Tuesday, March 14, 2017

അതിരപ്പിള്ളി

അതിരപ്പിള്ളി
**************
ഇരുട്ടത്ത് ഒരു പുഴ
വഴി ചോദിച്ചു,
അണക്കെട്ടിനു
വെളിയിലേക്ക്.
ഞെക്കുവിളക്കിട്ട്
ഞാൻ പറഞ്ഞു
' ലൈൻ കമ്പി'കളിലൂടെ
ഒഴുകിക്കോളാൻ.....
DR:ANUP'S POETRY

മുക്കുറ്റി - 8

മുക്കുറ്റി - 8
-----------------
(1)
കരിയില
.................
കുളിയുടെ മണം
വെളിച്ചെണ്ണയിൽ നിന്ന്
ധാന്വന്തരത്തിലേക്ക്
വേച്ച് നടക്കുമ്പോൾ ..
ലോകം കിടക്കയ്ക്കുചുറ്റും
കറങ്ങാൻ തുടങ്ങും .
ഇടയ്ക്ക് ഊരുചുറ്റാനിറങ്ങുന്ന
ഓർമ്മകൾ കുസൃതിപ്പിള്ളേരേ
പോലെ സാറ്റു കളിച്ച് നടക്കും .
കാശിക്കു പോകാൻ
മണ്ണാങ്കട്ടയുടെ ക്ഷണം കൂടി
കിട്ടിയാൽ ..ശേഷം ചിന്ത്യം
(2)
ചവിട്ടുപടി
----------------
തോൽവി ജയത്തിന്റെ
ചവിട്ടുപടിയാണത്രേ,
തീരാത്ത ചവിട്ടുപടികളാണ്
എന്റെ ജന്മം ......
(3)
ഫെമിനിസ്റ്റ്
- - - - - - - - - -
വേവുന്ന (വേവലാതികളുടെ) അടുപ്പ് ,
തേഞ്ഞ പാത്രങ്ങൾ,
ആവിതള്ളുന്ന പ്രഷർകുക്കർ..
അങ്ങനെ,അടുക്കള കവിതകളിൽ
മാത്രം കേട്ടുകേൾവിയുള്ള
ഗൃഹാതുരത്വമുണർത്തുന്ന പേരുകൾ..
ഒക്കെ ഒന്നു കാണണം
ബിനാലെ പോലെ
ഇന്നത്തെ സന്ദർശനം
അടുക്കളയിലേക്കാകട്ടെ.....
DR:ANUP'S POETRY

ജല്ലിക്കെട്ട്

ജല്ലിക്കെട്ട്
...............
രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു .
ആരവങ്ങളിൽ നിന്ന്
ആചാരങ്ങളിൽ നിന്ന്
ചരിത്രത്തിൽ നിന്ന് .
പിടിച്ചുനിർത്താൻ നോക്കിയവരെയൊക്കെ
മലർത്തിയടിക്കേണ്ടി വന്നു
കുത്തിയെറിയേണ്ടി വന്നു.
ചോരക്കൊതികൊണ്ടല്ല
ചോരതിളപ്പുകൊണ്ടുമല്ല
അതിജീവനത്തിനുള്ള
അന്തർദാഹം കൊണ്ടാണ്
ആത്മരക്ഷയ്ക്കുള്ള ആർത്തികൊണ്ടാണ് .
മാംസഗന്ധം അറപ്പുള്ളവൻ
പ്രാണഭയത്തിൽ ,
പ്രതിയോഗികളെയല്ല കണ്ടത്
പ്രതിരോധവും .. പലായനവും ..
DR:ANUP'S POETRY

അന്ത്യശാസനം

അന്ത്യശാസനം
....................
പാതവക്കിലൂടെ പോകുന്നവരാരും
പൂന്തോട്ടത്തിലെപൂമണം
ശ്വസിക്കരുതെന്ന്
അധികാരിയുടെ ഉഗ്രശാസനം .
കപ്പം കൊടുക്കാത്തവരാരും
പകൽ വെളിച്ചത്തിൽ
കണ്ണു തുറക്കരുതെന്നും,
ഒരു മഴയും നനയരുതെന്നും
കല്ലുപിളർക്കുന്ന കൽപ്പനകൾ .
മരിച്ചാൽ, നേരെ ,
നരകത്തിലേക്ക് പൊയ്ക്കൊള്ളണമെന്നും ,
ആ നേരം,
വിലയുള്ളതൊന്നുമേ കൈയ്യിൽ
കരുതരുതെന്നും അന്ത്യശാസനം.
അധികാരിയുടെ പേനത്തുമ്പിൽ
വിറങ്ങലിച്ചു നിന്ന
മഷിതുള്ളിക്ക് തൂക്കുകയർ !
കൈകൊട്ടിയവർക്കും
കൂടെപാടിയവർക്കും
കൈനിറയേ കീർത്തിചക്രങ്ങൾ !DR:ANUP'S POETRY

ഉന്നം

ഉന്നം
=========
നിന്‍റെ അമ്പുകളെന്നും
കിറുകൃത്യങ്ങളായിരുന്നു..
അതുകൊണ്ടാണ് ഞാന്‍
നിന്നെ അത്രമേല്‍വിശ്വസിച്ചതും.
വാക്കുറപ്പുകളില്‍ നിനക്കാ
കൃത്യതയില്ലായിരുന്നുവെന്ന്
അറിയാതെ പോയി ...
ചെവികളിലുരസി ,
കൈകള്‍ക്കരികിലൂടെ
പാഞ്ഞുകയറുന്ന അമ്പുകള്‍
നിന്‍റെ പ്രണയാദ്രമായ
ചുണ്ടുകളായാണ് ഞാന്‍
ആസ്വദിച്ചിരുന്നത് .........
എന്‍റെ നടുനെറ്റിയിലെ
മരണമര്‍മ്മത്തിലായിരുന്നു
നിന്‍റെ ദൃഷ്ടിയെന്നു
ഒരുക്കല്‍പോലും ചിന്തിച്ചതേയില്ല.
കാണികളുടെ ഹര്‍ഷാരവങ്ങളില്‍
ലഹരിപിടിച്ചിരുന്ന നീ
അവരുടെ മുന്നില്‍,പിഴ
വരുത്തില്ലെന്ന് ഞാന്‍ ഉറപ്പിച്ചു.
കുരുതിയ്ക്കായി കരുതികൂട്ടി
കരുവാക്കുമെന്ന് കരുതിയതേയില്ല.
ശീല്‍കാരത്തോടെ വന്നു
നെറ്റിപിളര്‍ത്തിയ ആ അമ്പുണ്ടല്ലോ
അതു ചെന്നെത്തിയത്, നിന്നോടുള്ള
എന്‍റെ ഇഷ്ടങ്ങള്ലെല്ലാം സ്വരുകൂട്ടി -
വെച്ചിരുന്ന സ്നേഹകുടുക്കയിലായിരുന്നു.
ആപ്പിള്‍ പോലെ ചിതറിയത്
പ്രിയനേ,നിന്നോടുള്ള ചങ്കുറച്ച
വിശ്വാസമാണ്..നീയെന്ന പ്രതിഷ്ഠയാണ്.
ഞാണ്‍ വിടുന്നതിനു മുന്‍പ്
വിരലഗ്രം വലിക്കുന്നതിന് മുന്‍പ് ,
ഒരു നിമിഷമെങ്കിലും
നിനക്കെന്‍റെ കണ്ണുകളിലേക്ക്
നോക്കാമായിരുന്നില്ലേ .
കണ്ണാഴങ്ങളില്‍ പെണ്ണഴലിന്റെ
ശോണിമ കാണാമായിരുന്നില്ലേ.
എന്‍റെ കൃഷ്ണമണികളില്‍
നിന്‍റെ ...നിന്‍റെ മാത്രം
പ്രതിബിബം തെളിയുമായിരുന്നില്ലേ .
കൈവിറയ്ക്കുമായിരുന്നില്ലേ ...DR:ANUP'S POETRY

മുക്കുറ്റി -7

മുക്കുറ്റി -7
=============
(൧)
പല്ലി
----------------
ഒരോര്‍മ്മ പോലും
പൊഴിച്ചു കളയാന്‍
കഴിയാത്ത ഞാന്‍,
നമിക്കുന്നു നിന്നെ
നിന്റെ മുറിഞ്ഞവാലിനേം.
(൨)
വിധി
-----------------
വിധിയെന്ന വഞ്ചകന്‍
വിളിക്കാതെപറയാതെ
വന്നെന്തും തട്ടിപ്പറിച്ചോടി-
മറയുമെന്നറിവാണറിവ്.
(൩)
സമാന്തരം
---------------
ഒരു ചോദ്യത്തിന്‍റെയും
കൈയ്യാമം ഇടാത്തൊരു-
ത്തരമെങ്കിലും കാണുമോ...?
ഒരിക്കലും കരയാത്തൊരു
മര്‍ത്യജന്മം പോലെ.DR:ANUP'S POETRY

വേഴാമ്പല്‍

വേഴാമ്പല്‍
===========
ഇല്ലിനി കാത്തിരിക്കില്ലൊരു 
മഴയ്ക്കായും,ഇല്ലിനി 
കേണിരിക്കില്ലൊരിണയ്ക്കായും.
കാത്തിരിപ്പുകളില്‍ കരിഞ്ഞുപോയതെന്‍റെ കിനാവുകള്‍,
കേഴലുകളില്‍
കൊഴിഞ്ഞുപോയതെത്ര ദിനരാത്രങ്ങള്‍.
ഒരുമഴക്കാടും വെളുപ്പിച്ചിട്ടില്ലൊരു
ഗിരിനിരകളും നിരത്തിയിട്ടില്ല
എന്നിട്ടുമൊരു തൊണ്ടക്കുഴി
ജലം ചോദിക്കേ ,കടല്‍ക്കരവരെ
വന്നു നീ തിരികെപ്പോയെന്നു
ഈറനുടുത്ത ഇളംകാറ്റു പറഞ്ഞപ്പോള്‍
ഇടംനെഞ്ച് ചിതറിപ്പോയി....
കിതയ്ക്കുമ്പോളോരു കൈത്താങ്ങ്
കൊതിച്ചപ്പോള്‍,വിധിച്ചതോ
തീവ്രവിരഹവും..
അറിയാത്ത കുറ്റത്തിന്
വറ്റിച്ചതെന്റെ ദാഹജലം
കുടിയിറക്കപ്പെട്ടവന്റെ കുടിനീര്..
ഇല്ലിനി തപസ്സിരിക്കില്ലൊരു
മഴയ്ക്കായും ,
കരഞ്ഞിരിക്കില്ലൊരിണയ്ക്കായും.
കണ്ണീരിനു വിലയിടുന്നയീ കെട്ടകാലത്ത്
പഠിച്ചു ചില നല്ലപാഠങ്ങള്‍..
കേണുപറഞ്ഞാലും കേള്‍ക്കാത്ത
കാതുകളെ കാതങ്ങളകലെ നിറുത്തണം.
മടിശ്ശീലക്കനത്തിനു,
സ്നേഹമളന്നുതൂക്കുമ്പോള്‍,
മടിക്കാതെ മതിചൊല്ലിമടങ്ങേണം..
പെയ്യാത്ത മഴയത്ത്
തണുത്തങ്ങനെ നില്ക്കണം,
തഴുകാത്ത കൈകള്‍ക്ക്
പുറതിരിഞ്ഞുകിടക്കണം ,
കരഞ്ഞുകാത്തിരിക്കുവാന്‍ ഭീരുക്കളല്ല നാം!
കവിതകൊണ്ട്‌ കരിങ്കല്ല്
പിളര്‍ത്തിയവരാണ് നാം....!
DR:ANUP'S POETRY

മുക്കുറ്റി-6

മുക്കുറ്റി-6
==========
(൧)
മാവോയിസ്റ്റ്
------------------
ആകെ മടുത്തപ്പോഴാണ്
കാട്ടിലേക്കൊന്നു കയറിയത് ,
തുളവീണ ശരീരമായാണ്
തിരികെയിറങ്ങിയത്.
ചീനഭാഷയില്‍,
വെടിക്ക് മുമ്പൊരു വിളി മാത്രം
കേട്ടിരിന്നു, .
(൨)
ജ്വരം
---------------
കവിതവരുന്ന ദിവസം
മുറ്റത്തേക്കിറങ്ങാന്‍ പോലും
മടിയാണ്.
ജ്വരം പിടിച്ചവനെ
പോലെയെന്നാണ്
അമ്മ പറയാറ്.
കമ്പിളിപുതച്ച്
ചുക്ക് കാപ്പി കുടിച്ച്
ആവി പിടിച്ച്,
ആകെ പനിച്ച്
അവളുടെ കൂടെ അങ്ങനെ...
അവളെന്‍റെ ജ്വരമാണ്!
(൩)
വിസില്‍
---------------
നീട്ടിയുള്ള വിസില്‍,
കാണികളൊഴിഞ്ഞ കസേരകള്‍
കളിക്കളം കാലി
ഓടിത്തളര്‍ന്നയൊരു 
കാല്പന്ത് ബാക്കി.
DR:ANUP'S POETRY

എരണംകെട്ടവള്‍

എരണംകെട്ടവള്‍
++++++++++++++++
എന്നാലും എന്‍റെ പെണ്ണേ,
വല്ലാത്തൊരു ചെയ്തായിപോയിത്,
നീട്ടിവളര്‍ത്തിയ താടിയും മുടിയും
ഞാനിനിയെന്ത് ചെയ്യും ?
നാഴികയ്ക്കു നാല്പതുവട്ടം
പുതിയ കവിതയെകുറിച്ച്
ചോദിക്കുന്നവരോടിനിയെന്തു പറയും.
സന്ധ്യമയങ്ങും മുന്‍പേ
തിരിച്ചെത്തുമെന്ന് വാക്കുപറഞ്ഞിട്ട്
പോയതാണ്.ഇതിപ്പോ,മാസം മൂന്നായി.
ആവിയും അനക്കവും ഒന്നുമില്ല..
സാധാരണ പോകാറുള്ള ,
പുഴക്കരയിലും,പാടത്തും
പറമ്പത്തും,മലഞ്ചെരുവിലും
മഴകാടിലും,അച്ഛന്റെ ഖബറിലും
കൂട്ടുകാരിയുടെ വീട്ടിലും,
ആശുപത്രിത്തിണ്ണയിലും ,
അനാഥാലയത്തിലും,മരണ വീട്ടിലും,
തിക്കിലും തിരക്കിലും തെരുവിലും
എന്നുവേണ്ട കുടത്തില്‍ വരെ നോക്കി,ങേഹേ!
ഒരുമ്പെട്ടോളുടെ കുരുത്തകേടുകൊണ്ട്
കടലാസും പേനയും പോലും
കണ്ടാല്‍ മിണ്ടാതായി ..
കള്ളും കഞ്ചാവും അടിച്ചു നോക്കി,
മാനം-അല്ല ബോധം പോയതു മിച്ചം.
എന്നെ പറയിപ്പിക്കാന്‍
എരണംകെട്ടവളുടെ ഒരിറങ്ങിപോക്ക് .
ആവശ്യകാരന് ഔചിത്യമില്ലന്നല്ലേ.
കാത്തിരിക്കാം ..അല്ലപിന്നെ !
DR:ANUP'S POETRY