Monday, April 11, 2016

ഒറ്റപൂവിന്റെ കഠിന വസന്തം

ഒറ്റപൂവിന്റെ കഠിന വസന്തം
============================
ഇടവപാതിയും തുലാവര്‍ഷവും
മാത്രമറിയാവുന്ന നിന്റെ
മിഴികള്‍ക്ക്, ഒരു വസന്തവു-
മായിട്ടാണ് ഞാന്‍ വരുന്നത്.
ഒറ്റപൂവിന്റെ കഠിന വസന്തം.
ജീവന്‍ പണയം വെച്ച്,
വെട്ടത്തെ തീവ്രമായി പ്രണയിക്കുന്ന
മഴപാറ്റയെ പോലെ,
ചൊടികളില്‍ കാത്തുവെച്ചിട്ടുള്ള
അമൃത് നിനക്കു പകര്‍ന്നു
തന്നിട്ടേ ഞാന്‍ പോകൂ...
എന്നും നമുക്ക് ഒന്നിച്ചിരിക്കാന്‍
കഴിയില്ലയെങ്കിലും, ഒരു
നിമിഷത്തെ സമാഗമം,
കാലത്തെ അതിവര്‍ത്തിക്കും
ദിക്കുകളെ അതിജീവിക്കും.
ആയുസ്സിലൊരു തവണ മാത്രം
ചുംബിച്ച് കടന്നു പോകുന്ന
വാല്‍നക്ഷത്രം പോലെ....
ഒരുനിമിഷത്തെ ഒത്തുചേരല്‍
നിനക്കു മുക്തിയും
എനിക്ക് തൃപ്തിയും നല്‍ക്കും.
പ്രപഞ്ചത്തിന്റെ ആദ്യനിമിഷ-
ത്തിലേക്കാവും നാം പോവുക..
ഒരു കണ്‍ചിമ്മലിന്റെ
ഒരു നുള്ള് അംശത്തിലേക്ക്,
അരിമണിയില്‍ നിന്നും
അണ്ഡകടാഹത്തോളം...........
ഒറ്റപൂവിന്റെ ഈ വസന്തം
നിനക്കുള്ള എന്റെ ആത്മാര്‍പ്പണമാണ്.

No comments: