Wednesday, January 17, 2018

മനസ്സിലെ ഓളങ്ങൾ

മനസ്സിലെ ഓളങ്ങൾ
....................................
പകലുപോലും
ഇരുണ്ടുകിടക്കുന്ന
ഇടനാഴികൾ!
ജനലഴികളിൽ
കാറ്റ് ചില സംഗീതങ്ങൾ
ഒളിപ്പിച്ചുവെയ്ക്കാറുണ്ട്.
ചെവി ചേർത്ത്
കണ്ണടയ്ക്കുമ്പോൾ
പറന്നിറങ്ങുന്നവ ...
ചക്രവാളത്തിന്റെ
വിദൂരതകളിൽ
പുത്തൻ പ്രകാശങ്ങൾ
തെളിയാറുണ്ട്,
കണ്ണെടുക്കാതെ
കാത്തിരിക്കണം!
'വേദനിക്കുന്നുണ്ടോ?'
ചങ്ങല ഉരഞ്ഞുണ്ടായ
വൃണത്തിൽ
മരുന്നു പുരട്ടിക്കൊണ്ട്
മകൻ ചോദിച്ചു.
ഇല്ല മകനേ,
വേദനയുടെ സംവേദനങ്ങൾ
നിലച്ചിരിക്കുന്നു ,
വറ്റിയ പുഴയിൽ
പിന്നെയെന്ത് ഒഴുക്ക്,
ഓളങ്ങൾ!
പറഞ്ഞില്ല, ചിരിച്ചതേയുള്ളൂ.
ചിരിച്ചു ചിരിച്ച്
പരമാനന്ദത്തിന്റെ
പൊട്ടിച്ചിരിയിലേക്ക് .
അവൻ കണ്ണു തുടയ്ക്കുന്നു.
ചിരി ചിലർക്ക്
കണ്ണീരാണ്!
വിഷാദം എനിക്ക് വിപ്ലവമാണ്
പുലമ്പലുകളുടെ
ശബ്ദമലിനീകരണത്തിൽ
മൗനത്തിന്റെ ശുചിത്വം!
കലർപ്പില്ലാത്തതാണ് ഭ്രാന്ത്
ചങ്ങല എന്റെ സ്വാതന്ത്ര്യവും!
DR:ANUP'S POETRY

ക്രിസ്തവം

ക്രിസ്തവം
..................
യോർദ്ദാൻനദിയിലെ
ജലകണികകൾക്കന്ന്
ഉത്സവമായിരുന്നു,
അവന്റെ ശരീരത്തിന്റെ
തണുപ്പും, അവന്റെ
ആത്മാവിന്റെ ഒഴുക്കും
തങ്ങളിലേക്ക് പകർന്നു
കിട്ടുന്ന ദിവസം.
അവൻ മുങ്ങിനിവർന്നു,
ഓരോ പുഴത്തുള്ളിയും
ആത്മനിർവൃതിയിലാണ്ടു!
ഒരു പുഴയിലൂടെ ഒരു പ്രപഞ്ചം
ജ്ഞാനസ്നാനം ചെയ്യപ്പെട്ടു!
താബോർ മലനിരകൾക്ക്
പറഞ്ഞറിയിക്കാനാവാത്ത
സന്തോഷമായിരുന്നു,
കാടുപിടിച്ച മലഞ്ചരിവുകളിലും
വരണ്ട പാറക്കൂട്ടങ്ങളിലും
വസന്തത്തിന്റെ തിരയിളക്കം.
അവൻ മലകയറി വരികയാണ്.
അവന്റെ വചനങ്ങളിലൂടെ
പ്രഘോഷിക്കപ്പെടുന്നത്
ദർശനങ്ങളുടെ സമഗ്രതയാണ്
നല്ലനടപ്പിന്റെ നടവഴികളാണ്!
ഗദ്സമനയിലെ പൂന്തോട്ടത്തിൽ
അന്ന് ഒരു മൊട്ടുപോലും
വിരിഞ്ഞില്ല, അവന്റെ പ്രാർത്ഥന
അത്ര തീക്ഷ്ണമായിരുന്നു
കരയുന്ന ചെടികൾ
എങ്ങനെ പൂവിടും!
ഗാഗുൽത്താവിലെ
കാൽവരിക്കുന്നിൽ
ആ രാത്രി മുഴുവൻ
ഉയിർത്തെഴുന്നേല്പിന്റെ
സങ്കീർത്തനങ്ങൾ
മഴപോലെ പെയ്യുന്നുണ്ടായിരുന്നു.
കണ്ണടച്ചുകിടന്ന കറുകപ്പുല്ലുകൾക്ക്
അവന്റെ വാക്കുകളിൽ
ഉറപ്പുണ്ടായിരുന്നു!
അവൻ വചനമായിരുന്നല്ലോ!
DR:ANUP'S POETRY

തിരുത്തിയ നിഘണ്ടു

തിരുത്തിയ നിഘണ്ടു
* * * * * * * * * * * * * * *
വാക്കിനു പേരിട്ടതാരാണ്,
വാക്കെന്ന പേരിട്ടതാരാണ്,
വക്കുപൊട്ടിയ ശബ്ദങ്ങൾക്ക്
വായ് വഴുകിയ സ്വരങ്ങൾക്ക്
വാക്കെന്നു പേരിട്ടതാരാണാ -
പേരിന്നർത്ഥം കൊടുത്തതാരാണ്?
വിലയിട്ടു വാഴിച്ചതാരാണ്
വിലങ്ങിട്ടു നിർത്തിയതാരാണ്,
വഴിനീളെ നടത്തിച്ചതാരാണ്
വഴക്കിന് വളമിട്ടതാരാണ്...
നാവുളുക്കിയ നാരദന്മാർ
നാടുകടത്തിയ നേരുകൾക്ക്
നാനാർത്ഥം കൊടുത്തതാരാണ്?
വാക്കുകളുടെ പിതാവേ
ഭാഷകളുടെ സൃഷ്ടാവേ
നിന്റെ നിഘണ്ടുവിലെ
പദങ്ങൾ തിരുത്തട്ടെ
പൊരുളുകൾ പൊളിച്ചെഴുതട്ടെ!
വേദനകളുടെ വെള്ളം
നിറഞ്ഞു കിടക്കുന്നതിനെ
കടലെന്നു പറയാതെ
മനസ്സെന്നു തിരുത്തുക.
പ്രണയത്തിനെ ഉപേക്ഷിക്കപ്പെട്ട
നഗരമെന്നും, കരുണയെ
പരസ്യമെന്നും മാറ്റിയെഴുതുക.
ശൂന്യതയ്ക്കാകാശമെന്ന
പേരുമാറ്റി നമുക്കിടയിലുള്ള
ബന്ധമെന്നു വിളിക്കുക.
വെറുപ്പിന് മതമെന്നും
ദൈവത്തിന് കുരുടനെന്നും
അർത്ഥം കൊടുക്കുക.
ഇന്നലകൾക്ക് മഴയെന്നും
ഇന്നിന് ചരിത്രമെന്നും
ഓർമ്മകൾക്ക് ജൈവമാലിന്യ -
മെന്നും പുതുവർത്ഥമേകുക .
പുഴയെ പൊട്ടിയകുടമെന്നും
കാടിനെ മരണവീടെന്നും
മാറ്റിയെഴുതാം.
നിന്നെ നിറവെന്നും
എന്നെ കുറവെന്നും വായിക്കുക.
അധികാരത്തിന് വീതംവെയ്പ്പെന്നും
അധികാരിക്ക് ധൃതരാഷ്ട്രനെന്നും
പുതിയ പേരേകാം.
ഭൂപടങ്ങളെ യുദ്ധമെന്നും
ഭൂമിയെ പരേതയെന്നും
തിരുത്തിയെഴുതാം.
പുറപ്പെട്ടുപോയ കവിതയെ
വഴിപിഴച്ച സന്തതിയെന്ന്
മാറ്റിയെഴുതാം...!
തിരുത്തിയെഴുതിയ വാക്കുകൾക്ക്
അക്ഷരങ്ങളിട്ടു കത്തിച്ച
നെരിപ്പോടിലെ ചൂടുപകരുക.
തണുത്തുറഞ്ഞ സ്വനതന്തുകൾ
വിപ്ലവങ്ങൾ മുഴക്കട്ടെ!
ചിതലെരിച്ച പുറംചട്ടകൾ
തുളവീഴാത്ത മാർചട്ടകളാകട്ടെ!
തിരുത്തലുകൾക്കു ശേഷമുള്ള
നിഘണ്ടുവിനെ തോന്ന്യാക്ഷരങ്ങളുടെ
ഘോഷയാത്രയെന്നുറക്കെ വിളിച്ച്
എന്റെ പേർ വെട്ടിമാറ്റുക !
DR:ANUP'S POETRY

മാപിനികൾ

മാപിനികൾ
* * * * * * *
മുത്തശ്ശിയുടെ കൈത്തലം 
പോലെ കൃത്യമായി, ഒരു
തെർമോമീറ്ററും അളന്നിട്ടില്ല 
എന്റെ ചൂടും തണുപ്പും ..
നെഞ്ചോടു ചേർത്തു വെച്ച
സ്റ്റെതസ്കോപ്പു പോലെ,
പ്രിയതമ എല്ലാ
നോവുകളുമേങ്ങലുകളും
ഒപ്പിയെടുക്കുന്നു ....
ഹൃദയവ്യഥകളും താളഭംഗങ്ങളും
അമ്മയോളമറിയില്ലൊരു
ഇസിജിക്കും...
ഒന്നും ഉരിയാടാതെ
ഉമ്മറപ്പടി കയറുമ്പോഴേ,
ബിപി അപ്പാരറ്റസു പോലെ
എല്ലാ സമ്മർദ്ദങ്ങളും
സംഘർഷങ്ങളും അറിഞ്ഞുള്ള
അച്ഛന്റെ വിളി.........
ഓപ്പോളോളമളക്കില്ലൊരു
ത്രാസും ,മനസ്സിന്റെ ഭാരം...
പ്രിയസുഹൃത്ത് എക്സറേ
പോലെയാണ്, പുറമേ
കാണാത്ത മുറിവുകൾ
അവൻ തിരിച്ചറിയുന്നു....
എല്ലാ മാപിനികൾക്കുമുയരെ
ഇനിയെത്ര ശ്വാസനിശ്വാസങ്ങൾ
ബാക്കിയെന്ന രഹസ്യം
വിശ്വവൈദ്യാ, നിന്റെ
പ്രാണമാപിനിക്ക് മാത്രം സ്വന്തം ....
DR:ANUP'S POETRY