ഇളകിയാടുന്നയിളംതെന്നലിലില
നിറഞ്ഞ ചില്ലനീട്ടീ തരികയൊരു
ഹരിതചുംബനം,മഹാവൃക്ഷമിത്രമേ ...!
മുറിവുമാറ്റുമറിവു നേടിയമരനാകു-
മൊരുനാളു, നാളെയെന്ന വസന്താരവം
ഹൃദന്തങ്ങളിൽ മുഴക്കിടുന്നു നിയതിയും ...
ഈ കെട്ടകാലവും കടന്നു ഞങ്ങൾ,
വിവശയായ വസുധയ്ക്കുമവളുടെ തനയവംശപെരുമയ്ക്കും
സ്വാസ്ഥ്യമേകുമെന്നു നിശ്ചയം ...!
ഇനിയില്ല മതമദമാത്സര്യങ്ങളും,
വർണ്ണവർഗ്ഗവെറികളു,മിനിയില്ലയ-
തിർത്തിയുദ്ധകോപ്പുകൾ,പ്രത്യയശാസ്ത്ര
പടപുറപ്പാടുകൾ, കുതന്ത്രമന്ത്രണങ്ങളും ...
ഇനിയില്ല പരദൂഷണങ്ങളബലബലാത്കാര -
ങ്ങളുമന്യധനധാന്യയപഹരണങ്ങളും.ഇനിയില്ല, കള്ളപറകളും,പൊളിവചനപ്രഘോഷണങ്ങളും!
ഛേദനങ്ങളും വേദനകളും ചേതനയ്ക്കുൾ -
കാഴ്ചയേകിടും ധ്യാനദർപ്പണങ്ങളെന്ന -
റിഞ്ഞിടുന്നു ഞങ്ങളിപ്പോൾ!
നമ്മളൊക്കെയണുക്കളാണെന്നറിവു -
പകരുവാനൊരണു വേണ്ടിവന്നുവെന്നതു
സത്യമാണെങ്കിലും, അണുവിലുമണുവായ,
മഹത്തിലും മഹത്തായ ജൈവശക്തി പ്രവാഹമേ,
പ്രതിഭാസപ്രഭാവമേ,സ്തുതിക്കുന്നു
തവ സ്വരൂപത്തെ തൊഴുകൈകളോടെ ഞങ്ങൾ....!
No comments:
Post a Comment