Sunday, July 12, 2020

ത്രിലോചനം

🏹ത്രിലോചനം🏹
    ***********
               (1)
    മുക്കണ്ണൻ കവിത
     .......................
അഘോരന്റെ  തിരുനെറ്റിയിലെ
മൂന്നാം കണ്ണായിരുന്നു
എന്റെ കവിതയെങ്കിൽ....
പടച്ചവനേ,ഞാൻ ആണയിട്ടു
പറയാം,ശ്രീകോവിലിനുള്ളിലെ
അണഞ്ഞ വിളക്കിന്റെ
നികൃഷ്ടയിരുട്ടത്ത്, കുഞ്ഞു
മേനിയിൽ കുതിരകയറിയന്മാരുടെ
ഉദ്ധരിച്ച കൊടിയേറ്റങ്ങളെ
ചാരം പോലുമില്ലാതെ ചുട്ടേനേ!

അത്താഴ പട്ടിണിക്കാരന്റെ
മുഷിഞ്ഞ ഭാണ്ഡത്തിൽ
കൈയ്യിട്ടുവാരുന്ന അധികാരികളുടെ
വിഷദൂഷിത വംശത്തെ
നാമാവശേഷമാക്കിയേനേ!

കുടിവെള്ളത്തിൽ നഞ്ച് കലക്കി,
കതിരിൽ കല്മഷം തളിക്കുന്നവന്റെ
കുലം മുച്ചൂടും മുടിച്ചേനേ!
കള്ളക്കണ്ണീരിൽ മുക്കിതുവർത്തിയ
കവിതയിൽ, കാപട്യം കുടഞ്ഞിടുന്ന
കവിനാമധാരിയെ,മുക്കാലിയിൽ
കെട്ടിയിട്ട് കൈവിരലരിഞ്ഞേനേ!

പല നിറകൊടികളായി മാത്രം
മനുഷ്യനെ കാണുന്ന,
കല്ലേ വെല്ലുന്ന കഠിനഹൃദയരുടെ
ഉച്ചിയിൽ സർവ്വസംഹാരത്തിന്റെ
ഉഗ്രാഗ്നി വർഷിച്ചേനേ ......!
ചിരി പതിപ്പിച്ച ചുണ്ടുകൾക്കു
പുറകിൽ,ഞറുമ്മുന്ന വിഷപല്ലുകളെ
ഒളിപ്പിച്ചു വെച്ച ഇരുകാലിയുരഗങ്ങളെ
ഉമിത്തീയിൽ ഉരുക്കിയേനേ!

നെറ്റിത്തടത്തിലെ അതീന്ദ്രീയാക്ഷി
തുറന്നെന്നിലെ അംഗജാത്മാവിനെ
ചുട്ടോളൂ,ആത്മവിദ്യാലയം തന്നിലെ
ചുടലഭസ്മം വാരിതേച്ചെന്നെ നീ
മൂർത്തനാക്കിയാലും മഹാദേവാ !
ഹര ഹര മഹാദേവ് !

               (2)
          ശിവോഹം
          ..............

പ്രണയത്തിന്റെ കൈലാസത്തിലാണ്
ചിദംബരാ, നിന്റെ തിരുജടയുടെ
സാംഗത്യം തിരിച്ചറിഞ്ഞത്.
അതിനുള്ളിൽ നിന്നൊഴുകിയിറങ്ങുന്ന
ഗുപ്തഗംഗയുടെ ആത്മഹർഷത്തിന്റെ
പുളകങ്ങളെന്നിൽ രോമഹർഷങ്ങളായത്!
മാനസസരസ്സിൽ നിന്ന് നിന്നിലെത്താനാണ്
സമാഗമത്തിന്റെ ഉൾവിളിയിലൊഴുകിയത് !
മൃത്യുവിൽ നിന്ന് അമരത്വത്തിലേക്കുള്ള
പരിക്രമണം,
നീ ആപാദചൂഢം പ്രകൃതിയാണ് മഹാപുരുഷാ,
വൈരുദ്ധ്യങ്ങളുടെ സമന്വയം,അർദ്ധനാരീശ്വരത്വം!
ഈ വെളിപാടിലൂടെ, വെളിച്ചത്തിലൂടെ
ഇനി ഞാൻ ശവമല്ല,ശിവനാണ്...
ശിവോഹം .... ശിവോഹം .... ശിവോഹം

                      (3)
            നീലകണ്ഠൻ
            ..................
കാറ്റിലും കരയിലും കടലിലും,
മത്തനാം മർത്യൻ കലർത്തിയ
കാളകൂടങ്ങളാണ് ശങ്കരാ,
മരണം മണക്കുന്ന മഹേന്ദ്രജാല
ങ്ങളാണു ചുറ്റിനും,
മലിനമല്ലാത്തതൊന്നുമില്ല
മനസ്സുപോലും മഹേശ്വരാ!
കോരിക്കുടിക്കുമോയീ വിഷങ്ങളൊക്കെ,
വിശുദ്ധയാക്കുമോയെന്നമ്മയേ
അബലയാം ഭൂവിനേ!
നീലകണ്ഠനായീടുക നീയിനിയും മൃത്യുജ്ഞയാ.....
DR:ANUP'S POETRY

No comments: