Wednesday, January 6, 2021

കണ്ണിലെ കടൽ

മിഴിയിലെ തിരയിളക്കത്തിൽ
നിന്നറിയാം, സഖീ,
നിന്നുള്ളിലിന്നേതു കടലാണ്
നിറഞ്ഞിരിക്കുന്നതെന്ന് ..
അശാന്തിയുടെ കടലാഴങ്ങള-
ളക്കാനാവാത്ത ശാന്തസമുദ്രം !
മരുഭൂവിൻ വിരഹതീരങ്ങളിൽ
തിരയടിച്ചു ചിതറുന്ന അറബിക്കടൽ !
ആകസ്മികതകളടിയൊഴുക്കായി -
യടിവേരറക്കുന്ന മധ്യധരണാഴി !
പറക്കാപക്ഷികൾ നീന്തിതുടിക്കുന്ന
നോവുറഞ്ഞുകട്ടയാം തെക്കൻസമുദ്രം!
ദുരിതയുഷ്ണ പ്രവാഹങ്ങൾ തൻ
പരാവാരമാം അറ്റ്ലാന്റിക്ക് !
ധ്രുവദീപ്തിപോൽ അതിജീവനമന്ത്ര-
ങ്ങളുരുക്കഴിക്കുന്ന ഉത്തരഹിമാബ്ദി!
ചേർത്തണച്ചു നെറുകയിലുമ്മ-
തരുവമ്മയാം ഭാരതാംബയെ നിത്യം
തഴുകിയുണർത്തുമിന്ത്യൻ സമുദ്രം !
ഉള്ളിലൊരഗ്നി പർവതം പുകയുന്ന -
പോലലയടിക്കുന്ന ബംഗാൾ ഉൾകടൽ !
തീരം കവർന്നെടുക്കുന്ന വേലിയേറ്റങ്ങൾ,
ബാക്കിയാവുന്ന സ്മാരകങ്ങൾ ...
കണ്ണിലെ തിരയിളക്കവും
കണ്ണീരിനുപ്പും വിളിച്ചോതും
കണ്ണാഴങ്ങളിലിന്നേതു കടലാണു
നിറഞ്ഞിരിപ്പതെന്ന്, ഹൃദയാഴങ്ങളിലിന്നേതു
നോവാണ്, കുത്തിക്കയറുന്നതെന്ന് !
DR:ANUP'S POETRY

No comments: