Saturday, February 6, 2016

തിരയും രതിയും

തിരയും രതിയും
***************************
മറിച്ചു ചൊന്നാല്‍ തിര
രതിയായീടുമെങ്കിലും........
കടല്‍ക്കരയിലെ അവസാനത്തെ
തിര പോലെയാണ് രതി,
തീര്‍ന്നെന്നു നിനച്ചു ,തിരികെ
നടക്കുമ്പോഴേക്കും ,കാലടികളെ
വീണ്ടും നനച്ചിട്ടുണ്ടാകും ...
ആദിമധ്യാന്തങ്ങളുടെ ആവര്‍ത്ത -
നങ്ങളുമായി തിര തീരത്തേ-
ക്കിരച്ചു കയറുമ്പോള്‍,
ആദിമജന്മസ്മൃതികളുടെ
താവഴികളിലൂടെ,ശീല്‍കരത്തോടെ
രതി ഇരമ്പി കയറും..........
ഉള്‍കടല്‍ ആഴങ്ങളില്‍
തിരയും രതിയും ,
ചിപ്പിക്കുള്ളിലൂറിയിരിക്കും
മുത്തുമണി പോലെ,
ഗൂഡമായൊരു ധ്യാനത്തിലാവാം.
നങ്കൂരമിടാനൊരു കരയെത്തിയാല്‍,
എല്ലാ മൂടികളും പൊളിച്ച്,
എല്ലാ മേലാപ്പുകളും പൊഴിച്ച്,
തിരയുടെ തകര്‍പ്പ്..രതിയുടെ പടര്‍പ്പ്.
മറിച്ചു ചൊന്നാല്‍ തിര
രതിയായീടുമെങ്കിലും........
കുത്തിവരച്ചതൊക്കെ ,തിര
മായിക്കുമെന്നിരുന്നാലും,
മായാത്ത ചിലത്, രതി, കോറിയിടും
മനസ്സിലും.....വപുസ്സിലും......