Thursday, September 29, 2016

തോന്നിവാസം

തോന്നിവാസം 
+++++++++++++
എത്രയോ ചിന്തകളും 
വരികളും ,കാലില്‍ 
വീണു പറഞ്ഞിട്ടുണ്ട് 
കുത്തിക്കുറിച്ച് അവരെ
കവിതയാക്കരുതെന്ന്...
നല്ല കുടുംബത്തില്‍
പിറന്നതാണെന്നും, വേറെ
നല്ല ബന്ധങ്ങള്‍ കിട്ടുമ്മെന്നും.
അടങ്ങിയൊതുങ്ങി കഴിയണമെന്നും ,
കീര്‍ത്തിമുദ്രകളുടെ
അലങ്കാരങ്ങള്‍ അണിയണമെന്നും.
ങ്ങേഹേ ! വിട്ടില്ല ...ഒന്നിനേം
കണ്ണീരുപ്പുവറ്റിച്ചെടുത്ത് ,
ഇല്ലായ്മ കഞ്ഞിയില്‍
കലക്കി, പൊളിഞ്ഞ
പ്രണയങ്ങളുടെ പ്ലാവില
കുത്തി കുടിപ്പിച്ചു ..
കാടുകയറിയ കൂരയില്‍
പാര്‍പ്പിച്ചു ,മുടിഞ്ഞ
കഥകളുടെ മുഷിഞ്ഞ
മുണ്ട് ഉടുപ്പിച്ചു ,
പകിട കളികളില്‍
പണയം വെച്ച് ,മദ്യശാലകളില്‍
തുണിയുരിച്ചു ..
പലര്‍ക്കൊപ്പം പറഞ്ഞുവിട്ടു ,
നാല്‍ക്കവലകളില്‍ ഉറക്കെ
ചൊല്ലി അപമാനിച്ചു .
ഉള്ളുനീറുന്ന ആത്മനൊമ്പരങ്ങള്‍-
ക്കൊപ്പം കുലുക്കി തുപ്പി നാറ്റിച്ചു.
സ്വത്വസങ്കര്‍ഷങ്ങളുടെ
ചക്കിലിട്ട് പീഡിപ്പിച്ചു .
വൃത്തവും വൃത്തിയും
നോക്കിയതേയില്ല ...
തോന്നിവാസിയുടെ കവിത
അഭിസാരികയുടെ വീട്ടിലെ
തത്തയെ പോലെയാണ് ,
ഭിക്ഷാപാത്രത്തിലിട്ട 
നാണയതുട്ടു പോലെയാണ് ...!
DR:ANUP'S POETRY

അറിവീശ്വരന്‍*

അറിവീശ്വരന്‍*
=============
കാലം കഴുകികളയുന്ന
ചമയങ്ങളെ ചൊല്ലി
കണ്ണീരു വാര്‍ക്കുവ-
തെന്തിനു നാം വെറുതെ.
ആധിയില്‍ നീറുവതെ-
ന്തിനാണാഴിയില്‍
പൊങ്ങിയടങ്ങുന്ന
തിരകളെ ചിന്തിച്ച്,
കേഴുവതെന്തിനാണീ
കാറ്റില്‍ പാറിപറക്കും
അപ്പൂപ്പന്‍താടിയതു കണ്ട്,
മൂകമുരുകുന്നതെ-
ന്തിനാണീ മാനത്ത്
മങ്ങിയണയുന്ന
താരകളെയോര്‍ത്ത്.
മടങ്ങിയേ മതിയാവൂ,
നാടും നഗരവും,
ഭവനവും ഭുവനവും,
നമ്മുടെതെന്നു നിനയ്ക്കുന്ന-
തെല്ലാം വിട്ടൊരുന്നാളേവരും.
ഇരുമ്പിന്‍ കഷണമതു
വെള്ളത്തില്‍ മുങ്ങീടുമെങ്കിലോ,
പൊങ്ങി താന്‍ കിടക്കും,
ഉള്ളുപൊള്ളയായൊരു
യാനപാത്രമായതു മാറ്റീടുകില്‍.
അതു പോലെ നാമും
അറിവെന്ന തോണിയിലേറി
വാഴ്വിലെ അഴലിന്റെ
സാഗരം താണ്ടണം.
ജ്ഞാനാഗ്നിയില്‍ കത്തിച്ചു
കളയണം, അന്ധവിശ്വാസവും
അവനവന്‍ കടമ്പയും.
ആ വെള്ള വെളിച്ചത്തില്‍
കാണണം,ഭൂലോക കാഴ്ചകള്‍
പിന്നിട്ട വഴികള്‍,പിന്നെ
മുന്നിലെ ഗിരികളും.
ഭക്തിയത് ശക്തിയോടെ
യുക്തികൊണ്ടുറപ്പിക്കുകില്‍,
മുക്തിയത് നിശ്ചയം വസുധയില്‍.
അറിയണം,അറിവാണൂഴിയില്‍
മര്‍ത്ത്യന്റെ, അകകണ്ണ്
തുറപ്പിക്കുമീശനെന്ന്,
അറിയണം,അറിവൊന്നു
നേടുകിലേവനും ജഗദീശ്വരനെന്ന്.
*പ്രജ്ഞാനം ബ്രഹ്മ:DR:ANUP'S POETRY

സന്താനപര്‍വ്വം

സന്താനപര്‍വ്വം 
----------------------
മന്ദാക്രാന്തയിലൊരു വരി
തലപുകഞ്ഞെഴുതുന്ന 
നേരത്ത്, തറുതല പറഞ്ഞും
കൊണ്ടെത്തിയ വാമഭാഗത്തോട്
കോപാക്രാന്തനായി അലറവേ,
'ഗര്‍ജനം നാരികളോടല്ല വേണ്ടൂ'-
യെന്നു മകനവന്‍ കിശോരന്‍
സരസമായി ചൊല്കെ,
ധ്രുവഹിമമായി ആറിതണുത്തു
പോയി,ആലിപ്പഴം പോല്‍
മണ്ണിലേക്കാണ്ടുപോയി.
സന്താനങ്ങളവര്‍,ദാമ്പത്യവനികയിലെ
പൂക്കളല്ലോ,ഇരുകരകളേയും
തമ്മിലിണക്കുന്ന പാലങ്ങളല്ലോ,
നമ്മിലടഞ്ഞ സ്വപ്നങ്ങള്‍ നാം
ചിറകുവിരിക്കുവതരിലൂടല്ലോ.
സല്‍സന്താനങ്ങളെ ലഭിക്കുകിലതു
തന്നെ ക്ഷോണിയിൽ നല്‍സമ്പത്ത്..
DR:ANUP'S POETRY

വ്രണിതന്‍

വ്രണിതന്‍
============
ഏതോ സരണിയില്‍ വെച്ചു നാം
ഒരുവേള കണ്ടെന്നിരിക്കാം.
ആ നേരം നിന്നില്‍;
വെയില്‍ ചാഞ്ഞ സന്ധ്യയ്ക്ക്
പൂവാടിയില്‍ സൊറ ചൊല്ലിയ
ഓര്‍മ്മകള്‍ പൂത്തന്നിരിക്കാം,
പലതായി മടക്കിയ കടലാസിലെ
കുളിരെഴും വരികളൊക്കയും
ശലഭങ്ങളായി പറന്നെന്നിരിക്കാം,
നമ്മളൊരുമിച്ചു നനഞ്ഞ
മഴകളൊക്കെ നിന്നിൽ പെയ്തെന്നിരിക്കാം,
എങ്കിലും പ്രിയേ,കൂടെയുള്ള
കയ്യില്‍ മുറുകെ പിടിച്ചു
മുഖം തിരിച്ചു നീ പൊയ്ക്കൊള്ളുക.
നിന്‍റെ ചിരി ചതിയില്‍
ചിതറിയവനാണ് ഞാന്‍.
ആ നുണ കുഴികളില്‍ 
നിലതെറ്റിയവനാണു ഞാന്‍.DR:ANUP'S POETRY

ഒഴിഞ്ഞ കുപ്പികള്‍

ഒഴിഞ്ഞ കുപ്പികള്‍
++++++++++++++++++
ഒഴിഞ്ഞ വീഞ്ഞുകുപ്പികളില്‍
ഒരുതുള്ളി കവിത
പോലും ബാക്കിയില്ല.
ഇനി എനിക്കുള്ള കവിത
നിന്‍റെ ഹൃദയത്തില്‍ മാത്രമാണ്.
ഇരുട്ട് മുറിയില്‍
കൈവിരലുകളുടെ തിട്ടത്തില്‍
എഴുതിയ ഈ വരികളില്‍
ആ സത്യം പറയാം.
എനിക്ക് നിന്നോട് പ്രണയമായിരുന്നില്ല.
നിന്‍റെ ഹൃദയത്തിലെ കവിത,
അതായിരുന്നു എന്‍റെ ലക്ഷ്യം.
പൗലോയുടെ വേദവാക്യത്തില്‍
ഞാന്‍ എന്നെ സമര്‍പ്പിക്കുന്നു.
ഈ പ്രപഞ്ചത്തെ മുഴുവന്‍
സാക്ഷിയാക്കി, ആ കവിത
എന്‍റെ ഏറ്റവും മികച്ച രചന
അതു ഞാന്‍ സ്വന്തമാക്കും..
നീയുള്‍പ്പെടെ........
നീ വെറുക്കുന്ന,സിഗരറ്റു
മണമുള്ള ചുണ്ടുകളിലൂടെ
ഞാനത് പാടും.
ഒഴിഞ്ഞ നിന്നില്‍ പിന്നെ
ഒന്നും അവശേഷിക്കുകയില്ല,
നീ പോലും......
DR:ANUP'S POETRY