Thursday, July 14, 2016

ഇദം ന മമ:

ഇദം ന മമ:
---------------------
വിത്തം മഹത്തെന്നു നിരൂപിച്ച്
വിത്തെടുത്തുണ്ണരുതുണ്ണീ,
കലം നിറയ്ക്കുവാന്‍ ,തന്‍
കുലം കുത്തരുത് കുഞ്ഞേ,
ദീപസ്തംഭം മഹാശ്ചര്യമെങ്കിലും
തുമ്പ്യെ കല്ലെടുപ്പിക്കല്ലേ കുട്ട്യേ,
വായിലെ നാവിനെ മെരുക്കാതെ
വിധിയെ വെറുതേ പഴിക്കാതിരിക്കണം.
മടിയില്‍ കനമില്ലെങ്കിലും, വഴിയിലെ
കുഴികളെ കരുതലാര്‍ന്നിരിക്കണം.
മറവി മാലോകര്‍ക്ക് വരമാണെങ്കിലും,
മുതുനെല്ലിക്കകള്‍ പിന്നീട്
മധുരിക്കുമെന്നു സ്മരണയിലിരിക്കണം.
അസഹ്യനാക്കാതിരിക്കണം നീ സഹ്യനെ.
വസുധയ്ക്കുമന്യര്‍ക്കുമൊരു നാളും
ഭാരമായി മാറാതിരിക്കവേണം.
വസുധൈവകുടുംബകമെന്നു മന-
താരി,ലാവര്‍ത്തിച്ചുറപ്പിക്കണം.
'ഇദം ന മമ'*യെന്ന്‍, ഇടറാതെ
പതറാതെ പറയുവാന്‍ കഴിയണം.
വാക്കാലും മനസ്സാലും നന്‍
കൈകളാലുമറിയാതെയെങ്കിലും
ചെയ്തു പൊയ്പോയൊരബദ്ധങ്ങള്‍
ക്ഷമിക്കണേന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടുണ്ണീ,
ഇനി നീ കിടന്നുറങ്ങിക്കൊള്‍ക....
മുടിയിഴകളില്‍ കൈയോടി,ച്ചുറക്കി ,
മുത്തശി പയ്യെ മുറി ചാരിയിറങ്ങി...
*ഇത് എന്റേതല്ല...എല്ലാം നിന്റെതാണ്

No comments: