Monday, October 28, 2019

ഓഹരി

ഓഹരി
........
വിൽപത്രം പോലെ,
അച്ഛന്റെയും അവളുടേയും
മരണശേഷം എനിക്ക്
ഭാഗം വെച്ച് കിട്ടിയത്
അവരുടെ വിഷാദമായിരുന്നു!
ചെളി നിറഞ്ഞ ചതുപ്പുനിലം,
പതിച്ചു കിട്ടിയ പാഴ്നിലം,
മുകളിലെ ആകാശം മുഴുവൻ
കാർമേഘകരിമ്പടം മൂടിയ മണ്ണ്!
വിഷാദത്തിന്റെയാ നനഞ്ഞ
നനുത്ത മണ്ണിൽ എന്തെല്ലാമാണ് ഞാൻ നട്ടുവളർത്തിയതെന്നോ?
നോവിന്റെ വളക്കൂറുള്ള
ഭൂമിയിൽ എന്തൊക്കെയാണ്
ഞാൻ വിളയിച്ചതെന്നോ?
പ്രതീക്ഷയില്ലാത്ത പ്രഭാതങ്ങൾ,
കൂമ്പടഞ്ഞ സ്വപ്ങ്ങൾ,
അപകർഷതാബോധ മരങ്ങൾ,
മുളയ്ക്കാത്ത ചിന്തകൾ,
ഒപ്പം, നിറയേ മുള്ളുള്ള
പൂക്കാത്തയൊരു പ്രണയവും!
ചേര് മരങ്ങൾ നിരത്തി
നട്ടാണ് വേലികെട്ടിയത്,
ഒരു വേനലിലും ഒരിക്കലും
വറ്റാത്ത,ഒത്ത നടുവിലെ
കണ്ണീർ കുളത്തിൽ
മൗനികളായ മാനത്താംകണ്ണികൾ
ജനിമൃതികളുടെ ജാതക ചിന്തയിൽ,
നക്ഷത്രമെണ്ണി കിടന്നു !
കാൽ വഴുതി വീഴുന്ന
പായൽപിടിച്ച പടവുകൾ ...
തെക്കു കിഴക്ക്
കരിനാഗങ്ങൾ പുളഞ്ഞു
നടക്കുന്നൊരുഗ്രൻ കാവ്,
ജനിതക ഭൃംശങ്ങളുടെ
ദുരിതാമയ നിഗൂഢവിപിനം!
വടക്കു പടിഞ്ഞാറാണ്
ഇടിഞ്ഞു വീഴാറായ ചായ്പ്പ്,
കാലഹരണപെട്ടവയുടെ കലവറ,
പുരാവസ്തുക്കളുടെ നിലവറ,
എന്റെ കിടപ്പറ!
പ്രമാണമില്ലാത്ത പുറംപോക്ക്
അങ്ങനെയാണ് എനിക്ക് സ്വന്തമായത് .....!
DR:ANUP'S POETRY

അഗ്നിശുദ്ധി

അഗ്നിശുദ്ധി
................
നടുറോഡിൽ
ഇന്ധനത്താൽ
ഈറനണിഞ്ഞ
ഉടലിലേക്ക്,
മാംസനിബദ്ധമല്ല
രാഗമെന്നുറക്കെ പാടി,
പ്രണയോപഹാരമായി
ഒരുതരി തീപുഷ്പം...
ആകാശം ഭേദിച്ചുയരുന്ന
പുകച്ചുരുളുകളിലേറി
സ്വർഗ്ഗത്തിലേക്കു
പൊയ്ക്കൊള്ളുക!
എന്നും നിർമലമായിരിക്കട്ടെ
നിന്റെ ദേഹവും,പ്രണയവും.....!
നരകത്തീയിൽ ഞാൻ
അഗ്നിശുദ്ധിവരുത്തട്ടെ!
കൈയ്യിലിരുന്ന ഒഴിഞ്ഞ കുപ്പിയും
കത്തിയും വലിച്ചെറിഞ്ഞ്
വന്യമായി അക്രോശിച്ചുകൊണ്ട്
അവൻ തിരികെ നടന്നു.....!
DR:ANUP'S POETRY

ലക്ഷ്മണരേഖകൾ

ലക്ഷ്മണരേഖകൾ
..........................
തലങ്ങും വിലങ്ങും വരകളാണ്,
അതിർവരമ്പുകളാണ്!
അതിനപ്പുറമുള്ള വിശാലതകളിൽ
കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളാണ്
കെട്ടകെട്ടുകാഴ്ചകളാണ്!
സ്വർണ്ണവർണ്ണ മാനുകൾ
പൊയ് വേഷമണിഞ്ഞ കിരാതന്മാർ,
കാമനകളുടെ കമനീയ കലവറകൾ...
വൈദേഹി, എന്റെ പ്രിയ മനസ്സേ,
ആത്മാരാമനില്ലാത്തപ്പോൾ
കവർന്നെടുത്തോടുന്ന കാമത്തിന്റെ
കൈകളിലേക്ക്, കാൽവഴുതി വീഴാതെ
വൃത്തമിതു വരയ്ക്കുക
സ്വയംവരയായി മാറുക!
ഓർക്കുക കുബുദ്ധികൾക്ക്
തലയൊന്നല്ല പത്തിരട്ടിയാണ്!
നിരാസക്തികളുടെ നേർരേഖയ്ക്കപ്പുറം
സദാചാരത്തിന്റെ സദ് വൃത്തത്തിനപ്പുറം
തലതിരിഞ്ഞ കാലമാണ്, ലങ്കയാണ് (ലംകാ).
ദൈന്യതയില്ലാത്ത ദൈത്യരുടെ
മോഹിപ്പിക്കുന്ന മായാ മണ്ണാണ്,
അതിനിദ്രയുടെ ആലസ്യമാണ്
അത്യാർത്തിയുടെ ആസുരികതയാണ്!
അതിർത്തിയ്ക്കുള്ളിൽ യുദ്ധങ്ങളുടെ
പൊടിപടലങ്ങളില്ലാത്ത,ആർത്തനാദങ്ങളില്ലാത്ത
വിരഹവേദനകളില്ലാത്ത അയോദ്ധ്യയാണ്* .
വാനരനിൽ നിന്ന് നരനിലേക്ക്
നരാധമനിൽ നിന്ന് പുരുഷോത്തമനിലേക്ക്
വളർച്ചയ്ക്ക് ചില വരകളുണ്ട്,
സുരക്ഷയുടെ സ്വരക്ഷയുടെ വേലികളുണ്ട്,
വരമ്പുകൾക്കുള്ളിലല്ലേ നൂറുമേനി വിളവുകൾ!
വയ്യ! വേലികൾക്കപ്പുറത്തെ
വയ്യാവേലികഥകൾ മനം മടുപ്പിക്കുന്നു...
വേലികൾ വിളവു തിന്നാതിരിക്കട്ടെ,
കരുത്തുള്ള കൈയ്യുമായി കരുതലായി തീരുക!
* അയോദ്ധ്യ - തോൽപ്പിക്കാനാവാത്തത്,
യുദ്ധങ്ങളില്ലാത്ത ദേശം .
DR:ANUP'S POETRY

വികൃതികാട്ടുന്ന വിരലുകൾ

വികൃതികാട്ടുന്ന വിരലുകൾ
..................................
ജാലവിദ്യക്കാരനെ പോലെ,
എന്തെല്ലാമാണ് നിന്റെ
നീണ്ട കൈവിരലുകൾ
ഒളിപ്പിച്ചുവെച്ചിരിക്കുന്നത്,
തൂവാലകൾ
ചുവന്ന റോസാപൂക്കൾ
പറക്കാത്ത പ്രാവുകൾ
മറക്കാത്ത ഓർമ്മകൾ
അങ്ങനെയങ്ങനെയെന്തെല്ലാം ...!
ഉടലിലൊരു പ്രണയമഴ
പൊഴിക്കുന്ന വിരലുകൾ,
ഒളിഞ്ഞിരിക്കുന്ന മൊട്ടുകളെ
വസന്തത്തിന്റെ വർണ്ണോ-
ത്സവത്തിലേക്ക് കൂട്ടി-
ക്കൊണ്ടു വരുന്ന വിരലുകൾ!
തൂമഞ്ഞിന്റെ കോടകളെ
തുമ്പിലേക്കാവാഹിക്കുന്ന
കൈവിരലുകൾ!
മിഴിതുവർത്തി തുടയ്ക്കുന്ന ,
നീറുന്ന നോവുകളെ
തഴുകി തിരുമ്മുന്ന ,
പ്രണയാർദ്ര കവിതകൾ
കുത്തിനിറച്ച , കരാംഗുലികൾ!
സ്പർശ സംവേദനത്തിന്റെ
സഹസ്ര സാധ്യതകളെ സാധ്യമാക്കുന്ന,
നിറയേ കുസൃതി കുരുവികൾ
കൂടുകൂട്ടിയ കൈവിരലുകൾ !
മനസ്സിനു പോലുമറിയില്ല
വിരലിന്റെയത്ര രഹസ്യങ്ങൾ.....!
DR:ANUP'S POETRY

ഭിക്ഷ

ഭിക്ഷ
........
ഭിക്ഷാംദേഹിക്കു കിട്ടിയ
ധർമ്മമാണെന്റെ പ്രണയം!
വരണ്ട കപോലങ്ങളിൽ
നീയേകിയ സ്നിഗ്ധ
ചുംബനങ്ങൾ,
ഒഴിഞ്ഞ കപാലത്തിലിട്ട
നാണയതുട്ടുകളാണ്...
ഭിക്ഷാപാത്രത്തിൽ വീഴുന്ന
വറ്റിനെന്തളവ്,
കാശിനെന്ത് കണക്ക്,
കമ്പിളിയുടെ കനത്തിനെന്തർത്ഥം?
ദാനം കിട്ടിയ പശുവിന്റെ
പല്ലെണ്ണുന്ന പോലെ!
അല്ലേ? .... അതേ ....
ഭിക്ഷാടകന്റെ പ്രണയം
ആത്മസംതൃപ്തിയുടെ നിറവാണ്!
മരുപ്പച്ച പോലെ
പ്രതീക്ഷയുടെ തുരുത്താണ് !
വിശപ്പുകളുടെ ശമനമാണ്!
കനിവു കിനിയുന്ന
നിന്റെ കരുണയാണ് ...
നിന്റെ പ്രണയമെനിക്കു
ഉദാത്തമായ ഭിക്ഷയാണ്,
ഇത് തിരിച്ചൊന്നും തരാനില്ലാത്ത
നിസ്വന്റെ പ്രാർത്ഥനയാണ് !
DR:ANUP'S POETRY

ഭരണഭാഷ

ഭരണഭാഷ
* * * * * * *
ആപ്പീസിലെ
നരച്ച ഭിത്തിയിൽ
തൂക്കിയിട്ടിരിക്കുന്ന
അറിയിപ്പു പലകയിൽ
കറുപ്പിൽ വെളുപ്പായി
എഴുതിവെച്ചിരിക്കുന്നു..
'ഭരണഭാഷ മലയാളം'
ഭരിക്കുന്നവർക്കെല്ലാം
ഒരേ ഭാഷ തന്നെയല്ലേ?
ധാർഷ്ട്യത്തിന്റെ
ചൂഷണത്തിന്റെ
അടിച്ചമർത്തലിന്റെ
അധികാരത്തിന്റെ ഭാഷ!
ഒരേ സ്വരം,ഒരേ വർണ്ണം
ഒരേ വ്യാകരണം!
ഭരിക്കപ്പെടുന്നവർക്കാണ്
വിവിധ ഭാഷകൾ,
പരസ്പരം തിരിച്ചറിയാത്തവ.
ഒത്തൊരുമയില്ലാത്തവ,
നിശബ്ദതയുടെ വിലപോലുമില്ലാത്തവ,
വനരോദനമെന്ന വിളിപേരുള്ള ഭാഷകൾ!
ലിപികളിലെ ഉച്ചനീചത്വങ്ങൾ!
ഭരിക്കപെടുന്നവന്റെ ഭാഷയ്ക്ക്,
അർത്ഥം കൽപ്പിക്കുന്നത്
ഭരിക്കുന്നവന്റെ ഭാഷയാണ്!
അധികാരിയുടെ അധോവായു പോലെ,
അടിമയുടെ മേലുള്ള
ഉടമയുടെ ഏകപക്ഷീയമായ
കരാറാണ് ഭരണഭാഷ......!
DR:ANUP'S POETRY

പേരില്ലാത്തവന്റെ പാട്ട്

പേരില്ലാത്തവന്റെ പാട്ട്
..............................
നിന്നെ ഉയിരോളം പ്രണയിക്കുന്ന
എന്റെ ശരീരത്തിലെ
ഓരോ കോശവും ,
കാത്തിരിക്കയാണ്..
കാതോർത്തിരിക്കയാണ്..
നീയെന്നെ വിളിക്കുന്ന
പേരിനായി ..
പേരിന്റെ വേരില്ലാത്തൊ-
രെനിക്കു നീയേകുന്ന
പേരിനായി ......
നിന്റെ സ്വനതന്തുക്കളിൽ
നിന്നു വൈഖരിയായി
ആ നാമമുയരുമ്പോൾ,
ഞാൻ വാസ്തവമാകുന്നു,
സനാഥനാകുന്നു....
വിളിക്കപെടാതെ,
വിസ്മൃതിയുടെ ഭാണ്ഡത്തിലേക്ക് അത്
വഴുതി വീഴുന്നെങ്കിൽ,
പ്രിയേ, എന്റെ പേരെഴുതിയ
കടലാസു കഷണം നീ
നുള്ളി നുള്ളി കീറുക...
ഇനിയാർക്കുമൊരിക്കലും
വായിക്കാനാവാത്ത വിധം
തുണ്ടം തുണ്ടമായി മുറിച്ച്
ഒരു ചെറുമൺകുട -
ത്തിലടച്ച് നിന്റെ
മാനസഗംഗയിലൊഴുക്കുക....
അനാമികനായി എന്റെ
സഹജശുദ്ധസത്വത്തിലേക്കു
ഞാൻ തിരികെ പോകട്ടെ!
Image may contain: one or more people and text
DR:ANUP'S POETRY

ചാവേറ്

ചാവേറ്
...........
'ഇത് നിന്റെ
കൈക്കുടന്നയിൽ
വെച്ചു കൊൾക'
'എന്ത് '
'എന്റെ തലച്ചോറ്,
എന്നിട്ട് എന്നെ നിന്റെ
ചാവേറ് ആക്കികൊള്ളൂ'.
ആൾകൂട്ടങ്ങളിൽ
സ്മാരകങ്ങളിൽ
മ്യൂസിയങ്ങളിൽ
തെരുവുകളിൽ
എവിടെ വേണമെങ്കിലും
ഞാൻ പൊട്ടിച്ചിതറാം....
മറ്റാർക്കു വേണ്ടിയും
എനിക്കു മരിക്കാനാവുകയില്ല,
നിനക്കു വേണ്ടി മാത്രം
'നിന്റെ മാത്രം ചാവേറ്'
ചാവേറുകളുടെ മനസ്ഥലികൾ
തീവ്ര പ്രണയത്തിന്റെ
ഉരുക്കു കോട്ടകളാണ്,
വാക്കുകളുടെ മാസ്മരികതയിൽ
കുരുങ്ങി കിടക്കുന്ന ആന്ധ്യം,
മരണത്തിനപ്പുറം രക്തസാക്ഷി
പറുദീസകളുടെ സ്വപ്നാടകർ !
നൂറായിരം നുറുങ്ങുകളായി
ചിതറിത്തെറിക്കുമ്പോഴും
തകർക്കാൻ പറ്റാത്ത
വിശ്വാസങ്ങളിൽ
ആത്മാവുപുണർന്നിരിക്കുന്നവർ!
നൂറ് ഹൂറിമാർക്കു വേണ്ടിയല്ല,
നിനക്കു വേണ്ടി മാത്രം,
'നിന്റെ സ്വന്തം ചാവേറ്'
നിന്റെ നിസ്വാർത്ഥത കൊണ്ടു
മാത്രമാണ്, മിടിക്കുന്ന
ഹൃദയവുമായായി ഞാനിപ്പോഴും
ചിന്നിചിതറാതിരിക്കുന്നത്......
DR:ANUP'S POETRY

മാഞ്ഞുപോയ ഹസ്തരേഖകൾ

മാഞ്ഞുപോയ ഹസ്തരേഖകൾ
.....................................
വാഷ്ബേസിനിലെ ജലപാതത്തിൽ
കൈ കഴുകികൊണ്ടിരിക്കെയാണ്,
ആയുർരേഖയും ഭാഗ്യരേഖയും
ഒഴുകി പോകുന്നത് കണ്ടത്!
കൈവെള്ളയിലേക്കു
സൂക്ഷിച്ചു നോക്കി, ഇല്ല
രേഖകളൊന്നും അവശേഷിക്കുന്നില്ല.
ബുദ്ധിയും, വിധിയും ഒന്നും.....
ശൂന്യമായ കൈവെള്ള,
മാഞ്ഞു പോയ ഹസ്തരേഖകൾ,
നഷ്ടപ്പെട്ട വിരലടയാളങ്ങൾ!
ഒഴുകി പോകുന്നത്
തിരിച്ചറിയൽ രേഖകളാണ്,
ഞാനെന്ന വ്യക്തിയാണ്,
എന്റെ സ്ഥാവരജംഗമങ്ങളാണ്!
ശൂന്യമായ കൈ അകങ്ങൾ
കാട്ടിത്തരുന്നത് .
ആത്മാശംമില്ലാത്ത എന്നെയാണ് !
കാർഡ് തിരഞ്ഞെടുക്കാതെ
തിരികെ കയറുന്ന തത്തമ്മയുടെ
കുറുമ്പ് പോലെ,
ശൂന്യമായ കൈവെള്ളകളിൽ
അവശേഷിക്കുന്നത്
തിരിച്ചറിയാനാവാത്ത ഞാനാണ് !
പ്രവചനങ്ങൾ അസാധ്യമായ നാളെയാണ്!
DR:ANUP'S POETRY

പിറന്നാൾ സമ്മാനം

പിറന്നാൾ സമ്മാനം
..........................
മരിച്ചവരുടെ ജന്മദിനത്തിൽ
എന്ത് സമ്മാനമാണ്
കൊടുക്കുക?
സമയത്തിന്റെ ,
വലിപ്പചെറുപ്പങ്ങളുള്ള
സൂചികൾക്കൊന്നും
ഓടി തോല്പിക്കാനാവാത്ത
അകാലത്തിലേക്ക്,
കാൽ വഴുതി വീണവർക്ക്
ഒരു വാച്ച് എങ്ങനെ
സമ്മാനമായി കൊടുക്കും ...
നൂലിഴകളുടേയും തുന്നലുകളുടേയും
അതിരുകളിലേക്ക്
ചുരുക്കാനാവാത്ത വിധം
ആത്മാവ് വികസിച്ചവർക്ക്
പുതു ഉടുപ്പിനെന്ത് പ്രസക്തി!
എഴുതിയതും, എഴുതുന്നതും
എഴുതാനിരിക്കുന്നതും
വായിച്ചു കഴിഞ്ഞവർക്ക്
ഒരു പേന വാങ്ങി കൊടുക്കുന്നതിലെന്ത്
ഔചിത്യമാണുള്ളത്!
നിത്യശാന്തിയുടെ പൂന്തോട്ടത്തിൽ
ഒഴുകി നടക്കുന്നവർക്ക്
ചുവന്ന റോസാപൂക്കൾ
ഒരു പുതുമയാവില്ലായിരിക്കും!
മരിച്ചവരുടെ ജന്മദിനത്തിൽ
ആളനക്കങ്ങളില്ലാത്തിടത്ത്
കണ്ണടച്ച് ഇരിക്കുക,
കവിളിലൊരു ചെറു
ചുടുകാറ്റടിക്കുന്നത് ശ്രദ്ധിക്കുക!
കൈത്തണ്ടയിലെ രോമങ്ങൾ
എഴുന്നു വരുന്നത് അറിയുക!
ചെമ്പകം പൂക്കുന്ന മണം
ശ്വസിക്കുക!
ഒരുമിച്ചുള്ള കാലത്തെ
വിലപ്പെട്ട നിമിഷങ്ങളുടെ
സ്മൃതി ചിത്രങ്ങൾ ഉള്ളിൽ
നിറച്ച്, സ്വയമൊരു
ഇൻസ്റ്റലേഷനായി മാറുക!
അരൂപികൾക്കുള്ള സമ്മാനം
അനുസ്മരണമാണ് ....
 POETRY

അവളും മിന്നാമിനുങ്ങും

അവളും മിന്നാമിനുങ്ങും
.................................
വിവസ്ത്രമാക്കപ്പെടുന്ന
ഇരുട്ടിന്റെ നിസ്സങ്കോചതയിൽ
രതിപുതപ്പ് വാരിചുറ്റുന്ന
ദീർഘരാത്രികളിൽ,
എപ്പോഴും പറന്നുവരാറുണ്ട്
ഒരു മിന്നാമിന്നി;
ഒരുനുള്ള് വെട്ടം
ഊതി തെളിച്ചു കൊണ്ടൊരു
മിന്നാമിനുങ്ങ്!
അവളുടെ മുഖം മാത്രം
തെളിച്ചു കൊണ്ട്
അത് പറക്കുമ്പോൾ,
അവൾ പറയും,
'മൂന്നാം കണ്ണാൽ
ചാരമായവനേ,
മലരമ്പുകൾക്കു
പകരം, നിന്റെ
നുറുങ്ങുവെട്ടമെന്നെ
ഏഴാം കടലിന്നപ്പുറം
പറുദീസകളുടെ
തുരുത്തിലെത്തിക്കുന്നു... '
അവളുടെ സംതൃപ്ത
നിശ്വാസങ്ങളിൽ,
അത് തിരിയണച്ച്
തിരികെ പറക്കും....!
DR:ANUP'S POETRY

പരീക്ഷ

പരീക്ഷ
...........
സന്ധിയും സമാസവും
വൃത്തവും ചേരുംപടി
ചേർക്കലും കഴിഞ്ഞാണ്
പരീക്ഷാപേപ്പറിലെ
പിരിച്ചെഴുതാനുള്ള
ചോദ്യത്തിലെത്തിയത്.
ഉള്ളുടക്കിയാണ് ആ വാക്ക്
വായിച്ചത് 'വേർപാട് '.
ആഴത്തിൽ പോയ
പ്രണയ വേരുകളുടെ
കരിഞ്ഞ പാടാണോ,
ഒന്നിച്ചു പോയ മനസ്സിനെ
പിരിയാനുള്ള പാടാണോ,
വിരഹത്തിന്റെ കാല്പാടാണോ,
'വേ'ദനകൾ തക'ർ'ത്ത
ഹൃദയത്തിന്റെ പാട്ടാണോ ,
പിരിച്ചെഴുതാനുള്ള ചോദ്യത്തിന്റെ
കുഴച്ചു മറിച്ചലുകൾക്കിടയിൽ,
എഴുത്ത് നിർത്താനുള്ള
മണിയടി മുഴങ്ങി,
പിടിച്ചു വാങ്ങിക്കൊണ്ടു പോയ
ഉത്തരകടലാസ്സിൽ,
മുഴുവിപ്പിക്കാനാകാതെ
ആ വാക്ക് മഷിപടർന്നു കിടന്നു ..............!
DR:ANUP'S POETRY

ഇരുട്ടത്ത് വഴിതെറ്റിയ സൂര്യൻ

ഇരുട്ടത്ത് വഴിതെറ്റിയ സൂര്യൻ
........................................
ഒന്നിച്ചു വിരിയേണ്ട നൂറായിരം
കോശപൂക്കൾ, ശിരസ്സിനുള്ളിൽ,
സൂര്യനുദിക്കുന്നതും കാത്തിരുന്നു!
കറുത്തപക്ഷത്തിലെ കട്ടപിടിച്ചയിരുട്ടിൽ
പലവഴികളിലെവിടെയെങ്കിലും
വഴിതെറ്റിയതാവുമോ?
ഉണരാൻ വൈകി ഉദിക്കാൻ മറന്നതാവുമോ?
കത്തിതീർന്നുകൊണ്ടിരിക്കുന്ന
ഉള്ളിലെയൂർജ വാതകങ്ങൾ,
തിമിരം ബാധിച്ചുകൊണ്ടിരിക്കുന്ന
നക്ഷത്രകണ്ണുകൾ,സ്മൃതിനാശം!
വയസ്സേറുന്നതിന്റെ
താരജരകൾ,അസ്ക്യതകൾ!
ഉറക്കത്തെ പ്രണയിക്കുന്ന
ഉണരാൻ മടിക്കുന്ന ചില മനസ്സുകളുണ്ട്,
ഇരുട്ടിൽ സൂര്യനെ വഴിതെറ്റിക്കുന്നതവരാണ്.
വിടരാതെ, വിരിയാതെ കാത്തിരിക്കുന്ന
തലയ്ക്കുള്ളിലെ ബോധപൂക്കൾ!
ഉദിക്കാത്ത സൂര്യൻ ഉണർത്താത്ത ചിത്തം!
മന്ത്രിക്കാൻ മറന്നു പോയ വരികൾ
' ധിയോയോന പ്രചോദയാത് '*
* ബുദ്ധി സൂര്യനെ പോലെ പ്രകാശിക്കട്ടെ
DR:ANUP'S POETRY

നിരൂപകന്റെ പല്ലി

നിരൂപകന്റെ പല്ലി
* * * * * * * * * * *
നിരൂപകന്റെ പല്ലി
രാവിലെ തന്നെ
എഴുത്തുകാരന്റെ വീട്ടിലെ
ഭിത്തിയിൽ സ്ഥാനം പിടിക്കും.
വൈകി ഉറങ്ങുന്ന എഴുത്തുകാരൻ
ഏറെ പുലർന്നിട്ടാവും ഉണരുക.
കട്ടൻചായ കുടിക്കുന്നതും നോക്കി
മച്ചിൽ, ശ്രദ്ധയോടെ കാത്തിരിക്കും.
പേന കൈയ്യിലെടുത്താൽ,
ഒളിയിടത്തിൽ നിന്ന് പുറത്തു കടക്കും.
അവന്റെ എഴുത്തിലെ സത്യങ്ങളിൽ
ചിലച്ചുകൊണ്ടേയിരിക്കും,
അയഥാർത്ഥ്യങ്ങളിൽ മുരണ്ടുകൊണ്ടും!
എഴുത്തുകാരൻ ഇടയ്ക്കിടെ
മുകളിലേക്ക് നോക്കുന്നതു കാണുമ്പോൾ
പല്ലിക്ക് ചിരി വരും,
അടഞ്ഞ ആകാശത്ത്, എന്താണ്
എഴുതിവെച്ചിരിക്കുന്നതെന്ന്,
എന്തുനോക്കിയാണ് കുത്തിക്കുറിക്കുന്നതെന്ന്!
എഴുത്തിനിടെ അവന്റെ
അത്മരോക്ഷങ്ങളുടെ നേരങ്ങളിൽ
പല്ലി ആകെ പേടിക്കും.
വാൽമുറിച്ച് രക്ഷപെടാനുള്ള
സഹജ പഴുതുകൾ നോക്കും.
നിരൂപകന്റെ പല്ലി ചെറു കീടങ്ങളേയും
പ്രാണികളേയും ബാക്കിവെച്ചേക്കില്ല..
എഴുത്തുകാരന്റെ ആത്മാർത്ഥത്തത
അളന്നു കൊണ്ടേയിരിക്കും,
അക്ഷരങ്ങളിലേക്ക് ചൂഴ്ന്ന്
നോക്കിക്കൊണ്ടേയിരിക്കും.
എഴുത്ത് നന്നെങ്കിൽ, അവന്റെ
വലത്തെ കൈപ്പത്തിയിലേക്ക്
വഴുതി വീഴും, നല്ല ശകുനത്തിന്റെ കഥ
നാട്ടിൽ പാടി നടക്കും !
മോശമാണെങ്കിൽ, അവന്റെ
തലയുടെ ഇടതു വശത്ത് കാഷ്ടിച്ചു വെയ്ക്കും ,
ഗൗളി ശാസ്ത്രത്തിലെ അപശകുനങ്ങളത്രയും
കാട്ടി, തിരികെ വീട്ടിലേക്ക് പോകും :...!
DR:ANUP'S POETRY

ഖനനം

ഖനനം
* * * * *
പിരമിഡുകൾക്കുള്ളിൽ
എംബാം ചെയ്തു
വെച്ചിരിക്കുന്ന ഫറോവമാരെ
പോലെയാണെന്റെ പ്രണയം!
എന്നെങ്കിലും പുനർജനിക്കുമെന്ന
പ്രതീക്ഷയിൽ,
നീ തിരിച്ചെത്തുമെന്ന കരുതലിൽ!
മങ്ങാത്തയോർമ്മകൾ
മറയ്ക്കാത്ത കാഴ്ച്ചകൾ
മായാത്ത ശിലാലിഖിതങ്ങളായെന്റെ
ശിരോപാളികളിലാലേഖനം ചെയ്തവളേ,
ഖനനങ്ങളിൽ, ഞാൻ സമ്മാനിച്ച കളിവീടുകൾ
പുരാവസ്തു പോലെ
പൊങ്ങി വരുമ്പോൾ,
പഴയ പ്രണയനദീതട സംസ്കാരങ്ങൾ
(സംസാരങ്ങൾ) നീയോർമ്മിക്കുമോ?
അതോ നന്നങ്ങാടിയിലതും
ജീർണ്ണിച്ചമരുമോ?
ഇനിയം തിരിച്ചറിയപെടാത്ത
ആ ചിഹ്നങ്ങളുണ്ടല്ലോ,
അത് ആദിമലിപികളല്ല,
എന്റെ പ്രണയ ഭാഷയാണ്!
DR:ANUP'S POETRY

ചത്തോനും .... കൊന്നോനും

ചത്തോനും .... കൊന്നോനും
* * * * * * * * * * * * * * * * *
ചത്തോന്റെ വീട്
ഓണം വന്ന പോലെയാണ്,
10 ദിവസം ആകെ
ആളും ബഹളവും,
പിന്നെ, വീണ്ടും
കോരന്റെ കൂര പോലെ!
കഞ്ഞി പഴയ കുമ്പിളിൽ തന്നെ!
കൊന്നോന്റെ വീട്
മരണവീടുപോലെയാണ്,
ആളും അനക്കവും ഇല്ലാതെ
ആകെ മൗനിച്ച്!
16 കഴിഞ്ഞാൽ എല്ലാം
പഴയ പടി.
ഓണവും വിഷുവും പെരുന്നാളും
ഒക്കെ പഴയ പോലെ തന്നെ!
എന്നാലും പറ സഹോ
ചത്തോനൊരു ഐക്യദാർഡ്യം........!
DR:ANUP'S POETRY

ഉൾപ്രേരകം

ഉൾപ്രേരകം
* * * * * * * * *
ഗാലപ്പഗോസിലെ വിശാലതകളിൽ
നരച്ച താടിവെച്ചയാൾ കണ്ടെത്തിയത് നിന്നെയായിരുന്നു.
പരിണാമങ്ങളുടെ നിലയ്ക്കാത്ത അന്ത:ചോദന!
എല്ലാ പരിണാമങ്ങൾക്കു പിന്നിലും നീയാണ്....
നിന്റെ ചിരി ,എന്റെയുള്ളിൽ നൂറിതളുള്ള പൂവായിട്ടാണ് രൂപാന്തരം പ്രാപിച്ചത്!
നാളെ കാണാമെന്ന പ്രണയാർദ്രമായ
നിന്റെ മൊഴികളാണ്
അരുണോദയങ്ങളായി എന്നും പരിണമിക്കുന്നത്!
വാനരനിൽ നിന്ന് നരനിലേക്കുള്ള
എന്റെ ബോധവളർച്ച
നിന്റെ സ്നേഹ ശകാരങ്ങളുടെ അദൃശ്യകരങ്ങളാലാണ്!
അമീബയുടെ അണിമയിൽ നിന്ന്
ഒരാനയുടെ പെരുമയിലേക്ക് എന്നെ പരിണമിപ്പിച്ചതും നീയാണ്!
കാൽവിരലുണ്ട് കിടന്നൊരു ഉണ്ണിയിൽ നിന്നും നിന്നിലെത്താനാണ് ഞാനീ വഴിയിത്രയും നടന്നത്!
ഭൂഗുരുത്വബലം നീയാണ്!
നിന്റെ വാക്കിലാണ്,
അതു കൊണ്ട് മാത്രമാണ്,
മനസ്സിടറുമ്പോൾ മരമുകളിലേക്ക് ഞാൻ നടന്നു കയറാത്തത് .....
DR:ANUP'S POETRY

ശ്രീനാരായണസ്തവം

ശ്രീനാരായണസ്തവം
.....................................
ചെമ്പഴന്തിതന്നിലൊരു
ചെമ്പഴുക്കപോലുദിച്ചുർ -
ന്നാത്മീയ നഭസ്സിങ്കൽ
ധ്രുവനക്ഷത്രമായി വിളങ്ങീടിന
നാരായണാ, ഭവാൻ, ഞങ്ങൾക്ക്
നരദിവ്യാകൃതിപൂണ്ട ദൈവമല്ലോ.
പുരുഷാകൃതിപൂണ്ട ധർമ്മമല്ലോ,
അണ്ഡകടാഹമാകെ വ്യാപിച്ചു
നില്ക്കുമറിവിന്റെ മൂർത്തീഭാവമല്ലോ,
നേർവഴി കാട്ടും പരംപൊരുളല്ലോ!
ഒരു ജന്മമത് തികയില്ലെന്നറിയാ-
മെങ്കിലും പാടുന്നു ഞാൻ
മഹിമാവാർന്ന നിൻ ജീവിത -
ഗീതികൾ, അത്യുത്കൃഷ്ടമാം
തിരുദർശനാദർശങ്ങൾ....
അനുകമ്പാദശകമതൊന്നു മതിയല്ലോ
ഭഗവാനേ, തവനാമമീമണ്ണിലും
വിണ്ണിലും കല്പാന്തകാലത്തോളം
മായാതെ നിൽക്കുവാൻ!
അവനവനാത്മ സുഖത്തിനാ-
യാചരിക്കുന്നവയപരനു സുഖ-
ത്തിനായി വരേണമെന്നും .
ഒരു പീഢയുറുമ്പിനും വരുത്തരു-
തെന്നോതുവാനങ്ങയേ
പോലലിവാർന്നവരാരുണ്ടുലകിൽ,
പരവിജ്ഞാനികളാരുണ്ടവനിയിൽ.
അന്യർക്കു ഗുണം ചെയ്വതിനായൊരാ -
യുസ്സ് ബലി നൽകിയവരാരുണ്ടൂഴിയിൽ!
അരുവിതൻ കരയിലൊരു
കണ്ണാടി പ്രതിഷ്ഠിച്ചതിലൂടെ
അഹം ബ്രഹ്മാസ്മിയെന്നതി
സൂക്ഷ്മമാം ഉപനിഷദ്തത്വത്തെ
സരളമായി കാട്ടി തന്നതും,
സർവ്വം ശിവമയം മറുത്തെല്ലാം
മായാമയമെന്ന് സദാശിവദർശനത്തീ
ലൂടുത്ബോധിപ്പിച്ചതും ,
നീയല്ലോ, ഗുരുവരാ, പീതാംബരധരാ!
ജന്മപാശത്തീന്നറുതിയേകാൻ
മൂലാധാരത്തിൽ മൂന്നരചുറ്റായി
ചുരുണ്ടു കിടക്കും പ്രപഞ്ചോർജ്ജ
മണിനാഗത്തെയുണർത്തി
യുയർത്തി
ആറുചക്രങ്ങളും, പിന്നെ
സഹസ്രാരപദ്മവും കടന്ന്
ബ്രഹ്മരന്ധ്രത്തിലൂടെ മുക്തി
തൻ മോക്ഷപഥങ്ങളിലെത്തുവാൻ
കുണ്ഡലിനി പാട്ടുരചെയ്തവനേ,
ദൈവദശകമെന്നതിശ്രേഷ്ഠ
കാവ്യ ചെരാതിലൂടദ്വൈത
സൂത്രങ്ങൾ വെളിച്ചമായി
തെളിയിച്ച സദ്ഗുരോ,
അഴലുകൾ കലങ്ങിവരുന്നുടനേ
കുടമുടയുന്ന പോലെയീ ദേഹ -
ചിന്തയുതിർന്ന്, ദേഹീബോധ -
മുണർത്തണേ മമ ബുദ്ധിയിൽ!
കുളിർമതികൊണ്ട് കിളിർത്തു
ലോകമെല്ലാമൊളി ചിന്നുന്നൊരു
വെണ്ണിലാവു പൊങ്ങികാണാൻ
കൊതിച്ച കാരുണ്യമൂർത്തേ,
ഒരു ജാതിയൊരു മതമൊരു
ദൈവം മനുജനെന്നുന്നത
മാനവദർശന സൂനം, തവ
നാവിലല്ലാതെ വേറെങ്ങു പൂവിടും!
നീയും ഞാനുമീ ലോകവു-
മതിലെഴും ചെറുപൂവും പുഴു -
വുമെല്ലാമൊന്നെന്ന വിശ്വശാന്തിപാഠം
സ്വാനുഭവഗീതിയിലൂടെയും,
ഭോഗങ്ങളെല്ലാമൊരു നൊടികത്തും
കൊള്ളിമീനുകൾ പോലെന്നു
വൈരാഗ്യദശകത്തിലൂടെയും
ചൊല്ലിതന്നുൾക്കണ്ണ് തുറപ്പിച്ചവനേ,
ഒരുകോടി ദിവാകരന്മാരൊത്തു -
യരുന്ന നിൻ മഹിവെന്നുമിരുന്നു
വിളങ്ങീടണേ മഹീപതേ!
കലികാലവ്യഥകൾതൻ തീരാ -
തിരയിളകും കടലിലെൻ
ചെറുതോണിയിളകാതെ
മറിയാതെ, മറുകരപുക്കുവാ-
നമരത്ത് നാവികനായിരിക്കണേ
ദയാനിധേ, ദിവാകരാ നീ!
നരി പോലെ വെറുതേ കൂവുന്നതൊക്കെ നിർത്തിയിനിയീശന്റെ
നാമമതു മാത്രമോതുവാൻ
ത്രാണിയുള്ളതാക്കണേയെൻ രസന!
ഓടിവരുന്നൊരു കൂട്ടം
പേടികളെയൊക്കെയാട്ടിയകറ്റി
വെളിവു പകരുന്ന ഗുരുദേവാ,
അവിടുന്നു നിറഞ്ഞു വാഴ്കട്ടെയെൻ
അകവും പുറവും !
അഷ്ടകങ്ങളൊട്ടനവധിയെഴുതി-
യഷ്ടൈശ്വര്യങ്ങളും സിദ്ധിച്ച
യതീന്ദ്രാ ,നിനക്കായി
ശിവഗിരികുന്നിന്റെ നെറുകയിൽ
കത്തിച്ചുവെയ്ക്കുന്നു ഞാനങ്ങു
പകർന്നുതന്ന മാനവസ്നേഹാഗ്നി
കൊണ്ടൊരു ഗുരുസ്മരണാ ദീപം!
ചിത്തത്തിലെന്നും സത്തായി
വിത്തായി മുത്തായി മഹത്തായി
നീ വിളങ്ങുക നാരായണാ
ത്രികാലജ്ഞാനേശ്വരാ,
അർപ്പിച്ചിടുന്നു ഞാൻ
തവപാദാരവിന്ദങ്ങളിലെൻ
മാനസസരസ്സിലെ സരസീരുഹങ്ങൾ!
(ഗുരുദേവന്റെ കൃതികളിലൂടെയൊരു തീർത്ഥയാത്ര ... )
ഒരു സുവനീറിനായി എഴുതിയത് ..
DR:ANUP'S POETRY

സന്ദർശനം

സന്ദർശനം
വെളുപ്പാൻ കാലത്തെ
സ്വപ്നത്തിലേക്കവർ മൂവരും
ഒന്നിച്ചാണ് കയറി വന്നത് ..
അവര്ക്കൊപ്പം,കുന്തിരിക്കവും ഊദും
അഷ്ടഗന്ധവും പുകയ്ക്കുന്നതിന്റെ
അലൗകീക ഗന്ധവും ...
കിടക്കയുടെ അരികു ചേർന്നവർ
ഇരുന്നു,
ഒരാൾ,തളർന്ന കൈപ്പത്തി
നെഞ്ചിലേക്ക് ചേർത്തുപിടിച്ച്
ഒരു ദിക്റ് ചൊല്ലി !
യാസീൻ ഓതുന്നതു പോലെ!
ശരീരമാകെ നിറഞ്ഞ ഊർജപ്രവാഹം!
വേറൊരാൾ, ഹൃദയത്തിലൊരു
കൂദാശ ചെയ്തു, അവനെ തന്നെ
കുർബാനയർപ്പിച്ചു കൊണ്ട് !
സ്നേഹത്തിന്റെ പെയ്ത്ത്!
കാലുകളെ തിരുമ്മികൊണ്ട്
മറ്റേയാൾ, ആത്മാവ് തണുപ്പിപ്പിക്കുന്ന
ഒരു വിശ്വശാന്തിമന്ത്രം ചൊല്ലി,
സുഖിനോ ഭവന്തു !
സമയമായിരിക്കുന്നു
പോകേണ്ടിയിരിക്കുന്നു,
അല്പം ധൃതിയോടവർ പറഞ്ഞു,
പിന്നെ, നിന്റെ വേദനകൾ,
നിയതിയുടെ നിയമങ്ങൾ
നിസ്സഹായരാണ് ഞങ്ങൾ,
പോകാനിറങ്ങി,
കണ്ണുകൾ നനഞ്ഞിരുന്നു!
പടിയിറങ്ങുംമ്പോഴാണ് കണ്ടത്
അവരുടെ നിഴലുകൾ ഒന്നായിരുന്നു!
DR:ANUP'S POETRY