Friday, April 19, 2013

ഔഷധി

ഔഷധി 
======

ആരണ്യാന്തരഗര്‍ഭത്തില്‍ 
ആര്‍ഘ്യങ്ങളര്‍പ്പിച്ചു ജ്ഞാന 
വൃദ്ധനാം മുനി വൃക്ഷാ -
ത്മനോടുരചെയ്തു 
" മൊഴിയുക  ദേവാ മൊഴിയുക 
നിന്നിലന്തര്‍ലീനമാം 
നിഗൂഡതകളെന്നോടു മൊഴിയുക "

ഗുപ്തമായമരുന്ന രസഗന്ധങ്ങളും 
അതിസൂക്ഷ്മമാം സ്വാദും 
ഉത്കൃഷ്ട വീര്യവും 
ഉജ്ജ്വല പ്രഭാവവും 
മരമൊഴിയായി  പകരുക നീ 

ജീവന്റെയാദ്യ രേതസ്സില്‍
നിന്ന്  സ്ഥാവര ജന്മമായി 
നിന്‍ ഹരിതോല്പത്തിയും 

തെന്നലുകളിലിളകിയാടുന്ന 
ഇലച്ചാര്‍ത്തുകളിലാദിത്യ 
ശക്തി അന്നമാക്കുന്ന നൈപുണ്ണ്യവും 

യന്ത്രസര്‍പ്പങ്ങള്‍ തുപ്പുന്ന 
കൊടിയ വിഷപുകകള്‍ 
വലിച്ചൂറ്റി നീയമൃതപ്രാണന്‍ 
പകര്‍ന്നു  നല്‍കുന്നതും 

കോശങ്ങളില്‍ ദോഷങ്ങളില്‍ 
നിന്‍  രാസയനിക ക്രിയകള്‍ 
തന്‍  കാണാചരടുകള്‍ 

ഒരായിരം പ്രാണികള്‍ക്ക
ഭയമായി  ആവാസമായി 
നീ  മാറുന്നതും.... 

നിന്റെയപാര  മഹിമകള്‍ 
അളവറ്റ കനിവിന്റെ 
ഫലശ്രുതികള്‍ ... 

ശ്രുതിയായി സ്മൃതിയായി 
ആമയതപ്തരില്‍ 
അമൃതായി നീയലിഞ്ഞിറങ്ങുക 
അവന്റെ ഒടുങ്ങാത്ത 
ജന്മാന്തര പാപകറകള്‍ 
കഴുകികളയുക ...... 

"മൊഴിയുക  ദേവാ മൊഴിയുക 
നിന്നിലന്തര്‍ലീനമാം 
ജന്മരഹസ്യങ്ങളെന്നോട് 
മൊഴിയുക നീ ... "

മരത്തില്‍  നിന്നുനീ അമരനായി മാറട്ടെ !

No comments: