Friday, August 2, 2013

അകത്തേക്കുള്ള വാതില്‍

അകത്തേക്കുള്ള വാതില്‍ 
===================

മരക്കരി വിറ്റ് അന്നം 
വാങ്ങാന്‍ ചന്ദനമരങ്ങള്‍ 
വെട്ടി ഉണക്കവിറകുകള്‍ 
ശേഖരിക്കുകയാണ് 

തടാകക്കരയിലെ കൂര 
വിറ്റു മരുഭൂമിയില്‍ 
മരീചികകള്‍ കാണാനായി 
താമസമാക്കി 

ഉറക്കവും സ്വസ്ഥതയും 
പണയം വെച്ചോരു 
കൊട്ടാരം പണിതു 

ഒഴിമുറി ചൊല്ലാനായി 
മംഗലവും 
ഔസ്യത് എഴുതിവെയ്ക്കാനായി 
സന്താനങ്ങളേം ജനിപ്പിച്ച്ചു 

ഒരു രാത്രി ശാന്തിക്കായി 
വേദാന്തം വിറ്റു 
ചാരായം മോന്തി 

ഊര്‍ധ്വന്‍ വലിച്ചു 
കിടക്കുമ്പോഴാണ് 
ഓര്‍ത്തത് 
അറിവുകേടിന്റെ 
ഇരുട്ടത്ത്‌ 
കടലിലേക്ക്‌ വലിച്ചെറിഞ്ഞു 
കളഞ്ഞത് 
മരതകകല്ലുകളായിരുന്നെന്നു
 
ആരോ മന്ത്രിക്കും പോലെ 
'എല്ലാ നിധികള്‍ക്കുമുയരെ 
മനശാന്തിയുടെ 
മന്ദഹാസത്തിലേക്കുള്ള 
വാതില്‍ 
പുറത്തേക്കല്ല 
അകത്തേക്കാണ് 
തുറക്കുന്നത് '

No comments: