Monday, October 28, 2019

നിരൂപകന്റെ പല്ലി

നിരൂപകന്റെ പല്ലി
* * * * * * * * * * *
നിരൂപകന്റെ പല്ലി
രാവിലെ തന്നെ
എഴുത്തുകാരന്റെ വീട്ടിലെ
ഭിത്തിയിൽ സ്ഥാനം പിടിക്കും.
വൈകി ഉറങ്ങുന്ന എഴുത്തുകാരൻ
ഏറെ പുലർന്നിട്ടാവും ഉണരുക.
കട്ടൻചായ കുടിക്കുന്നതും നോക്കി
മച്ചിൽ, ശ്രദ്ധയോടെ കാത്തിരിക്കും.
പേന കൈയ്യിലെടുത്താൽ,
ഒളിയിടത്തിൽ നിന്ന് പുറത്തു കടക്കും.
അവന്റെ എഴുത്തിലെ സത്യങ്ങളിൽ
ചിലച്ചുകൊണ്ടേയിരിക്കും,
അയഥാർത്ഥ്യങ്ങളിൽ മുരണ്ടുകൊണ്ടും!
എഴുത്തുകാരൻ ഇടയ്ക്കിടെ
മുകളിലേക്ക് നോക്കുന്നതു കാണുമ്പോൾ
പല്ലിക്ക് ചിരി വരും,
അടഞ്ഞ ആകാശത്ത്, എന്താണ്
എഴുതിവെച്ചിരിക്കുന്നതെന്ന്,
എന്തുനോക്കിയാണ് കുത്തിക്കുറിക്കുന്നതെന്ന്!
എഴുത്തിനിടെ അവന്റെ
അത്മരോക്ഷങ്ങളുടെ നേരങ്ങളിൽ
പല്ലി ആകെ പേടിക്കും.
വാൽമുറിച്ച് രക്ഷപെടാനുള്ള
സഹജ പഴുതുകൾ നോക്കും.
നിരൂപകന്റെ പല്ലി ചെറു കീടങ്ങളേയും
പ്രാണികളേയും ബാക്കിവെച്ചേക്കില്ല..
എഴുത്തുകാരന്റെ ആത്മാർത്ഥത്തത
അളന്നു കൊണ്ടേയിരിക്കും,
അക്ഷരങ്ങളിലേക്ക് ചൂഴ്ന്ന്
നോക്കിക്കൊണ്ടേയിരിക്കും.
എഴുത്ത് നന്നെങ്കിൽ, അവന്റെ
വലത്തെ കൈപ്പത്തിയിലേക്ക്
വഴുതി വീഴും, നല്ല ശകുനത്തിന്റെ കഥ
നാട്ടിൽ പാടി നടക്കും !
മോശമാണെങ്കിൽ, അവന്റെ
തലയുടെ ഇടതു വശത്ത് കാഷ്ടിച്ചു വെയ്ക്കും ,
ഗൗളി ശാസ്ത്രത്തിലെ അപശകുനങ്ങളത്രയും
കാട്ടി, തിരികെ വീട്ടിലേക്ക് പോകും :...!
DR:ANUP'S POETRY

No comments: