Tuesday, March 29, 2016

മൂലധനം

മൂലധനം
========
സ്വേദം മണക്കുന്ന
സാന്ധ്യപഥങ്ങളില്‍,
വിഷം മുറ്റിയ അണലികള്‍
ഉടലുകൾ‍ക്കായി കാത്തിരിക്കുന്നു.
ആദിമഗോത്രത്തുടികള്‍ പാടി,
ലാസ്യനൃത്തമാടുന്നു മുളങ്കാടുകള്‍.
അപഥസഞ്ചാരിണിയാം
അന്ധകാരം,പകലിനെ വേഗം പറഞ്ഞയച്ചഴിഞ്ഞാടിയെത്തി.
തെയ്,തിത്തെയ്,തിത്തിത്തെയ്
തിത്തിത്തിത്തേയ്.............
പുലവൃത്തം പാടി,
പടയണി തുള്ളി, മഴ
മുടിയഴിച്ചാടിത്തിമിര്‍ത്തെത്തി.
ഇരച്ചെത്തിയ മഴവെള്ളം
തൊടിയിലൂടിടവഴിയിലൂ-
ടൊഴുകുന്നതിന്‍ സ്വനം.
കുടിലിന്റെ തിണ്ണയ്ക്ക്,
അകത്തും പുറത്തും
തുള്ളിയ്ക്കൊരു കുടം
പെയ്യുന്ന നേരത്ത്,
കഞ്ഞിക്കലത്തില്‍ കൈയിട്ടുനോക്കി
കണ്ണുനിറഞ്ഞൊടുവില്‍
തളര്‍ന്നുറങ്ങുന്ന കാലി കലങ്ങള്‍.
ഉറങ്ങിയുണരുമ്പോഴേക്കും
മഴമാറി മാനം തെളിഞ്ഞിടുമോ ?
മടിക്കുത്തില്‍,അരിയ്ക്കുള്ള
വക വല്ലോം തടഞ്ഞിടുമോ ?
ഇരുട്ടത്ത്...... മഴയത്ത്
മണ്‍കുടിലിന്‍ തിട്ടയ്ക്ക്,
കിണ്ണം നിറയേ
കുമ്പിള്‍ നിറയേ
കഞ്ഞിവറ്റിന്‍റെ നിറചിന്തയില്‍,
കോരന്‍ മിഴിയടച്ചുകിടന്നു...

No comments: