Friday, December 18, 2015

വെറുതെ

വെറുതെ
=========
നിഴലും നിശബ്ദതയും നിലാവും,
പിന്നെയെന്‍ നെഞ്ചകത്തടയിരി-
ക്കുന്നൊരു കുഞ്ഞു കവിതയും...
കടലനക്കങ്ങള്‍ ഉള്ളിലാരും
കാണാതെ കാത്തുവെച്ചൊഴു-
കുന്ന പുഴയുടെ പുളിനത്തില്‍.
പുലരുവോളം,പുതുദിനം
പിറക്കുവോളം...വെറുതേ.
വിവസ്ത്രമാക്കപ്പെട്ട വിസ്മൃതികള്‍.
കലഹിച്ചു പോയ കൂട്ടുകാര്‍,
കര്‍ക്കിടകത്തിലെ തോരാ
നോവായി മഴയച്ഛന്‍........,
കരളെന്നു വിളിച്ചിട്ട് കനിവു
കാട്ടാതെ, തിരികെ നടന്നവള്‍,
തൊടിയിലെ തുമ്പയുടെ തൂവെള്ള
പുലര്‍ച്ചിരി, സമയം വാക്കാലളന്നു
വീര്‍പ്പുമുട്ടിക്കുന്ന തിരക്കുകള്‍ .
കൊട്ടിക്കയറുന്ന പാണ്ടിതാള-
ത്തിന്‍ ഹൃദ്യമാം വന്യത.....
കളിമറന്ന കളിക്കാര്‍ ഉപേക്ഷിച്ച
കാല്‍പന്ത്‌,മൂര്‍ച്ചയുള്ള മൗനങ്ങള്‍,
പായല്‍ മൂടിയ പറമ്പിലെ കുളം,
ഹൃദയമുറികളിലടരാത്ത ഏടുകളി-
ലൊളിമങ്ങിടാത്ത പലവര്‍ണ്ണചിത്രങ്ങള്‍.
എരിയുന്ന മാനസചിതയില്‍
ഭ്രമങ്ങളെല്ലാം കത്തിയമരുമ്പോള്‍,
ഒരുകടുമണി കനത്തില്‍,അതികഠിന
സാന്ദ്രതയില്‍ ചുറ്റിപിണത്തിരിക്കുന്ന
അഹന്തയ്ക്കുമേല്‍, ചടുല നടനമാടി
വിഷങ്ങളെല്ലാം വിരേചിപ്പിച്ചു
നിര്‍മലമാക്കുകെന്‍ മരപ്രഭൂ...!
നിഴലും നിശബ്ദതയും നിലാവും,
പിന്നെ, വാക്കും മനസ്സും
ഇണചേര്‍ന്നു ഇതള്‍വിരിയിച്ചൊരു
കുഞ്ഞു കവിതയെന്‍ നെഞ്ചകത്തും

വികസനം

വികസനം
.................
ആസനത്തിൽ കിളിച്ച
ആലിന്റെ തണലിൽ
ആയിരം തലമുറകൾക്ക്
വിലയിട്ട്, കാണുന്ന സ്വപ്നം.
വളർച്ചയുടെ വമ്പിൽ
വിളർച്ചയും വരൾച്ചയും
നിനയ്‌കാതെയെത്തുന്ന
പ്രകൃതി തൻ ക്ഷോഭങ്ങളും.
അന്തോം കുന്തോമില്ലാത്ത
തലതിരിഞ്ഞ തന്തേലാഴ്കകൾ.
കീശയിലെ കാശിന്റെ കനം
കിടക്കയിലുറക്കം പകരില്ലെന്ന
ലളിതസുന്ദര അറിവുകേട് ...
പുഴയൊഴുകിയ പാടും
പുകമഞ്ഞും പിണങ്ങിയ മഴയും
കടലാസ്സിലെ കാടും,
വരുംകാല കുരുന്നുകൾക്ക്
കിടിലൻ സമ്മാനമാകട്ടെ!

തലതിരിഞ്ഞ മരം

തലതിരിഞ്ഞ മരം
================
തല തിരിഞ്ഞ മരമൊരു
തലതിരിഞ്ഞ ചിന്തയല്ല,
മരം തിരഞ്ഞ തലയുടെ
മനം തകര്‍ന്ന പേച്ചാണ്..
വരുമ്മെന്നു ചൊല്ലി
മഴമേഘമായി ഉയര്‍ന്ന
പറന്നകന്നു പോയ
ജലകണികകളെ, വിണ്ണിലേക്കു
തിരഞ്ഞുപോയ വേരുകള്‍.
പൊള്ളുന്ന വെയിലത്ത്
മണ്ണിന്റെ ഇടനെഞ്ചില്‍,
തണല്‍പോലെ, തല
ചായ്ക്കാനൊരിടം തേടി,
താഴ്നിറങ്ങിയ ഇലകൊമ്പുകള്‍.
തലതിരിഞ്ഞ മരത്തിന്റെ
മരണപത്രത്തിലൊരു വരി,
"പിറക്കാന്‍ പോകുന്ന കുഞ്ഞേ,
പൊറുക്കുക,ഒരുതുള്ളി തെളിവെള്ളം
കരുതിവെയ്ക്കാത്ത തലമുറയുടെ
കാഴ്ചയില്‍ നിന്നൊളിപ്പിച്ച
ഒരുകടുമണി വിത്ത്,
നിനക്കായി ഞാനീ മണ്ണിനടിയില്‍
കാത്തുവെച്ചീടാം............
ഓരോ വിത്തു,മോരോ പ്രപഞ്ചമാണുണ്ണീ ....

കാലികം

കാലികം
+++++++++
അട്ടപ്പാടിയിലെ കുഞ്ഞേ ,
വിശന്നു കരയാതെ 
നീ കലാലയങ്ങളിലേക്കു ചെല്ലൂ ,
അവിടെ നിനക്കായി
ബീഫ് കറിയെങ്കിലും ഉണ്ടാകും .
കാറിടിപ്പിച്ചു കൊന്ന
കാവല്കാരാ , നിങ്ങളൊരു
ഉത്തരേന്ത്യന്‍ ദളിതനായിരുന്നെങ്കില്‍ ,
ഞങ്ങളുടെ നേതാക്കള്‍ നിങ്ങള്‍ക്കായി
വാതോരാതെ വാദിച്ചേനെ..
അമ്പത്തൊന്നു വെട്ടുകൊണ്ടവനെ,
നീയെന്തിനിവിടെ മരിച്ചു ,
അല്ലെങ്കില്‍ നിന്റെ മരണത്തില്‍
ഞങ്ങള്‍ ഞങ്ങളുടെ സ്ഥാനങ്ങളും
പുരസ്കാരങ്ങളും നിരസ്സിച്ചേനേ ..
കര്‍ഷകരേ, പൊറുക്കുക
കറ്റമെതിക്കാനും ,
കടമെഴുതിതള്ളാനും,
കൂടെ നില്‍ക്കാനും സമയമില്ല .
എല്ലാം നിശ്ചലമാക്കാനൊരു
ഹര്‍ത്താലാവാം പകരം...
കൈവെട്ടി മാറ്റപ്പെട്ട മാഷേ,
നിങ്ങളുടെ ചുമലിലൊരു
തുണിസഞ്ചിയെങ്കിലും ഉണ്ടായിരു,
ന്നെങ്കില്‍ ,മാധ്യമങ്ങള്‍
നിങ്ങളെയൊരു മിശിഹയാക്കിയേനെ.
മഹാനായ ഗസല്‍ ഗായകാ,
കാവിക്കറ പിടിച്ച ഹൃദയങ്ങള്‍ക്ക്‌
കാവ്യവും കലയും എന്തിനു
കണ്ണീരു പോലും തിരിച്ചറിയാനാവുകയില്ല.
വിടന്മാരുടെ സദാചാര പൊങ്കാലകളും ,
മച്ചിയുടെ പ്രസവ വിശേഷങ്ങളും ,
കുരുടന്റെ കൈലാസ വര്‍ണനകളും
കുത്തി നിറച്ചു വിരുന്നൊരുക്കാന്‍
വിഡ്ഢിപെട്ടിക്കാരും
പത്രതമ്പുരാക്കന്മാരും മത്സരിക്കുമ്പോള്‍ ..
കരിഞ്ചന്തകാരേ , പെരുങ്കള്ളന്മാരേ,
അഴിമതി കോമരങ്ങളെ,
നിങ്ങളിവിടെ അഴിഞ്ഞാടികൊള്ളൂ ,
ഞങ്ങള്‍ നിങ്ങളെ കാണുന്നതേയില്ല...