മഷിപേന,കാലൻകുട,
ചെരുപ്പ്, തോൾസഞ്ചി....
ഇതൊക്കെയായിരുന്നു ഒരു കാലത്ത്
യാത്രകൾക്കിടെ സാധാരണയായി
മറന്നുകളയാറുണ്ടായിരുന്നവ !
പക്ഷേ, ഇന്ന് ഏറ്റവും കൂടുതൽ
നഷ്ടപ്പെടുന്നത്,എന്നെതന്നെയാണ്.....
ഓരോ യാത്രയ്ക്കു ശേഷവും,
മുൻ പറഞ്ഞവയൊക്കെ
സുരക്ഷിതരായി വീടണഞ്ഞാലും,
കളഞ്ഞുപോയ ഞാൻ
എവിടെയാണെന്നത് , ഒരു
ചോദ്യചിഹ്നമായി അവശേഷിക്കും !
എന്നെ കാണാനില്ലെന്ന,
വേണ്ടപ്പെട്ടവരുടെ പരാതിയുടെ
മേൽ, അന്വേഷണത്തിനെത്തിയ
പോലീസ് നായ്, മണം പിടിച്ചു പിടിച്ചു
ഓടിയെത്തിയത്,മേശവലിപ്പിനുള്ളിൽ
എഴുതികൂട്ടിവെച്ചിരിക്കുന്ന
കവിതകളിലേക്കായിരുന്നു...
'എന്റെ തീവ്രപ്രണയയാത്രകളൊക്കെയും
പാതിവഴിയിൽ നഷ്ടപ്പെട്ടവയാ'ണെന്ന
അവസാന താളിലെ വരികളിൽ
എന്നെ കണ്ടെത്തിയിട്ടാണ്,
അവൻ തലകുനിച്ച് തിരകെ നടന്നത് ... !
DR:ANUP'S POETRY
No comments:
Post a Comment