങള്‍,സൂക്ഷിച്ചു നോക്കൂ.
അര്‍ത്ഥം ഗ്രഹിക്കാത്ത 
മതഭ്രാന്തരും,കാരുണ്യം
വറ്റിയ ഹൃദയങ്ങളും .
തമ്മില്‍ തല്ലി ,
കണക്കു പറയുന്ന 
ഒരുപിടി മണ്ണ് പോലും
ഞങ്ങള്‍ കൊണ്ടുപോകുന്നേയില്ല.

കൈവെള്ളയില്‍ തുടുത്ത 
ശൂന്യത മാത്രം .
ഇറുക്കി പിടിയ്ക്കുന്ന 
നിസഹായത മാത്രം ....

Tuesday, July 15, 2014

നുണ

നുണ
=====

'ന്‍റെ കൈയില്ലില്ലമ്മേ"
കൊച്ചരിപല്ലുകള്‍
വെളുക്കെ ചിരിച്ച്
കൈ രണ്ടും പിന്നില്‍
മറച്ചു പിടിച്ചു പറഞ്ഞു .

കുന്നില്‍ മുകളിലെ
വെള്ളാരം കല്ലുകള്‍
കാണാനേ പോയില്ലന്ന്
അച്ഛനോട് -
കല്ലുവെച്ച "സത്യങ്ങള്‍"

ഓണപരീക്ഷ നാള്‍
രാവിലെ ,വയറും
പൊത്തി പിടിച്ചലറി
കരഞ്ഞു,"അയ്യോ!
വേദനയാണമ്മേ
ഇസ്കൂളിലേക്കി-
ന്നെനിക്കാവതില്ലമ്മേ"

പണ്ടേ മരിച്ച
അപ്പുപ്പനും അമ്മൂമ്മയും
പിന്നെത്രയോ തവണകള്‍
മരിച്ചു,പുല കുളിച്ചു
ശ്രാദ്ധമുണ്ടു.

കോരിച്ചൊരിയുന്ന
മഴയത്ത്,കുടക്കീഴില്‍
കൂട്ടുകാരിയെ ചേര്‍ത്തു
നിര്‍ത്തി,നെറുകയില്‍
ചുംബിച്ചു പറഞ്ഞു
'എന്നെക്കാളേറെ
നിന്നെ ഞാന്‍
സ്നേഹിക്കുന്നെന്ന്‍'

തിരക്കു കാരണം,
സുഖമില്ലായിരുന്നു,
മറന്നു പോയി,
കണക്കു തെറ്റി,
നാളെ തന്നെ ഉറപ്പ്,
പുതിയ വീട്,
അവധിക്ക് വിനോദയാത്ര....

ഹൈപ്പെര്‍ മാളിന്റെ
ആളൊഴിഞ്ഞ മൂലയ്ക്ക് ,
കണ്ണ് കാണാത്ത അമ്മയെ
നിര്‍ത്തി പറഞ്ഞു
"ഇപ്പൊ വരാം "........

തിരസ്കാരം


തിരസ്കാരം
============

മൃദു ചുംബനം
പകരേണ്ട ചുണ്ടുകൾ ,
അശ്രീകരങ്ങൾ പുലമ്പുന്നു .
ചേർത്തണയ്ക്കേണ്ടുന്ന
കൈകളാണെങ്കിലോ ,
മുഷ്ടിചുരുട്ടിപിടിച്ചിരിക്കുന്നു .
സ്നേഹിച്ചു പോയെന്ന
തെറ്റിനാണല്ലോ ,
പടി പിന്നിൽ
താഴിട്ടു പൂട്ടിയടച്ചത് ..
കവിതയോടാണെൻ
പ്രിയമെന്നു ചൊന്നപ്പോൾ
പ്രണയിനി പിണങ്ങി
പിരിഞ്ഞു പോയ്‌ പോയതും .
തുറന്ന കണ്ണാൽ
കിനാവ്‌ കണ്ടിരിക്കേ
കിറുക്കാണ് തലയ്ക്കെന്നു
കുലുങ്ങി ചിരിച്ചവർ .
പുഴ കുരുതികൾ -
വന ഹത്യകൾ ,
പെണ്‍ വേട്ടകൾ ,
പിന്നെ , മഴു വീണ
പൊത്തിലെ കിളിരോദനങ്ങളും,
മിഴി കോണിലൊരു തുള്ളി
നനവ്‌ പൊടിച്ചപ്പോൾ ,
കവിയായി കരഞ്ഞിരിക്കട്ടെ ,
വെറുതെ സഹതാപിക്കട്ടെയെന്നു ,
കളിയാക്കി പറയുവോർ ..
ആത്മസങ്കർഷങ്ങൾ
വരകളായി വരികളായി
പ്രതികരിക്കുമ്പോൾ ,
പുരസ്കാരം വേണ്ടയീ
തിരസ്കാരങ്ങളൊന്നു
തീർന്നതെന്നാകിൽ .......

ഗൂഗിള്‍

ഗൂഗിള്‍
=======
പ്രണയിനി ,
നിന്റെ പേരും
നമ്മുടെ ബന്ധവും
ഗൂഗിളില്‍ തിരഞ്ഞാണ്
എനിക്ക് കിട്ടിയത് .
എല്ലാ വിവരങ്ങളും
വിശദമായി തന്നെ
അതില്‍ ഉണ്ടായിരുന്നു .
നിനക്ക് ഞാന്‍
വാങ്ങി തന്ന
സര്‍ബത്തിന്റെ
രുചി വരെ ..
നിന്നെ ആദ്യമായി
കണ്ടപ്പോള്‍ എന്റെ
മനസ്സിലുണ്ടായ വികാരം
എന്തായിരുന്നെന്നു
എനിക്കു തന്നെ
അറിയില്ലായിരുന്നു .
പക്ഷേ,ഗൂഗിള്‍ അതും
എനിക്കു കാട്ടി തന്നു .
നിന്നെ പേടിപ്പിക്കാന്‍
ഞാന്‍ ഒളിച്ചു നിന്ന
ചുമരിന്റെ നിറം
പോലും ഓര്‍മകളിലേക്ക്
ഓടി വരുത്തി...
മറക്കാന്‍ ശ്രമിച്ചതൊക്കയും
മറനീക്കി പുറത്തിടുന്നു .
ഇനി നമുക്ക് നമ്മളെ
എവിടയാണോന്നു
ഒളിപ്പിക്കാന്‍ സാധിക്കുക .
പരസ്പരം ഒന്ന്
കളിപ്പിക്കുവാന്‍ പറ്റുക.
സൂര്യനെ വലം വയ്ക്കുന്ന
ഗൂഗിളിനുള്ളില്‍ -നമുക്കലിയാന്‍
നമുക്കായൊരിടം
എവിടെ തിരയും ?

സമര്‍പ്പണം

സമര്‍പ്പണം
===========
അച്ഛന്‍ വായിച്ചതൊക്കയും,
കവിതയായി ഞാന്‍
കുറിച്ചിടുന്നു ...
ക്ഷീരമായി അമ്മ പകര്‍ന്ന
സഹജീവിസ്നേഹമെന്‍
സിരകളിലൊഴികിടുന്നു.
കണ്ണടച്ചാലും തുറന്നാലും,
നിറവുള്ള വെട്ടമായി
ഗുരുക്കരുള്ളില്‍ വഴികാട്ടിടുന്നു .
ഒടുങ്ങാത്ത പാഥേയമായി
പ്രിയഭൂമി കാഴ്ച്ചകളൊരുക്കി
കാത്തുവെച്ചീടുന്നു..
തളരാത്ത താങ്ങായി
തലമുറകള്‍ കരുത്തു
പകര്‍ന്നീടുന്നു ...
ശാന്തി ചൊല്ലിടട്ടെ
ആത്മസമര്‍പ്പണത്തോടെ
നിങ്ങള്‍ക്കെന്‍ സ്വസ്തി ..

കസേര

കസേര
=======

മൂടു താങ്ങി
മടുത്ത കസേര
മുന്നറിയിപ്പില്ലാതെ
മൂന്നാമ്മത്തെ കാല്‍
ഒടിച്ചു കളഞ്ഞു ..

ഉളുപ്പില്ലാത്ത
വര്‍ത്തമാനങ്ങള്‍
മനം പിരട്ടിപ്പിക്കുന്നു ..
പൊള്ളയായ..
കള്ളങ്ങള്‍ .
പാലിക്കാത്ത
വാഗ്ദാനങ്ങള്‍ .
കീഴ്ശ്വാസം പോലെ
ഞെട്ടിപ്പിക്കുന്നു .

ദിനം തോറും
ഏറി വരുന്ന
ദുര്‍മേദസ് ...

കാത്തു രക്ഷിക്കേണ്ട
കൈകളോ
കഴുത്തു മുറുക്കുന്നു .

വെളുക്കെ ചിരിക്കുമ്പോള്‍
ആസനം വലിഞ്ഞു
മുറുകുന്നു ..

എന്തൊക്കെ കണ്ടു ...!
കണ്ണീരില്‍ കുതിര്‍ന്ന
നിവേദനങ്ങള്‍
ചവറ്റുകൊട്ടയിലേക്ക് ..
മേശയ്ക്കടിയിലൂടെ
നീളുന്ന
അവിശുദ്ധ പൊതികള്‍.
കസേര കളി
പോലെ,ഓടിയിരിക്കാന്‍
തക്കം പാര്‍ത്തിരിക്കുന്നോര്‍.

വയ്യ,അധികാരിയുടെ
കസേര പണി ഇനി വയ്യ...
Photo: കസേര 
=======

മൂടു താങ്ങി 
മടുത്ത കസേര 
മുന്നറിയിപ്പില്ലാതെ 
മൂന്നാമ്മത്തെ കാല്‍ 
ഒടിച്ചു കളഞ്ഞു ..

ഉളുപ്പില്ലാത്ത 
വര്‍ത്തമാനങ്ങള്‍
മനം പിരട്ടിപ്പിക്കുന്നു ..
പൊള്ളയായ..
കള്ളങ്ങള്‍ .
പാലിക്കാത്ത 
വാഗ്ദാനങ്ങള്‍ .
കീഴ്ശ്വാസം പോലെ
ഞെട്ടിപ്പിക്കുന്നു .

ദിനം തോറും 
ഏറി വരുന്ന 
ദുര്‍മേദസ് ...

കാത്തു രക്ഷിക്കേണ്ട 
കൈകളോ 
കഴുത്തു മുറുക്കുന്നു .

വെളുക്കെ ചിരിക്കുമ്പോള്‍ 
ആസനം വലിഞ്ഞു 
മുറുകുന്നു ..

എന്തൊക്കെ കണ്ടു ...!
കണ്ണീരില്‍ കുതിര്‍ന്ന 
നിവേദനങ്ങള്‍ 
ചവറ്റുകൊട്ടയിലേക്ക് ..
മേശയ്ക്കടിയിലൂടെ
നീളുന്ന 
അവിശുദ്ധ പൊതികള്‍.
കസേര കളി 
പോലെ,ഓടിയിരിക്കാന്‍ 
തക്കം പാര്‍ത്തിരിക്കുന്നോര്‍.

വയ്യ,അധികാരിയുടെ 
കസേര പണി ഇനി വയ്യ...

കാക്ക

കാക്ക
.............
ഒരു കാക്കയെ
കാണിച്ചു തരാമോ
അച്‌ഛാ?...
മകന്‍റെ ചോദ്യം
ഒരു ചാട്ടുളി പോലെ
തലമുറകളെ പകുത്ത്
ക്രോ ക്രോ എന്ന്
കരഞ്ഞുകൊണ്‌ട്‌
പുറകിലേക്ക്
പറന്നു പോയി

തപസ്വിനി

തപസ്വിനി
===========

ഒരു ദശാബ്ദത്തിലേറയായി
രുചിയറിയാതെ
നിറവറിയാതെയീ
കൊടും തപസ്സ്

ഉടുമുണ്ട് പറിക്കുന്ന
ഉടലിലിഴയുന്ന
കാവലാളുകളെ
തിരിചെടുത്തീടുക

വെട്ടത്ത് തുണയായി
മൂടുപടമുണ്ട് ,
താലിച്ചരടുണ്ട് ,
ഉശിരുള്ള ഉടപിറന്നോരുണ്ട് .

ഇരുട്ടത്ത്‌ തുണയായി
സീമന്ത രേഖയിൽ
സിന്ദൂരമുണ്ട് ,
താതരുണ്ട് ,
അളവില്ലാത്ത
ആത്മവിശ്വാസമുണ്ട് .

ഉടുമുണ്ട് പറിക്കുന്ന
ഉടലിലിഴയുന്ന
കാവലാളുകളെ
തിരിചെടുത്തീടുക .

മതിയാക്കിടട്ടെയീ
കൊടും തപസ്സ് ,
പറിച്ചെടുത്തീടട്ടെ
മൂക്കുത്തി പോലുള്ള
കുഴലുകൾ ...

കനിയുക ഭരുന്നോരെ ,
കൊതിയാകുന്നു
രുചിയറിഞ്ഞു
വയററിഞ്ഞു
മാനം പോകാതൊരുരുള
വറ്റിറക്കാൻ ....

കിളി മാനസം

കിളി മാനസം
=========

സലിംഅലിയുടെ
കണ്ണ് വെട്ടിച്ചു
പറന്നു പോയ
വിചി(ത കിളി
കൂടുകൂട്ടിയതു
അവളുടെ
നെഞ്ചകത്തായിരുന്നു .

അവിടയിരുന്നത്
കുറുകുകയും
കാഷ്ടിക്കുകയും
കുഞ്ഞുങ്ങളെ
വിരിയിക്കുകയും ചെയ്തു.

മരം കൊത്തിയെ
പോലെ ഇടയ്കിടെ
കൊത്തിപറിച്ച്ച്
കുത്തിനോവിച്ച്ചുകൊണ്ടിരുന്നു.

ചില നേരം
കുയില്‍ നാദം
മൂളുമെങ്കിലും
മിക്കവാറും കാക്കയുടെ
കലപില തന്നെ .

ചെമ്പോത്തിന്റെ
കണ്ണുപോലെ
അരിശമെല്ലാം
കുറുക്കി ചുമപ്പിചായിരുന്നു
അവളുടെ നോട്ടം .

കഴുകനെ പോലെ ,
ചത്തു മലച്ച
കഴിഞ്ഞ കാലം
കുത്തിപൊക്കുകയായിരുന്നു
അവളുടെ വിനോദം .

അവള്‍ എന്നും
മഴയെ കാത്തിരിക്കുന്ന
വെഴാമ്പലാകണമെന്നും ,
മഴയത്ത് നൃത്തം
വെയ്ക്കുന്ന
മയിലാകണമെന്നും
ഞാന്‍ മോഹിച്ചുകൊണ്ടിരുന്നു .
എന്നിരുന്നാലും ,
വിശപ്പിനു വേദാന്തം
വിളമ്പുന്ന -ഒട്ടകപക്ഷിയെ
പോലെ -
തല മാ(തം മണ്ണില്‍
പൂഴ്ത്തുന്ന എനിക്കും ,
പറക്ക മുറ്റാത്ത
കുഞ്ഞുങ്ങള്‍ക്കും
അവള്‍ ,വലിയ
ചിറകുള്ള
തള്ള കോഴി
തന്നയാണ് ......

ബാക്കിപ(തം

ബാക്കിപ(തം
=========

" എന്തിനാണീ കവിതകള്‍
കുത്തിക്കുറിപ്പുകള്‍ "
ചോദിപ്പൂ (പിയ മി(തം
ചെറു ചിരിയോടെ ...

"ഇരയായി കീഴ്പെടുന്ന-
തിനു മുന്‍പായി ഞാന്‍
ചെറുത്തുനിന്നിരുന്നെന്നു ,
ആകെ കുഴഞ്ഞയീ
മണ്ണില്‍ -പൂവും
പുഴയും പുതുമഴയും
കണ്ട് ഞാന്‍
നടന്നിരുന്നെന്നു ..
തെളിവായി എന്‍
കവിതകള്‍ അവശേഷിചിടട്ടെ .

മൃതരതി

മൃതരതി
========

ആളൊഴിഞ്ഞ വണ്ടികൾ
കാണുമ്പോൾ ,ഉള്ളിലാളി -
ക്കത്തുന്ന തീയാണ് ....

പ്രണയത്തിന്റെ
അഭിനിവേശങ്ങൾ
ചില്ലുകണ്ണുകളാൽ
ഒപ്പിയെടുത്തത്
കടലിന്റെ നിറം
മുക്കാനായിരുന്നല്ലേ

മിഠായിയും ബലൂണും
കാണിച്ച്,കളിപ്പിചെടുക്കുന്ന
വിടരാത്ത മൊട്ടുകളിൽ
കഴുവേറികൾ എന്ത്
മണമാണ് നുകരുന്നത്

വാത്സല്യത്തിന്റെ
വിരലുകളിൽ
അരുതാത്തതോളിപ്പിച്ചു
വെച്ച്ചെന്തിനാണച്ച്ഛാ
എന്നെ തഴുകിയത്

പുതു നോട്ടിന്റെ മണം
അമ്മയേം മത്തുപിടിപ്പിച്ചോ?
ഇരുണ്ടറയ്ക്കുള്ളിൽ
നിന്ന് ,ഇതിനാണോ
മുക്കി മുക്കി എന്നെ
പുറത്ത്തെക്കിട്ടത്‌ ....

വള്ളിച്ചരടിന്റെ
കുരുക്കിൽ, തുമ്പിയെ
പോലെ ഞാന്നു
കിടക്കുമ്പോഴും
പൂട്ടാത്ത വാതിലിനെ
കുറിച്ചുള്ള ആകുലത -
കളാണെന്നെ പേടിപ്പെടുത്തുന്നത്
ആരെങ്കിലും ......................

ശരറാന്തൽ

ശരറാന്തൽ
==========

ഉള്ളിലിമചിമ്മാതെ -
യൊളി പരത്തും ,ശര -
റാന്തലൊരു നാളും
മിഴിയടക്കല്ലേ ........

വഴിയേറയൊഴുകു -
വാനുണ്ടങ്ങകലെ
കടൽ പോലൊരു
സത്യമെന്നെ
കാത്തിരിപ്പതുണ്ട് .

കടം വെയ്ക്കുവാ-
നാവതല്ല കടമകൾ ,
കളിചൊല്ലി പിരി -
യാനുമാവതല്ല ഈ
സംസാരബന്ധങ്ങൾ .

കാലമേറെയിനിയും
കത്തി നില്പാനുണ്ട് ,
സ്നേഹമോടെ എണ്ണ
പകരുവാനൊത്തിരി
കൈകളുണ്ടെങ്കിലും ,
തിരി തീരാതെ
കാറ്റു പിടിക്കാതെ
കാത്തു വെയ്ക്കുവാൻ ,
മറയായി ചില്ലുകൾ
മറക്കാതിരിക്കണം .

പിന്നിലൂടെത്തുന്ന
പ്രഹരങ്ങളും ,വെറും
പിൻ വിളികളും ,
മെയ്ക്കരുത്താൽ
മനക്കരുത്താൽ
ജയിച്ചു കയറണം .

അഷ്ടിക്കുള്ള വക
കരുതണം ,കഷ്ട -
നഷ്ടങ്ങൾ താണ്ടണം .
മഴയത്ത് കരയണം ,
വെയിൽ പോലെ
ചിരിക്കണം .....

ഇരുട്ടത്ത്‌ ധർമങ്ങൾ
അസ്തമിക്കല്ലേ ,
തണൽ പോലെ
കൂടെ നിഴൽ പോലെ -
ഉള്ളോരെ തട്ടിമാറ്റല്ലേ .
ഇരു കൈകളാലൊരു
പോലെ ഇരുകരകളേം
തഴുകണം .............

വഴിയേറെയൊഴു-
കുവാനുണ്ടങ്ങകലെ
കടലായൊരു സത്യം
കാത്തിരിപ്പുണ്ട് .
ഉള്ളിലൊളിചിന്നും
ശരറാന്തലൊരു നാളും
മിഴിയടക്കല്ലേ ....
Photo: ശരറാന്തൽ 
==========

ഉള്ളിലിമചിമ്മാതെ -
യൊളി പരത്തും ,ശര -
റാന്തലൊരു നാളും 
മിഴിയടക്കല്ലേ ........

വഴിയേറയൊഴുകു -
വാനുണ്ടങ്ങകലെ 
കടൽ പോലൊരു 
സത്യമെന്നെ 
കാത്തിരിപ്പതുണ്ട് .

കടം വെയ്ക്കുവാ-
നാവതല്ല കടമകൾ ,
കളിചൊല്ലി പിരി -
യാനുമാവതല്ല ഈ 
സംസാരബന്ധങ്ങൾ .

കാലമേറെയിനിയും 
കത്തി നില്പാനുണ്ട് ,
സ്നേഹമോടെ എണ്ണ 
പകരുവാനൊത്തിരി 
കൈകളുണ്ടെങ്കിലും ,
തിരി തീരാതെ 
കാറ്റു പിടിക്കാതെ 
കാത്തു വെയ്ക്കുവാൻ ,
മറയായി ചില്ലുകൾ 
മറക്കാതിരിക്കണം .

പിന്നിലൂടെത്തുന്ന 
പ്രഹരങ്ങളും ,വെറും 
പിൻ വിളികളും ,
മെയ്ക്കരുത്താൽ 
മനക്കരുത്താൽ 
ജയിച്ചു കയറണം .

അഷ്ടിക്കുള്ള വക 
കരുതണം ,കഷ്ട -
നഷ്ടങ്ങൾ താണ്ടണം .
മഴയത്ത് കരയണം ,
വെയിൽ പോലെ 
ചിരിക്കണം .....

ഇരുട്ടത്ത്‌ ധർമങ്ങൾ 
അസ്തമിക്കല്ലേ ,
തണൽ പോലെ 
കൂടെ നിഴൽ പോലെ -
ഉള്ളോരെ തട്ടിമാറ്റല്ലേ .
ഇരു കൈകളാലൊരു 
പോലെ ഇരുകരകളേം 
  തഴുകണം .............

വഴിയേറെയൊഴു-
കുവാനുണ്ടങ്ങകലെ 
കടലായൊരു സത്യം 
കാത്തിരിപ്പുണ്ട് .
ഉള്ളിലൊളിചിന്നും 
ശരറാന്തലൊരു നാളും 
മിഴിയടക്കല്ലേ ....

Saturday, April 12, 2014

ദൂരം

ദൂരം
===

എത്രയോ കവികള്‍
എത്രയോ കാലങ്ങളായി
എത്രയോ കവിതകളിലൂടെ
നീയും ഞാനും
തമ്മില്ലുള്ള ദൂരം
അളന്നുകൊണ്ടെയിരിക്കുന്നു ,
ഒരു വാക്കിന്റെ
വിടവെന്നും ,
ഒരു പ്രകാശവര്‍ഷമെന്നും ,
അതല്ല നീയും ഞാനും
ഒന്നെന്നും ,
നമുക്കിടയില്‍ ഒന്നുമില്ലന്നും ,
നാം പോലുമില്ലെന്നും .

പക്ഷെ ഒന്നെനിക്കറിയാം ,
നീയുണ്ടെങ്കില്‍
ഞാനുണ്ടെന്ന് ...
നമുക്കിടയില്‍ ദൂര -
മുണ്ടെങ്കില്‍, അതു
നമുക്കു മാത്രമേ
അറിയുകയുള്ളുവെന്നും ..

Friday, April 11, 2014

കടലായനം

കടലായനം
=========

സ്വപ്നങ്ങളുടെ ജല -
പരപ്പിനു മുകളിലൂടെ
ചക്രവാളങ്ങളെ പകുത്തു
ഒരു കടല്‍ പക്ഷി
പറന്നു പോയി..

അസ്തമയത്തിന്റെ ശോഭ
അന്ധകാരത്തിലേക്ക്
തലനീട്ടിയപ്പോള്‍ ,
കൂടണയാന്‍ വെമ്പുന്നൊരു
കിളിഹൃദയം എന്നിലും മിടിക്കുന്നു .

കൂമ്പിപോയൊരു
സൂര്യകാന്തിയുടെ
പ്രസരിപ്പെല്ലാം
കവര്‍ന്നെടുത്ത്  ഒരു
നിശാപുഷ്പം വിജയിയെ
പോലെ ഉള്ളിലിരുന്നു
ചിരിക്കുന്നു ...

കടലാഴങ്ങളിലെ മണ്ണോ,
അതോ ,കാത്തിരിക്കുന്ന
തീരമോ .എന്താണാവോ
തലവര എനിക്കായി
കാത്തുവെച്ചിരിക്കുന്നത് .

തിരിച്ചറിയാനാകാത്ത
ദിക്കുകളില്‍ പകച്ചു
നില്ക്കുന്ന ദിശനോക്കിയന്ത്രം.
തലങ്ങും വിലങ്ങും
കാറ്റടിക്കുമ്പോള്‍ ,കറങ്ങി
തിരിയുന്ന പായുകള്‍

അടിയൊഴുക്കായിയുള്ള
ഒരു ഉഷ്ണജലപ്രവാഹം
അസ്ഥിതുളയ്ക്കുന്ന
മരണത്തെ പൊതിഞ്ഞു കെട്ടി ,
നോട്ടമെത്താത്ത
നോട്ടിക്കല്‍ മൈലുകളെ
നോവായി തീര്‍ക്കാതെ
തിരയുള്ള തീരമായി
മാറ്റുമോ .................

Wednesday, April 9, 2014

ഉപനയനം

ഉപനയനം
=========

അടുത്ത വിശപ്പിലേക്കുള്ള
ഇടവേളയായി അന്നം
കഴിക്കും പോലെ ,
മരണങ്ങള്‍ക്കിടയിലുള്ള
വിടവായി , ഓരോ
ജന്മവും പൂവിടുന്നു ..
വഴിതെറ്റാത്ത മൃത്യു
വിളിച്ചിറക്കി കൊണ്ടു
പോകും മുന്‍പേ ,
നചികേതസ്സിനെ പോലെ
ശേഷിക്കുന്ന ഹൃദയ-
മിടിപ്പുകള്‍ മുഴുവന്‍
ഇലക്കുമ്പിളില്‍
ദക്ഷിണയായി അവനു -
സമര്‍പ്പിച്ചാല്‍ ,
മരണത്തിനു മുന്‍പേ
മൗനത്തിലൂടെ
അമരനാവാം ...  

Tuesday, April 8, 2014

അപൂര്‍ണ്ണം

അപൂര്‍ണ്ണം
==========

 സമസ്യപോലെ
വരികളും ഈണവും
വല്ലാതെ കുരുങ്ങി
കിടക്കുന്ന -പാടി
മുഴുമിപ്പികാത്ത
ഒരു പാട്ട്
എല്ലാ ചുണ്ടുകളിലും
തത്തികളിക്കുന്നുണ്ടാവും

മൂര്‍ചഛയിലെത്താത്ത
ഒരു സുരതം,
എല്ലാ ഹൃദയത്തിലും
മരണം വരെ
ഓര്‍മ്മയോ
സ്വപ്നമോ ആയി
തങ്ങി നില്പ്പുണ്ടാവും

ഒരു ഉത്തരത്തിലും
സമാധാനം കിട്ടാത്ത
ഒരു ചോദ്യമെങ്ങിലും
എല്ലാ മനസ്സുകളിലും
പതിയിരിക്കും

അവശേഷിക്കുന്ന
പൂര്‍ണ്ണത പോലും
അപൂര്‍ണ്ണതയുടെ
നൂലിനാലാണല്ലോ
നെയ്തിരിക്കുന്നത് ..

അപൂര്‍ണ്ണമായൊരു
കിനാവ്‌ മാത്രമാണെന്നു-
മീ പൂര്‍ണ്ണത.....

Monday, April 7, 2014

സെലിബ്രേഷന്‍

സെലിബ്രേഷന്‍
=============

ആഘോഷങ്ങള്‍ക്ക്
അവധിയില്ലാത്ത
ശീലങ്ങളില്‍ ,
മണ്ണെണ്ണക്കരി
അഞ്ജനമെഴുതിയ
തോരാകണ്ണുമായി ,
സാക്ഷയില്ലാത്ത
വാതിലുകള്‍
അമര്‍ത്തിയടച്ചുപിടിച്ച്‌ ,
നുരഞ്ഞു പൊങ്ങുന്ന
നെടുവീര്‍പ്പുമായി ,
ഉറയ്ക്കാത്ത കാലടികളെ
കാത്തിരിക്കുന്നു .....

Friday, March 28, 2014

വിമാനത്താവളം

വിമാനത്താവളം
============

ജീവനോടെ കുഴിച്ചു
മൂടിയ നെല്‍പാടങ്ങളുടെ
നിലവിളികളും,
തണ്ണീര്‍ത്തടങ്ങളുടെ
ദീനരോദനങ്ങളും,
താവളങ്ങള്‍ നഷ്ടപ്പെട്ട-
വരുടെ വിങ്ങലുകളും,
വിമാനങ്ങളുടെ ഇരമ്പലുക-
ളിലൂടെ  മായിയ്ക്കാന്‍
കഴിയുമോ................?

Wednesday, March 26, 2014

കൊതി

കൊതി
=====

പുലരൊളിയില്‍
പരിമളം പരത്തും
മലരായി തൊടിയില്‍
വിരിയാനും,അതിനു-
ള്ളിലൊളിഞ്ഞിരിക്കുന്ന
മധുകണമായി മാറാ -
നുമുളള മണ്ണിന്റെ
ഒടുങ്ങാത്തകൊതിയാണ്
മരമായി വളര്‍ന്നത് ..

വരണ്ടുണങ്ങിയ
ഭൂമിതന്‍ വിങ്ങുന്ന
നാവില്‍  നനവായി
പടരാനും,കരിയുന്ന
ചെടിയുടെ തണ്ടില്‍
താങ്ങായി തീരാനും,
ആകാശവീഥികളില്‍
അലസമായി അലയാ
-നുമുള്ള കൊതിയാണ്
ജലത്തെ മഴയാക്കി
മാറ്റിയത് ......

കരയുന്ന കണ്ണിലെ
നീര്‍കണം തുടയ്കാനും,
പശിതിന്നു ശോഷിച്ച
വയറില്‍ ഉരുളയായി
സന്തോഷം നിറയ്കാനും
ജനിച്ചും  ജനിപ്പിച്ചും
വിശ്വത്തെയറിയാനും ,
ഒടുവിലറിവായി
അലിയാനുമുള്ള
ആരുടയോ കൊതിയാണ്
അറിയാതെ മുളപൊട്ടിയ
ജീവനെ മര്‍ത്യനായി
അവതരിപ്പിച്ചതും ...

സൃഷ്ടിക്കും സ്ഥിതിക്കും
ഒടുവിലനിവാര്യമായ
ഒടുക്കതിനുമാധാരം
അടങ്ങാത്ത
കൊതിയാണ് സോദരാ ..

Tuesday, March 25, 2014

കിണര്‍

കിണര്‍
======

കുഴിച്ചു
കുഴിച്ചു
കുഴിച്ചു
ചെന്നപ്പോള്‍
കൈകുടന്ന നിറയേ
കിട്ടിയത് ,ഊറ്റി കൊന്ന
പുഴയുടെ അസ്ഥിയും ,
കത്തിച്ചു കളഞ്ഞ
കാടിന്റെ ചിതാഭസ്മവും.

കാറ്റും കരയും

കാറ്റും കരയും
==========

വഴിയില്‍ കണ്ട മരങ്ങളെ
-യാകെയൊരുന്മാദിയെ
പോലുമ്മവെച്ച്ചെത്തിയ
കാറ്റിനോടവള്‍ മൊഴിഞ്ഞു
'ചുടു ചുംബനങ്ങളുടെ
പൂകൂട എന്നിലേക്കും
നീ കമഴ്ത്തുക ...'
ശീല്‍കാരങ്ങളോടെ
ഞാനൊന്നുലയട്ടെ ,
വിയര്‍പ്പും വികാരവും
മെയ്യാകെ പൊടിയട്ടെ,
ചുഴലിപോല്‍ ആഴങ്ങളില്‍
ആഴ്ന്നിറങ്ങട്ടെ ...,

മരം കോച്ചും
മകരമഞ്ഞുമായി ,
വിണ്ടു കീറുന്ന
മീനചൂടുമായി ,
മടിയില്‍ മഴത്തുള്ളികള്‍
ഒളിപ്പിചെത്തുന്ന
തുലാവര്ഷമായി,
തേനൂറും പൂമണമായി ,
ഓരോ ഋതുവിലും
നീയെന്നെ ഋതുമതിയാക്കൂ ,
പൂങ്കാറ്റെ,പുളകിതയാക്കൂ ..

പതിയായി ,ജാരനായി
പൂവാലനായി സഖേ
നിന്‍ പ്രിയ ധരിത്രിയെ
പലവിധം തഴുകിയുണര്‍ത്തുക
ദിനരാത്രങ്ങള്‍ നിറയേ ...  

Saturday, March 22, 2014

പ്രണയ കാലങ്ങള്‍
===============

നിലാവ് നേര്‍ത്തൊരു
നിശീഥിനിയില്‍ ,
നിശാഗന്ധികള്‍ നിഴല്‍
നൃത്തമാടുന്ന രജനിയില്‍,
നീയുറങ്ങാതെ
നിന്‍ മിഴികളടയ്കാതെ
കിനാവു നെയ്യുമ്പോള്‍ ,
സഖീ,ഇനി നീ വന്നെന്‍
ചാരേയിരിക്കുക-യെന്നും
കുളിരുള്ള തണലായ
നിന്‍ മടിത്തട്ടിലെന്‍
തിളയ്ക്കുന്ന ശിരസ്സൊന്നു
ഞാന്‍ ചായ്ക്കട്ടെ ..
ഈ രാവുണരും മുന്‍പ്
നമുക്കൊരു യാത്ര പോകാം
ഉള്ളിലെ മധുരമാം
നിനവുകളിലെക്കും
സുഖമുള്ള വരുംകാല
സ്വപ്നങ്ങളിലേക്കും ..
പിന്നിട്ട ജന്മങ്ങളില്‍
പ്രണയിച്ചു തീരാത്ത
നമ്മുടെ കഥകള്‍ നീ
പാഥേയമായി കരുതുക
മലര്‍വനികളില്‍
'മതി' ചൊല്ലാതെ
പങ്കുവെച്ച അസുലഭ
സുന്ദരനിമിഷങ്ങള്‍
തന്‍ തേനൂറും
ശീലുകള്‍ മൂളുക ...
വെണ്ണയും കൂടെ -
യുള്ളവും കട്ടെടുക്കുന്ന
കണ്ണനും പ്രിയ
തോഴി രാധയുമായി
നാം ഗോകുലം തന്നില്‍
പൂമാരി  പെയ്യിച്ചതും ..
ലൈലയും മജ്നുവും ,.
നളനും ദമയന്തിയും ,
ഒക്കെയായി നാ-
മാടിയ കഥകള്‍ ...
നിയതി തന്‍ ഗംഗയില്‍
ഒഴുകി മറഞ്ഞ
പേരറിയാത്തൊരെല്ലാ
പ്രണയ മിഥുനങ്ങളും
നാം തന്നെയായിരുന്നല്ലോ,
ഇനി വരും പ്രേമാര്ദ്ര
നിമിഷങ്ങളൊക്കയും
നമുക്ക് വേണ്ടിയുള്ളതല്ലോ ,
എല്ലാ ഋതുക്കളും
കാലം നമുക്കായി
പണിയിച്ച വേദികളല്ലേ ,
നാമെന്നും എങ്ങും
നിറയുന്ന പ്രണയമല്ലോ ....

Wednesday, March 12, 2014

ധ്യാനം

ധ്യാനം
======

അമ്മിഞ്ഞയില്‍ ജീവന്റെ
പാല്‍ നിറപ്പതും ,
ക്ഷീരപഥ വീഥികളില്‍ 
പൊന്‍താരകങ്ങളെ -
യണിയിചു നില്പ്പതും ,
തിരയിളകും കടലിലെ
ജലസഞ്ചയത്തെ കാര്‍-
മേഘമാലയാക്കി,യൊടുവി
ലുരുക്കി മഴയായി പെയ്യിപ്പതും ,
വെറും കണ്ണില്‍
തെളിയാത്ത അണുരൂപ
ബീജത്തില്‍ കണ്ണും
കാതും കരളിലൊരായിരം
കഴിവുമായി മനുജനെ -
യൊളിപ്പിച്ചു വെപ്പതും
ആരെന്ന ചോദ്യം ..
താതന്റെ രേതസ്സിലൂട -
മ്മതന്‍ പാലിലൂടെ
വളര്‍ന്നു മുറ്റിയ കോശങ്ങ-
ളോരോന്നിലും മുഴങ്ങി
തുടങ്ങവേ ...
മിഴിയടച്ചു മൊഴിയട
ച്ചെന്റെ ഉള്ളിലുത്തരം
ചികയാന്‍ തുടങ്ങി ഞാന്‍

Monday, March 10, 2014

ലക്കോട്ട്

ലക്കോട്ട്
=======

ലക്കോട്ടിനുള്ളില്‍ ,
ഓര്‍മ്മകളുടെ ഇടവഴികളില്‍
പണ്ടെങ്ങോ അയച്ച
പ്രണയലേഖനങ്ങളൊന്നുമല്ല ..
ജോലിക്കുള്ള ശിപാര്‍ശകളുമല്ല ..
വാതം പിടിച്ച ജീവിതസന്ധികളില്‍
പുരട്ടാന്‍ ധാന്വന്തരം
വേണമെന്ന അച്ഛന്റെ
പരാധീനതകളുമല്ല ...
നേരത്തെ എന്റെ മുടികളില്‍
നര കയറുന്നെന്ന
അമ്മയുടെ ആധികളുമല്ല ...
അമ്മയോടൊപ്പമുള്ള
മകളുടെ പ്രതീക്ഷയോടുള്ള
വിളികളുമല്ല ....

ലക്കോട്ടിനുള്ളില്‍
മടക്കിവെച്ച കടലാസ്സു
തുറക്കുമ്പോള്‍
കരളിനുള്ളില്‍ എല്ലാം
കവര്‍ന്നെടുക്കാന്‍ ഒരു
തോന്നിവാസി വളരുന്നുണ്ടെന്ന
വിളമ്പരമാണ് .............

Thursday, January 30, 2014

വലതു വശത്തെ കാള

വലതു വശത്തെ കാള
=================

വണ്ടിക്കാരന്റെ കൈവാക്കിന് ,
വലതുവശത്ത്‌ നില്ക്കുന്ന
 കാളയെ പോലെ ...

വിധിയുടെ വൈപര്യതങ്ങ-
ളൊക്കയും ,കര്‍മഫലങ്ങ
ളായി എന്നിലേക്ക്
ചാട്ടവാറിലൂടെത്തുന്നു..

കുടഞ്ഞു കളയാന്‍
ശ്രമിക്കുമ്പൊഴൊക്കെയും
മൂക്കുകയര്‍ കൂടുതല്‍
മുറുകുന്നതേയുള്ളൂ ..

വണ്ടിയും ഭാരവും
വലിക്കാം ,
വണ്ടികാരന്റെ
പേക്കൂത്തുകളൊക്കയും
സഹിക്കാം ..

വലത്തുവശത്തുനിന്ന്
ഇടതുവശതേക്കൊരു മാറ്റം
അടിയുടെ ആവര്‍ത്തി -
യിലൊരു കുറവ് ,
അതുമാത്രമാണെന്റെ
പ്രാര്‍ത്ഥന ....

ശവപറമ്പിലെ മന്തുകാലന്റെ
ഭ്രാന്തന്‍ പുലമ്പല്‍ പോലെ ..

മഴയിലലിഞ്ഞ
മണ്ണാംകട്ട പോലെ
കാറ്റത്ത് പറന്നു പോയ
കരിയില പോലെ ,
എന്റെ പ്രാര്‍ത്ഥനയും
അലിഞ്ഞു പറന്നു

പോകാമെങ്കിലും ...
ഇടതു വശത്തേക്കൊരു മാറ്റം......

Saturday, January 25, 2014

ഇ-സൗഹൃദം

ഇ-സൗഹൃദം
==========

എത്ര വശ്യമായിട്ടാണ്
നമ്മുടെ സൗഹൃദങ്ങള്‍
നെയ്യപ്പെട്ടിരിക്കുന്നതു .
കാണാത്ത നൂലുകൊണ്ട്
കരളുകള്‍ കോര്‍ത്തി-
   രിക്കുന്നത് '
താളുകളും കൂട്ടങ്ങളും ,
ഇഷ്ടങ്ങളും,
കൈമാറപ്പെട്ട
സന്ദേശങ്ങളും,
ചിത്രങ്ങളും വിചിത്രങ്ങളും ,
രൂപങ്ങളും രൂപകങ്ങളും ,
ഉപമയും ഉല്‍പ്രേക്ഷയും ,
പങ്കുവെച്ച സ്വപ്നങ്ങളും ,
പറഞ്ഞു തീര്‍ത്ത-
 പിണകങ്ങളും ,
പറയാതെ പോയ
നൊമ്പരങ്ങളും പരിഭവങ്ങളും ,
കൂട്ടുകാരാ ,
നിന്റെ ചാര്‍വാക മുഖം
മാറ്റി വെയ്ക്കു ..
കാണാത്ത നമ്മുടെ
കൂട്ടൊരു മായയല്ല 

സുഖം

സുഖം
=====

ഇനി ഒരു വരി പോലും
മുന്നോട്ടില്ലെന്ന്
പേന ശാ ്യം പിടിച്ചു .

എന്നും ഈ കരച്ചിലും
നഷ്ടങ്ങളും വേദനയും
വിരഹവും പട്ടിണിയും
എഴുതി മടുത്തു ..

കവീ , നീ കണ്ണ്
തുറന്നൊന്നു നോക്കു ,
എത്ര സുന്ദരമാണി ലോകം .
കുഞ്ഞുങ്ങളും
അവരുടെ കൊഞ്ചലുകളും ,
പൂവും പൂമ്പാറ്റയും
കുലച്ചു നില്ക്കുന്ന
വാഴയും ,
നിറഞ്ഞു നില്ക്കുന്ന
തെങ്ങും ,
കുണുങ്ങി ആടുന്ന
വയലുകളും ,
അച്ഛന്റെ കരുതലും,
അമ്മയുടെ കാരുണ്യവും,
സഹധര്‍മ്മിണിയുടെ
പുണരലും ,
ഉടപ്പിറന്നോളുടെ
വാത്സല്യവും ,
സൗഹൃദങ്ങളുടെ
തണലും ,
തളരുമ്പോള്‍
ഗുരുപ്രസാദവും ..

കാണുന്നുണ്ടോ നീ
ഇതൊക്കെ...
ഇനി എഴുത് ...
കദനങ്ങളുടെ ഭൂതത്തെ
കുടത്തിലടച്ച് ,
ചെറുചിരിയോടെ
ചിരിതെളിച്ച മനമോടെ ...

Wednesday, January 22, 2014

നിമജ്ജനം

നിമജ്ജനം
=========

എവിടെയൊക്കയോ
അലഞ്ഞ് ഒടുവില്‍
തിരിച്ചെത്തിയ കാറ്റും,

 തീരങ്ങളായ
തീരങ്ങളിലെല്ലാം
പോയി തലതല്ലി
അലച്ചു തിരിച്ചു
വന്നൊരു തിരയും ,

പല മണ്ണിലും
പെയ്തിറങ്ങി
മടുത്തു തിരികെ
വന്നൊരു മഴയും ,

എന്റൊപ്പം ഇന്നലെ
കടല്‍തീരത്ത് ഒത്തുകൂടി.

ഇനിയുള്ള അവരുടെ
യാത്രകളില്‍
എന്നേയും ഒപ്പും
കൂട്ടുകയാണെന്ന്
പറഞ്ഞു ........ 

Tuesday, January 21, 2014

തിരക്ക്

തിരക്ക്
*********

അടഞ്ഞു കിടന്നിരുന്ന
എന്റെ ജനാലചില്ലില്‍
എന്നും ഒരു ചിത്രശലഭവും
ഒരു മൂളക്കുരുവിയും
വന്നു മുട്ടി തിരികെ
പോകുമായിരുന്നു ..

ഇടവപാതിയും
തുലാവര്‍ഷവും
ഇപ്പുറം കടക്കാതെ
ഈര്‍പ്പം മാത്രം
പതിപ്പിച്ചു തിരികെപോയി ..

ചൂളംവിളിച്ച്ചെത്തുന്ന
കാറ്റ് , ആവുന്ന പണി-
എല്ലാം നോക്കി
ഒന്ന് തുറന്നു കിട്ടാന്‍ ..

ജനാല ചില്ലില്‍
ഇന്ന് ഞാനൊരു
കുറിപ്പ് എഴുതിവെച്ചു
"ശല്യപ്പെടുത്തരുത്
ഞാന്‍ തിരക്കിലാണ് 

Monday, January 20, 2014

കണ്ണുനീര്‍

കണ്ണുനീര്‍
==========

കണ്ണ് ഉപേക്ഷിച്ചയൊരു
നീര്‍ത്തുള്ളിയാണു ഞാന്‍ ,
കൈകുമ്പിളുമായി
കാത്തുനില്‍ക്കാനാരുമില്ലൊരു
പഴംതുണി പോലുമില്ലെന്നെ -
യൊന്നൊപ്പിയെടുക്കാന്‍ .
ഒഴുകിയിറങ്ങി വീണുടയാന്‍ -
ചിന്നിചിതറാനാണെന്റെ വിധി.

പുനര്‍ജനിക്കണമിനിയെനി-
ക്കുപേക്ഷിക്കപെട്ടവര്‍ക്കായി ,
അവര്‍ തന്‍ പൊള്ളുന്ന
ഹൃദയങ്ങള്‍ക്കൊരു
ജലകണികയുടെ
തണുപ്പെങ്കിലും
പകര്‍ന്നു കൊടുക്കാനായി

Sunday, January 19, 2014

എന്‍ഡോസള്‍ഫാന്‍

എന്‍ഡോസള്‍ഫാന്‍
================

ഇല്ലായ്മകളുടെ
വല്ലായ്മകളില്‍
കിടന്നു പുളയ്ക്കു-
ന്നവന്റെ കുഞ്ഞുങ്ങള്‍ ,
ചീര്‍ത്ത കണ്ണുകള്‍ക്ക്
കീടങ്ങളാണ് ..
അവരുടെ  മേല്‍
പിന്നെന്താണ്
തളിക്കേണ്ടത് ?

Saturday, January 18, 2014

നിരാസം

നിരാസം
=======

ഭൂപടങ്ങളും അതിര്‍ത്തി-
കളുമില്ലാത്ത ദേശ-
വഴികളിലൂടെ നടക്കണം.
ലോകത്തിലെ എല്ലാ
വേദനകളും എന്നിലേക്ക്‌
ആവാഹിക്കണം ..
എത്യോപ്യയിലെ എല്ലിചു
വയറുന്തിയ കുരുന്നിന്റെ
കുഞ്ഞു മാനസത്തിലേക്കു
എനിക്കു  വളരണം ..
മാനഭംഗത്തിന്റെ
ഇരുണ്ട യാഥാര്‍ത്ഥ്യ-
ത്തിലേക്ക് നടന്നുപോകുന്ന
പെണ്‍കുട്ടിയുടെ പൊള്ളുന്ന
ഹൃദയത്തിലേക്ക്
പരകായം ചെയ്യണം .
മരിക്കുമെന്നുറപ്പിച്ച
രോഗിയുടെ തീവ്രതകളി-
ലേക്കും, ത്വരകളിലേക്കും
ഒരുപക്ഷേ ശൂന്യതയിലേക്കും
അലിഞ്ഞു കയറണം ..

എന്നിട്ട് ,
ഭൂകമ്പത്തിലെ
അഭയാര്‍ത്ഥിയെപ്പോലെ ,
ഒന്നും അവശേഷിപ്പിക്കാത്ത
മണ്ണിലൂടെ ......,
ചരിത്രമുറങ്ങാത്ത
തീരങ്ങളിലൂടെ ....,
തിരികെ ചെന്ന്
എനിക്കുവേണ്ടി മാത്രം
വളര്‍ത്തിയിരുന്ന
സന്തോഷങ്ങളെയെല്ലാം
കൂട് തുറന്നു വിടണം .

Friday, January 17, 2014

ഒളിയിടം

ഒളിയിടം
=======

മറവിയെന്ന വരമാണ്
ചുണ്ടിലൊരു
ചിരിയൊരുക്കുന്നതു,
ഓര്‍മ്മയെന്ന ശാപമാണ്
കണ്ണുകളില്‍
ഈറനൊഴുക്കുന്നത് ,
കവിതയെന്ന
ഒളിയിടമില്ലാതിരുന്നെങ്കില്‍
ചുമരിലൊരു
പൂമാലയുമായി ഞാന്‍
ഒടുങ്ങിയേനെ ......

Thursday, January 16, 2014

ബസ്‌ യാത്ര

ബസ്‌ യാത്ര
+++++++++

 കുന്നും കുഴിയും
 വളവും തിരുവും
 താണ്ടി,വണ്ടി
 ഓടുകയാണ് ..
ഉള്ളിലൊരുപാടാളുകള്‍ .
 ആശുപത്രികളിലേക്ക്
പോകുന്നവര്‍ ,
ആപ്പിസിലേക്കുപോകുന്നവര്‍ ,
സ്കൂളിലേക്കും തിരിച്ചും
പോകുന്ന കുട്ടികള്‍ ,
പുറപ്പെട്ടുപോയോര്‍ ,
തിരികെ വീടണയുവോര്‍ .

അകെ കലപില.
ഇടയ്ക്ക് കയറുന്നൂ
ചിലരിടയ്ക്കിറങ്ങുന്നൂ ,
സംസാരിച്ചുകൊണ്ടേ
യിരിക്കുന്നു ചിലര്‍
ചിലരാകട്ടെ ധ്യാനത്തി-
ലെന്ന പോലെ
നിശബ്ദരും ...

ബസ്സിന്റെ ബോര്‍ഡില്‍
അവസാന സ്റ്റൊപെന്നു
എഴുതിവെച്ചിരിക്കുന്നതൊരു
കടംകഥയായി പറയാം
'ആദ്യാക്ഷരം
മഞ്ഞിലുണ്ട്
പഞ്ഞിയിലില്ല ,
അന്ത്യാക്ഷരം
മണത്തിലുണ്ട്
മലയിലില്ല '
എനിക്കിറങ്ങേണ്ടത്
അവിടയാണ് ..
ഇനി എത്ര
ദൂരമെന്നറിയില്ല ?

Sunday, January 5, 2014

അഗര്‍ബത്തി

അഗര്‍ബത്തി
****************

പ്രാര്‍ത്ഥിപ്പാന്‍ പലര്‍ക്കും
പലതുണ്ട് കാര്യങ്ങള്‍ ,
പ്രാര്‍ത്ഥിക്കാതിരിക്കാന്‍
ചിലര്‍ക്ക് നൂറുണ്ട്
കാരണങ്ങള്‍ ...
എന്തിരുന്നാലും,
കത്തിയമരുമ്പോള്‍
ശേഷിപ്പത് മണമേതു
-മില്ലാത്തൊരുകുമ്പിള്‍
ചാരം മാത്രം ..........

Saturday, January 4, 2014

പശ്ചിമഘട്ടം

പശ്ചിമഘട്ടം
**************

പുഴയുടെ വഴികളില്‍ ,
കാടിന്റെ നെഞ്ചില്‍ ,
മലയുടെ മാറുതുര
-ന്നതിനുള്ളില്‍ ,
കുടില്‍ കെട്ടി
കൃഷി വെച്ച്
മണ്ണും കല്ലും വിറ്റ് ,
പടിയിറക്കല്ലേ
മഴതരും മലകളെ
തണല്‍തരും മരങ്ങളെ
ഒരു കോടി
ജൈവ വൈവിധ്യങ്ങളെ.

നാം കഴിഞ്ഞാല്‍
പ്രളയമല്ലിനി
വരാനുണ്ട് കിടാങ്ങളനവധി
വരും കാലങ്ങളില്‍ ..
അവരും കുടിക്കട്ടെ
അവരും ശ്വസിക്കട്ടെ
അവരും രുചിക്കട്ടെ
പ്രകൃതിതന്‍ ശുദ്ധ
ജല വായു ഫലങ്ങളെ ,

ഈ മനോഹര
മലനിര ഘട്ടങ്ങളെ
നെഞ്ചോടണച്ചു നാം
കാത്തു വെച്ചിടുകില്‍ ,
ഇല്ല  വരില്ല
നമുക്കൊരു
വിഷമഘട്ടങ്ങളും
ഒരു നാളും നിശ്ചയം !

പ്രതിദ്രവ്യം*

പ്രതിദ്രവ്യം*
========

നമ്മള്‍ ഒന്നും
അറിയുന്നില്ല .
നമുക്കൊന്നും
അറിയുകയുമില്ല.

ഇളംകാറ്റിലൊരു
ഇലയനക്കം പൊലു-
മില്ലാതിരുന്നൊരു
നിശ്ചലതയിലാണ്
പുസ്തകത്താളുകളില്‍
നിന്ന് ,ഭൂമിയുടെ
ചടുല വേഗതയെക്കുറിച്ചു
ഞാനറിയുന്നത് .
കറക്കവും ..
ഭ്രമണവും ...

ഒന്നു മുങ്ങി
നിവര്‍ന്നപ്പോഴേക്കും
പഴയ പുഴ
ഒഴുകിപോയി ...

നമ്മള്‍ ഒന്നും
അറിയുന്നില്ല .
നമുക്കൊന്നും
അറിയുകയുമില്ല.

നാം പറഞ്ഞയോരോ
നുണയും നേരും
സ്തുതിയും ശകാരവും
അന്തരീക്ഷത്തിലലിഞ്ഞു
എവിടെയൊക്കെയോ
എന്തൊക്കെയോയായി
സൂക്ഷിക്കപ്പെട്ടിരിക്കുന്നു .

അനുനിമിഷം
കോശങ്ങളെല്ലാം
പൊഴിഞ്ഞു ,പുതിയ
ഞാനായി മാറുകയാണെന്ന്
ഡോക്ടറാണ്
പറഞ്ഞു തന്നത് .

ഓരോ കാഴ്ചയും,
ഈച്ചയും പൂച്ചയും
ആനയും ആടും
നാമും കാണുന്നത്
-നീയും ഞാനും
കാണുന്നത് പോലും -
എത്ര വ്യത്യസ്തമായിട്ടാണ്

എന്നോ മരിച്ച
നക്ഷത്രത്തിന്റെ
വെളിച്ചവും ,
കടമെടുത്ത
ചന്ദ്രന്റെ വെട്ടവും,
ഒഴുകി പടര്‍ന്ന
രാത്രിയില്‍ ഞാന്‍
ഉറക്കത്തില്‍ കണ്ട
സ്വപ്നം ..ഉണര്‍ന്നപ്പോള്‍
ഓര്‍ക്കുന്നതെയില്ല

 നാമൊന്നും
അറിയുന്നില്ല .
നമുക്കൊന്നും
അറിയുകയുമില്ല.

പക്ഷേ ,
ഈ പണ്ഡിതന്റെ
മുഖമൂടി നല്ലപോലെ
ഇണങ്ങുന്നുണ്ട്‌ ...

*(പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യത്തിനും
(matter) ഒരു പ്രതിദ്രവ്യം (anti matter) ഉണ്ട് )

Thursday, January 2, 2014

മുയല്‍

മുയല്‍
=====

എന്നും ഒന്നാമനായിരുന്നു
കളിയിലും
കാര്യത്തിലും ,
ചിരിയിലും
ചിന്തയിലും,

ഇടയ്ക്കെപ്പോഴോ ,
ഒന്ന് തളര്‍ന്നുന്നുറങ്ങിയത്
മുതല്‍ ..
വിളിയും
പഴിയും
പരാജിതനെന്ന്

ഓന്ത്

ഓന്ത്
=====

എല്ലാ മനുഷ്യര്‍ക്കും
ഉള്ളിലൊരു നിറമേയുള്ളൂ ,
കുശുമ്പിന്റെ കറപ്പോ
ചതിയുടെ ചുമപ്പോ
കാമത്തിന്റെ കരിനീലയോ
സ്നേഹത്തിന്റെ റോസോ
ശാന്തിയുടെ വെളുപ്പോ
അങ്ങനെ ഏതെങ്കിലും
ഒരു നിറം മാത്രം ..

 ബാക്കിയെല്ലാം
വാരിച്ചുറ്റിയ നിറങ്ങളാണ്
ചായം തേച്ച
മുഖങ്ങളാണ് ..
നാക്ക് ചുഴറ്റിയെറിഞ്ഞ്
ഇര പിടിക്കുന്ന
ഓന്തിനെ പോലെ ..
ചുറ്റുപാടുകള്‍ക്കനുസരിച്ച്
നിലനില്പ്പിനനുസരിച്ചു ,
ചൂഴ്ന്നു നോക്കു
നമുക്കൊരു നിറം
മാത്രമല്ലേയുള്ളൂ