പനിനീർ ചെടിയിലെ
ആയിരം മുള്ളുകൾ,
അതിനിടയിലാണ്
ഒറ്റപൂവായ നിന്നെ കണ്ടത്,
കണ്ടെത്തിയത് !
അതും, പ്രഭാതത്തിലോ
പ്രദോഷത്തിലോ അല്ല,
ഉച്ചി പൊള്ളുന്ന നട്ടുച്ചയ്ക്ക്.
അഴൽമഴയിലൊരു
ആനന്ദ ചേമ്പില പോലെ....
വിലാപങ്ങൾ പൂട്ടിവെച്ച
ചുണ്ടുകൾ നിന്റെ പേര്
പതുക്കെ ഉച്ചരിക്കാൻ ശ്രമിച്ചു.
വെന്ത മണൽപരപ്പിലൂടെ
ഒരു പുഴ ഒഴുകാൻ ശ്രമിക്കും പോലെ!
വേദനിപ്പിക്കുന്ന മുള്ളുകൾ,
സഹജ യാഥാർത്ഥ്യങ്ങൾ,
കൈവിരലുകളിലെണ്ണാവുന്ന
ദിനങ്ങളുടെ ആയുസ്സോടെ
നിന്റെ വിരിയൽ,
എന്റെ പ്രപഞ്ചാരംഭം ..
ഞാൻ....?
വാതം പിടിച്ച ചിറകുകളുള്ള,
മരുഭൂമിയിലെ ചിത്രശലഭം !
പുലർച്ചെ പിറന്നതാണ് ,
ഉച്ചവരെയുള്ള ബാല്യകൗമാരങ്ങൾ,
മധ്യാഹ്നത്തിലെ തിളച്ച യൗവനം,
സായാഹ്നത്തിലെ നരച്ച വാർദ്ധക്യം,
നിശിയുടെ നിശബ്ദതകളിൽ
കൂമ്പിയടയുന്ന ദലങ്ങൾക്കുള്ളിലെ
സമാധി, പൂവും പൂമ്പാറ്റയും
ഒരുമിച്ച് മണ്ണടരുകളിലേക്ക്
ഉപ്പുപോലെ അലിഞ്ഞു ചേരും.
അനായാസേന മരണം... !
മരുച്ചെടികളിലെ മുള്ളുകൾ,
മുരടിച്ചു പോയ ഇലകളാണ്
വരണ്ടുപോയ നിനവുകളാണ്.
അവസാന തുള്ളി ജലവും
കരുതിവെയ്ക്കാനുള്ള
ജൈവതന്ത്രമാണ് ...
മരുപൂക്കൾ പൂത്തുമ്പികൾക്ക്
പകരുക ,തേനായിരിക്കില്ല,
നാവുനനയ്ക്കാനൊരിറ്റു
വെള്ളമായിരിക്കും ....
മനുഷ്യജന്മം,
കാച്ചിപഴുപ്പിക്കലാണ്.
ഊതിയുരുക്കലാണ്.പക്ഷേ,
പൂജന്മവും പൂമ്പാറ്റജന്മവും
മോക്ഷമാണ്, പ്രപഞ്ചാനു -
ശാസനങ്ങളുടെ അനുസരണമാണ്!
മുള്ളും മുകുളവും
മുക്തിയിലെ സമഭാവനയാണ്,
സമചിത്തതയുടെ
സൗമ്യമാർന്ന സ്വച്ഛതയാണ് ...
No comments:
Post a Comment