Monday, November 18, 2013

ഫുഡ് വെപ്പണ്‍



ഫുഡ് വെപ്പണ്‍
===========

ചോറ്റുപാത്രത്തില്‍
വിരകള്‍ ചത്തു
വിറങ്ങലിച്ചു കിടക്കും 
പോലെയുള്ള 'വിഭവം '
കഴിച്ച് കുട്ടി പുളിച്ചയൊരു
ഏമ്പക്കം വിട്ടു ..
കഞ്ഞിയും പയറും
കഴിച്ചു വാനോളം
വളര്‍ന്നയച്ച്ഛന്‍
വാങ്ങികൊടുത്ത്‌
പഴംകഞ്ഞി കുടിച്ചു
വീടോളം വളര്‍ന്നയമ്മ
പാചകം ചെയ്തു
കൊടുത്തതാണ്
'പോഷണം കിട്ടാന്‍ '

സായിപ്പ് ചവറ്റുകുട്ടയില്‍
തട്ടുന്നത് പോലെ
ഭാരതഭൂവിലേക്ക്
കമഴ്തുന്ന 'മൈദ'യുടെ
രുചിക്ക് നാം പകരം
കളഞ്ഞത് പഴയെതെന്നു
പുച്ചിച്ചു തള്ളിയ
കൂവയും മുത്താറിയും

ഒരുകൂട്ടം കറിയായി
രുചിയായിയവതരിക്കുന്ന
ചക്കയും മുരിങ്ങയും
ചേമ്പും താളും
ഇഞ്ചിയും ചീരയും
ഇന്ന് തല താഴ്ത്തി
പടിക്ക് പുറത്ത്

അധിനിവേശത്തിന്റെ
അദൃശ്യകരങ്ങള്‍
ആഹാരത്തിലൂടെ
നമ്മളിലേക്ക്
അഴ്ന്നിറങ്ങുന്നത്
ദൈവമേ ,നമുക്ക്
മനസ്സിലാവുന്നില്ലല്ലോ

നാരില്ലാത്താഹാരം
കഴിച്ച് മലദ്വാരം
തള്ളി നാം
അര്‍ശോരോഗികളായി

ചക്കരയ്ക്കും
കല്‍കണ്ടത്തിനും
ബദലായി, വെളുത്ത
വിഷമായി ,പഞ്ചാര
വന്നു നമ്മെ
പ്രമേഹരോഗികളാക്കി

ബെര്‍ഗറും ഹോട്ട്ഡോഗും
കെന്റകിയും കടിച്ചു
പറിച്ചു നാം, കുറുക്കനെ
പോലൊരു സൂത്രശാലിയാം
മൃഗമായി മാറി

പൊറോട്ടയ്കൊപ്പം
പാലിനുമാത്രമായി
വളര്‍ത്തിയിരുന്ന
പശുവിന്റെ മാംസവും
വറുത്തു കഴിച്ചപ്പോള്‍
കൊളസ്ട്രോളും
കൂടെയൊരു കൂട്ടായി
ഹൃദയാഘാതങ്ങളുമായി

ഒന്നല്ല കൂട്ടരേ
ഒരായിരം അണുബോംബു
കളാണാ ശക്തികള്‍
നമുക്ക് മേലിട്ടിരിക്കുന്നത്
നമ്മുടെ വരും
തലമുറകളൊക്കെയും
അവര്‍ തന്‍ മുന്നില്‍
മരുന്നിനായി ,അവര്‍
വെച്ചു നീട്ടുന്ന
ആഹാരത്തിനായി
കെട്ടികിടക്കേണ്ടി വരും

മഞ്ഞും മലയും
മരുഭൂമിയും
പുഴകളും
കടലും
കായലും
കാടും
വനങ്ങളുമെല്ലാമുള്ളയീ
നമ്മുടെ ഭൂമിയിലില്ലാത്ത
മരങ്ങളും ചെടികളും
ധാന്യങ്ങളും
മാറ്റെവിടയാണുള്ളത്

വിഷം പുരട്ടിയ
വെടിയുണ്ടകളെക്കാള്‍
മാരകശക്തിയുള്ള
രാസവളങ്ങളും
ജേഴ്സിപശുക്കളുമായി
അവര്‍ വന്നു
കഷണ്ടിയുള്ള
മെലിഞ്ഞുണങ്ങിയ
വടികുത്തി നടന്നിരുന്ന
ഒരു മനുഷ്യന്‍
ഓടിച്ചു വിട്ടവര്‍
പകരം ചോദിക്കുവാന്‍
പകയുമായി വന്നത്
ആഹാരപൊതിക
-ലുമായിട്ടാണ്
കൂടെ പൂക്കളം പോലെ
പലവര്‍ണ്ണ
മരുന്നു ഗുളികകളും

ദരിദ്രരെന്നു
വിളിചാക്ഷേപിച്ചു
വിലയുള്ളതെല്ലാം
കട്ടുകൊണ്ടുപോയി
പണക്കാരായി

കണ്ണും തലയും
തെളിയാതിരിക്കാന്‍
ഭാഷയ്ക്കും തീയിട്ടു
ഋഷികളെയും
പഴയതോന്നുമേ
വായിക്കാതിരിക്കാന്‍
ദേവഭാഷയ്ക്ക്
മറുഭാഷയുമായി വന്നു .

ബുദ്ധിമാന്‍മാരാണ്
നാം അതിബുദ്ധിമാന്മാര്‍
പരിഷ്കാരികളാണ്
നാം പച്ച പരിഷ്കാരികള്‍
വികസിതരാണ് നാം
വികസിച്ചു വികസിച്ചൊരു
കടുകുമണിയോളം

തിരുവാതിര ഞാറ്റുവേലയും
ചോതി ഞാറ്റുവേലകളും
നാം മറന്നു
നിഴലും വെളിച്ചവും
നോക്കി വിത്തും
വിളവും ഗണിച്ചത്
നാം മറന്നു
നാഡി നോക്കി
രോഗങ്ങളും ജീവിതവും
അറിഞ്ഞിരുന്നതു
നാം മറന്നു
കരിക്കുംവെള്ളത്തിനും
കഞ്ഞിവെള്ളതിനും
ഒരു കുടന്ന സംഭാരത്തിനും
കോളകളുടെ കൊല്ലുന്ന
വിഷാംശങ്ങലില്ലന്നു
നാം മറന്നു
മുന്നോട്ട് നീങ്ങാത്ത
സൈകിളില്‍
ചവിട്ടിയാല്‍ മനസ്സിന്റെ
ആരോഗ്യം പിന്നോട്ട്
പോകുമെന്ന് നാം മറന്നു

ചിരിച്ചാല്‍ ,ശുദ്ധവായു
ശ്വസിച്ചാല്‍ ,രാത്രിയുറങ്ങിയാല്‍
രാവിലെയുണര്‍ന്നാല്‍
രോഗങ്ങളോടിയൊളിക്കുമെന്നു
നാം മറന്നു

വാക്സിനുകളുടെ പേരില്‍
നമ്മുടെ മക്കളെ
ബലിയാടാക്കുന്നത്
നാം മറന്നു

പൂത്തപണം തരുന്ന
റബ്ബര്‍ നട്ടപ്പോള്‍
അതിന്റെ ചോട്ടിലൊരു
മരുന്നും മണമുള്ളതൊന്നും
വളരില്ലന്നു നാം മറന്നു

കുറുന്തോട്ടിയും
തുമ്പയും മുക്കുറ്റിയും
കൊടങ്ങലും പോയാല്‍
വിട്ടിലും തവളയും
ചേരയും ചിത്രശലഭവും
പോയാല്‍ കിണറ്റിലെ
വെള്ളം വറ്റുമെന്നു
നാം മറന്നു

ഭക്ഷണമെന്ന ആയുധം
കാലാവസ്ഥാമാറ്റമെന്ന
ആയുധം ,
സംസ്കാരനാശമെന്ന
ആയുധം ,
നമുക്ക് നേരെ തൊടുക്കുമ്പോള്‍
നമുക്കോര്‍ക്കാം കൂട്ടരേ
അവരു തോണ്ടുന്നത്‌
നമ്മുടെ വേരുകളാണ്
അവര്‍ക്കില്ലാത്തതും
നമുക്കുള്ളതുമായ
വേരുകള്‍

(തലകെട്ടും ചിന്തകളും കടമെടുത്തത്
പ്രശസ്ത ജൈവ ചിന്തകന്‍
ശിവപ്രസാദ് മാഷില്‍ നിന്നും ....
കവിതപോലെ ഉരുകിയൊലിചതു
എന്റെ നീറുന്ന നെഞ്ചകം )

No comments: