Friday, July 29, 2016

വെള്ളച്ചാട്ടത്തില്‍

വെള്ളച്ചാട്ടത്തില്‍
++++++++++++++++
കാതോര്‍ക്കാം അകലങ്ങളില്‍
കാടുവിളിക്കുന്നയൊച്ചകള്‍,
കൂട്ടരൊത്തു കാട്ടരുവി തന്‍
ജലപാതത്തില്‍ മുങ്ങികുളിക്കവേ,
നീര്‍നൂലുകള്‍ രസചേലകള്‍ തുന്നുന്നു.
അടവിതന്‍ ശിരോധാരയാല്‍
തണുക്കുന്നു തപ്തമാം തനുമനങ്ങള്‍.
ജലമതിന്‍ നൂറു കൈകളാല്‍
തിരുമിയുണര്‍ത്തട്ടെ, മൃത-
പ്രായരാം നാഡിവ്യൂഹങ്ങളെ.
പുകപോലെ ചിതറിത്തെറിക്കുന്ന
വെള്ളം ചമയ്ക്കുന്ന മഴവില്ലില്‍
തൊടുത്തയക്കാം,അലസതയുടെ
തളര്‍ച്ചയുടെ അമ്പുകള്‍ ദൂരയ്ക്ക്.
ആര്‍ത്തുല്ലസിച്ചൊഴുകുന്ന
സൗഹൃദങ്ങളാത്മാവിന്‍
അഗാധതകളില്‍ കുളിരേകിടട്ടെ.
വെള്ളചാട്ടത്തിന്‍ കീഴെ,യീറനായി
നില്‍ക്കുമ്പോള്‍, ചാടികളിക്കുന്ന-
ചിന്തകളൊരുവേള ജലസമാധിയടയുന്നു.
ജലമതിന്‍ നൂറു കൈകളാല്‍ തഴുകി-
യുണര്‍ത്തട്ടെ, ഉറങ്ങി തുടങ്ങിയ ജീവനെ,
വിരസമാം നിര്‍വികാരതയെ....................DR:ANUP'S POETRY

No comments: