Friday, July 29, 2016

മുക്കുറ്റി -4

മുക്കുറ്റി -4
==========
(൧)
ശൂന്യതകള്‍ ഉണ്ടാകുന്നത്
========================
കടലാവണക്കിന്‍റെ തണ്ട്
ഒടിച്ചൂതി പറത്തിയ
കുമിളകള്‍ പൊട്ടി പോകും
പോലെ,എത്ര പെട്ടന്നാണ്
ശൂന്യതകള്‍ ഉണ്ടാകുന്നത്...
(൨)
കൈവിഷം
==========
കവിതയില്‍ കൈവിഷം
തന്ന കൂട്ടുകാരി,
നാനാര്‍ത്ഥങ്ങളില്ലാത്ത
ആറുവരി ഹൈക്കൂ
നാട്ടീണത്തില്‍ ചൊല്ലി.
" അറിഞ്ഞ നോവുകളു-
ള്ളില്‍ പതിഞ്ഞകാഴ്ചകള്‍,
നെഞ്ചില്‍ തറഞ്ഞ വാക്കുകള-
ന്തരംഗത്തില്‍ കുരുത്ത ചിന്തകള്‍,
കൊരുത്തു നീയൊരു കാവ്യ-
ഹാരമെനിക്കു ചാര്‍ത്തൂ......
(൩)
വിട
====
ഇവിടെ നിന്നും നാം
വഴിപിരിയുകയാണ്
ഇഴപിരിയുകയാണ്,
ഇനിയൊന്നു പറയാം,
വഴിയേതുമാകട്ടെ
വിധിയെന്തുമാകട്ടെ,
അന്തമൊന്നുതന്നെ
അഹന്തയതുതുള്ളി വേണ്ട.
അനുസ്മൃതി- Anupinte Kavithakal's photo.
DR:ANUP'S POETRY

വെള്ളച്ചാട്ടത്തില്‍

വെള്ളച്ചാട്ടത്തില്‍
++++++++++++++++
കാതോര്‍ക്കാം അകലങ്ങളില്‍
കാടുവിളിക്കുന്നയൊച്ചകള്‍,
കൂട്ടരൊത്തു കാട്ടരുവി തന്‍
ജലപാതത്തില്‍ മുങ്ങികുളിക്കവേ,
നീര്‍നൂലുകള്‍ രസചേലകള്‍ തുന്നുന്നു.
അടവിതന്‍ ശിരോധാരയാല്‍
തണുക്കുന്നു തപ്തമാം തനുമനങ്ങള്‍.
ജലമതിന്‍ നൂറു കൈകളാല്‍
തിരുമിയുണര്‍ത്തട്ടെ, മൃത-
പ്രായരാം നാഡിവ്യൂഹങ്ങളെ.
പുകപോലെ ചിതറിത്തെറിക്കുന്ന
വെള്ളം ചമയ്ക്കുന്ന മഴവില്ലില്‍
തൊടുത്തയക്കാം,അലസതയുടെ
തളര്‍ച്ചയുടെ അമ്പുകള്‍ ദൂരയ്ക്ക്.
ആര്‍ത്തുല്ലസിച്ചൊഴുകുന്ന
സൗഹൃദങ്ങളാത്മാവിന്‍
അഗാധതകളില്‍ കുളിരേകിടട്ടെ.
വെള്ളചാട്ടത്തിന്‍ കീഴെ,യീറനായി
നില്‍ക്കുമ്പോള്‍, ചാടികളിക്കുന്ന-
ചിന്തകളൊരുവേള ജലസമാധിയടയുന്നു.
ജലമതിന്‍ നൂറു കൈകളാല്‍ തഴുകി-
യുണര്‍ത്തട്ടെ, ഉറങ്ങി തുടങ്ങിയ ജീവനെ,
വിരസമാം നിര്‍വികാരതയെ....................DR:ANUP'S POETRY

Thursday, July 14, 2016

സമാഗമം

സമാഗമം
+++++++++
നീയെന്നാണെന്നെയൊന്നു
ചുംബിക്കുന്നത്?
നിന്‍റെ കൃഷ്ണമണികള്‍ക്കു
മീതെ,തിമിരം വെള്ളപുതപ്പു
വിരിച്ച ശേഷം.
നീയെന്നാണെന്‍റെ കൈയൊന്നു
പിടിക്കുന്നത്‌?
നിന്‍റെ കാലുകളില്‍ ക്ഷീരബലയുടെ
വാസന തഴുകി തുടങ്ങുമ്പോള്‍.
നീയെന്നാണെന്നെയൊന്ന്
അമര്‍ത്തി പുണരുന്നത്?
കുരുത്തംകെട്ട കോശങ്ങള്‍
നിന്നെ ആലോസരപ്പെടുത്തുമ്പോള്‍.
നമ്മളെന്നാണൊന്ന്...ശ്ശൊ..
ഒന്നിക്കുന്നത്......?
നിന്‍റെ നെഞ്ചിന്‍ കൂടിലെ
കരിംകൂവള പൂവ്
കൂമ്പിയടയുമ്പോള്‍.........

കുറ്റപത്രം

കുറ്റപത്രം
+++++++++
ഈ കുറ്റകൃത്യത്തില്‍,
പ്രതിയായ മഴയുടെ
പങ്കിനെകുറിച്ചുള്ള
സമഗ്രമായ അന്വേഷണം.
ഒപ്പമുള്ളവര്‍ക്കായുള്ള
തിരിച്ചറിയല്‍ പരേഡ്.
ജല അടയാളങ്ങള്‍ക്കും
ആന്തരിക ആഘാതങ്ങള്‍-
ക്കുമായുള്ള ഫോറന്‍സിക്ക്
പരിശോധനകള്‍..
മഴകൊണ്ടു മുറിഞ്ഞ,
ജ്വരം കൊണ്ടു വലഞ്ഞ,
'നിശബ്ദനായി' പോയ
എന്‍റെ മൊഴിയെടുക്കല്‍.
അങ്ങനെ, കേസിന്റെ എല്ലാ
നടവഴികളും,
നാള്‍വഴികളും,
നടപടികളും കടന്ന്
കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍,
വാദി പ്രതിയായിരിക്കുന്നു..
മഴ നനഞ്ഞതിന്
മഴയെ പ്രണയിച്ചതിന്
അവളെ കവിതയില്‍
കുടിയിരുത്തിയതിന് !

കവിതന്ത്രം

കവിതന്ത്രം
.................
കടത്തിണ്ണയിൽ നിൽക്കുന്നവനെ
പിടിച്ച് മഴ നനയിക്കും,
കഠിനഹൃദയന്റെ കരളലിയിച്ച്
കണ്ണൊലിപ്പിക്കും , ഒറ്റമരത്തെ
കാടാക്കും, കൊടുംകാട്ടിലെ
വൻ മരത്തെ ഏകാകിയും,
മാസത്തിലൊരിക്കലെ ചോര -
തുള്ളികളെ പ്രതിഷേധത്തിന്റെ
പടവാളാക്കും. മഴയെ കുടയാക്കും,
കുടയെ സ്കൂളിലേക്കും തിരിച്ച്
വീട്ടിലേക്കും നടത്തും,എഴുത്തിനെ
അവസാന രാത്രി വണ്ടിയാക്കും.
ഇഞ്ചിക്കറി പോലെ, ഒരു വരി
കൊണ്ട് നൂറ്റൊന്നുത്തരങ്ങൾ വിളമ്പും,
മൃതദേഹത്തെ കുളിപ്പിക്കുന്നതവനായിരിക്കാം,
പൊക്കിൾക്കൊടി മുറിക്കുന്നതും
മറുപിള്ള എടുക്കുന്നതും .
വാറു പൊട്ടിയ ചെരുപ്പും
റെയിവേ ട്രാക്കിലെ ചതഞ്ഞ
കുപ്പിയും അവന്റെ സ്വീകരണ
മുറിയിൽ ഉണ്ടാകും, പ്രണയത്തെ
ദൂരദർശിനിയിലും സൂക്ഷദർശിനിയിലും ക്യാമറയിലും കാണും, കലുങ്കിലിരുന്ന് കൈലാസം വരെ പോകും. ഇടവഴിയേ പോയി
പെരുവഴിയേ വരും, ആരും ഇറങ്ങാത്ത കയങ്ങളിൽ
മുങ്ങാംകുഴിയിടും, ഒരായിരം
താജ് മഹൽ ഒരുമിച്ച് പണിയും, രാധേം കൃഷ്ണനേം കീരിയും
പാമ്പുമാക്കും, വീണ പൂവിനും
വിടരാൻ പോകുന്ന മൊട്ടിനും
ചരിത്രത്തിലിടം കൊടുക്കും .
കടം പറയരുതെന്ന് വേശ്യയുടെ വീട്ടിൽ കുറിപ്പെഴുതി തൂക്കി, പിൻവാതിലടച്ച്,നേരേ പോകുന്നത് മീസാൻ കല്ലു-
കൾക്കിടയിൽ ഓർമ്മകളുടെ
ചിത്രശലഭത്തെ തേടിയാവാം.
നക്ഷത്രങ്ങളുടെ ജാതകമെഴുതി
സൂര്യന് പിണ്ഡം വെച്ച് ,ഊർദ്ധൻ
വലിക്കുന്ന അമ്മയ്ക്ക് ചരമഗീതമെഴുതും. എല്ലാ
യുദ്ധഭൂമികളിലും പോവും,
ദേവാലയങ്ങളിലും.കാലുകൾക്കിടയിലെ വിടവും ,അടയാളത്തിന്റെ ദൃഢതയും ഉപമകളും
ബിംബങ്ങളുമാക്കും, ഉത്തരാധുനികതയും, മൂല്ല്യ നിരാസവും, അദ്വൈതവും, സങ്കീർത്തനങ്ങളും, സൂഫിസവും,പ്രതിക്രിയാവാദവും
അവന്റെ ആവനാഴിയിലുണ്ട്.
മരുഭൂമിയിൽ പെരുമഴ പെയ്യിച്ച്
കടലിനെ കോരികുടിക്കും.
ഒരു ചെറ്യേ പേനയുണ്ടങ്കിൽ
ഇപ്പൊ ശര്യാക്കിത്തരും.......
ചൂട്ട് കത്തിച്ച്, പാടവരമ്പത്തൂടെ
വഴിതെളിച്ച് നടക്കുന്ന അവനൊരു
തൊഴിലാളിയാണ്,വെളിച്ചത്തിന്റെ.
ഇന്നും ഇന്നലേം നാളേം

ഇദം ന മമ:

ഇദം ന മമ:
---------------------
വിത്തം മഹത്തെന്നു നിരൂപിച്ച്
വിത്തെടുത്തുണ്ണരുതുണ്ണീ,
കലം നിറയ്ക്കുവാന്‍ ,തന്‍
കുലം കുത്തരുത് കുഞ്ഞേ,
ദീപസ്തംഭം മഹാശ്ചര്യമെങ്കിലും
തുമ്പ്യെ കല്ലെടുപ്പിക്കല്ലേ കുട്ട്യേ,
വായിലെ നാവിനെ മെരുക്കാതെ
വിധിയെ വെറുതേ പഴിക്കാതിരിക്കണം.
മടിയില്‍ കനമില്ലെങ്കിലും, വഴിയിലെ
കുഴികളെ കരുതലാര്‍ന്നിരിക്കണം.
മറവി മാലോകര്‍ക്ക് വരമാണെങ്കിലും,
മുതുനെല്ലിക്കകള്‍ പിന്നീട്
മധുരിക്കുമെന്നു സ്മരണയിലിരിക്കണം.
അസഹ്യനാക്കാതിരിക്കണം നീ സഹ്യനെ.
വസുധയ്ക്കുമന്യര്‍ക്കുമൊരു നാളും
ഭാരമായി മാറാതിരിക്കവേണം.
വസുധൈവകുടുംബകമെന്നു മന-
താരി,ലാവര്‍ത്തിച്ചുറപ്പിക്കണം.
'ഇദം ന മമ'*യെന്ന്‍, ഇടറാതെ
പതറാതെ പറയുവാന്‍ കഴിയണം.
വാക്കാലും മനസ്സാലും നന്‍
കൈകളാലുമറിയാതെയെങ്കിലും
ചെയ്തു പൊയ്പോയൊരബദ്ധങ്ങള്‍
ക്ഷമിക്കണേന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടുണ്ണീ,
ഇനി നീ കിടന്നുറങ്ങിക്കൊള്‍ക....
മുടിയിഴകളില്‍ കൈയോടി,ച്ചുറക്കി ,
മുത്തശി പയ്യെ മുറി ചാരിയിറങ്ങി...
*ഇത് എന്റേതല്ല...എല്ലാം നിന്റെതാണ്

പ്രച്ഛന്ന വേഷം

പ്രച്ഛന്ന വേഷം
==============
കറുത്ത മഷിവഴികളില്‍
അക്ഷര രൂപത്തില്‍
ഒളിച്ചിരിക്കാം,
കവിതയെന്ന കള്ളപേരില്‍
കടലാസ്സിലേക്കും അവിടുന്ന്
കരളിലേക്കും കടന്നുകയറാം.
നീലഞരമ്പുകളിലൂടെ
നിണ,മൊത്തൊഴുകി,
തലചോറുണ്ട്,ഉന്മത്തനാക്കാം.
അവന്‍ പോലുമറിയാതെ-
യവന്റെ സ്മൃതിയറകളിലൊരു
പായ് വിരിച്ചു കിടക്കണം.
ശിഷ്ടകാലം,അങ്ങനെ...അങ്ങനെ...

ഗാലറി

ഗാലറി
+++++++
(൧)
നിറയെ നിലാവുള്ള
മരമായിരുന്നു അവള്‍,
അവന്‍, അടിമുടി
പൂത്തുലഞ്ഞ ആകാശവും.
പങ്കുവെയ്ക്കലിന്റെ ആ നിശയില്‍
അവള്‍ അവനു നിലാവും,
അവന്‍ അവള്‍ക്കു പൂക്കളും
പകര്‍ന്നു കൊടുത്തു...
അവള്‍ പൂത്തു
അവന്‍ തെളിഞ്ഞു
അവര്‍ പ്രകൃതിയായി.
(൨)
മുളംകാടുകള്‍ ഒന്നിച്ചു പൂക്കുന്ന
ദുര്‍സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന
കാണിപെണ്ണ്, കാലന്‍ കോഴിയുടെ
കൂവലിനൊപ്പം, കുന്തിപുഴയുടെ
തീരത്ത്,കുന്തിച്ചിരുന്നു കരഞ്ഞു.
'ടിപ്പര്‍' ഏറി പോകുന്ന
മലദൈവങ്ങളെ കാക്കണേന്ന്.
ഉടയാട പോയ വനദേവതേ പൊറുക്കണേന്ന്.
(൩)
കണ്ടല്‍ കാടുകളില്‍
ഇണചേരുന്ന രണ്ടു
വരാലുകള്‍, അവരുടെ
സന്തതികള്‍ക്കായി, പോക്കൂടന്
പ്രണാമങ്ങളര്‍പ്പിച്ചു....
(൪)
മണ്ണിനോട് ഒരു ചങ്ങാത്തത്തിനും
പോകാത്ത കുപ്പിക്കുള്ളിലിരുന്ന്‍
കുടിവെള്ളം നെഞ്ച് നീറി പ്രാകി
(൫)
രാത്രി യാമങ്ങളില്‍,
പട്ടയഭൂമിയില്‍,
യഥാര്‍ത്ഥ ഉടമകള്‍,
ഹ്രസ്വ സന്ദര്‍ശനങ്ങള്‍
നടത്തി, അവരുടെ
അവകാശങ്ങള്‍
അടയാളപ്പെടുത്തി.
(൭)
ഷണ്ഡന്‍മാര്‍ കമ്പിപാരകൊണ്ട്
ഇണയെ (ഇരയെ) ഭോഗിക്കുകയും,
കഴുത്തറത്ത് രതിമൂര്‍ച്ഛയി-
ലെത്തുകയും ചെയ്യുന്നു....
ഗാലറി നിറയെ ചിത്രങ്ങളാണ്.
കണ്ടതും കൊണ്ടതും
കണ്ണടപ്പിച്ചതും തുറപ്പിച്ചതും.
ജാലകം തുറക്കുമ്പോള്‍
ഗാലറി നിറയെ ചിത്രങ്ങളാണ്...