Sunday, July 12, 2020

ജ്ഞാനലഹരി

ജ്ഞാനലഹരി
......................
          ( അ )
മുറിയിലേക്ക് ക്ഷണിക്കാതെ
പുറത്തു നിർത്തിയതിന്റെ
പരിഭവത്തിൽ, കടൽ
മഴയായി പെയ്തുകൊണ്ടിരുന്നു!
അനാദിയായ പ്രളയമണം
സൃഷ്ടിയുടെ ആദ്യബീജത്തിനൊപ്പം
ഓരോ മഴതുള്ളിയിലും
അടയിരുക്കുന്നുണ്ടായിരുന്നു.
ജലസംഭവന്റെ പകർപ്പുകൾ!
ഗിരിശൃംഗങ്ങളിൽ നിന്ന്
വിരുന്നു വന്നവരുടെ
വെറുംകൈകളിലെ ഒരുപിടി
വാക്കുകളിൽ, ഭൂമിയുടെ
ഉപ്പ് രുചിക്കുന്നുണ്ടായിരുന്നു!
നിർമോഹത്തിന്റെ മന്ദഹാസം
മഹാദൂത് പോലെ, ചൊടികളിൽ
വിരിഞ്ഞു കിടന്നിരുന്നു!
കണ്ണുള്ളവർ കാണട്ടെ
അകമിഴി തുറക്കട്ടെ!
മഴ പെയ്ത്തുനിർത്തി
നരച്ച ഓർമ്മകളിലേക്കു മടങ്ങി
ഒപ്പം മരങ്ങളും !!

           ( ആ )
ജലത്തിലും മരത്തിലും
കാറ്റിലും മണ്ണിലും,
കാണുന്നതിലൊക്കെയും
കുടിയിരുന്ന നിസ്വനായ നിന്നെ,
ആകാശത്തിന്റെ അനന്തതയ്ക്കപ്പുറമുള്ള
സിംഹാസനത്തിൽ പിടിച്ചിരുത്തിയവർ
കൈകൊട്ടി ചിരിക്കുന്നു..
അവരുടെ വഴിപാടുകളിലൂടെ,
മദ്ധ്യസ്ഥപ്രാർത്ഥനകളിലൂടെ
മാത്രമേ ഇനി അപേക്ഷകളും
അഭ്യർത്ഥനകളും അവിടേക്കു
കടന്നുവരികയുള്ളൂ,
തടവിലാക്കപ്പെട്ട നീ !!

             ( ഇ )
വർണ്ണ കടലാസ്സിൽ
പൊതിഞ്ഞുവെച്ചൊരു
വേദനയാണ് ജീവിതം!
നോവിന്റെ വേരോട്ടങ്ങളിൽ
ചിരിയുടെ ചില കനികൾ!
വിരഹത്തിന്റെ ഇടിമുഴക്കങ്ങൾ
-ക്കിടയിൽ, കുഞ്ഞുമ്മകളുടെ
മിന്നൽ വെളിച്ചം!
കരിപിടിച്ച അമ്മാവാസികളിൽ
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം!
ഹൃദയഗ്രീഷ്മവറുതിയിൽ
ഗുൽമോഹറുകളുടെ പൂവിടൽ!
കനികളിലെ കാണാത്ത വിത്തുകളിൽ
പ്രപഞ്ചം മയങ്ങുകയാണെന്നും,
മിഥ്യയ്ക്കുള്ളിലും സത്യത്തിന്റെ
കനലുകൾ അണയാതെ
കിടക്കുമെന്നും കാതിലോതിയോടി
മറഞ്ഞ അവധൂതാ, നിന്റെ
ആപ്തവാക്യം ശിരസ്സേറ്റുന്നു ഞാൻ !!
DR:ANUP'S POETRY

No comments: