അര്‍ബുദം
========
കാലുകള്‍ കെട്ടി തല
കീഴായി തൂക്കിയിട്ടിരിക്കുന്ന
വെളുത്ത കോഴി
ചിരിക്കുകയാണ്
മിനിഞ്ഞാന്നു വിരിഞ്ഞതാണ്
നാളെ മരിക്കുകയും
ചീര്‍ത്ത് വീര്‍ത്ത മാംസത്തിന്റെ
അസ്വഭാവികതയിലും
ഊതി വീര്‍പ്പിച്ച വളര്‍ച്ചയുടെ
ബീഭത്സതയിലും
കുത്തി നിറച്ചു വലിച്ചു
നീട്ടിയ ഗാത്രത്തിലും
നീറുന്നതൊരു കുഞ്ഞു ഹൃദയം
ശൈശവത്തിന്റെ
കൊഞ്ചലുകളില്‍ നിന്ന്
വികാരങ്ങളുടെ
വീര്‍പ്പുമുട്ടലുകളിലേക്ക്
പറിച്ചു നട്ടപ്പെട്ടതു
വയസ്സ് തികയാത്തൊരു
കുരുന്നിനെ ...
വയസ്സറിയിക്കാത്തൊരു
കുഞ്ഞു പെണ്ണിനെ
(2)
ഇരയായി -അന്നമായി
നിന്റെ ദേഹത്ത് ഞാന്‍
പടര്‍ന്നു കയറുമ്പോള്‍
കോശങ്ങളില്‍ സത്തായി
അലിഞ്ഞു ചേരുമ്പോള്‍
അനിയന്ത്രിത വളര്‍ച്ചയുടെ
ഒടുങ്ങാത്ത വേദനകളും
ക്രമബദ്ധമല്ലാത്ത
പെറ്റുപെരുകലിന്റെ
നൊമ്പരങ്ങളും
വേലിയേറ്റത്തില്‍ തീരം
നഷ്ടപ്പെടുന്ന
ദുഖത്തിന്റെ അഗാധതകളും
ഞാന്‍ നിനക്ക് പകര്‍ന്നു നല്കാം
ഞണ്ട് പോലെ ഞാന്‍
നിന്നെ മുറുകെ പുണരാം
ഒരിക്കലും പിരിയാത്ത
അടരാത്ത ഒരാലിംഗനം
പാകമാകാത്ത ക്രത്രിമ
ജൈവ യാത്രയുടെ
നോവുകള്‍ നിന്നിലേക്ക്
സംക്രമിപ്പിക്കാം
അനുസരണയില്ലാത്ത
വളര്‍ച്ച്ചകളായി.
No comments:
Post a Comment