Monday, October 28, 2019

ഭിക്ഷ

ഭിക്ഷ
........
ഭിക്ഷാംദേഹിക്കു കിട്ടിയ
ധർമ്മമാണെന്റെ പ്രണയം!
വരണ്ട കപോലങ്ങളിൽ
നീയേകിയ സ്നിഗ്ധ
ചുംബനങ്ങൾ,
ഒഴിഞ്ഞ കപാലത്തിലിട്ട
നാണയതുട്ടുകളാണ്...
ഭിക്ഷാപാത്രത്തിൽ വീഴുന്ന
വറ്റിനെന്തളവ്,
കാശിനെന്ത് കണക്ക്,
കമ്പിളിയുടെ കനത്തിനെന്തർത്ഥം?
ദാനം കിട്ടിയ പശുവിന്റെ
പല്ലെണ്ണുന്ന പോലെ!
അല്ലേ? .... അതേ ....
ഭിക്ഷാടകന്റെ പ്രണയം
ആത്മസംതൃപ്തിയുടെ നിറവാണ്!
മരുപ്പച്ച പോലെ
പ്രതീക്ഷയുടെ തുരുത്താണ് !
വിശപ്പുകളുടെ ശമനമാണ്!
കനിവു കിനിയുന്ന
നിന്റെ കരുണയാണ് ...
നിന്റെ പ്രണയമെനിക്കു
ഉദാത്തമായ ഭിക്ഷയാണ്,
ഇത് തിരിച്ചൊന്നും തരാനില്ലാത്ത
നിസ്വന്റെ പ്രാർത്ഥനയാണ് !
DR:ANUP'S POETRY

No comments: