Friday, April 29, 2016

ഉഷ്ണനൃത്തം

ഉഷ്ണനൃത്തം
=============
കുടല്‍മാല കുടഞ്ഞെറിഞ്ഞു,
കലി തുള്ളി കുലദൈവം. 
കാളിയമ്മ പെരുംകാളി
കാല്‍ചിലമ്പ് വലിച്ചൂരി,
ഒറ്റകാലില്‍ ഉഗ്രനൃത്തം.
കരിഞ്ഞുണങ്ങി മരകാട്,
വിണ്ടുകീറി നദിവഴികള്‍,
പുളച്ചു മദിച്ചു പൊരിവെയില്‍.
മടികുത്തില്‍ പിടിച്ചവന്‍റെ
മുടിക്കുത്തില്‍ പിടിച്ചലറി,
കടുംവെട്ടി കുലം മൊത്തം.
കൈയൊന്നില്‍ കബന്ധവും
മറുകയ്യില്‍ മൃത്യുവിന്‍റെ
രുധിരദാഹിയാം കൊടുംവാളും.
ഉറഞ്ഞു തുള്ളി ഉഗ്രരൂപി
കാളിയമ്മ പെരുംകാളി..
കണ്‍തുറിച്ച്, നാവു നീട്ടി
കൊന്ത്രപല്ല് പുറത്തു കാട്ടി,
വരണ്ട മണ്ണില്‍,തീക്കാറ്റില്‍
ചടുല നൃത്തം..ചുടല നൃത്തം.
അത്യുഷ്ണ ചേലചുറ്റി,
തീപാറും സൂര്യതാപ പൊട്ടുകുത്തി,
കൊടുംചൂടിന്‍ കൈവളകള്‍
അണിഞ്ഞെത്തി അവനിയമ്മ.
ഉറഞ്ഞു തുള്ളി ഉഷ്ണനൃത്തം,
വലിചൂറ്റി അവസാന തോയതുള്ളീം.
മടികുത്തില്‍ പിടിച്ചവന്റെ
മുടികുത്തില്‍ പിടിച്ചലറി,
കുലം മൊത്തം കടുംവെട്ടി.
ഉറഞ്ഞു തുള്ളി ഉഗ്രരൂപി
ഉഷ്ണനൃത്ത ചാമുണ്ഡി......
Anupinte Kavithakal  അകത്തേയ്ക്കുള്ള വാതില്'s photo.
DR:ANUP'S POETRY

ഗണിതസൂത്രങ്ങള്‍

ഗണിതസൂത്രങ്ങള്‍
++++++++++++++++
ഒന്നും പെരുപ്പിക്കാതെ,
കൂട്ടുവെട്ടി പിണങ്ങി
നില്‍പ്പാണ് ഗുണനചിഹ്നം..
മുഖം തിരിച്ച്,അകന്നു
നില്‍ക്കുന്ന അധികചിഹ്നം.
എല്ലാത്തിനേയും പൂജ്യം
കൊണ്ട് ഹരിച്ച്‌,സംപൂജ്യനായി
നില്‍ക്കുന്ന ഹരണന്‍.
സകല നൂലാമാലകളിലും
പെട്ട്,കടം പെരുകി
നില്ക്കകള്ളിയില്ലാത്ത ന്യൂനന്‍.
തകര്‍ന്ന കുടുംബസമ-
വാക്യങ്ങളില്‍,ത്രികോണങ്ങളും
സിലിണ്ടറുകളും നോക്കു-
കുത്തികളായി തീര്‍ന്നു.
ചതുരങ്ങള്‍ക്കുള്ളില്‍ എല്ലാരും
ഓരോരോ വൃത്തങ്ങളില്‍.
പെരുക്കപട്ടിക മറന്ന കുട്ടി
കമ്പ്യൂട്ടറില്‍ വെടിവെച്ചു മുന്നേറി.
എല്ലാ സൂത്രവാക്യങ്ങളും
കാലാഹരണപെട്ടെന്ന,സ്ഥിരം
പല്ലവി പാടി, തിരുമണ്ടന്‍
പള്ളികൂടം ബഹിഷ്കരിച്ചു.
വന്ധീകരിക്കപ്പെട്ട ബീജഗണിതം,
മാനത്തിന് വിലയിട്ടു ശതമാനം,
അസംഖ്യം അസ്വാരസ്യങ്ങള്‍,
വളര്‍ച്ച മുരടിച്ച വിസ്തീര്‍ണങ്ങള്‍,
വക്രീകരിച്ച ലംബമാനങ്ങള്‍,
സാമാന്യതകളില്ലാത്ത ലസാഗുവും,
സാധാരണത്വമില്ലാത്ത ഉസാഘയും.
കൂട്ടലും കിഴിക്കലും പിഴച്ച
ഗണിതം, വീടകങ്ങളില്‍
സമചിഹ്നം തേടി മണ്ടിനടന്നു..
Anupinte Kavithakal  അകത്തേയ്ക്കുള്ള വാതില്'s photo.
DR:ANUP'S POETRY

കടങ്കഥ

കടങ്കഥ
**********
ആരിതീ ആകാശത്ത്
ആയിരമായിരം മിന്നാമിന്നികളെ 
അണിയിച്ചു നിര്‍ത്തി ...
ആരിതെന്‍ മിഴികളില്‍
മാമലകളും മരതകകാന്തിയും
മുഗ്ദ്ധമൊരുക്കി വെച്ചു...
ആരിതെന്‍ കാതുകളില്‍
നാദവിസ്മയ വിഭൂതികള്‍
വിരിയിച്ചുണര്‍ത്തി...
ആരിതെന്‍ കൈകളില്‍
താങ്ങും തണലും
തല്ലും തഴുകലും
കരുതി വെപ്പിച്ചു...
പുളിമരതണലില്‍,കണ്ണടച്ച്
കിടക്കവേ , ആരിതെന്‍
തലയ്ക്കുള്ളിലീവിധ ചിന്തകള്‍
പൊട്ടി മുളപ്പിച്ചു............?
കാണാമറയത്ത് കാരണവും,
കാഴ്ചയായി കാര്യവും,
കണ്ണുപൊത്തി കളിച്ചിടുന്നു.
കണ്ണിറുക്കി കളിപ്പിചിടുന്നു...
DR:ANUP'S POETRY

Sunday, April 17, 2016

ഇടനെഞ്ചിലെ തെയ്യം

ഇടനെഞ്ചിലെ തെയ്യം
+++++++++++++++++++
തെയ്യങ്ങളാടുന്നു
കോലങ്ങള്‍ തുള്ളുന്നു ,
തെക്കേ തറയിലെ
മുത്തപ്പന്‍ തന്‍ മുന്നില്‍
തോറ്റം‌പാട്ടുകളുച്ചത്തില്‍
താളത്തില്‍ പാടി മുറുകുന്നു.
അമ്മ മരിച്ചതിന്‍ ആണ്ടു
തികഞ്ഞില്ല, വയനാടന്‍
കുലവന്റെ ഉള്ളിലിരിക്കുന്ന
കൊച്ചുകണാരന്റെ
നെഞ്ചകം നീറി.....
കൂരയില്‍ അച്ഛനുറങ്ങാതെ
കുരച്ചു കുരച്ചു കിടക്കുന്നു
ദൈവതം തുള്ളി കിട്ടുന്ന
ദക്ഷിണ കൊണ്ട് ,അറ്റങ്ങളെല്ലാം
കൂട്ടിമുട്ടിക്കണം....
ഭാവിയറിയുവാന്‍
കാത്തുനില്‍പോര്‍ക്കു
മുന്‍പില്‍, ഭൂതവും
ഭാവിയും വര്‍ത്തമാനങ്ങളും
കൊട്ടിയടഞ്ഞൊരു സാധു-
ജന്മത്തിന്റെ പയംകുറ്റിയാട്ടം.
മുഖത്തേപ്പും മെയ്യെഴുത്തും
കഴുകി കളഞ്ഞിടാമെങ്കിലും,
മായിക്കാനാവാത്ത തലയി-
ലെഴുത്ത് കൊഞ്ഞനം കുത്തുന്നു.
കുരുത്തോല ചെറുകാറ്റിലുല-
യുന്ന പോലെ,മനസ്സാകെ
കനലാഴിയില്‍ നൊന്തുപിടയുന്നു.
വയനാടന്‍ കുലവന്റെ
ഉള്ളിലിരിക്കുന്ന കൊച്ചു-
കണാരന്റെ ഉള്ളകം നീറി..
ആറിന്റെ ആഴത്തിലാരോടും
പറയാതെ,ആരുമറിയാതെ
ഒളിച്ചിരിക്കാന്‍ പോയോ-
രോപ്പോളിന്‍ വാത്സല്യ
സ്മൃതികള്‍ തികട്ടി വരുന്നു.
വേനല്‍ തിളയ്ക്കുന്നു,
വേദനകള്‍ പുകയുന്നു,
ഇനി പെരുംകളിയാട്ടകാലം,
കായ് പത്തു കയ്യില്‍
വരുന്നോരാകാലം....
വയനാടന്‍ കുലവന്‍
ആഞ്ഞുറഞ്ഞു തുള്ളി.
ഉള്ളിലിരിക്കുന്ന കൊച്ചുകണാരന്‍
ദൈവത്താറായി കിതച്ചു......

Monday, April 11, 2016

ഒറ്റപൂവിന്റെ കഠിന വസന്തം

ഒറ്റപൂവിന്റെ കഠിന വസന്തം
============================
ഇടവപാതിയും തുലാവര്‍ഷവും
മാത്രമറിയാവുന്ന നിന്റെ
മിഴികള്‍ക്ക്, ഒരു വസന്തവു-
മായിട്ടാണ് ഞാന്‍ വരുന്നത്.
ഒറ്റപൂവിന്റെ കഠിന വസന്തം.
ജീവന്‍ പണയം വെച്ച്,
വെട്ടത്തെ തീവ്രമായി പ്രണയിക്കുന്ന
മഴപാറ്റയെ പോലെ,
ചൊടികളില്‍ കാത്തുവെച്ചിട്ടുള്ള
അമൃത് നിനക്കു പകര്‍ന്നു
തന്നിട്ടേ ഞാന്‍ പോകൂ...
എന്നും നമുക്ക് ഒന്നിച്ചിരിക്കാന്‍
കഴിയില്ലയെങ്കിലും, ഒരു
നിമിഷത്തെ സമാഗമം,
കാലത്തെ അതിവര്‍ത്തിക്കും
ദിക്കുകളെ അതിജീവിക്കും.
ആയുസ്സിലൊരു തവണ മാത്രം
ചുംബിച്ച് കടന്നു പോകുന്ന
വാല്‍നക്ഷത്രം പോലെ....
ഒരുനിമിഷത്തെ ഒത്തുചേരല്‍
നിനക്കു മുക്തിയും
എനിക്ക് തൃപ്തിയും നല്‍ക്കും.
പ്രപഞ്ചത്തിന്റെ ആദ്യനിമിഷ-
ത്തിലേക്കാവും നാം പോവുക..
ഒരു കണ്‍ചിമ്മലിന്റെ
ഒരു നുള്ള് അംശത്തിലേക്ക്,
അരിമണിയില്‍ നിന്നും
അണ്ഡകടാഹത്തോളം...........
ഒറ്റപൂവിന്റെ ഈ വസന്തം
നിനക്കുള്ള എന്റെ ആത്മാര്‍പ്പണമാണ്.