Friday, December 18, 2015

കാലികം

കാലികം
+++++++++
അട്ടപ്പാടിയിലെ കുഞ്ഞേ ,
വിശന്നു കരയാതെ 
നീ കലാലയങ്ങളിലേക്കു ചെല്ലൂ ,
അവിടെ നിനക്കായി
ബീഫ് കറിയെങ്കിലും ഉണ്ടാകും .
കാറിടിപ്പിച്ചു കൊന്ന
കാവല്കാരാ , നിങ്ങളൊരു
ഉത്തരേന്ത്യന്‍ ദളിതനായിരുന്നെങ്കില്‍ ,
ഞങ്ങളുടെ നേതാക്കള്‍ നിങ്ങള്‍ക്കായി
വാതോരാതെ വാദിച്ചേനെ..
അമ്പത്തൊന്നു വെട്ടുകൊണ്ടവനെ,
നീയെന്തിനിവിടെ മരിച്ചു ,
അല്ലെങ്കില്‍ നിന്റെ മരണത്തില്‍
ഞങ്ങള്‍ ഞങ്ങളുടെ സ്ഥാനങ്ങളും
പുരസ്കാരങ്ങളും നിരസ്സിച്ചേനേ ..
കര്‍ഷകരേ, പൊറുക്കുക
കറ്റമെതിക്കാനും ,
കടമെഴുതിതള്ളാനും,
കൂടെ നില്‍ക്കാനും സമയമില്ല .
എല്ലാം നിശ്ചലമാക്കാനൊരു
ഹര്‍ത്താലാവാം പകരം...
കൈവെട്ടി മാറ്റപ്പെട്ട മാഷേ,
നിങ്ങളുടെ ചുമലിലൊരു
തുണിസഞ്ചിയെങ്കിലും ഉണ്ടായിരു,
ന്നെങ്കില്‍ ,മാധ്യമങ്ങള്‍
നിങ്ങളെയൊരു മിശിഹയാക്കിയേനെ.
മഹാനായ ഗസല്‍ ഗായകാ,
കാവിക്കറ പിടിച്ച ഹൃദയങ്ങള്‍ക്ക്‌
കാവ്യവും കലയും എന്തിനു
കണ്ണീരു പോലും തിരിച്ചറിയാനാവുകയില്ല.
വിടന്മാരുടെ സദാചാര പൊങ്കാലകളും ,
മച്ചിയുടെ പ്രസവ വിശേഷങ്ങളും ,
കുരുടന്റെ കൈലാസ വര്‍ണനകളും
കുത്തി നിറച്ചു വിരുന്നൊരുക്കാന്‍
വിഡ്ഢിപെട്ടിക്കാരും
പത്രതമ്പുരാക്കന്മാരും മത്സരിക്കുമ്പോള്‍ ..
കരിഞ്ചന്തകാരേ , പെരുങ്കള്ളന്മാരേ,
അഴിമതി കോമരങ്ങളെ,
നിങ്ങളിവിടെ അഴിഞ്ഞാടികൊള്ളൂ ,
ഞങ്ങള്‍ നിങ്ങളെ കാണുന്നതേയില്ല...

No comments: