Friday, March 27, 2015

ഗൃഹസ്ഥം

ഗൃഹസ്ഥം
=========
'നിനക്ക് നഷ്ടപ്പെട്ടത്
ഞാന്‍ തിരികെ തരട്ടെ?'
"എന്ത്?"
'ഓര്‍മ്മകള്‍!'
"വേണ്ട! ഇന്നലത്തെ
മഴയില്‍ ഞാന്‍
കഴുകി കളഞ്ഞതാണ്."

'നിനക്ക് നഷ്ടപ്പെട്ടത്
ഞാന്‍ തിരിച്ച് തരട്ടെ?'
"എന്താണ്?"
'സ്വപ്‌നങ്ങള്‍!'
"വേണ്ട! നാളെ
കത്തിക്കാനുള്ള വിറകായി
ഞാന്‍ ഉണക്കിവെച്ചതാണ്."
'നിനക്ക് നഷ്ടപ്പെട്ടത്
ഞാന്‍ തിരികെ തരട്ടെ?'
"എന്ത്?"
'നിന്നെ!'
"വേണ്ട! അത് നിനക്കുള്ളതാണ്........."

Wednesday, March 25, 2015

മുക്കുറ്റി

മുക്കുറ്റി
*************
(1)
മണ്ണ്
========
തിരിച്ചു പോകാന്‍
നമുക്കെല്ലാം ഒരിടമല്ലേയുള്ളൂ ,
പിന്നെയെന്തിനാണീ
ഔപചാരികതയുടെ
യാത്രാമൊഴികള്‍...

( 2)
വിയര്‍പ്പ്
===========
ഓടിയതെല്ലാം
എനിക്കുവേണ്ടിയാണ്‌.
വിയര്‍പ്പായി ഒഴുകി
തീര്‍ന്നതും ഞാന്‍ തന്നെ.
(3)
സാന്ത്വനം
=============
ഈ അവധിക്ക്
സമയമില്ലമ്മേ.
വൃദ്ധസദനത്തിലേക്ക്
ഈ കത്തും
കൂടയൊരു ചെക്കും
അയക്കുന്നു.
സ്നേഹപൂര്‍വ്വം
'മകന്‍' .

നാട്ടു നീതി

നാട്ടു നീതി
==========
കരിഞ്ഞുണങ്ങിയ കാടും,
വിശന്നു കത്തിയ വയറും,
കാട്ടുകണ്ണില്‍ ഇരുട്ടുനിറച്ചപ്പോള്‍
-മനുഷ്യനെന്നോ മൃഗമെന്നോ
തിരിച്ചറിഞ്ഞില്ല ......................

മദം പൊട്ടിയ മനസ്സും ,
കറുപ്പ് തിന്നു കലങ്ങിയ കണ്ണും,
കതകു തുറക്കാന്‍ വൈകിയ
മനുഷ്യനെ,മൃഗമായി പോലും
കണ്ടില്ല ....................................
മിഴി കെട്ടിയ മനുഷ്യനീതി
വിധിച്ചതോ ,
മൃഗത്തിന് മരണവും
മനുഷ്യ മൃഗത്തിന് മൃഷ്ടാന്നവും

മനുഷ്യദിനം

മനുഷ്യദിനം
===========
ഇന്നാണ് കൂട്ടരേ,
ലോക മനുഷ്യദിനം,
ദിനങ്ങളോരോന്നും
ആചരിപ്പാനായി
വീതിച്ചെടുത്തത്തില്‍
ശേഷിപ്പതീദിനം,
ആഘോഷമാക്കൂ
ആനന്ദമാക്കൂ.
തൊട്ടാലറയ്ക്കുന്ന
രോഗങ്ങളുള്ളോര്‍,
അനാഥരായി മണ്ണില്‍
വീണു ഭവിപ്പോര്‍,
ഉറ്റവരൂറ്റിക്കുടിച്ചു-
പേക്ഷിച്ചുപോയോര്‍,
പട്ടിണിമഴയിലാകെ
നനഞ്ഞു കുതിര്‍ന്നവര്‍,
ഏകിടാം നമ്മുക്കിവര്‍ക്കായി
ഒരു നുള്ള് സ്നേഹത്തിന്‍
ആശ്വാസ പൂക്കള്‍.....

അമ്മയെ വെട്ടുവോര്‍,
അച്ഛനെ കൊല്ലുവോര്‍,
ഒരു തുണ്ടു കടലാസിനായി
ഉടയോരെ വില്‍ക്കുവോര്‍,
വേരുകള്‍ വെട്ടി,കതിരില്‍
വളം വെയ്ക്കുവോര്‍.
മിഴി തുറന്നിടാം ,
ചെയ്തു പൊയിപോയ
പാപങ്ങള്‍ ഏറ്റുപറഞ്ഞീടാം.
കഴുകി കളഞ്ഞീടാം
കയ്യിലും,മെയ്യിലും
മനസ്സിലാകയും പുരണ്ട
കറകള്‍,പശ്ചാത്തപത്തോടെ !
പ്രതിജ്ഞയായി ചൊല്ലിടാമീ
ദിനം ,നമുക്കുടനീളം
ശീലിപ്പതിനായി .........
തല മറന്നെണ്ണ തേക്കാതിരിക്കാം,
വഴിവിട്ട യാത്രകള്‍
തുടരാതിരിക്കാം ,
വിശക്കുന്ന വയറിനൊരു -
പിടി വറ്റായി മാറാം,
തെറ്റുകള്‍ പറ്റാതിരിക്കാം,
അന്ന്യരെ പറ്റിക്കാതിരിക്കാം,
അറ്റുപോം ബന്ധങ്ങള്‍
വിളക്കി ചേര്‍ക്കാം ,
കാത്തിടാം ,പച്ചനിറഞ്ഞയീ
ഭൂമിയും,നീല പുഴകളും...
ഇന്നാണു കൂട്ടരേ
ലോക മാനവ ദിനം ,
ഇന്നെന്നു വെച്ചാല്‍ഇന്നാണ് ,
ഇന്നലെയുമല്ലതു നാളെയുമല്ല .
ആഘോഷമാക്കൂ ..
ആനന്ദമാകൂ ....