Wednesday, January 6, 2021

ഏകാകിയുടെ യാത്ര

ഉദയം പൂക്കുന്ന മലമുകളിലെ പുൽമേടുകളിൽ,
തരിശുമേഘങ്ങൾ മേയുന്നു,
കളഞ്ഞു പോയ വസന്തത്തിന്റെ വന്ധ്യപൂക്കളിൽ തേനീച്ചകൾ വട്ടമിട്ടു പറക്കുന്നു ...
ഗ്രീഷ്മവറുതിയിൽ പൂക്കാൻ മറന്ന
ഗുൽമോഹർ,ഇലകളെല്ലാം പൊഴിച്ചു
നഗ്നാംഗിയായി ക്ഷമാപണം ചെയ്യുന്നു!
സാർഥവാഹകരോ,വാണിഭസംഘങ്ങളോ
അനുചരരോ ഒപ്പമില്ല,ഒറ്റയ്ക്കാണ് !
ഇന്നലത്തെ മഴയിൽ, കല്പടവുകളിലെ
കാൽപാടുകൾ മാഞ്ഞുപോയിരിക്കുന്നു.
സന്ധ്യ മടങ്ങിയിരിക്കുന്നു, ഇരവു പടരുന്നു...
വഴിത്താരയിൽ ചിറകു പോയ
ഈയാംപാറ്റകൾ വെളിച്ചത്തിന്റെ
ചതിയെ കുറിച്ച് വാതോരാതെ പുലമ്പുന്നു !
പ്രാകി പ്രാകി മടുത്ത ചീവീട്
ചിതൽപുറ്റിലൊളിക്കുന്നു .
കാട്ടുപൊന്തകളിൽ നക്ഷത്ര
കണ്ണുകൾ തിളങ്ങുന്നു ,
തമസ്സിന്റെ, അല്ല മനസ്സിന്റെ
ആദിഭയങ്ങളിൽ വെള്ളപുതച്ച
രൂപങ്ങൾ ഉലാത്തുന്നു, പാല പൂക്കുന്ന മദഗന്ധം,
വെളളിക്കെട്ടൻ വാ തുറക്കുന്ന വിശപ്പുമണം !
കുരങ്ങന്റെ കൈയ്യിലെ മാല,
വെള്ളത്തിൽ വരച്ച വര ,
കൈമുട്ടിൽ പുരണ്ട തേൻ,
സ്ഫോടമല്ല ,സ്ഫുടം ചെയ്ത വാക്കുകളാണ് പൂർവ്വാകാശത്തിൽ മുഴങ്ങി കേൾക്കുന്നത്!
വാളിന്റെ വായ്ത്താരയിലൂടെയാണിനി നടത്തം,
പാമ്പു പോലെയീ പടം പൊഴിക്കയാണ്,
മനസ്സും വാക്കുമിവിടെ ഉപേക്ഷിക്കുകയാണ് ....
ഞാനൊറ്റയ്ക്കാണ്, നന്നാവാൻ .... ഒന്നാവാൻ !
DR:ANUP'S POETRY

No comments: