Tuesday, August 9, 2016

കയററ്റം

കയററ്റം
++++++++
ഡിലന്‍ തോമസ്സിന്റെ
പന്തുകള്‍ പോലെ,
എറിഞ്ഞ വാക്കുകളൊന്നും
തിരികെ വന്നേയില്ല..
സ്നേഹം നിറഞ്ഞവ
കനിവില്‍ മുങ്ങിയവ
നന്ദിയില്‍ കുതിര്‍ന്നവ
അമര്‍ഷം പുരണ്ടവ....
ഒന്നും, തിരികെ വന്നതേയില്ല.
കൂട്ടത്തോടെ എവിടെയാണ്
മറയുന്നത്,കൂട്ടംതെറ്റി പോകുന്നത്
കൂട്ടുവെട്ടി പോകുന്നത്...
തെരുവ് ജാലവിദ്യകാരന്‍റെ
ആകാശകയറിലൂടെ ഞാന്ന്,
വാക്കുകള്‍ മറയുന്നിടം തേടി
മുകളിലേക്ക് കയറി...
കാത്തുനിന്നവര്‍ മടുത്തു.
ഇനി വരില്ലെന്ന് തീര്‍ച്ചപ്പെടുത്തി
അവര്‍ കയററ്റം മുറിച്ചുകളഞ്ഞു.
വാക്കുകള്‍ മറഞ്ഞിടത്ത്
ഞാന്‍ തന്നെയാണ് മറഞ്ഞത്,
കാഴ്ചക്കാര്‍ കണ്ടത്
കയററ്റം മാത്രമാണ്....
DR:ANUP'S POETRY

Wednesday, August 3, 2016

ഭയങ്കര കാമുകന്‍


ഭയങ്കര കാമുകന്‍ 
+++++++++++++++++
ഭയങ്കര കാമുകനാണ് ഞാന്‍,
നെഞ്ചിന്‍ കൂട് തകരുംപോലെ 
അമര്‍ത്തി പുണരും,
ചോര പൊടിയും വരെ
ചുണ്ടുകളിലമര്‍ത്തി ചുംബിക്കും,
പുറം വടിവുകളില്‍ പിക്കാസോ
ചിത്രങ്ങള്‍ വരയും,
പ്രണയലേഖനങ്ങളുടെ
മലവെള്ളപാച്ചില്‍ തീര്‍ക്കും,
ഉറക്കാതെ തഴുകി
ഉണര്‍ത്തികൊണ്ടേയിരിക്കും,
ഒരു നിമിഷം പോലും പിരിയാതെ
മുടിയിഴകളില്‍ പേന്‍ നോക്കിയിരിക്കും,
എല്ലാ ദൃഷ്ടികളില്‍ നിന്നുമൊളിപ്പിക്കും,
എന്റേതു മാത്രമാക്കി വയ്ക്കും
എന്റേതു മാത്രം....
അതുകൊണ്ടാവാം കോടതി
മുറിക്കുള്ളില്‍ അവളെന്നെ
ഭീകരനെന്ന് വിളിച്ചത്..........