Friday, July 17, 2015

കവിതാരണ്യകം

കവിതാരണ്യകം
++++++++++++++++
വരികള്‍ക്കിടയിലെ
ഒരു വാക്ക് ,
ആരവങ്ങള്‍ക്കിടയിലെ
ഒരു വിളി,
കാഴ്ച്ചകള്‍ക്കിടയിലെ
ഒരു മിന്നായം .
ഒക്കെ വളരെ പെട്ടന്നായിരിക്കും
കവിതകളുടെ കൊടും കാട്ടിലേക്ക്
വലിച്ചെറിയുന്നത് .......
പിന്നെ, അശാന്തിയോടെയുള്ള
വഴി തിരച്ചില്‍....
ഒറ്റമൂലികളും,മധുരകനികളും
അനാഘ്രാത പുഷ്പങ്ങളും
തേടിയുള്ള വനയാത്രകള്‍..
ഒടുവിലൊരു ധ്യാനം പോലെ.
വേട്ടയാടി കിട്ടിയ ,ഒത്ത ഒരു
കവിതയെയും തൂക്കിപിടിച്ച്‌
പുറത്തേക്കുള്ള വഴി തെളിയുമ്പോള്‍ ,
അപാരമായൊരു വിശ്രാന്തി
മഴ ചാറല്‍ പോലെ പൊതിയും !

Tuesday, July 14, 2015

അക്ഷരങ്ങളില്ലാത്ത കവിത

അക്ഷരങ്ങളില്ലാത്ത കവിത
=======================
അക്ഷരങ്ങളില്ലാത്ത
ഈ കവിത വായിക്കാന്‍ 
ബുദ്ധിമുട്ടുണ്ടാവാം .
വാക്കുകളൊക്കയും, പറന്നു
പോയ്യെങ്കിലും,അര്‍ത്ഥങ്ങള്‍
അസ്ഥിപന്ജരം പോലെ
പറ്റിപ്പിടിച്ചിരിപ്പുണ്ടാവാം.
മാര്‍ക്കേസിയന്‍ നോവലിലെ
മാജിക് പോലെ ,
അവസാന വരികളിലെത്തുമ്പോള്‍
നിങ്ങള്‍ക്കു മനസ്സിലായില്ലേ ?
കവിത വാക്കുകളേ അല്ലെന്നും .
നമുക്കിടയിലുള്ള തീവ്രമായ
ഒരു ബന്ധമാണെന്നും.... ..
കവി അജ്ഞനാണെന്നും,
കവിത ജ്ഞാനമാണെന്നും .....

ഉത്തരങ്ങള്‍ വില്‍ക്കാനുണ്ട്

ഉത്തരങ്ങള്‍ വില്‍ക്കാനുണ്ട്
****************************************
ചോദ്യങ്ങള്‍ ചോദിച്ചോളൂ ,
എന്റെ കീശ നിറയേ വില്‍കാനുള്ള 
ഉത്തരങ്ങളാണുള്ളത്......
വിലപേശലുകളൊന്നുമ്മില്ല ,
വിലവിവരം എഴുതിവെച്ചവയാണ് .
ചോദ്യങ്ങളും , നിനക്കു
താങ്ങാനാവുന്ന ഉത്തരങ്ങളും
തിരഞ്ഞെടുത്തുകൊള്ളൂ ...
കയ്യൊപ്പിടാത്തൊരു ചെക്ക് മതി.
വെറുതേ സൂക്ഷിച്ചു വെക്കാന്‍ ...

മനപൂര്‍വം

മനപൂര്‍വം
===========
പല ആവര്‍ത്തി
പറഞ്ഞു പഠിപ്പിച്ചതാണ് ,
സായ്പ്പിനെ കാണുമ്പോള്‍
കവാത്ത് മറക്കരുതെന്ന് ..
എത്ര തല്ലുകിട്ടിയാലും
തലയില്‍ കയറില്ല..
പ്രതിസന്ധികളില്‍,
അറിവുകളെല്ലാം ആവിയായി
പോകുന്ന ,സൂത-
പുത്രനെ പോലെ.
'ഒരു നിറമിഴി കണ്ടാല്‍ ,
മനം നിറഞ്ഞൊരു
ചിരി കണ്ടാല്‍ ,
പഴങ്കഥ കേട്ടാല്‍ ,
പഴംപൊരി കണ്ടാല്‍ '
പിടിവിട്ട് ഓടികോളും
"കുരുത്തംകെട്ടവന്‍".

Sunday, July 12, 2015

മേഘമല്‍ഹാര്‍ തുള്ളികള്‍

മേഘമല്‍ഹാര്‍ തുള്ളികള്‍
=========================
കരയുകയായിരുന്നില്ല ,
വളരെ പതിഞ്ഞൊന്നു
ഹിന്ദോളം മൂളുകയായിരുന്നു .
കവിളിലൂടെ ഒഴുകിയത്
കണ്ണുനീരല്ല പൊന്നേ ,
മിഴികോണിലൊരു
മഴമേഘം മേഘമല്‍ഹാറില്‍
ഉരുകി ഒലിച്ചതാണ്...
ഹൃദയ ഭിത്തികള്‍
ദ്രുപതിന്റെ ചടുലതയ്ക്കൊത്ത്
താളം പിടിച്ചതാണ്..
കരയുകയല്ല ഞാന്‍ ..നീ ഉറങ്ങികോളൂ.
കടമെടുത്ത വരികള്‍
നൊമ്പരത്തി ചാറില്‍ മുക്കി
വെറുതേ കുടയുകയായിരുന്നു!

Wednesday, July 1, 2015

മരിച്ച കിളികൾ

മരിച്ച കിളികൾ
****************
ശീലാന്തികൾ തണൽ
വിരിക്കുന്ന ഇടവഴികൾ
തേടി പറന്നത്,
ഫ്ലാറ്റു വനത്തിൽ
തലയിടിച്ചു മരിച്ച
തൂക്കണാം കുരുവികളാണ് ...
പടർന്നു പന്തലിച്ച
ആൽമരം അന്വേഷിച്ച -
ലഞ്ഞത്, റബ്ബർ പാൽ
തുള്ളികൾ തൊണ്ടയിൽ
പറ്റി പിടിച്ചു ചത്തുപോയ
മരംകൊത്തികളാണ്....
ഓർമ്മകളിലെ ഓള-
പരപ്പുകളിലേക്ക്,
ഊളിയിട്ടു പറന്നത്,
നഞ്ച് കലക്കിയ
വെള്ളത്തിൽ , വിഷം
തീണ്ടി മരിച്ച
പൊൻമാനുകളാണ്..
ആളൊഴിഞ്ഞ
ഇല ചാർത്തും
മഴ മേഘങ്ങളും
കൊതിച്ച് പീലി
നിവർത്തിയത്.
കാച്ചെണ്ണയ്ക്കായി
കഴുത്തറത്ത മയൂരങ്ങളാണ് ..
ചത്തുപോയ കിളികളുടെ
ചിതാഭസ്മം ഒഴുക്കിയത്,
മരിച്ചു പോയ പുഴയുടെ
മണൽ പുറ്റുകളിലാണ് ...

സുകൃതം

സുകൃതം
=========
ചിറകടിച്ചുയരുന്ന
ചിന്തയില്‍ ഞാന്നു ഞാന്‍
വിശ്വപ്രപഞ്ച പ്രഹേളിക-
കള്‍ക്കുത്തരം ചികയുവാന്‍
പറന്നുയര്‍ന്നീടുന്നു.......!
പുല്‍കൊടി തുമ്പിലെ
പുലരിതന്‍ കാഴ്ച്ചകള്‍,
മലരായി വിരിഞ്ഞൊരു
മൊട്ടിന്റെ ആഹ്ലാദം,
ആ സുകൃതമാഘോഷമാക്കി,
മധുവും മലര്‍പൊടിയും
മൊത്തി കുടിക്കുന്ന
മാക്ഷിക കൂട്ടങ്ങള്‍.......!
അറിയാത്തോരാശ്ലേഷ-
ത്തിലകലാതിരിക്കുന്ന
സൂര്യനും ഭൂമിയും.
മൃത്യുഗന്ധം വമിക്കുന്നു
വഴികളും,വ്യക്തമല്ലാത്ത
വിളികളു-മെങ്കിലും,
നേര്‍വഴികളായി,
നേര്‍വിളികളായി
നിയതിതന്‍ നിത്യപ്രകാശം!
ഏതോ നിമിഷത്തി,ലേതോ
ദിഗന്തത്തി,ലേതോ കണിക-
യില്‍ നിന്നീ കാണുന്ന
കോലമായി മാറിയ കാലവും.
എത്രയോ സൗരയൂഥങ്ങളെ-
ങ്കിലും എന്തേ,നമ്മള്‍ തന്‍
മണ്ണിലും വിണ്ണിലും മാത്രം
ജീവന്‍റെ മഹിതമാം തുടിപ്പുകള്‍.
അഴകാര്‍ന്ന പച്ചപ്പും,
തിരയിളകും നീലിമയും,
പാതിരാ നേരത്ത്
പാലൊഴുകും വെട്ടമായി
അമ്പിളി വട്ടവും.......!
അണുവിലും അണുവാ-
യുറങ്ങി ,ഉറുമ്പായി-
ഉരഗമായിട്ടുണരുന്നു
കാലാന്തരങ്ങളില്‍.
പിന്നീടെത്രയോ ഉറക്കങ്ങള്‍
ഉണര്‍ച്ചകള്‍,ഒടുവിലൊരു-
നൂറു ജന്മങ്ങള്‍ക്കറുതിയായി
മര്‍ത്ത്യനായിട്ടുണരുന്നു.
പിന്നെപ്പോഴും ഉണര്‍ന്നു-
തന്നിരിക്കണം, ഉറങ്ങാതിരിക്കണം.
ഉണ്മയിലിരിക്കണം.
തൂത്തും തുടച്ചും
മാറാല മാറ്റി
ചാണകം മെഴുകി
തുളസി കതിരിട്ട വെള്ളം
തളിച്ചി,ലയിട്ടതിന്‍
മേലെ ഇളകി കളിക്കുന്ന
അന്തരംഗം, ആരൂഡം
പോല്‍ പ്രതിഷ്ടിച്ചിടേണം.
സുകൃതമാണീ ജന്മം
സഫലമായീടണം..സാര്‍ത്ഥകമാകണം!