Sunday, July 12, 2020

സൂഫിമാനസം

സൂഫിമാനസം
************

അരിപ്പ പോലെ തുള വീണ മനസ്സ്
കടൽതീരത്തെ കാറ്റാടി മരം......
ദർവിഷുകളുടെ നൃത്തചുവടു പോലെ
തിരിഞ്ഞുതിരിഞ്ഞൊടുവിൽ,സ്വന്തം
അച്ചുതണ്ടിന്റെ മധ്യബിന്ദുവിലൊടുങ്ങുന്ന
ഭ്രമണം ... ഭ്രമ മരണം... !

മുറിവുകളിലൂടെയാണ് പ്രകാശം
ഉള്ളിലേക്കു കയറുന്നതെന്ന
റൂമി വചനം മനീഷയിൽ
ഉദിപ്പിച്ചതൊരു ജ്ഞാനസൂര്യനെയാണ്.
ഓരോ മുറിവുകളുമോരോ
വെളിച്ച കീറുകൾ, അവനവൻ
ദർശനത്തിന്റെ ഓലചൂട്ടുകൾ !
ഇരുണ്ട സങ്കേതങ്ങളെ ദൃഷ്ടി -
ഗോചരമാക്കുന്ന മൺചെരാതുകൾ!
പ്രണയിനീ , നീ തന്നിട്ടു പോയതൊരു
തിരുമുറിവാണ്, ഏഴാം തിരുമുറിവ് .
മനസ്സാഴങ്ങളിലേക്ക് കിണറോളം
പോന്നൊരു മുറിവ് !
ഒരു തുണ്ട് വെട്ടമല്ല ,
ഒരു തുടം വെളിച്ചമല്ല ,
ഒരു കടലോളം പ്രകാശമാണ്
അതിലൂടെ പ്രവഹിച്ചത് ,
എന്റെ ലോകങ്ങളത്രയും
ദീപ്തമാക്കിയ പ്രകാശപ്രളയം .

അരിപ്പപോലെ തുളവീണ മനസ്സ് ...
മുറിവുകളിലൂടെ അറിവേറി
അങ്ങനെയാണ് ഞാൻ പ്രകാശമായത് !
DR:ANUP'S POETRY

No comments: