Wednesday, January 6, 2021

വിശക്കാതെ വേട്ടയാടുന്നവൻ


തേനിച്ചകളായിരുന്ന കാലത്ത്
അവൾ അവനോടു ചോദിച്ചു,
' പൂക്കൾ തോറും പറന്ന്
നാമെന്തിനാണ് തേൻ
മാത്രം നുകരുന്നത്? '
മൂളിപ്പറന്ന് അവൻ മൊഴിഞ്ഞു,
' ചെടികളിലെ തീവ്രാനുരാഗത്തിന്റെ
തേനിൽചാലിച്ച പരാഗരേണുക്കളുടെ
സന്ദേശവാഹകരാണ് നാം !'
കിളികളായിരുന്ന കാലത്തും
അവൾ കൊക്കുരുമി ചോദിച്ചു,
' വനമാകെ, മരമായ മരമാകെ ,
പറന്നുനടന്ന് നാം കായ്ക്കനികൾ
ഭക്ഷിക്കുന്നതെന്തിനാണ് ? '
'പഴങ്ങൾക്കുള്ളിൽ വിത്തെന്ന
ജീവന്റെ കണികയുണ്ടെന്നും,
വംശപരമ്പരകളുടെ പിറവി -
മന്ത്രങ്ങൾ അവയിലാണ്
അലേഘനം ചെയ്തിരിക്കുന്നതെന്നും,
ദൂരവിദൂരങ്ങളിലേക്ക് നാമാണത്
വ്യാപിപ്പിക്കുന്നതെന്നും ' ചിറക്
വിടർത്തി ധന്യതയോടവൻ പറഞ്ഞു.
പിന്നീടെപ്പൊഴോ, വേട്ടയാടി കിട്ടിയ
മാനിറച്ചി കടിച്ചു തിന്നുകൊണ്ടിരിക്കെ
സിംഹിണിയായ അവൾ ചോദിച്ചു ,
' എന്തിനാണു നാമിങ്ങനെ
വേട്ടയാടി ഇരയെ കൊന്നു തിന്നുന്നത്?'
' പ്രകൃതിയുടെ അലിഖിതനിയമമാണെന്നും
ആഹാരശ്രേണിയുടെ സന്തുലിതാവസ്ഥ
നമ്മുടെ വേട്ടയാടലിലൂടെയാണ്
നിലനില്ക്കുന്നതെന്നും ' മൃഗരാജനായി
സടകുടഞ്ഞ് ഗർജ്ജിച്ചു കൊണ്ടവൻ
കൂട്ടിചേർത്തു 'പക്ഷേ,വിശക്കുമ്പോൾ മാത്രം !''
ഒടുവിൽ, ഒരുമിച്ചു ജീവിക്കുന്ന
വലിയ വീട്ടിലേക്ക്, രക്തക്കറയുള്ള
കൈയ്യുമായി അവൻ പടികയറി
വന്നപ്പോൾ, അവൾ ചോദിച്ചു,
" പ്രിയനേ,നിന്റെ അനുജനെ നീ കൊന്നുവോ?
നിനക്കത്ര മേൽ വിശക്കുന്നുവോ? "
ഉത്തരമൊന്നുമവൻ പറഞ്ഞില്ല .
ചോരചീറി തറയിൽ കിടന്നുരുണ്ട
അവളുടെ ശിരസ്സിൽ നിന്ന് പിന്നീട്
ചോദ്യങ്ങളൊന്നും ഉയർന്നിട്ടുമില്ല ... !
DR:ANUP'S POETRY

No comments: