Monday, October 28, 2019

അവളും മിന്നാമിനുങ്ങും

അവളും മിന്നാമിനുങ്ങും
.................................
വിവസ്ത്രമാക്കപ്പെടുന്ന
ഇരുട്ടിന്റെ നിസ്സങ്കോചതയിൽ
രതിപുതപ്പ് വാരിചുറ്റുന്ന
ദീർഘരാത്രികളിൽ,
എപ്പോഴും പറന്നുവരാറുണ്ട്
ഒരു മിന്നാമിന്നി;
ഒരുനുള്ള് വെട്ടം
ഊതി തെളിച്ചു കൊണ്ടൊരു
മിന്നാമിനുങ്ങ്!
അവളുടെ മുഖം മാത്രം
തെളിച്ചു കൊണ്ട്
അത് പറക്കുമ്പോൾ,
അവൾ പറയും,
'മൂന്നാം കണ്ണാൽ
ചാരമായവനേ,
മലരമ്പുകൾക്കു
പകരം, നിന്റെ
നുറുങ്ങുവെട്ടമെന്നെ
ഏഴാം കടലിന്നപ്പുറം
പറുദീസകളുടെ
തുരുത്തിലെത്തിക്കുന്നു... '
അവളുടെ സംതൃപ്ത
നിശ്വാസങ്ങളിൽ,
അത് തിരിയണച്ച്
തിരികെ പറക്കും....!
DR:ANUP'S POETRY

No comments: