Sunday, November 24, 2013

കാവു തീണ്ടല്‍

കാവു തീണ്ടല്‍
===========
(കവിത ലേഖനം )

പണ്ട് കുറെ മണ്ടന്മാരുണ്ടായിരുന്നു .
അവര്‍ കാടിനേം മലയേം
കാട്ടിലെ മൃഗങ്ങളെയും
ദൈവങ്ങളായി കണ്ടു.
കൊച്ചു വനങ്ങളെ
കാവുകളാക്കി , ആരും
കയറാതിരിക്കാന്‍
സര്‍പ്പങ്ങളെ കുടിയിരുത്തി .

മുപ്പത്തിമുക്കോടി ജനങ്ങളേം
ദൈവങ്ങളായെണ്ണി ,
അതിലൊരാളുടെ ദേഹത്ത്
സകല പ്രകൃതിയേയും
അണിയിച്ചു കൊടുത്തു .
എല്ലാം കാണുന്നവന്റെ
ചിത്രത്തിലവന് നാലു
തല വരച്ചു വെച്ചു.
എല്ലാ സുഖങ്ങളും ആസ്വദിക്കുന്നവന്
പത്തു തലയും ഇരുപതു
കൈയും കൊടുത്തു.
മാംസം തിന്നുന്നവനെ
പിശാചെന്നു വിളിച്ചു
(പിശിതം അശിതം ഇതി പിശാച:)
മൃഗങ്ങളെ പോലെ അവനു
കോന്ത്രന്‍ പല്ലുകളും
രാത്രി കാണുന്ന കണ്ണുകളും
ഉണ്ടെന്നു പറഞ്ഞു പേടിപ്പിച്ചു

ഏതു കല്ലറയില്‍
കൊന്നു തള്ളിയാലും
പൂര്‍വാധികം കരുത്തോടെ
ഉയിര്‍ത്തെഴുനേല്‍ക്കുന്ന അതിജീവനത്തിന്റെ
ശക്തിയെ, പ്രതിഭാസത്തിനെ
ഓരോ നിമിഷത്തിലും അറിഞ്ഞും
അറിയാതയും ചെയ്തു
കൂട്ടുന്ന പാപങ്ങളുടെ
വിഴുപ്പു കുരിശു പോലെ
ഏറ്റുവാങ്ങി നമ്മെ
അനുനിമിഷം ജ്ഞാനസ്നാനം
ചെയ്യിക്കുന്നവനെ
ക്രിസ്തുവെന്നും ,
എല്ലായിടത്തും എല്ലായിപ്പോഴും
എല്ലാമായി രണ്ടാമാതോന്നില്ലാതെ
നിറഞ്ഞിരിക്കുന്നവനെ
അല്ലാഹുവെന്നും വിളിച്ചു .

എല്ലാ തടസ്സങ്ങളും
തകര്‍ത്തെറിയുന്നവന്
ആനയുടെ തല വരച്ചു വെച്ച്
പ്രപഞ്ചത്തിലെ എല്ലാത്തിനെയും
അതാതിന്റെ സ്ഥാനത്ത്
നിലനിര്‍ത്തുകയും ,നിയന്ത്രിക്കുകയും
ചെയ്യുന്ന ശക്തി വിശേഷത്തിനെ
കൃഷ്ണനെന്നും(ആകര്‍ഷണാത്  കൃഷ്ണ:)
എല്ലാ ജീവജാലങ്ങളെയും
അതായിത്തന്നെ സംരെക്ഷിച്ചും
അതില്‍ തന്നെ സഹവസിക്കുകയും
ചെയ്യുന്നവനെ രാമനെന്നും
(സര്‍വേഷു ഭൂതേഷു രമന്തേ ഇതി രാമ:)
വിളിച്ചു ..

കണ്ണ് വിരിയാത്തവരെ ,
വഴിതെറ്റാതിരിക്കാന്‍
കുട്ടികളെ പോലെ  കഥകളിലൂടെ
പേടിപ്പിച്ചു വളര്‍ത്തി ..
കണ്ണും കാതും വിരിഞ്ഞവര്‍
അകകണ്ണ് തുറന്ന്
അവധൂതരായി ,അറിഞ്ഞവരായി ..

നീ അതാകുന്നെന്നു പറഞ്ഞു തന്നു
ഞാനും അതാകുന്നെന്നു അറിഞ്ഞു
പിന്നെ , വെളിച്ചം മാത്രം
നായേയും അതിനെ തിന്നുന്നവനെയും
അവ രണ്ടിനെയും ഒന്നെന്നു
കാണൂന്നവന്റെയും ഹൃദയ പദ്മത്തില്‍
ജ്വലിക്കുന്നതൊരേ വെളിച്ചം ..
മണലാരണ്യത്തിലേം ,
നസ്രേത്തിലേം,
വൃന്ദാവനത്തിലെയും ഇടയ
ചെറുക്കന്‍മാര്‍ ഊതി
ഉണര്‍ത്തിയ പൊന്‍ വെളിച്ചം ...

അയുക്തിയുടെ   വാദങ്ങളില്‍
കാവുകള്‍ തീണ്ടി
കുളങ്ങള്‍ വറ്റി .........................

No comments: