Wednesday, November 6, 2013

പേറ്റുനോവ്

പേറ്റുനോവ്
-----------------

ഗഗനസമസ്വച്ഛമാം
മനതാരില്‍ മൗനം
വല്മീകകമ്പളം പുതച്ചു
-ണര്‍ന്നിരിക്കുന്നു,
ഹൃദയകമലത്തിലൊരു
തിരിവെട്ടമായി സര്‍ഗ്ഗചേതന
തന്‍ചെരാതനിലന്റെ
തഴുകലില്‍  തളരാത്ത
നാളമായി ജ്വലിച്ചിടുമ്പോള്‍
തപം ചെയ്യുമടിയന്റെ
മുന്നില്‍ , മടിയേതും
ചൊല്ലാതെയവതരിക്കുക
കാവ്യദേവതേ നീ
സര്‍വാലങ്കാരവിഭൂഷിതയായി

കല്പനകള്‍ സങ്കല്പനങ്ങള്‍
വിത്തായി ചിത്തത്തിലൊ-
ളിഞ്ഞിരിക്കെ,യൊരുനൊടി
-യനുഭവം മഴപോലെയെത്തിയാ
വിത്തിനെ ഭ്രൂണമാക്കി
പിന്നെ പുത്തനാം
കവിതയായി വിരിയിച്ചിടുന്നു

തേനേ ,നിന്നാദ്യരോദനം
കേള്‍ക്കുവാനീ വേദനകളെ
യാത്മപുളകങ്ങളാക്കി
കാത്തിരിക്കുന്നു ഞാന്‍
പേറ്റുനോവുമ്പോഴെന്‍
മിഴികളില്‍ പൊഴിയുന്ന
താനന്ദാശ്രുബിന്ദുക്കള്‍ !

2 comments:

Nisha said...

നല്ല വരികള്‍ - ഒരീണത്തിലങ്ങനെ വായിച്ചു :)

word verification ഒഴിവാക്കിയാല്‍ നന്നായിരുന്നു

SREE BHARATH AYURVEDAM said...

നന്ദി